Thursday, January 20

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ലോക ഗിന്നസ് റെക്കോര്‍ഡിന് നാമനിര്‍ദ്ദേശം ചെയ്തുകൊണ്ട് ഗോവയിലെ കോണ്‍ഗ്രസ്സുകാര്‍ ഗിന്നസ് ലോക റിക്കാര്‍ഡ് കമ്മിറ്റിക്ക് ഔപചാരികമായ കത്തയച്ചു. ഏറ്റവും കൂടുതല്‍ വിദേശയാത്ര നടത്തിയ ഭരണാധികാരിയ്ക്കുള്ള റെക്കോര്‍ഡിനാണ് മോദിയെ നാമനിര്‍ദ്ദേശം ചെയ്തത്.

ഗോവ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി സങ്കല്പ് അമോങ്കറാണ് യു.കെയിലെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് അധികാരികള്‍ക്ക് രജിസ്റ്റേര്‍ഡ് കത്തയച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകറിക്കാര്‍ഡ് സ്ഥാപിച്ചതിനാല്‍ അദ്ദേഹത്തെ ആ ബഹുമതിയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ ഞങ്ങള്‍ അതിയായി സന്തോഷിക്കുന്നു. അദ്ദേഹം ഇന്ത്യയുടെ മുതല്‍ ശരിക്കും ഉപയോഗിച്ചു. ഭരണത്തില്‍ കയറി നാലു വര്‍ഷത്തിനകം 41 യാത്രകളിലായി 52 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. യാത്രയ്ക്കായി ഇതിനകം അദ്ദേഹം 355 കോടി ചെലവഴിച്ചു കഴിഞ്ഞു. ഗിന്നസ് കമ്മിറ്റിയ്ക്കഴുതിയ കത്തിലെ വിവരണമാണിത്.

ഇതിനകം തന്നെ അദ്ദേഹം ഇക്കാര്യത്തില്‍ വരും തലമുറയുടെ റോള്‍ മോഡല്‍ ആയിക്കഴിഞ്ഞു. ഭരണകാലത്തിനിടയില്‍ ലോകത്ത് ഒരു ഭരണാധികാരിയും ഇത്രയധികം വിദേശയാത്ര നടത്തിയിട്ടില്ല. അമോങ്കര്‍ പറഞ്ഞു. മോദി ഭരണത്തില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിന് 69.03 ആയി മാറി എന്നും അദ്ദേഹം ആക്ഷേപിച്ചു.

ഞങ്ങള്‍ മോദി ഭരണത്തിലെ വിഡ്ഢിത്തങ്ങളെ തുറന്നു കാണിക്കാന്‍ ആഗ്രഹിക്കുന്നു. ഇന്ത്യയിലേതിനെക്കാളധികം സമയം പ്രധാനമന്ത്രി വിദേശത്താണ് കഴിഞ്ഞത്. പാര്‍ട്ടി ആസ്ഥാനത്തു വെച്ചാണ് അമോങ്കര്‍ പത്രപ്രവര്‍ത്തകരോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

Spread the love