Sunday, January 16

അവധിക്കുശേഷം യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു

നീണ്ട പത്തു ദിവസത്തെ അവധിക്ക് ശേഷം യുഎഇയിലെ പൊതുമാപ്പ് കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു. നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ട് പോകാനോ താമസം നിയമവിധേയമാക്കി രാജ്യത്ത് തുടരാനോ ഉള്ള അവസരമാണ് പൊതുമാപ്പിലൂടെ യുഎഇ ഒരുക്കിയിരിക്കുന്നത്. പൊതുമാപ്പ് സേവനം പ്രയോജനപ്പെടുത്തി അബുദാബിയിലും ദുബായിലും കാര്യമായ അപേക്ഷകര്‍ എത്തിയിരുന്നെങ്കിലും മറ്റ് എമിറേറ്റുകളില്‍ കുറവായിരുന്നു.

ഈ മാസം ഒന്നു മുതല്‍ ഒക്ടോബര്‍ 31 വരെ മൂന്നു മാസത്തേക്കാണ് പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും പെരുന്നാള്‍ പ്രമാണിച്ച് പത്തു ദിവസത്തേക്ക് അവധി നല്‍കുകയായിരുന്നു. കടുത്ത ചൂടില്‍നിന്ന് രക്ഷ നേടുന്നതിനും തിരക്ക് നിയന്ത്രിക്കുന്നതിനുമായി അബുദാബി, ദുബായ്, അല്‍ഐന്‍ എന്നിവിടങ്ങളില്‍ ശീതീകരിച്ച പ്രത്യേക ടെന്റുകളിലാണ് പൊതുമാപ്പ് നടപടികള്‍ നടന്നുവരുന്നത്. അബുദാബിയിലെ മൂന്നും ദുബായില്‍ ഒന്നും അടക്കം യുഎഇയില്‍ ഒന്‍പതു കേന്ദ്രങ്ങളാണ് ഉള്ളത്. ആഭ്യന്തര പ്രശ്നം മൂലം ദുരിതമനുഭവിക്കുന്ന സിറിയ, യമന്‍ എന്നീ രാജ്യക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കുള്ള താമസ വിസയും അധികൃതര്‍ നല്‍കുന്നു.

ഇതോടൊപ്പം ഇന്ത്യ ഉള്‍പ്പെടെയുള്ള വിവിധ രാജ്യക്കാര്‍ക്ക് പുതിയ ജോലി കണ്ടെത്താന്‍ ആറു മാസത്തെ താല്‍ക്കാലിക വിസയും അനുവദിക്കുന്നുണ്ട്. നിയമലംഘകരായി രാജ്യത്ത് തങ്ങുന്ന വിദേശികള്‍ പൊതുമാപ്പ് ആനുകൂല്യം എത്രയും വേഗം ഉപയോഗപ്പെടുത്തണമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പിലെ താമസകാര്യ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ സഈദ് റക്കന്‍ അല്‍ റാഷിദി പറഞ്ഞു. ഇതേസമയം ദുബായില്‍ താല്‍ക്കാലിക വിസയ്ക്ക് അപേക്ഷിക്കാനുള്ള സംവിധാനം ആമര്‍ സെന്ററുകളില്‍ സജ്ജമായിട്ടുണ്ട്. നേരത്തെ ദുബൈ ഒഴികെ മറ്റു എമിറേറ്റുകളില്‍ ഈ സേവനം ലഭ്യമായിരുന്നു.

 

Spread the love