ആകസ്മികതകളിൽ തട്ടി ബംഗാൾ രാഷ്ട്രീയം വീണ്ടും മാറിമറിയുകയാണ്. ദശാബ്ദങ്ങളായി തങ്ങൾ വരിച്ച സി പി എമ്മിനെ പുറം തള്ളിയ വോട്ടർമാർ വീണ്ടും മറ്റൊരു ദിശാവ്യതിയാനത്തിനു സൂചന നല്കുകയാണോ എന്ന ആകാംക്ഷ കനക്കുമ്പോൾ ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പ്രവചനാതീതമാവുകയാണ്. കാലങ്ങളായി തങ്ങളുടെ കരുത്തായി നിലനിർത്തിയിരുന്ന ന്യൂനപക്ഷവിഭാഗം തങ്ങളെ കൈവിട്ടതാണ് സി പി എമ്മിന് വൻ തിരിച്ചടിയായത്. ഏകദേശം 27 ശതമാനത്തിലധികം വരുന്ന ബംഗാൾ മുസ്ലിംകളുടെ സംരക്ഷകർ ഇന്ന് ബംഗാൾ ദീദി എന്ന് ബഹുമാനപൂർവ്വം വിളിക്കുന്ന മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ്സിനൊപ്പമാണ്. ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുന്നതിലുള്ള വേഗതയ്ക്ക് തടസ്സമുണ്ടായിരുന്നെങ്കിലും മൂന്നു പതിറ്റാണ്ടുകാലം ജ്യോതിദായുടെ ചിറകിനു കീഴിൽ സുരക്ഷിതരെന്ന് തോന്നി കലഹങ്ങളിൽ നിന്നും അകന്നു കഴിഞ്ഞിരുന്ന ഒരു വലിയ ജനസമൂഹത്തെയാണ് ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭരണത്തോടെ സി പി എമ്മിന് നഷ്ടമായത്. പ്രശ്നങ്ങൾ ഏറെ ബാക്കി നിർത്തിയാണു ജ്യോതിബാസു അധികാരക്കൈമാറ്റം നടത്തിയത്.

പക്ഷെ ഒരു നേതാവിനോടുള്ള അതിവൈകാരികത നിലനിർത്താൻ പിൻ ഗാമിയായ ബുദ്ധദേവിനു കഴിയാത്തതാണു സി പി എം പതനത്തിനു മുഖ്യകാരണങ്ങളിലൊന്ന്. ഇടതിനു കീഴിൽ നിങ്ങൾ സുരക്ഷിതരാണു എന്ന് ന്യൂനപക്ഷങ്ങളോട് സി പി എം മുദ്രാവാക്യം കടപുഴക്കിയെറിയുന്നതായിരുന്നു ബുദ്ധദേവ് ഭട്ടാചാര്യയുടെ നിലപാടുകൾ. സിംഗൂരും നന്ദിഗ്രാമും മുസ്ലിങ്ങൾക്ക് അത്ര വലിയ ആഘാതമായിരുന്നു സൃഷ്ടിച്ചത്. ആ പരാമർശവും വലിയ വിവാദമായി മാറുകയായിരുന്നു. `മദ്രസകൾ ഭീകരത സൃഷ്ടിക്കുന്ന ഫാക്ടറികളാണു` എന്നായിരുന്നു ഭട്ടാചാര്യയുടെ ആ വിവാദ പരാമർശം. തിരിച്ചടിയുടെ സൂചന ലഭിച്ചപ്പോൾ ബുദ്ധദേവ് അത് മറ്റൊരു രീതിയിൽ വ്യഖ്യാനിക്കാൻ ശ്രമിച്ചതും വിനയായതേയുള്ളൂ. ഈ ഇടവേളയിലായിരുന്നു മമത തൻ്റെ അടിത്തറ വർദ്ധിപ്പിക്കാനായി ദില്ലിയിൽ നിന്നും ബംഗാളിലേക്ക് താവളം മാറ്റിയത്. പൂർണമായും അടിസ്ഥാനഘടകം മുതൽ പാർട്ടി കെട്ടിപ്പടുക്കാൻ മമതയെന്ന ഒറ്റയാൾ പോരാളി രാപകലെന്യേ അധ്വാനിച്ചപ്പോൾ ന്യൂനപക്ഷം മാത്രമല്ല സി പി എമ്മിനോട് അനിഷ്ടമുണ്ടായിരുന്നവരും ഒപ്പം കൂടുകയായിരുന്നു.

