Friday, May 27

പൊതുമേഖല ബാങ്കുകളുടെ നഷ്ടം: തകരുന്ന സമ്പദ്ഘടനയുടെ ചിത്രം

രാജ്യത്തെ ആകെയുള്ള 21 പൊതുമേഖല ബാങ്കുകളില്‍ വെറും രണ്ടെണ്ണം മാത്രമാണ് 2017-18 കാലത്ത് ലാഭം നേടിയതെന്ന ഞെട്ടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവരുന്നത്. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളെ കുറിച്ചും ഗൗരവതരമായ ചോദ്യങ്ങളാണ് ഈ കണക്കുകള്‍ ഉയര്‍ത്തുന്നത്. നീരവ് മോദി തട്ടിപ്പുമായി ബന്ധപ്പെട്ട് വിവാദത്തിലായ പഞ്ചാബ് നാഷണല്‍ ബാങ്കാണ് നഷ്ടത്തില്‍ മുന്‍പന്തിയില്‍. 12,283 കോടി രൂപയാണ് പഞ്ചാബ് നാഷ്ണല്‍ ബാങ്കിന്റെ നഷ്ടം. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 1324.8 കോടി രൂപ പിഎന്‍ബി ലാഭം രേഖപ്പെടുത്തിയിരുന്നു എന്നു കൂടി ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്.
ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ ബാങ്കും വിജയ ബാങ്കും മാത്രമാണ് ലാഭം രേഖപ്പെടുത്തിയത്. എല്ലാ ബാങ്കുകളുടെയും കൂടിയുള്ള സഞ്ചിത നഷ്ടം 87,357 കോടി രൂപയാണ്. ഇടപാടൂകാരെ അനാവശ്യ പിഴകളിലൂടെ പിഴിയുന്നതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ 2017-18 സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 6,547.45 കോടി രൂപയാണ്. 8237.93 കോടി രൂപയുടെ നഷ്ടവുമായി ഐഡിബിഐ രണ്ടാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ തൊട്ടുപിറകിലാണ് എസ്ബിഐയുടെ സ്ഥാനം.
കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളും എളുപ്പം തട്ടിപ്പുകള്‍ക്ക് മുന്നില്‍ വിഴാനുള്ള ബാങ്കുകളുടെ പ്രവണതയുമാണ് അവരെ നഷ്ടത്തിലേക്ക് തള്ളിവിടുന്നതെന്നാണ് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ജൂണ്‍ 2017ലെ കണക്കുകള്‍ പ്രകാരം 1,88068 കോടി രൂപയാണ് എസ്ബിഐയുടെ കിട്ടാക്കടം എന്ന് മനസിലാക്കുമ്പോള്‍ തന്നെ നഷ്ടത്തിലാവുന്നതിന്റെ കാരണം ബോധ്യമാകും. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് വാരിക്കോരി വായ്പ നല്‍കുന്ന പ്രവണതയാണ് അരുന്ധതി ഭട്ടാചാര്യ ബാങ്കിന്റെ ചുമതല ഏറ്റത് മുതല്‍ കാണാന്‍ സാധിക്കുന്നത്. സാധാരണക്കാരെ പിഴിയുന്നതില്‍ മത്സരബുദ്ധിയോടെ പെരുമാറുന്ന സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, വന്‍കിട കുത്തകകള്‍ക്കും തട്ടിപ്പുകാര്‍ക്കും വായ്പകള്‍ നല്‍കുന്നതില്‍ ഉദാരമനസ്ഥിതിയാണ് കാണിക്കുന്നതെന്ന് വേണം കണക്കുകളില്‍ നിന്നും വായിച്ചെടുക്കാന്‍. രാജ്യത്തെ മറ്റ് പൊതുമേഖല ബാങ്കുകളും ഇതേ പാത തന്നെയാണ് പിന്തുടരുന്നത് എന്ന് വേണം നഷ്ടങ്ങളുടെ കണക്കുകളില്‍ നിന്നും മനസിലാക്കാന്‍.
