Monday, January 17

തൂത്തുക്കുടി ഇന്നലെവരെ പേള്‍ ടൗണ്‍; നാളെയുടെ ചരിത്രത്തില്‍ തമിഴ് ജനതയുടെ പോരാട്ടവീര്യത്തിന്റെ പര്യായം

തമിഴ്‌നാടിന്റെ തെക്കുകിഴക്കന്‍ തീരത്തു സ്ഥിതിചെയ്യുന്ന തുറമുഖ നഗരമാണ് തൂത്തുക്കുടി. പേള്‍ ടൗണ്‍ എന്ന പേരിലാണ് ഈ നഗരം കഴിഞ്ഞ ദിവസം വരെ അറിയപ്പെട്ടിരുന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ഇനി തൂത്തുക്കുടി എന്ന നഗരം അറിയപ്പെടുന്നത് ആത്മാഭിമാനമുള്ള ജനതയുടെ പോരാട്ടവീര്യത്തിന്റെ പേരിലായിരിക്കും.
തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ സമരം ചെയ്യുന്നവര്‍ക്കെതിരെ പോലീസ് നടത്തിയ വെടിവെപ്പില്‍ 11 പേര്‍ മരിച്ചതായും ഒന്‍പതില്‍ അധികം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് അവസാനം ലഭിക്കുന്ന വിവരം. വേദാന്തയുടെ സ്റ്റെര്‍ലൈറ്റ് ഫാക്ടറിക്കെതിരായ സമരപോരാട്ടത്തിന്റെ നൂറാം ദിനമായിരുന്നു ഇന്നലെ. ഫെബ്രുവരി 12ന് തൂത്തുക്കുടിയിലെ 18 ഗ്രാമങ്ങളിലെ ‘ഊരുകമ്മറ്റി’കള്‍ ചേര്‍ന്നെടുത്ത തീരുമാനത്തിന്റെ ഭാഗമായിരുന്നു സമരം. ഫാക്ടറിയില്‍ നിന്ന് പുറത്തുവിടുന്ന വിഷവായു ശ്വസിച്ച് നിരവധിയാളുകള്‍ക്ക് കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചുകൊണ്ടിരിക്കെ യാതൊരുവിധ മലിനീകരണ നിയന്ത്രണ സജ്ജീകരണങ്ങളുമില്ലാതെതന്നെ ഫാക്ടറി തുറന്നു പ്രവര്‍ത്തിച്ചതിനൊപ്പം ഫാക്ടറിയുടെ പുതിയ സെക്ഷന്‍ അവിടെ ആരംഭിക്കാന്‍ കൂടി ശ്രമിച്ചതാണ് ശക്തമായ സമരത്തിന് നാട്ടുകാരെ പ്രേരിപ്പിച്ചത്.
കുമരെട്ടിയപുരം ഗ്രാമത്തില്‍ അനിശ്ചിതകാല നിരാഹാരസമരമാണ് ഊരുകമ്മറ്റി തീരുമാനിച്ചത്. കഴിഞ്ഞ നൂറുദിവസമായി ആ സമരം തുടരുകയാണ്. ഇതിനിടയില്‍ മാര്‍ച്ച് 24ന് ആയിരക്കണക്കിന് സമരക്കാര്‍ കലക്ട്രേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. സമരവുമായി മുന്നോട്ടുപോയ കമ്മറ്റി, 100ആം ദിവസമായ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വീണ്ടും കളക്ട്രേറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പതിനായിരക്കണക്കിന് വരുന്ന സമരക്കാരെ തടയാന്‍ പോലീസ് ബാരിക്കേഡുകള്‍ ഒരുക്കിയിരുന്നു. എന്നാല്‍ അതിനൊന്നും തന്നെ സമരക്കാരെ തടയാന്‍ സാധിച്ചില്ല. കലക്ടറെ കണ്ട് തങ്ങളുടെ വിഷയത്തില്‍ തീരുമാനമാക്കിയേ മടങ്ങൂ എന്ന ദൃഡനിശ്ചയവുമായി മുന്നോട്ടുപോയ സമരക്കാര്‍ക്ക് നേരെ പോലീസ് നിറയൊഴിക്കുകയായിരുന്നു. പോലീസിന്റെ ഈ നടപടിയും ആസൂത്രിതമാണ് എന്നുള്ളതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. സമരംചെയ്തവരെ നേരിടാന്‍ സര്‍ക്കാര്‍ നേരത്തെതന്നെ പൊലീസ് വകുപ്പില്‍ സ്‌നൈപ്പര്‍മാര്‍ക്ക് പരിശീലനം നല്‍കിയിരുന്നത് സ്ഥിരീകരിക്കുന്ന തെളിവുകളാണ് പുറത്ത് വന്നിട്ടുള്ളത്.
