Wednesday, January 19

പൗരത്വം തെളിയിക്കാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാനാവില്ല, അമിത് ഷാ അന്തരംഗം പൊട്ടിക്കുന്നു

പൗരത്വം തെളിയിക്കാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാനാവില്ലെന്ന് ബി.ജെ.പി. പ്രസിഡന്‍റ് അമിത് ഷാ ഡല്‍ഹിയില്‍ പ്രസ്താവിച്ചു. ദേശീയ പൗരത്വ രജിസ്റ്റര്‍ കരട് റിപ്പോര്‍ട്ട് വിവാദത്തെപ്പറ്റി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആസാമിലെ പൗരത്വ നിഷേധ ലിസ്റ്റ് തയ്യാറാക്കിയ പോലെ രാജ്യത്ത് എവിടെ എപ്പോള്‍ എങ്ങനെ പൗരത്വലിസ്റ്റ് തയായറാക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിക്കുമെന്നാണ് അമിത് ഷായുടെ ധാര്‍ഷ്ട്യം.

40 ലക്ഷം നുഴഞ്ഞുകയറ്റക്കാര്‍ ആസാമില്‍ അനധികൃതമായി കടന്നു കൂടിയിട്ടുണ്ടെന്നാണ് ഇന്ത്യന്‍ ഭരണകൂടം അവകാശപ്പെടുന്നത്. അവര്‍ക്ക് രാജ്യത്ത് തുടരാനുള്ള അവകാശമില്ല. പൗരത്വം തെളിയിക്കാനാവാത്തവര്‍ക്ക് വോട്ടു ചെയ്യാനാവില്ല. അവരെ രാജ്യം കടത്തില്ല എന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയില്‍ നിന്നും ആരെയും ബംഗ്ലാദേശിലേക്ക് കടത്തി വിടാന്‍ അനുവദിക്കില്ലെന്ന ബംഗ്ളാദേശ് ഭരണകൂടത്തിന്‍റെ മുന്നറിയിപ്പാകാം പൗരത്വം തെളിയിക്കാത്തവരെ രാജ്യം കടത്തി വിടില്ലെന്ന് പറയാന്‍ അമിത് ഷായെ പ്രേരിപ്പിച്ചതെന്ന് കരുതാം.

പൗരത്വം തെളിയിക്കാന്‍ വരി നില്ക്കേണ്ടി വരുന്നവര്‍

2019 ലെ തെരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഏര്‍പ്പെടുത്തണമെന്ന ആം ആദ്മി പാര്‍ട്ടിയുടെ ആവശ്യം മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും ഏറ്റെടുത്ത് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ച സാഹചര്യത്തില്‍ വോട്ടിംഗ് മെഷിന്‍ തട്ടിപ്പിന്‍റെ സാധ്യതയ്ക്ക് മങ്ങലേറ്റതാണ് ബി.ജെ.പി.യെ തങ്ങള്‍ക്കനുകൂലമായ വോട്ട് ബാങ്ക് മാത്രം പെട്ടിയില്‍ വീഴ്ത്താനുള്ള ചിന്തകള്‍ക്ക് പ്രേരിപ്പിക്കുന്നത്. അതിന്‍റെ ആദ്യപടിയാണ് രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള പൗരത്വ അടിച്ചു വാരല്‍. ഇത് ബി.ജെ.പി. ലക്ഷ്യം വെക്കുന്ന വംശീയനിര്‍മ്മാര്‍ജ്ജനങ്ങളുടെ സൂചനയാണ്.

1971 മുമ്പുള്ള കുടിയേറ്റക്കാരുടെ അനിശ്ചിതത്വം

കാര്യങ്ങള്‍ ഇങ്ങനെ പോവുകയാണെങ്കില്‍ സൂക്ഷ്മതലങ്ങളില്‍ പഞ്ചായത്തടിസ്ഥാനത്തില്‍ വാര്‍ഡുതലത്തില്‍ നിന്നുവരെ അന്യരെ മാറ്റുന്ന അവസ്ഥയിലേക്ക് പോകാവുന്നതാണ്. നിശ്ചിതവര്‍ഷത്തിന് മുമ്പ് വാര്‍ഡില്‍ താമസം ആരംഭിച്ചവര്‍ക്ക് മാത്രമേ പഞ്ചായത്ത് വാര്‍ഡുകളില്‍ വോട്ടു ചെയ്യാനാവൂ എന്ന തീരുമാനം വന്നാല്‍ എന്താകും സ്ഥിതി എന്ന് ആലോചിച്ചു നോക്കാവുന്നതാണ്. 2019ലെ തിരഞ്ഞെടുപ്പ് പരാജയഭീതിയില്‍ നിന്നുള്ള വെറി ഇനിയും ആരെയൊക്കെ തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ വസുധൈവകുടുംബകരായ കാവിപ്പടയെ പ്രേരിപ്പിക്കും എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Spread the love