Wednesday, January 19

ചിത്രങ്ങളിലൂടെ വര്‍ണവിവേചനം ലോകത്തെ അറിയിച്ച ഡേവിഡ് ഗോൾഡ്ബ്ളാട്ട് അന്തരിച്ചു

നിശ്ചലദൃശ്യങ്ങളില്‍ സൗന്ദര്യശാസ്ത്രപമായ മാനങ്ങള്‍ മാത്രമല്ല നൈതീകതയും അനിവാര്യമാണെന്ന് തെളിയിച്ച പ്രശസ്ത ദക്ഷിണാഫ്രിക്കന്‍ ഫോട്ടോഗ്രാഫര്‍ ഡേവിഡ് ഗോള്‍ഡ്ബ്ലാറ്റ് 87-ാം വയസില്‍ അന്തരിച്ചു. ദക്ഷിണാഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ അനുഭവിച്ച വര്‍ണവെറിയുടെ ക്രൂരമുഖം ലോകത്തിന് കാട്ടിക്കൊടുത്തത് അദ്ദേഹത്തിന്റെ നിശ്ചചിത്രങ്ങളായിരുന്നു. ഇന്നലെ അന്തരിച്ച അദ്ദേഹത്തിന്റെ മരണകാരണം കാന്‍സറായിരുന്നു.

പ്രക്ഷുബ്ദകാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെയും കറുത്തവരുടെയും ദൈനംദിന ജീവിതം ചിത്രീകരിച്ചുകൊണ്ടായിരുന്നു സ്വന്തം രാജ്യത്തിന്റെ യാഥാര്‍ത്ഥ്യങ്ങള്‍ അദ്ദേഹം ലോകത്തെ ബോധ്യപ്പെടുത്തിയത്. എന്നാല്‍ സംഘര്‍മേഖലകളിലൊന്നും അദ്ദേഹം കാലുകുത്തിയില്ല.. താനൊരു പേടിത്തൊണ്ടാനാണെന്നും സംഘര്‍ഷ സ്ഥലങ്ങളില്‍ നിന്നും എപ്പോഴും ഓടി രക്ഷപ്പെടുന്നവനായിരുന്നുവെന്നും അദ്ദേഹം ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരു ഫോട്ടോഗ്രാഫര്‍ എന്ന നിലയിലല്ല മറിച്ച് ഒരു രാജ്യത്ത് ജീവിക്കുന്ന പൗരന്‍ എന്ന നിലയിലാണ് താന്‍ സംഭവവികാസങ്ങളെ വിലയിരുത്തിയിരുന്നതെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

അത്തരത്തില്‍ കളിക്കളത്തിലെ കുട്ടികളെയും ബസുകളിലും ട്രെയിനുകളിലും യാത്ര ചെയ്യുന്നവരെയും തന്റെ പുല്‍ത്തകിടി നനയ്ക്കുന്ന കറുത്തവനെയും പായയില്‍ കിടക്കുന്ന അമ്മയെയും കുട്ടിയെയും ഉപേക്ഷിക്കപ്പെട്ട ഒരു പാര്‍പ്പിട സമുച്ചയവും ഒക്കെ ചിത്രീകരിച്ചുകൊണ്ട് ലോക മനഃസാക്ഷിക്ക് മേല്‍ പൊള്ളുന്ന കനല്‍ കോരിയിടുകയായിരുന്നു അദ്ദേഹം. വര്‍ണവിവേചനത്തെ എതിര്‍ത്തവും അനുകൂലിക്കുന്നവരുമായ രാഷ്ട്രീയക്കാര്‍ക്കൊന്നും തന്റെ ചിത്രങ്ങള്‍ ഉപയോഗിക്കാനുള്ള അനുമതി ഗോല്‍ഡ്ബ്ലാട്ട് നല്‍കിയില്ല. കറുപ്പും വെളുപ്പും കലര്‍ന്ന ദക്ഷിണാഫ്രിക്കയെ നിര്‍മമനായി ചിത്രീകരിച്ചുകൊണ്ട് രണ്ട് വിഭാഗങ്ങളും തമ്മിലുള്ള സംഘര്‍ഷത്തെ നിര്‍വചിക്കുകയായിരുന്നു അദ്ദേഹം.

1930 ൽ ജോഹന്നാസ്ബർഗിനടുത്തുള്ള റാന്റ്ഫൊന്റീൻ എന്ന ചെറിയ പട്ടണത്ത്ൽ ജനിച്ച ഗോൾഡ്ബ്ളാട്ട് പതിനെട്ടാം വയസ്സിലാണ് ഫോട്ടോഗ്രാഫി രംഗത്തേക്ക് പ്രവേശിച്ചത്. മുംബൈ ഉൾപ്പെടെ ലോകത്തെ എല്ലാ പ്രധാന നഗരങ്ങളിലും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സോളോ പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.

Spread the love

Leave a Reply