Wednesday, January 19

അവയവദാനത്തിന് നിര്‍ബന്ധിച്ചു: മെഡിക്കല്‍ നൈതീകത ചോദ്യ ചിഹ്നമാകുന്നു

അപകടത്തില്‍പെട്ട സഹോദരന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി മലയാളി യുവാവിന്റെ ആരോപണം. തമിഴ്‌നാട്ടിലെ സേലത്തുള്ള വിനായക മിഷന്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിക്കെതിരെയാണ് പാലക്കാട് ജില്ലയിലെ മീനാക്ഷീപുരം സ്വദേശി ശങ്കര്‍ എന്ന പത്തൊമ്പതുകാരന്‍ ഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവം സത്യമാണെങ്കില്‍ മെഡിക്കല്‍ നൈതീകതയുടെ നഗ്നമായ ലംഘനമാണെന്ന് ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്‌നാട്ടിലെ വില്ലുപുരത്തിന് സമീപം കള്ളക്കുറിച്ചിയില്‍ വച്ച് കഴിഞ്ഞ മേയ് പതിനെട്ടിനാണ് ശങ്കറിന്റെ ജേഷ്ഠന്‍ മണികണ്ഠന്‍ അപകടത്തില്‍ പെടുന്നത്. വില്ലുപുരത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മണികണ്ഠനെ പിന്നീട് സേലത്തെ വിഐഎംഎസിലേക്ക് മാറ്റുകയായിരുന്നു. മേയ് 19ന് ജേഷ്ഠന്റെ നിലയെ കുറിച്ച് ഒരുവിവരവും ആശുപത്രി അധികൃതര്‍ തങ്ങളോട് പങ്കുവെച്ചില്ലെന്ന് ശങ്കര്‍ ന്യൂസ് മിനിട്ട്‌സ് റിപ്പോര്‍ട്ടര്‍ മേഘ കാവേരിയോട് പറഞ്ഞു. മേയ് 20ന് മണികണ്ഠന് മസ്തിഷ്‌ക മരണം സംഭവിച്ചതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. വെന്റിലേറ്ററില്‍ നിന്നും നീക്കിയാല്‍ ഉടന്‍ തന്നെ മരണം സംഭവിക്കുമെന്നും ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിച്ചു.
കൂടാതെ, ആശുപത്രി ചാര്‍ജ്ജായി മൂന്ന് ലക്ഷം രൂപ അടയ്ക്കണമെന്നും അറിയിച്ചു. എന്നാല്‍ സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കുടുംബത്തിന് അത്രയും തുക സമാഹരിക്കാന്‍ സാധിക്കുമായിരുന്നില്ല. ഇതിന് പരിഹാരമെന്ന നിലയില്‍ മണികണ്ഠന്റെ ആന്തരിക അവയവങ്ങള്‍ ദാനം ചെയ്യാന്‍ ആശുപത്രി അധികൃതര്‍ തങ്ങളെ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് ശങ്കര്‍ ആരോപിക്കുന്നു. എന്നാല്‍ അവയവദാനത്തെ കുറിച്ച് ധാരണകള്‍ ഇല്ലാതിരുന്ന കുടുംബം ആദ്യം അതിന് സന്നദ്ധമായില്ല. പിന്നീട് ആശുപത്രി അധികൃതരുടെ നിര്‍ബന്ധത്തിനും ഭീഷണിക്കും വഴങ്ങി മണികണ്ഠന്റെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയായിരുന്നുവെന്നും ശങ്കര്‍ പറയുന്നു. അവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിച്ചാല്‍ ചികിത്സ ചിലവ് ഇളവ് ചെയ്തു കൊടുക്കാമെന്നും ശവശരീരം സൗജന്യമായി നാട്ടില്‍ എത്തിക്കാമെന്നും വിഐഎംഎസ് അധികൃതര്‍ വാഗ്ദാനം ചെയ്തതായും ശങ്കര്‍ പറയുന്നു.