ഓപറേഷൻ ബർഗ, സിംഗൂർ, നന്ദി ഗ്രാം

ഇടതുമുന്നണിയുടെ ജനകീയ പദ്ധതിയായിരുന്ന `ഓപ്പറേഷൻ ബർഗ` എന്ന കൃഷിഭൂമി വിതരണം ചെയ്യുന്ന പരിപാടി ഏറെ പേരെ ആകർഷിച്ചിരുന്നു. സിംഗൂരും നന്ദിഗ്രാമും ഉദയം ചെയ്തതോടെ ഈ പദ്ധതിപോലും ജനം മറന്നു. ഇടതുസർക്കാർ കൃഷിഭൂമിയെക്കാൾ പ്രാധാന്യം ഫാക്ടറിഭൂമിയും പാവപ്പെട്ടവരെക്കാലും പ്രാമുഖ്യം നൽകുന്നതു കോർപ്പറേറ്റുകൾക്കുമെന്നതായിരുന്നു പിന്നെയുള്ള പ്രതിപക്ഷമുദ്രാവാക്യങ്ങൾ. ഇതു നന്നായി മുതലെടുക്കാൻ മമതയ്ക്ക് കഴിഞ്ഞു. 1998 – 2006 കാലഘട്ടത്തിൽ ബി ജെ പിയോടൊപ്പം നിന്ന ദേശീയനേതാവെന്ന ദുഷ്പേരു മമതയ്ക്കുണ്ടായിരുന്നെങ്കിലും എൻ ഡി എ വിട്ടതോടെ ചിത്രം മാറുകയായിരുന്നു

 

എതിരാളിയെ മാറ്റുന്ന അടവുനയം

ജനകീയമനശ്ശാസ്ത്രം നന്നെ പ്രയോജനപ്പെടുത്തിയ നേതാവാണു മമത ബാനർജി. അങ്ങനെയാണു ജനഹിതം മനസ്സിലാക്കി മുഖ്യശത്രുക്കളെ സൃഷ്ടിച്ചെടുക്കാൻ തുടങ്ങിയത്. അതിനു തൻ്റെ അനുയായികളെ പരമാവധി ഉപയോഗപ്പെടുത്താൻ അവർക്കു കഴിഞ്ഞു . 2006 മുതൽ അവർ ബംഗാളിൽ തൃണമൂൽ കോൺഗ്രസ്സ് കെട്ടിപ്പടുക്കുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. സി പി എമ്മിനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച മമത വേരുപിടിച്ചുകൊണ്ടിരുന്ന ബംഗാൾ ജനതയുടെ ഇടതുവിരോധം തീർത്തും പ്രയോജനപ്പെടുത്തി. പീരങ്കിയുപയോഗിച്ചുള്ള നിരന്തരമായ ആക്രമണശൈലിയായിരുന്നു മമതയുടെത്. തൃണമൂൽ പ്രവർത്തകരെ സി പി എമ്മിനെതിരെ സജ്ജരാക്കി. തെരുവു സംഘട്ടനങ്ങളിൽ തൻ്റെ പാർട്ടി അനുഭാവികൾക്ക് എല്ലാ പിന്തുണയും മമത നൽകുകയായിരുന്നു. സി പി എം – തൃണമൂൽ സംഘർഷം പതിവ് വാർത്തയായി. മന്മോഹൻ സിങ് അധികാരത്തിൽ വന്നതോടെ കോൺഗ്രസ്സിനെതിരെയുള്ള വാക്കുകളും മമത രാകി മിനുക്കി. സി പി എം നിലം പരിശായതോടെ പീരങ്കി ബി ജെ പിക്കു നേരെ തിരിച്ചു.