തൂത്തുക്കുടി കളക്ടര്‍ക്കൊപ്പം ഒമ്പത് അംഗ സ്‌നൈപ്പര്‍ പൊലീസുകാര്‍ നില്‍ക്കുന്ന ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. സമരത്തിന്റെ 100ാം ദിവസം വെടിവെയ്പ്പ് നടന്നതും ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ട്. ചിത്രത്തില്‍ ഇടത്തേ അറ്റത്ത് നില്‍ക്കുന്ന പൊലീസ് ഉദ്യോഗസ്ഥനായ രാജ ദിലെബാനാണ് ഇന്നലെ തൂത്തുക്കുടിയില്‍ സമരക്കാരെ വെടിവെച്ച് കൊന്നത്. ഇസ്രയേലില്‍നിന്നും പരിശീലനം സിദ്ധിച്ച പൊലീസ് ഉദ്യാഗസ്ഥനാണ് ഇയാള്‍.
പ്രതിഷേധിച്ച നാട്ടുകാര്‍ മരിച്ച സംഭവത്തില്‍ കലക്ടറെയും എസ്പിയെയും സ്ഥലം മാറ്റുന്ന നടപടി മാത്രമാണ് ഇതുവരെ അധികാരികള്‍ കൈക്കൊണ്ടത്. വെടിയേറ്റ് മരിച്ചവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നും മൃതദേഹം പോസ്റ്റ്മാര്‍ട്ടം ചെയ്യാന്‍ അനുവദിക്കില്ലെന്നും മരിച്ചവരുടെ ബന്ധുക്കള്‍ അറിയിക്കുകയും പ്രതിഷേധം തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കെ തന്നെ തൂത്തുക്കുടിയടക്കം മൂന്നു ജില്ലകളില്‍ ഇന്റര്‍നെറ്റ് (സോഷ്യല്‍ മീഡിയ) നിരോധിച്ചുകൊണ്ട് കലക്ടര്‍ ഉത്തരവിട്ടു. മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും പരുക്കേറ്റവര്‍ക്ക് മൂന്നു ലക്ഷം രൂപയും സഹായധനം നല്‍കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനിച്ചു എങ്കിലും പ്രതിഷേധക്കാര്‍ ഇതിനെ തള്ളികളയുകയാണ് ഉണ്ടായത്.
സമരക്കാരെ വെടിവച്ചു കൊന്ന പൊലീസ് നടപടിയെ ശക്തമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന്‍ രജനീകാന്തും രംഗത്തെത്തിയിട്ടുണ്ട്. തൂത്തുക്കുടി വെടിവപ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ ഉദാഹരണമാണെന്നും നീതിക്ക് വേണ്ടി പോരാടിയതിനാണ് സര്‍ക്കാര്‍ ഒന്‍പതുപേരെ വെടിവച്ചു കൊലപ്പെടുത്തിയതെന്നും ആര്‍ എസ് എസ് പ്രത്യയശാസ്ത്രങ്ങള്‍ക്ക് തമിഴ് ജനത വഴങ്ങാത്ത കാലത്തോളം ഇത്തരത്തിലുള്ള കൊലകള്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ജനങ്ങളുടെ വികാരങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതിന്റെ ഫലമാണ് ഇപ്പോള്‍ സംഭവിച്ചതെന്നും ഇപ്പോള്‍ നടക്കുന്ന അക്രമങ്ങള്‍ക്കു സര്‍ക്കാര്‍ മാത്രമാണ് ഉത്തരവാദിയെന്നും രജനീകാന്ത് കുറ്റപ്പെടുത്തി. ജയലളിതയുടെ മരണത്തോടെ ബി.ജെ.പിയുടെ മൌന പിന്തുണയില്‍ ഭരണം നടത്തുന്ന പാവ സര്‍ക്കാരിന് എത്രനാള്‍ ആയുധം ഉപയോഗിച്ചുകൊണ്ട് ജനകീയ പോരാട്ടങ്ങളെ അടിച്ചമര്‍ത്താന്‍ സാധിക്കുമെന്ന ചോദ്യം ഉയര്‍ന്നുകഴിഞ്ഞു.സ്ഥിതിഗതികള്‍ കൈവിട്ടുപോകുന്ന അവസ്ഥയില്‍ രജനീകാന്ത് ബി.ജെ.പിയെ വെട്ടിലാക്കുന്ന അഭിപ്രായവുമായി വന്നത് സംഘപരിവാര്‍ പാളയത്തെ ഞെട്ടിച്ചു. ഇനി കമല്‍ ഹാസന്റെ ഊഴമാണ്. അദ്ദേഹം നേരിട്ടുതന്നെ സമരത്തില്‍ പങ്കെടുത്താല്‍ അത് ചരിത്രമാകും.

Spread the love

Leave a Reply