ഓസ്‌ട്രേലിയയിലെ ക്വീന്‍സ്ലാന്റില്‍ അദാനി ഗ്രൂപ്പ് തുടങ്ങാന്‍ പദ്ധതിയിട്ടിരുന്ന നിര്‍ദ്ദിഷ്ട കല്‍ക്കരി ഖനി പദ്ധതി നടപ്പിലായിരുന്നെങ്കില്‍ സ്റ്റേറ്റ് ബാങ്കിന്റെ അവസ്ഥ ഇതിലും പരിതാപകരമാകുമായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരുടെ തദ്ദേശവാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് ഈ പദ്ധതി ഉപേക്ഷിക്കുന്നതിന് മുമ്പ് അദാനി ഗ്രൂപ്പിന് 6,200 കോടി രൂപയുടെ വായ്പ നല്‍കാന്‍ സ്റ്റേറ്റ് ബാങ്ക് തയ്യാറായതായി പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ പരഞ്ചോയ് ഗുഹ തകുര്‍ത്ത തെളിവുകള്‍ സഹിതം ആരോപണം ഉന്നയിച്ചിരുന്നു. പദ്ധതി ലാഭത്തിലാവില്ല എന്ന കാരണത്താല്‍ ബിഎന്‍പി പാരിബാസ് എസ്എ, ക്രഡിറ്റ് അഗ്രികോള്‍ എസ്എ, സൊസൈറ്റെ ജനറാലെ എസ്എ, ബാര്‍ക്ലേസ്, സിറ്റി ഗ്രൂപ്പ്, ഡ്യൂഷെ ബാങ്ക് എജി, ഗോള്‍ഡ്മാന്‍ സാച്ചസ് ഗ്രൂപ്പ് ഇന്റര്‍നാഷണല്‍, എച്ച്എസ്ബിസി ഹോള്‍ഡിംഗ്, ജെപി മോര്‍ഗന്‍ ചേസ് ആന്റ് കമ്പനി, മോര്‍ഗന്‍ സ്റ്റാന്‍ലി ആന്‍ഡ് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്ട്‌ലന്റ് തുടങ്ങിയ അന്താരാഷ്ട്ര ബാങ്കുകള്‍ അദാനിക്ക് വായ്പ നല്‍കാന്‍ വിസമ്മതിച്ച പശ്ചാത്തലത്തിലാണ് ഇത്രയും വലിയൊരു തുക ഒരു കമ്പനിക്ക് വായ്പ നല്‍കാന്‍ എസ്ബിഐ തീരുമാനിച്ചതെന്നും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. മിനിമം ബാലന്‍സിന്റെ പേരിലും മൂന്ന് തവണയിലേറെ ഏടിഎം ഉപയോഗിച്ചു എന്ന കൊടും കുറ്റത്തിനും സ്വന്തം അക്കൗണ്ടില്‍ പ്രതിമാസം മൂന്നിലേറെ തവണ കാശുവന്നു എന്നതിന്റെ പേരിലും എസ്എംഎസ് സന്ദേശങ്ങള്‍ നല്‍കുന്നു എന്ന വ്യാജേനയും അന്നത്തെ അന്നത്തിന് വിയര്‍പ്പൊഴുക്കുന്ന സാധാരണക്കാരന്റെ പോക്കറ്റ് അടിച്ചുമാറ്റുന്ന ഒരു ദേശീയ ബാങ്കിന്റെ വായ്പ നയത്തിന്റെ സൂചികയായി വേണം ഈ വായ്പ ഇടപാടിനെ വിലയിരുത്താന്‍. ഇന്ത്യയിലെ അതിസാധാരണക്കാരായ എസ്ബിഐ ഇടപാടുകാരുടെ ഭാഗ്യം കൊണ്ടാവാം ആ പദ്ധതി തന്നെ റദ്ദാക്കപ്പെട്ടത്.
2017 ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ ബാങ്കുകളിലെ മൊത്തം കിട്ടാക്കടം 829,338 കോടി രൂപയാണ്. വായ്പ തിരിച്ചടവില്‍ വലിയ വീഴ്ചകള്‍ വരുത്തുന്ന ഭീമന്മാരെ പിടികൂടാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ നടക്കുന്നില്ല എന്ന് മാത്രമല്ല, അവര്‍ക്ക് വീണ്ടും വീണ്ടും വായ്പ നല്‍കാന്‍ ബാങ്കുകള്‍ ഉത്സാഹം കാണിക്കുന്നു എന്നാണ് നീരവ് മോദി സംഭവം തെളിയിക്കുന്നത്. ഇതോടൊപ്പം കേന്ദ്ര സര്‍ക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളും കൂടിയായപ്പോള്‍ ഇന്ത്യയിലെ ബാങ്കിംഗ് മേഖല കടുത്ത തകര്‍ച്ചയെ അഭിമുഖീകരിക്കുന്ന സ്ഥിതിയിലെത്തി. അതോടൊപ്പം സാധാരണ ജനങ്ങള്‍ക്കിടയില്‍ ബാങ്കുകളുടെ വിശ്വാസ്യതയില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത് എന്നതും പ്രസക്തമാണ്.