Read Also  തിരിച്ചടി നേരിട്ടതോടെ മലക്കം മറിഞ്ഞ് സുകുമാരൻ നായർ

ഇതുതന്നെയാണിപ്പോൾ മമതയ്ക്ക് വിനയായിരിക്കുന്നതു. ബംഗാളിൽ കോൺഗ്രസ്സും സി പി എമ്മും തമ്മിൽ സഖ്യസാധ്യതയ്ക്ക് ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അത് മമതയ്ക്കും ബി ജെ പിക്കും ഗുണം ചെയ്യും എന്നാണു വിലയിരുത്തൽ. പക്ഷെ ഇതിനിടയിൽ ബി ജെ പി വൈറലാക്കാൻ ശ്രമിക്കുന്ന മമത വിരുദ്ധതരംഗത്തിൻ്റെ ഭാവി എന്താകുമെന്ന് തെരഞ്ഞെടുപ്പ് ഫലം വന്നുകഴിയുമ്പോൾ മാത്രമേ വിലയിരുത്താനാവുകയുള്ളൂ.

അഭയാർഥി, ഘോഷയാത്ര – ഹിന്ദുത്വം വേരു പിടിക്കുമോ ?

ബംഗാളിൽ ഇപ്പോഴുണ്ടായിരിക്കുന്ന രാഷ്ട്രീയമാറ്റം ഹിന്ദുവർഗ്ഗീയത വളർത്തി വേരുറപ്പിക്കാൻ ബി ജെ പി നടത്തുന്ന ശ്രമങ്ങളാണു. അതു വടക്കേ ഇന്ത്യയിലെ പ്പോലെ ക്ളെച്ച് പിടിക്കുമോ എന്ന് തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴറിയാം. അഭയാർഥിരാഷ്ട്രീയത്തിൻ്റെ നാനാവശങ്ങളും സ്വാംശീകരിച്ച് രൂപപ്പെടുത്തി വളർത്തി വലുതാക്കിക്കൊണ്ടുവരുന്ന വലിയ ഒരു ബിംബമാണു ഇപ്പോൾ ബംഗാൾ തെരഞ്ഞെടുപ്പ് വിധി നിർണ്ണയിക്കുന്നത്. അതിൻ്റെ സൂചനയാണു കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പ്രചാരണചിത്രങ്ങളിൽനിന്നും ലഭിക്കുന്നത്. ബംഗാളിലെ മോദി പ്രസംഗവേദിയിലുണ്ടായ വൻ ജനാവലി ഇതിൻ്റെ തുടക്കമാണെന്ന് വിലയിരുത്തുന്നു. ബംഗാളിൽ ജോതിബാസുവിനു മാത്രമേ ഇതിനുമുമ്പു ഇത്രയും വലിയ ആൾക്കൂട്ടത്തെ സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുള്ളൂ.

