Wednesday, January 19

ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ദളിതരെയും ആദിവാസികളെയും പട്ടിണിക്കിട്ട് കൊല്ലുന്നു

ജാര്‍ഖണ്ഡില്‍ വീണ്ടും പട്ടിണി മരണം നടന്നതായി റിപ്പോര്‍ട്ടുകള്‍. സര്‍ക്കാര്‍ ഏജന്‍സികള്‍ ഇക്കാര്യം നിഷേധിക്കുമ്പോഴും രാംഗഢ് ജില്ലയിലെ കുണ്ഡാരിയയില്‍ നിന്നുള്ള ചിന്താമന്‍ മല്‍ഹാറിന്റെ മരണം പട്ടിണി മൂലമാണെന്ന് സന്നദ്ധസംഘടന പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. സംസ്ഥാനത്തെ ദരിദ്രഗ്രാമങ്ങളിലും വനമേഖലകളിലും നടക്കുന്ന മിക്ക മരണങ്ങളും പട്ടിണിമൂലമാണെന്ന് നേരത്തെയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഇക്കാര്യം നിഷേധിക്കുകയാണ് പതിവ്. മുഖ്യധാര മാധ്യമങ്ങള്‍ പലപ്പോഴും ഇത്തരം സംഭവങ്ങളില്‍ സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിക്കുക എന്നതിനാല്‍ സംഭവങ്ങളുടെ സത്യവസ്ഥ ഭൂരിപക്ഷം കേസുകളിലും പുറത്തുവരാറില്ല.
കഴിഞ്ഞ സെപ്തംബറില്‍ സിംദേഗ ജില്ലയിലെ കരിമാട്ടി ഗ്രാമത്തില്‍ നിന്നുള്ള സന്തോഷി കുമാരി എന്ന പതിനൊന്നുകാരി മരിച്ചത് പട്ടിണിമൂലമാണെന്ന ആരോപണം ഉയര്‍ന്നപ്പോഴും സമാനമായിരുന്നു സ്ഥിതി. എന്നാല്‍ ചില സന്നദ്ധ സംഘടന പ്രവര്‍ത്തകര്‍ പ്രദേശം സന്ദര്‍ശിച്ച് വസ്തുതകള്‍ അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. സന്തോഷി കുമാരിയുടേത് സാധാരണ മരണമാണ് എന്നായിരുന്നു മുഖ്യധാര മാധ്യമങ്ങളുടെയും സര്‍ക്കാരിന്റെയും വാദം. എന്നാല്‍ സന്തോഷി മരിച്ചത് പട്ടിണി മൂലമാണെന്ന് അമ്മ കോയ്‌ലി ദേവി സന്നദ്ധ പ്രവര്‍ത്തകരുടെ മുന്നില്‍ സാക്ഷ്യപ്പെടുത്തി. കോയ്‌ലിയുടെ വീഡിയോ അഭിമുഖം പുറത്തുവന്നതിന് ശേഷമാണ് സര്‍ക്കാര്‍ ്അന്ന് അന്വേഷണത്തിന് തയ്യാറായത്. പൊതുവിതരണ സമ്പ്രദായങ്ങളില്‍ നടക്കുന്ന അഴിമതി മുലം ആദിവാസികള്‍ക്കും പിന്നോക്ക ഗ്രാമങ്ങളില്‍ ജീവിക്കുന്ന ദളിതര്‍ക്കും കൃത്യമായ റേഷന്‍ ലഭിക്കാതിരിക്കുന്നതാണ് ജാര്‍ഖണ്ഡില്‍ പട്ടിണി മരണങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് റൈറ്റ് ടു ഫുഡ് കാമ്പയിന്‍ പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. അതുകൊണ്ടുതന്നെ പട്ടിണി മരണങ്ങളെ സ്വാഭാവിക മരണങ്ങളായി ചിത്രീകരിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ അമിതോത്സാഹം കാണിക്കുകയും ചെയ്യുന്നു.