ഏതായാലും കുടുംബത്തിന്റെ സമ്മതത്തോടെ മണികണ്ഠന്റെ വൃക്ക, കണ്ണുകള്‍, കരള്‍, ദഹനേന്ദ്രിയം, പാന്‍ക്രിയാസ്, ഹൃദയം മുതലായ അവയവങ്ങള്‍ ദാനം ചെയ്യുകയും അത് ചെന്നൈയിലെ ഫോര്‍ട്ടിസ്, ഗ്ലോബല്‍, കോയമ്പത്തൂരുള്ള കെഎംസിഎച്ച്, സേലത്തെ മണിപ്പാല്‍ എന്നീ ആശുപത്രികളിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
സംഭവത്തില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് ശങ്കര്‍ ആരോപിക്കുന്നത്. വില്ലുപുരം ആശുപത്രിയില്‍ നിന്നും 110 കിലോമീറ്റര്‍ അകലെയാണ് വിഐഎംഎസ്. വഴിയില്‍ ധാരാളം സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ ഉണ്ടെന്നിരിക്കെ എന്തിനാണ് മണികണ്ഠനെ ഇത്ര ദുരത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയതെന്ന് ശങ്കര്‍ ചോദിക്കുന്നു. അവയവങ്ങള്‍ ദാനം ചെയ്താല്‍ എല്ലാം സൗജന്യമായിരിക്കും എന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്നും എങ്ങനെയാണ് അവര്‍ക്ക് അങ്ങനെ പറയാന്‍ സാധിച്ചതെന്നും ശങ്കര്‍ അതിശയിക്കുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നു.
എന്നാല്‍ ആരോപണങ്ങള്‍ വിഐഎംഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഡോ. വിപി ചന്ദ്രശേഖരന്‍ നിഷേധിച്ചു. മികച്ച ന്യൂറോ വിഭാഗം ഉള്ളതിനാലാണ് മണികണ്ഠനെ വിഐഎംഎസിലേക്ക് കൊണ്ടുവന്നതെന്ന ചന്ദ്രശേഖരന്‍ വിശദീകരിക്കുന്നു. മണികണ്ഠനെ ഇടിച്ചിട്ട വാഹനത്തിന്റെ ഉടമ ആശുപത്രി ചിലവുകള്‍ വഹിക്കാമെന്ന് ഏറ്റെന്നും രണ്ട് ദിവസത്തിനുള്ളില്‍ അദ്ദേഹം ബില്ലുകള്‍ അടച്ചെന്നും അതിനാല്‍ കുടുംബത്തോട് പൈസ ആവശ്യപ്പെട്ടു എന്ന ആരോപണം വ്യാജമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളില്‍ അവയവദാനത്തെ കുറിച്ച് കുടുംബത്തെ ബോധ്യപ്പെടുത്താന്‍ ചന്ദ്രശേഖരന്‍ ശ്രമിക്കുന്നത് വ്യക്തമാണ്.
സംഭവത്തെ കുറിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്ക് കത്തയച്ചിട്ടുണ്ട്. ചികിത്സ ചിലവായി മൂന്ന് ലക്ഷം രൂപയും മൃതദേഹം മീനാക്ഷിപുരത്ത് എത്തിക്കുന്നതിന് 25,000 രൂപയും ആശുപത്രി അധികൃതര്‍ കുടുംബത്തോട് ആവശ്യപ്പെട്ടതായി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എല്ലാ മെഡിക്കല്‍ നൈതികതയും ലംഘിക്കപ്പെട്ട സംഭവമാണ് നടന്നിരിക്കുന്നതെന്നും അതിനാല്‍ ഇതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ സംഭവത്തില്‍ കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല. സംഭവത്തെ കുറിച്ച് തമിഴ്‌നാട് പോലീസും കേരള പോലീസും അന്വേഷണം നടത്തുന്നുണ്ട്.

Spread the love

Leave a Reply