വടക്കും തെക്കും കടപുഴകിയാലും വടക്ക് കിഴക്ക് രൂപമെടുത്തുകൊണ്ടിരിക്കുന്ന ഒരു വൻ കൊടുങ്കാറ്റാണു ബംഗാളിൽ നിന്നും ബി ജെ പി പ്രതീക്ഷിക്കുന്നത്. ഇതിനെ മമതാ ബാനർജിക്കു എത്ര മാത്രം തടയാൻ കഴിയും എന്നതിനെ ആശ്രയിച്ചിരിക്കും ഫലം. ബംഗാളിൽ ത്രിപുര ആവർത്തിക്കും എന്ന ബി ജെ പി ദേശീയനേതൃത്വത്തിൻ്റെ അവകാശവാദങ്ങളെ പൂർണമായും അവഗണിക്കാനാവില്ല. ബി ജെ പി ഏറെക്കാലം കൊണ്ട് സൃഷ്ടിച്ചെടുത്ത ഒരു വികാരമാണു താൽക്കാലികമായെങ്കിലും ഇപ്പോൾ ബി ജെ പിയുടെ അടിത്തറ വിപുലപ്പെടുത്തുന്നതിനു തുടക്കം കുറിക്കുന്നത്. ഹിന്ദുത്വരാഷ്ട്രീയത്തിൻ്റെ ഉദയമാണു ബംഗാളിലുണ്ടാരിക്കുന്നത് എന്നാണു ബി ജെ പിയുടെ അവകാശവാദം. അവരുടെ മുഖമുദ്രയായ വർഗ്ഗീയമുതലെടുപ്പിനു ശ്രമിക്കുന്ന ബി ജെ പി യുടെ സ്വപ്നപദ്ധതികളിലൊന്നാണു സാർഥകമാകാൻ പോകുന്നത് എന്നാണു നേതാക്കൾ പറയുന്നത്. ദുർഗ്ഗാപൂജയുടെയും സരസ്വതി പൂജയുടെയും ഘോഷയാത്രയുടെ പ്രശ്നമാണു അവർ ഉയർത്തിക്കൊണ്ടുവരുന്നത്. പ്രശ്നം ഇതിനകം അവർ ദേശീയശ്രദ്ധയിലേക്ക് കൊണ്ടുവന്നുകഴിഞ്ഞു.

ബംഗാൾ സാഹിത്യത്തിനും ഋത്വിക് ഘട്ടക്കിനെപ്പോലുള്ളവരുടെ സിനിമകൾക്കും അഭയാർഥികളുടെ വിഷയം കടന്നുവരാതെ ഒരു കലാസൃഷ്ടിയും പൂർത്തീകരിക്കാനാവില്ല. അതുതന്നെയാണു ആ കലാസൃഷ്ടികളുടെയെല്ലാം ശക്തി. അര നൂറ്റാണ്ടിലുമധികമായി അഭയാർഥിപ്രശ്നങ്ങളെ പരാമർശിക്കാതെ ബംഗാളിനൊരു രാഷ്ട്രീയമില്ല. എന്നാൽ അടുത്തകാലത്തായി കടന്നുവന്ന രോഹിംഗ്യ പ്രശ്നത്തോടെ ബി ജെ പിക്ക് ഒരു പുതിയ സാധ്യത തുറന്നുകിട്ടുകയായിരുന്നു. രോഹിംഗ്യകൾ കടൽ കടന്നുവന്നവരായിരുന്നു. ബി ജെ പി തന്നെ അതു വലിയ ചർച്ചാവിഷയമാക്കി വളർത്തിക്കൊണ്ടുവന്നു. രോഹിംഗ്യകളെ പുറത്താക്കാനായി എല്ലാ മാർഗ്ഗങ്ങളും അവർ സ്വീകരിച്ചു. എന്നാൽ പല മുസ്ലിം കുടുംബങ്ങളും ബംഗ്ളാദേശിലും ബംഗാളിലുമായി കഴിയുന്ന ഒരു സാംസ്കാരിക സാഹചര്യം തന്നെയാണു ദശാബ്ദങ്ങളായി അവിടെ തുടർന്നുപോരുന്നത്. മോദിയുടെ കാലത്തുപോലും ബംഗാളിലേക്ക് നിയന്ത്രണമില്ലാതെ ഈ ബന്ധുക്കൾ വന്നും പോയുമിരുന്നു. തൊഴിൽ തേടിവന്ന ചിലർ ബംഗാളിൽ തന്നെ തമ്പടിച്ചു. ദുർഗ്ഗാപൂജയും സരസ്വതീപൂജയും ബംഗാൾ ഹിന്ദുവിൻ്റെ വൈകാരികതയുടെ ഒരു ഭാഗമാണു. അതുകൊണ്ടാണു ഇതിനിടയിലുണ്ടായ ചെറിയ പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരാൻ സംഘപരിവാർ ശ്രമിച്ചത്. ഒരു സംഘപരിവാർ കാരൻ്റെ വാക്കുകൾ തന്നെ ശ്രദ്ധിക്കാം.

