Monday, January 17

കെജ്രിവാളിന്റെ ധര്‍ണയും സംസ്ഥാനപദവി എന്ന ആവശ്യവും

ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറുടെ ഓഫീസ് ഇന്നലെ രാത്രി അത്യപൂര്‍വമായ നാടകീയ രംഗങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചത്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും നാല് കാബിനറ്റ് മന്ത്രിമാരും തിങ്കളാഴ്ച വൈകിട്ട് 5.30 മുതല്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ അനില്‍ ബൈജാലിന്റെ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തുകയാണ്. പ്രതിഷേധിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ ജോലിക്ക് ഹാജരാവാന്‍ നിര്‍ദ്ദേശിക്കണമെന്നാണ് കെജ്രിവാളിന്റെയും സംഘത്തിന്റെയും ആവശ്യം. ആംആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ചീഫ് സെക്രട്ടറി അനുഷു പ്രകാശിനെ കൈയേറ്റം ചെയ്തു എന്ന് ആരോപിക്കപ്പെടുന്ന ഫെബ്രുവരി മുതല്‍ ഉദ്യോഗസ്ഥര്‍ സമരത്തിലാണെന്നാണ് സര്‍ക്കാരിന്റെ വാദം. എന്നാല്‍ ഐഎഎസ് അസോസിയേഷന്‍ ഈ ആരോപണം നിഷേധിക്കുന്നു.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, മന്ത്രിമാരായ ഗോപാല്‍ റായ്, സത്യേന്ദ്ര ജെയ്ന്‍ എന്നിവരും കെജ്രിവാളിനൊപ്പമുണ്ടായിരുന്നു. ഉദ്യോഗസ്ഥരുടെ സമരം അവസാനിപ്പിക്കാനും അവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാനും പൗരന്മാരുടെ വീട്ടുപടിക്കല്‍ റേഷന്‍ എത്തിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കണമെന്നും എഎപി മന്ത്രിമാര്‍ ഗവര്‍ണറോട് ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ അവശ്യസേവന ചട്ടപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഗവര്‍ണര്‍ക്ക് നല്‍കിയ കത്തില്‍ മന്ത്രിമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍, ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി സമരം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടണമെന്ന് എഎപി പ്രവര്‍ത്തകര്‍ തന്നെ ഭീഷണിപ്പെടുത്തിയതായി ബൈജാലിന്റെ ഓഫീസ് ഇറക്കിയ പത്രക്കുറിപ്പില്‍ ഗവര്‍ണര്‍ ആരോപിക്കുന്നു. എഎപി നേതാക്കള്‍ കാരണമില്ലാതെ ധര്‍ണ നടത്തുകയാണെന്നും പത്രക്കുറിപ്പില്‍ ആരോപിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ കാബിനറ്റ് യോഗങ്ങളിലും നിയമപരമായ മറ്റ് യോഗങ്ങളിലും പങ്കെടുക്കുന്നുണ്ടെന്ന് ഐഎഎസ് അസോസിയേഷന്‍ സെക്രട്ടറി മനീഷ സക്‌സേന പറയുന്നു. എന്നാല്‍ സുരക്ഷാകാരണങ്ങളാല്‍ മന്ത്രിമാര്‍ വിളിക്കുന്ന യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്നില്ലെന്നും അവര്‍ വിശദീകരിച്ചു. ലെഫ്‌നന്റ് ഗവര്‍ണര്‍ രാജിവെക്കണം എന്ന് ആവശ്യപ്പെട്ട് ജൂണ്‍ 17 മുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് എഎപി. ബൈജാലാണ് സമരത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് സിസോദിയ ആരോപിച്ചു.
എന്നാല്‍ ഇപ്പോഴത്തെ പ്രതിഷേധങ്ങളും ഡല്‍ഹിക്ക് സംസ്ഥാനപദവി നല്‍കണമെന്ന കെജ്രിവാളിന്റെ ആവശ്യവും തമ്മില്‍ എങ്ങനെ ഒത്തുപോകും എന്ന ചോദ്യമാണ് പ്രസക്തം. ഇതു സംബന്ധിച്ച പ്രമേയം കഴിഞ്ഞ ദിവസം ഡല്‍ഹി നിയമസഭ പാസാക്കിയിരുന്നു. ഡല്‍ഹിക്ക് സംസ്ഥാനപദവി നല്‍കുകയാണെങ്കില്‍ 2019ലെ പൊതുതിരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിക്ക് വേണ്ടി പ്രചാരണം നടത്തുമെന്ന് കെജ്രിവാള്‍ ചര്‍ച്ചയ്ക്കിടയില്‍ പ്രഖ്യാപിച്ചിരുന്നു.
