Wednesday, January 19

കര്‍ഷക സമരം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ പിടിച്ചുകുലുക്കുന്നു

മഹാരാഷ്ട്ര, രാജസ്ഥാന്‍, മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളിലെ വിവിധ കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച് പത്ത് ദിവസത്തെ സമരം ജനജീവിതത്തെ സാരമായി ബാധിക്കുന്നു. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ‘ഗാവ് ബന്ദ്’ ആദ്യ ദിവസം തന്നെ പച്ചക്കറികളുടെയും പാലിന്റെയും വിതരണത്തെ ബാധിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. കാര്‍ഷീക കടങ്ങള്‍ എഴുതിത്തള്ളുക, കാര്‍ഷീകോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തുക, പാലിന്റെ വില ലിറ്ററിന് 50 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് രാഷ്ട്രീയ കിസാന്‍ മഞ്ചിന്റെ നേതൃത്വത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍ സമരരംഗത്ത് ഇറങ്ങിയിരിക്കുന്നത്.
കമ്പോളങ്ങളില്‍ കാര്‍ഷീകോല്‍പന്നങ്ങളുടെ ലേലങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും എത്തുന്ന ഉല്‍പന്നങ്ങളുടെ അളവില്‍ ഗണ്യമായ കുറവ് സംഭവിച്ചിട്ടുണ്ടെന്ന് വിവിധ കാര്‍ഷീകോല്‍പന്ന കമ്പോള കമ്മിറ്റികള്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ ഉള്ളി കമ്പോളമായ മഹാരാഷ്ട്രയിലെ ലസല്‍ഗാവ് കമ്പോളത്തെ സമരം ബാധിച്ചതായി ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. വ്യാഴാഴ്ച 15,000 ക്വിന്റല്‍ ഉള്ളി ലേലത്തിനെത്തിയപ്പോള്‍ വെള്ളിയാഴ്ച ഇവിടെ വെറും 300 ക്വിന്റല്‍ മാത്രമാണ് ലേലം ചെയ്യപ്പെട്ടത്.
രാജസ്ഥാനിലെ കര്‍ഷകര്‍ തെരുവുകളില്‍ പ്രതിഷേധം നടത്തുകയും പച്ചക്കറികളും പാലുമായി എത്തിയ ട്രക്കുകള്‍ തടയുകയും ചെയ്തു. ശ്രീഗംഗാനഗര്‍, ഹനുമാന്‍ഗാവ്, ജുന്‍ജുനു, ജയ്പൂര്‍, സികാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കര്‍ഷകര്‍ പാല്‍ റോഡില്‍ ഒഴുക്കിക്കളഞ്ഞു. കമ്പോളങ്ങള്‍ അടപ്പിയ്ക്കാനുള്ള ശ്രമങ്ങളും നടന്നു. ഉത്തര രാജസ്ഥാനില്‍ ബന്ദ് വലിയ വിദയമാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാസംഗ് അംഗം സന്ദ്വീര്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സ്ഥിതിഗതികള്‍ ശാന്തമാണെന്ന് രാജസ്ഥാന്‍ പോലീസ് അറിയിച്ചു. മധ്യപ്രദേശില്‍ വിവിധ കമ്പോളങ്ങളില്‍ ലേലത്തിനെത്തിയ പച്ചക്കറികള്‍ ദൈനംദിന ആവശ്യത്തിനുള്ളതിന്റെ വെറും 30 ശതമാനം മാത്രമായിരുന്നു.

Spread the love
Read Also  ഭരണകൂടത്തിൻ്റെ ലാത്തിയും ബൂട്ടും നിശബ്ദമാക്കുന്ന ഇന്ത്യൻ സർവകലാശാലകൾ

Leave a Reply