Read Also  ഹമീദ് അൻസാരിക്കെതിരെ ആരോപണം ഉന്നയിച്ച റോ മുൻ ഉദ്യോഗസ്ഥൻ സംഘപരിവാർ പ്രചാരകൻ

” മുസ്ലിങ്ങളെ ഇങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ ബംഗ്ലാദേശിൽനിന്നും കടത്തിക്കൊണ്ടുവരികയാണു മമത. ഇതു നേരത്തെ ഇടതുസർക്കാർ തുടങ്ങിവെച്ചതാണു. മുസ്ലിം ജനസംഖ്യ വർദ്ധിക്കുന്നതിൽ ആശങ്കയുണ്ട്. ”

” ദുർഗ്ഗാപൂജയുടെയും സരസ്വതീ പൂജയുടെയും ഘോഷയാത്ര കടന്നുപോകുന്നിടത്തെല്ലാം ഇപ്പോൾ അഭയാർഥികളായ മുസ്ലിങ്ങൾ തമ്പടിച്ചിരിക്കുകയാണു. ഇത് വലിയ പ്രശ്നം തന്നെയാണു. ഹിന്ദുസമൂഹം രോഷാകുലരാണു. ” അയാൾ പറഞ്ഞു നിർത്തുന്നു.

ഈ വാക്കുകളിൽ ഒളിഞ്ഞുകിടക്കുന്ന മതവൈരമാണ് ഇനി ബംഗാളിലെ സംഘപരിവാർ വളർത്തിക്കൊണ്ടുവരുന്നത്. അതു മൂർധന്യതയിലെത്തിക്കുന്നതിനുള്ള ഉപദേശങ്ങളാണു മതവൈരം വളർത്തുന്നതിൽ പ്രാഗത്ഭ്യം നേടിയിട്ടുള്ള അമിത് ഷാ നൽകുന്നതെന്നാണു തൃണമൂലിൻ്റെയും കോൺഗ്രസ്സിൻ്റെയും ആക്ഷേപം. അഭയാർഥി രാഷ്ട്രീയത്തിൽ ഹിന്ദുവിഭാഗത്തിൽ അസംതൃപ്തി വളർത്തി വർഗ്ഗീയവിഷം കുത്തിവെച്ചുള്ള ഈ രാഷ്ട്രീയത്തിനു ഭാവിയുണ്ടോ എന്ന് കണ്ടറിയണം. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുമോയെന്ന ആശങ്ക മുസ്ലിങ്ങൾക്കിടയിൽ വർദ്ധിക്കുന്നുണ്ട്. കാരണം മുസ്ലിങ്ങളെ ഏകോപിപ്പിക്കാൻ കാര്യമായി പ്രവർത്തിക്കുന്ന ഒരു രാഷ്ട്രീയസംഘടന ബംഗാളിലില്ല. പക്ഷെ ഇതിനിടയിൽ രംഗപ്രവേശം ചെയ്ത അസദുദ്ദീൻ ഉവൈസിയുടെ പാർട്ടിയായ ഓൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ്റെ സ്വാധീനം നിർണായകഘടകമാണു. മുസ്ലിം യുവാക്കൾക്കിടയിൽ   ഉവൈസി തീവ്രനിലപാടുകളല്ല സ്വീകരിക്കുന്നത് എന്നതുകൊണ്ട് വോട്ട് ഭിന്നിക്കുമെന്ന ആശങ്കയാണു ടി എം സിയെ പ്രതിസന്ധിയിലാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here