2015ല്‍ മഹാഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ എഎപി മന്ത്രിസഭയ്ക്ക് മുന്നില്‍ മാറി മാറി വന്ന ലഫ്‌നന്റ് ഗവര്‍ണര്‍മാര്‍ നിരവധി പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചിരുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്. ഇതുമൂലം എഎപി വിഭാവന ചെയ്ത പല ജനക്ഷേമ പദ്ധതികളും മുടങ്ങുന്ന അവസ്ഥയുമുണ്ടായി. ക്രമസമാധാനത്തിന്റെ ചുമതല കേന്ദ്രത്തിനായതും സുഗമമായി ഭരണം നടത്തുന്നതിന് എഎപിയ്ക്ക് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചു. ലെഫ്‌നന്റ് ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്ത് 2016ല്‍ എഎപി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. വേനലവധി കഴിഞ്ഞ ജൂലൈ രണ്ടിന് കോടതി തുറന്ന ശേഷം ഭരണഘടനാബഞ്ച് ഈ ഹര്‍ജിയില്‍ തീര്‍പ്പുണ്ടാക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും എഎപി പറയുന്നത് പോലെ അത്ര എളുപ്പമാണോ കേന്ദ്ര ഭരണപ്രദേശമായ ഡല്‍ഹിക്ക് സംസ്ഥാന പദവി നല്‍കുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. 1.3 ലക്ഷം കോടി രൂപ ഡല്‍ഹിയില്‍ നിന്നും നികുതിയായി ലഭിക്കുമ്പോള്‍ വെറും 350 കോടി രൂപ മാത്രമാണ് ഡല്‍ഹി സര്‍ക്കാരിന് കേന്ദ്രം നല്‍കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ കേന്ദ്രത്തിന്റെ നികുതി വരുമാന വിതരണ മാതൃകയുടെ ഗുണം ലഭിക്കുന്ന കേന്ദ്രഭരണ പ്രദേശമാണ് ഡല്‍ഹി എന്ന വസ്തുത അദ്ദേഹം ബോധപൂര്‍വം മറച്ചുവെച്ചു. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഡല്‍ഹി ഒന്നും ഉല്‍പാദിപ്പിക്കുന്നില്ല എന്നതാണ് വേറൊരു പ്രശ്‌നം. ജലത്തിനും വൈദ്യതിക്കും വേണ്ടി പോലും മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഡല്‍ഹിക്കുള്ളത്. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും നിലവിലുള്ളത് പോലുള്ള അന്തര്‍ സംസ്ഥാന തര്‍ക്കങ്ങള്‍ ഉണ്ടാവാത്തതിന് പ്രധാന കാരണം ഡല്‍ഹി ദേശീയ തലസ്ഥാനമാണ് എന്നുള്ള പരിഗണനയാണ്. സംസ്ഥാന പദവി ലഭിച്ചാല്‍ ഈ പരിഗണന ഡല്‍ഹിക്ക് നഷ്ടമാകും. ഉദാഹരത്തിന് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ബജറ്റിലെ 30 ശതമാനവും ഡല്‍ഹിയിലെ പശ്ചാത്തല സൗകര്യങ്ങളുടെ വികസനത്തിനാണ് നീക്കിവെക്കുന്നത്. സംസ്ഥാന പദവി ലഭിക്കുന്നതോടെ ഈ ആനുകൂല്യങ്ങളൊക്കെ നഷ്ടമാകും.
കേന്ദ്രത്തിന്റെയും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരുടെയും വിവേചനപരമായ നടപടികളാണ് സംസ്ഥാനപദവി എന്ന ആവശ്യത്തിന് എഎപിയെ പ്രേരിപ്പിക്കുന്നത് എന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ വിശാലമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ശേഷം മാത്രമേ ഈ വിഷയത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ സാധിക്കൂവെന്ന് സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ ശ്രുതിസാഗര്‍ യമുനന്‍ ചൂണ്ടിക്കാണിക്കുന്നു. ഈ നിരീക്ഷണമാണ് കൂടുതല്‍ പ്രവര്‍ത്തികമെന്ന് പ്രത്യക്ഷത്തില്‍ തന്നെ വ്യക്തവുമാണ്.

Spread the love
Read Also  27 എം എല്‍ എ മാര്‍ക്കെതിരായ പരാതി പ്രസിഡന്‍റ് തള്ളിക്കളഞ്ഞു ദല്‍ഹിയില്‍ ആം ആദ്മിയ്ക്ക് ആശ്വാസം

Leave a Reply