Thursday, January 20

ആള്‍ക്കൂട്ടക്കൊല, സ്വവര്‍ഗ്ഗ ലൈംഗികത സുപ്രധാന തീരുമാനങ്ങളോടെ സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഉള്‍പ്പെടുന്ന സുപ്രീം കോടതി ബെഞ്ച്  അടുത്ത കാലത്തായി വ്യാപകമായ ആള്‍ക്കൂട്ടക്കൊലയെ അപലപിച്ചു. സംഭവങ്ങളെ ആള്‍ക്കൂട്ട രാഷ്ടീയഭീകരതയെന്ന് വിശേഷിപ്പിച്ച സുപ്രീം കോടതി നിയമം കൈയ്യിലെടുക്കാന്‍ ഒരു വ്യക്തിയെയും അനുവദിക്കില്ലെന്ന് വ്യക്തമാക്കി.

ഇതു സംബന്ധിച്ച് പാര്‍ലമെന്‍റില്‍ പുതിയ നിയമനിര്‍മ്മാണം വേണമെന്ന് ആവശ്യപ്പെട്ട കോടതി,  ആള്‍ക്കൂട്ടക്കൊല നിയന്ത്രിക്കാന്‍, കൊലയ്ക്ക് കാരണമാകുന്ന സോഷ്യല്‍ മീഡിയ സന്ദേശങ്ങള്‍ക്കതിരെ കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍  നപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. അത്തരം സംഭവങ്ങള്‍ക്കെതിരെ ഐ.പി.സി. 153 എ പ്രകാരം കേസെടുക്കാന്‍ പോലീസിന് അധികാരവും നല്കി.

മുന്‍കൂട്ടി അറിവുണ്ടായിട്ടും ഇത്തരം പ്രവര്‍ത്തികളെ തടയാന്‍ കഴിയാത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കതിരെ സംസ്ഥാനങ്ങള്‍ക്ക് നടപടികള്‍ സ്വീകരിക്കാവുന്നതാണ്.

മതപരമോ കുട്ടികളെ തട്ടിക്കൊണ്ടുപോകലുമായോ ബന്ധപ്പെട്ട് നടക്കുന്ന ഇത്തരം അക്രമങ്ങള്‍ക്കെതിരെ പാര്‍ലമെന്‍റ് പുതിയ നിയമനിര്‍മ്മാണം നടത്തണമെന്നും നിലനില്കുന്ന നിയമം അപര്യാപ്തമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

ഇത്തരം അക്രമങ്ങളെ കോടതിയ്ക്ക് തടയാനാവില്ലെന്നും നിയമത്തിന്‍റെ ബാഹുല്യം നിമിത്തം അടിസ്ഥാനകാര്യങ്ങളില്‍ കോടതിയ്ക്ക് തീരുമാനം എടുക്കാനാനാവില്ലെന്നുമാണ് കോടതി വ്യക്തമാക്കുന്നത്. ശരിയായ നയരൂപീകരണമില്ലായ്മയും കൃത്യമായ അന്വേഷണമില്ലായ്മയും രാഷ്ട്രീയമായ ഇച്ഛാശക്തിയില്ലായ്മയുമാണ് അടിസ്ഥാന പ്രശ്നങ്ങള്‍ക്ക് കാരണം എന്നാണ് സുപ്രീം കോടതി നിലപാട്.

കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യയില്‍ 100 ആള്‍ക്കൂട്ട അതിക്രമങ്ങളാണ് ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്തത്. ദലിത്, ആദിവാസി, ന്യൂനപക്ഷ മതവിഭാഗങ്ങള്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍ മുതലായവരാണ് അക്രമിക്കപ്പെട്ടവരില്‍ ഏറെയും. ഗോരക്ഷയുടെയും ദുരഭിമാനത്തിന്‍റെയും പേരിലും വാട്സ് ആപ് സന്ദേശങ്ങളുടെയും പേരിലാണ് അക്രമങ്ങള്‍ കൂടുതല്‍ നടക്കുന്നത്.