സമാനമായ സാഹചര്യമാണ് ചിന്താമന്‍ മല്‍ഹാറിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്ന് റൈറ്റ് ടു ഫുഡ് കാമ്പയിന്‍ പ്രവര്‍ത്തക സ്വാതി നാരായണ്‍ സ്‌ക്രോള്‍.ഇന്നില്‍ എഴുതിയ ലേഖനത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കഴിഞ്ഞ ജൂണ്‍ 14ന് ഉച്ചതിരിഞ്ഞാണ് അമ്പതുകാരനായ ചിന്താമന്‍ മല്‍ഹാര്‍ കുഴഞ്ഞുവീണതെന്ന് പുത്രന്‍ ബിദേഷി മല്‍ഹാര്‍ സന്നദ്ധ പ്രവര്‍ത്തകരോട് പറഞ്ഞു. മൂന്ന്, നാല് കിലോമീറ്റര്‍ അകലത്തിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ അദ്ദേഹത്തെ എത്തിച്ചപ്പോഴേക്കും നില വഷളായിരുന്നു. 25 കിലോമീറ്റര്‍ അകലെ കൂടുതല്‍ സൗകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. അവിടെ എത്തിച്ചപ്പോഴേക്കും ചിന്താമന്‍ മല്‍ഹാര്‍ മരണമടഞ്ഞിരുന്നു.
തന്റെ പിതാവ് ദീര്‍ഘനാളായി രോഗിയായിരുന്നു എന്ന് ബിദേഷി മല്‍ഹാര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് എഴുതി നല്‍കിയെന്ന് നിരവധി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബിദേഷി ഇത് നിഷേധിക്കുന്നു. രണ്ട് ദിവസമായി അദ്ദേഹം സമ്പൂര്‍ണ പട്ടിണിയിലായിരുന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ജാര്‍ഖണ്ഡിലെ സ്ഥിതി അനുദിനം വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് ചിന്താമന്‍ മല്‍ഹറിന്റെ മരണം തെളിയിക്കുന്നത്. ദേശീയ ഭക്ഷ്യസുരക്ഷ ചട്ടപ്രകാരം സംസ്ഥാനത്തെ 86 ശതമാനം ജനങ്ങള്‍ക്കും സബ്‌സിഡി നിരക്കില്‍ പ്രതിമാസം അഞ്ച് കിലോ അരിവീതം ലഭിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും ഇവരില്‍ നിന്നും അത് കവര്‍ന്നെടുക്കപ്പെടുകയാണെന്ന് ആരോപിക്കപ്പെടുന്നു.
പിതാവിന്റെ മരണശേഷം ഉദ്യോഗസ്ഥര്‍ നിരക്ഷരനായ തന്നെ കൊണ്ട് നിര്‍ബന്ധിച്ച് ചില രേഖകളില്‍ വിരലടയാളം പതിപ്പിക്കുകയായിരുന്നവെന്നും ബിദേഷി പറയുന്നു. പിറ്റേ ദിവസം പത്രങ്ങളില്‍ ചിന്താമന്റെ മരണം പട്ടിണി മൂലമല്ലെന്നും സ്വാഭാവിക മരണമാണെന്നും വാര്‍ത്ത വന്നപ്പോഴാണ് തനിക്ക് പറ്റിയ ചതി ബിദേഷിയ്ക്ക് ബോധ്യപ്പെടുന്നത്. തന്റെ പിതാവ് ഭക്ഷണം കഴിച്ചിട്ട് രണ്ട് ദിവസമായി എന്ന താന്‍ പത്രക്കാരോട് പറഞ്ഞതാണെന്നും ബിദേഷി പറയുന്നു.