കിട്ടാക്കടങ്ങള്‍ മൂലം കടുത്ത പ്രതിസന്ധി നേരിട്ടുകൊണ്ടിരുന്ന ബാങ്കുകളുടെ ഉച്ചിക്കേറ്റ ഇരുട്ടടിയായിരുന്നു 2016 നവംബര്‍ എട്ടിന് സംഭവിച്ചത്. ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാരിന്റെ അപ്രതീക്ഷിത തീരുമാനം ബാങ്കുകളുടെ പ്രവര്‍ത്തനത്തെ പല രീതിയില്‍ ബാധിച്ചു. നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യത്തെ മൂന്ന് മാസങ്ങളില്‍ പഴയ നോട്ട് മാറ്റി വാങ്ങാനും അക്കൗണ്ടുകളില്‍ നിന്നും പണം പിന്‍വലിക്കാനുള്ള അഭൂതപൂര്‍വമായ തിരക്ക് ബാങ്കുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ പ്രതികൂലമായി ബാധിച്ചു. പ്രധാനമായും മുടങ്ങിയ വായ്പകള്‍ തിരികെ പിടിക്കുന്നതിനുള്ള നടപടികളാണ് മുടങ്ങിയത്. കൂടാതെ നോട്ട് നിരോധനം ജനങ്ങളില്‍ സൃഷ്ടിച്ച അരക്ഷിതാവസ്ഥ നിമിത്തം പുതിയ നോട്ടുകള്‍ സംഭരിക്കാനുള്ള പ്രവണത കൂടി. ഇതോടെ വിതരണം ചെയ്യപ്പെടുന്ന നോട്ടുകള്‍ ബാങ്കുകളിലേക്ക് മടങ്ങിവരാതിരുന്നത് പുതിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചു.
ഇതിനെക്കാളൊക്കെ ബാങ്കുകളെ വലച്ചത് നോട്ട് നിരോധനം മൂലം വായ്പയുടെ ചോദനത്തില്‍ സംഭവിച്ച ഇടിവാണ്. വന്‍കിട കുത്തകള്‍ക്കപ്പുറം സാധാരണ ജനങ്ങള്‍ക്കിടയില്‍ ബാങ്ക് വായ്പയ്ക്കുള്ള പ്രിയം കുത്തനെ ഇടിഞ്ഞു. പഴയ നോട്ടുകള്‍ വന്‍ തോതില്‍ ബാങ്കുകളിലേക്ക് തിരികെ എത്തി ഇടപാടുകാരുടെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കപ്പെടുകയും വായ്പകളുടെ അളവ് കുറയുകയും ചെയ്തത് ബാങ്കുകളുടെ ബാധ്യത വര്‍ദ്ധിപ്പിക്കുകയാണ് ചെയ്തത്. ഈ പ്രതിസന്ധിയില്‍ നിന്നും ബാങ്കുകള്‍ ഇനിയും കരകയറിയില്ലെന്നാണ് പൊതുമേഖല ബാങ്കുകളുടെ നഷ്ടക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പൊതുമേഖല ബാങ്കുകള്‍ക്ക് ഉത്തേജനം നല്‍കുന്നതിനും കിട്ടാക്കടം മൂലം വലയുന്ന ബാങ്കുകളുടെ പുനര്‍മൂലധനവല്‍ക്കരണത്തിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2017 ഒക്ടോബറില്‍ പ്രഖ്യാപിച്ച 2.11 ലക്ഷം കോടിയുടെ പാക്കേജ് എത്രത്തോളം ഗുണകരമാകുമെന്ന് കണ്ടുതന്നെ അറിയണം. പൊതു ഖജനാവില്‍ നിന്നും ചിലവഴിക്കപ്പെടുന്ന ഈ പണം വീണ്ടും കോര്‍പ്പറേറ്റുകളുടെ തട്ടിപ്പുകാരുടെയും കൈയില്‍ കിട്ടാക്കടമായി പോവുകയാണെങ്കില്‍ രാജ്യത്തെ സാമ്പദ്ഘടനയ്ക്ക് അതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ല. കാര്‍ഷീക കടങ്ങള്‍ എഴുതിതള്ളണമെന്നും കാര്‍ഷീകോല്‍പന്നങ്ങള്‍ക്ക് താങ്ങുവില ഏര്‍പ്പെടുത്തണമെന്നുമുള്ള സാധാരണ കര്‍ഷകരുടെ ന്യായമായ ആവശ്യത്തോട് മുഖം തിരിക്കുകയും കോര്‍പ്പറേറ്റ് അനുകൂല നിലപാടുകളും നയങ്ങളും സ്വീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക ചൂതാട്ടം ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ എത്രത്തോളം ഗുണം ചെയ്യുമെന്നതാണ് ചോദ്യം. സാധാരണക്കാരന് നഷ്ടമായ വിശ്വാസ്യത വീണ്ടെടുത്തുകൊണ്ടു മാത്രമേ ബാങ്കിംഗ് മേഖലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധി ശാശ്വതമായി പരിഹരിക്കാന്‍ സാധിക്കൂ. നിലവില്‍ പുറത്തുവരുന്ന നഷ്ടത്തിന്റെ കണക്കുകള്‍ ആശാവഹമായ ഒരു ഭാവിയുടെ സൂചകമല്ല എന്ന് ചുരുക്കം.

Spread the love
Read Also  ജെയ്റ്റ്ലിയെ ഓർത്ത് വികാരാധീനനായി മോദി ബഹ് റൈനിലെ വേദിയിൽ

Leave a Reply