ലൈംഗിക ന്യൂനപക്ഷങ്ങളുടെ പ്രശ്നത്തിലും കഴിഞ്ഞ ദിവസം സുപ്രീം കോടതി നിലപാടെടുക്കുകയുണ്ടായി. സ്വവര്‍ഗ്ഗലൈംഗികത അനുവദിക്കേണ്ടതാണെന്നും ലൈംഗികതയുടെ പേരിലുള്ള എല്ലാ വിധ അടിച്ചമര്‍ത്തലുകളും തെറ്റാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പ്രസ്താവിച്ചു.

സ്വവര്‍ഗ്ഗലൈംഗികത എച്ച്.ഐ.വി. വ്യാപനത്തിന് കാരണമാകുന്നുവെന്ന ആരോപണത്തെ ജസ്റ്റിസ് ചന്ദ്രചൂഡ് നിഷേധിച്ചു. അങ്ങനെയെങ്കില്‍, അന്യദേശത്തൊഴിലാളിയായ ഭര്‍ത്താവില്‍ നിന്നും ഗ്രാമീണയായ ഭാര്യയ്ക്ക് ലൈംഗികരോഗം പകരുകയാണെങ്കില്‍ ഐ.പി.സി. 377 പ്രകാരം ലൈംഗികത തന്നെ കുറ്റകൃത്യമാണെന്ന് പറയേണ്ടി വരുമെന്നും സെഷന്‍ 377നെ ന്യായീകരിക്കുന്ന വക്കീലന്മാരോട് അദ്ദേഹം പറയുന്നു. ലൈംഗികരോഗങ്ങള്‍ പടരുന്നത് സ്വവര്‍ഗ്ഗഭോഗത്തിലൂടെ അല്ലെന്നും സുരക്ഷിത ലൈംഗികവേഴ്ചയുടെ അഭാവത്തിലാണെന്നുമാണ് ചന്ദ്രചൂഡിന്‍റെ അഭിപ്രായം.

വിഭിന്നലൈംഗികത എച്ച്.ഐ.വി. പകര്‍ത്തുന്നുവെന്ന അഡ്വക്കേറ്റ് കെ. രാധാകൃഷ്ണന്‍റെ ആരോപണത്തെ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയും തള്ളിക്കളഞ്ഞു.

നിരോധനങ്ങള്‍ സാമൂഹ്യപ്രശ്നത്തെ പരിഹരിക്കില്ലെന്നാണ് റോഹിന്‍റന്‍ നരിമാന്‍ അഭിപ്രായപ്പെടുന്നത്. ലൈംഗികത്തൊഴിലിന് അനുവാദം നല്കുകയാണെങ്കില്‍ അതിനെ നിയന്ത്രിക്കാന്‍ കഴിയും. വിക്ടോറിയന്‍ കാല സദാചാരമനുസരിച്ച് അതിനെ നിങ്ങള്‍ കിടയ്ക്കക്കടിയില്‍ ഒളിപ്പിച്ചാല്‍ അത് ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കും. അതിനാല്‍ എല്ലാ നിരോധനങ്ങളും തെറ്റാണ് എന്നാണ് നരിമാന്‍റെ ശക്തമായ സ്വരം.

നിലവിലെ സെഷന്‍ 377 ലൈംഗികസമൂഹത്തിന്‍റെയും ലൈംഗികതാല്പര്യങ്ങളുടെയും പങ്കാളിയെ തിരഞ്ഞടുക്കുന്നതിലുള്ള സ്വാതന്ത്ര്യത്തിന്‍റെയും ആര്‍ട്ടിക്കിള്‍ 21 ന്‍റെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അടിസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് സെഷന്‍ 377 പോലുള്ളവ പിന്തള്ളപ്പെടേണമെന്നാണ് ജസ്റ്റിസ് ചന്ദ്രചൂഡിന്‍റെ വാദം. പ്രായപൂര്‍ത്തിയായവരുടെ സ്വകാര്യസ്വവര്‍ഗ്ഗലൈംഗികതയെ കുറ്റകൃത്യമായി കാണാനാവില്ലെന്നാണ് കോടതി നിലപാട്.

Spread the love