Thursday, January 20

ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആഹ്ലാദം പകര്‍ന്ന് ട്രംപിന്റെ ട്വീറ്റ്

അമേരിക്കന്‍ പൗരത്വത്തിനുള്ള മാനദണ്ഡം യോഗ്യതയായിരിക്കണമെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആഹ്വാനം ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആശ്വാസം പകരും. നിലവിലുള്ള അമേരിക്കന്‍ ഇമിഗ്രേഷന്‍ സമ്പ്രദായം ഇന്ത്യക്കാര്‍ക്കാണ് ഏറ്റവും തിരിച്ചടിയാവുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള വിദഗ്ധ തൊഴിലാളികള്‍ക്കാണ് നിലവിലുള്ള ക്വാട്ട സമ്പ്രദായം തിരിച്ചടിയാവുന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടു. രാജ്യങ്ങള്‍ക്ക് ക്വാട്ട വിഭജിച്ച് നല്‍കുന്നതിന് പകരം യോഗ്യതയുടെ അടിസ്ഥാനത്തിലാവണം അമേരിക്കയിലേക്ക് വരുന്നവരുടെ എണ്ണം നിശ്ചയിക്കാനെന്ന തന്റെ മുന്‍ വാദം ട്രംപ് ആവര്‍ത്തിച്ചു.
നിലവില്‍ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡിനും സ്ഥിര പൗരത്വത്തിനും ഓരോ രാജ്യത്തിനും ഏഴ് ശതമാനം ക്വാട്ടയാണ് അനുവദിച്ചിട്ടുള്ളത്. ഇതുമൂലം ഇന്ത്യന്‍ വിദഗ്ധ തൊഴിലാളികള്‍ക്ക് ഗ്രീന്‍ കാര്‍ഡോ സ്ഥിര പൗരത്വമോ ലഭിക്കുന്നതിന് 70 വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ടെന്നാണ് അനൗദ്ധ്യോഗിക കണക്കുകള്‍. ഇതുമൂലം വിദഗ്ധ തൊഴിലാളികള്‍ക്കുള്ള താല്‍ക്കാലിക വിസയായ എച്ച്-1ബിയുടെ കാലാവധി കഴിയുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് മടങ്ങിപ്പോരേണ്ടി വരുന്നു.
നിലവിലുള്ള അമേരിക്കന്‍ ഇമിഗ്രേഷന്‍ നയം ആഗോളതലത്തില്‍ പരിഹസിക്കപ്പെടുകയാണെന്ന് ട്രംപ് പറഞ്ഞു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കി രാജ്യത്ത് എത്തുന്നവര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നു. അതുകൊണ്ട് തന്നെ ഇമിഗ്രേഷന്‍ സമ്പ്രദായം യോഗ്യതയുടെ അടിസ്ഥാനത്തിലാവണം. അമേരിക്കയെ വീണ്ടും മഹത്വത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ യോഗ്യതയുള്ളവരെയാണ് രാജ്യത്തിന് ആവശ്യമെന്നും ട്രംപ് പറഞ്ഞു.
വൈദഗ്ധ്യം ആവശ്യമുള്ള മേഖലകളില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ആഹ്ലാദം പകരുന്നതാണ് ട്രംപിന്റെ പുതിയ ട്വീറ്റ്. ഇവരില്‍ നല്ലൊരു ഭാഗവും ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്നവരാണ്. റിപബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളില്‍ നിന്നും നിരവധി നിയമനിര്‍മ്മാതാക്കള്‍ പരിശ്രമിച്ചിട്ടും രാജ്യങ്ങള്‍ക്കുള്ള ക്വാട്ട സമ്പ്രദായം അവസാനിപ്പിക്കാന്‍ സാധിച്ചിട്ടില്ല. ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണകരമാകുന്ന യോഗ്യതയുടെ അടിസ്ഥാനത്തിലുള്ള ഇമിഗ്രേഷന്‍ സംവിധാനത്തിന് വേണ്ടി ട്രംപ് ഏറെക്കാലമായി വാദിക്കുകയാണ്.

Spread the love
Read Also  ഡൊണാൾഡ് ട്രംപ് ഇന്ത്യയിലെത്തി ; വിമാനത്താവളം മുതൽ വൻ വരവേൽപ്പ്

Leave a Reply