പട്ടിണി മരണം സംശയിക്കപ്പെടുന്നപക്ഷം മൃതദേഹങ്ങള്‍ പോസ്റ്റ് മോര്‍ട്ടം നടത്തണമെന്ന് സംസ്ഥാന ഭക്ഷ്യമന്ത്രി സരയു റോയ് ഉത്തരവിട്ടത് രണ്ടാഴ്ചയ്ക്ക് മുമ്പാണ്. എന്നാല്‍ ചിന്താമന്റെ കുടുംബം സ്വാഭാവിക മരണമാണെന്ന് നിര്‍ബന്ധം പിടിച്ചതിനാലാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യാതിരുന്നതെന്ന് രാംഗഡ് ഡപ്യൂട്ടി കമ്മീഷണര്‍ ബി രാജേശ്വരി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. തങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് നിര്‍ബന്ധിച്ചിരുന്നതായും ഡപ്യൂട്ടി കമ്മീഷണര്‍ അവകാശപ്പെടുന്നു. ചിന്താമന്റെ ശവശരീരം ദഹിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടെങ്കിലും ഗ്രാമീണര്‍ അതിന് സമ്മതിച്ചില്ല.
ചിന്താമന്‍ മല്‍ഹറിന്റെ മരണം അസാധാരണമല്ല എന്നാണ് കുണ്ഡാരിയയില്‍ താമസിക്കുന്ന 25-30 കുടുംബങ്ങളുടെ അവസ്ഥ വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങള്‍ക്കും ഭക്ഷത്തിനുമുള്ള അവകാശം അവരില്‍ നിന്നും കവര്‍ന്നെടുക്കപ്പെട്ടിരിക്കുന്നു. ദശാബ്ദങ്ങളായി ഇവിടെയുള്ള ഒരു കുടുംബത്തിന് പോലും റേഷന്‍ കാര്‍ഡില്ല. ആവര്‍ത്തിച്ചാവര്‍ത്തിച്ച് അപേക്ഷകള്‍ സമര്‍പ്പിക്കുകയും കൈക്കൂലി കൊടുക്കുകയും ചെയ്തതിന് ശേഷവും ഇതാണ് അവസ്ഥ. ചിലര്‍ക്ക് ആധാര്‍ കാര്‍ഡും അപൂര്‍വം ചിലര്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തിരിച്ചറിയല്‍ കാര്‍ഡുമുണ്ട്. ദേശീയ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയിട്ട് പത്തുവര്‍ത്തിലേറെയായെങ്കിലും തൊഴില്‍ കാര്‍ഡിനെ കുറിച്ചോ 100 ദിവസത്തെ തൊഴിലുറപ്പിനെ കുറിച്ചോ ഇവര്‍ കേട്ടിട്ടു പോലുമില്ല. ഗ്രാമത്തില്‍ ആര്‍ക്കും അര്‍ഹതപ്പെട്ട റേഷന്‍ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ പൊതുവിതരണ സംവിധാനങ്ങള്‍ വഴി ലഭിക്കുന്ന ഭക്ഷ്യധാന്യങ്ങളുടെ ഏകദേശം ഏഴിരട്ടി വിലയ്ക്ക് പൊതുവിപണിയില്‍ നിന്നും അരി വാങ്ങാന്‍ അവര്‍ നിര്‍ബന്ധിതരാവുന്നു. വളരെ തുച്ഛമായ കൂലിക്ക് ജോലി ചെയ്യുന്ന ഇവരെ കൊണ്ട് പലപ്പോഴും അതിന് സാധിക്കാറില്ല. ജാര്‍ഖണ്ഡില്‍ തുടരുന്ന പട്ടിണി മരണങ്ങളുടെ അടിസ്ഥാനകാരണം പൊതുവിതരണ സമ്പ്രദായത്തില്‍ നിലനില്‍ക്കുന്ന അഴിമതിയും അനാസ്ഥയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

Read Also  മന്ത്രവാദം നടത്തിയെന്നാരോപിച്ച് നാലുപേരെ തല്ലിക്കൊന്നു

ബിജേഷി മല്‍ഹറിന്റെ അഭിമുഖം:

Spread the love

Leave a Reply