Thursday, January 20

മതസൗഹാര്‍ദത്തിന്റെ വ്യത്യസ്ത മുഖം: ഖുറാന്‍ ശേഖരവുമായി ഹിന്ദു കുടുംബം

പുരാതന ഇസ്ലാമിക് ഹസ്തലിഖിതങ്ങളുടെ അപൂര്‍വ ശേഖരവുമായി ഒരു ഹിന്ദു കുടുംബം കാശ്മീരില്‍ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. അപൂര്‍വമായ ഖുറാന്‍ ഹസ്തലിഖിതങ്ങള്‍, മനോഹരമായ കാലിഗ്രാഫികള്‍, കലാസൃഷ്ടികള്‍ എന്നിവയടങ്ങുന്ന പ്രദര്‍ശനം ആയിരങ്ങളെയാണ് സംഘര്‍ഷഭൂമിയില്‍ ആകര്‍ഷിക്കുന്നത്. അവസാനത്തെ ദോഗ്ര ഭരണാധികാരിയായിരുന്ന മഹാരാജ ഹരിസിംഗിന്റെ ദര്‍ബാറില്‍ അംഗമായിരുന്ന ലാല റേഖി റാം അബ്രാളാണ് ഈ അമൂല്യ വസ്തുക്കള്‍ ശേഖരിച്ച് സൂക്ഷിച്ചത്. അദ്ദേഹത്തിന്റെ ചെറുമകന്‍ സുരേഷ് അബ്രോളാണ് ഈ ശേഖരം ഇപ്പോള്‍ സംരക്ഷിക്കുന്നതെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഈ അപൂര്‍വ ശേഖരത്തിന്റെ പ്രദര്‍ശനം ജമ്മുകാശ്മീര്‍ കലാ, സാംസ്‌കാരിക, ഭാഷ അക്കാദമിയാണ് സംഘടിപ്പിച്ചത്. സംസ്ഥാന ടൂറിസം വകുപ്പിന്റെയും ഇന്ത്യന്‍ നാഷണല്‍ ട്രസ്റ്റ് ഫോര്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഹെരിറ്റേജിന്റെയും സഹായത്തോടെയാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. പാരമ്പര്യ സ്വത്ത് എന്ന നിലയിലാണ് തന്റെ പിതാവ് ഈ ശേഖരം സംരക്ഷിച്ചിരുന്നതെന്നും താന്‍ ആ പാരമ്പര്യം കാത്തുസൂക്ഷിക്കുകയാണ് ചെയ്യുന്നതെന്നും സുരേഷ് അബ്രോള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഖുറാന്റെ അപൂര്‍വമായ നൂറിലേറെ കയ്യെഴുത്ത് പ്രതികള്‍ പ്രദര്‍ശനത്തിലുണ്ട്. ഇവയില്‍ ക്രിസ്തുവര്‍ഷം 1238ല്‍ ഫത്തേഹുള്ള കാശ്മീരി രചിച്ച നുഷ്‌ക ഫത്തേഹുള്ള കാശ്മീരിയും ഉള്‍പ്പെടുന്നു. കാശ്മീരി കാലിഗ്രാഫിയില്‍ രചിച്ചിട്ടുള്ള ഏറ്റവും പഴക്കമേറിയ ഖുറാനാണ് നുഷ്‌ക ഫത്തേഹുള്ള കാശ്മീരി. കാവി മഷിയില്‍ എഴുതപ്പെട്ട ഒരേയൊരു വിശുദ്ധഗ്രന്ഥം എന്ന് വിശ്വസിക്കപ്പെടുന്ന ക്രിസ്തുവര്‍ഷം 1594ല്‍ രചിക്കപ്പെട്ട ഖുറാനും കാണികളെ ആകര്‍ഷിക്കുന്നുണ്ട്. 250 ഖുറാന്‍ കൈയെഴുത്ത് പ്രതികള്‍ തന്റെ കുടുംബത്തിന്റെ പക്കലുണ്ടെന്ന് സുരേഷ് പറഞ്ഞു. ഇവയില്‍ 130 എണ്ണവും ആടിന്റെ അല്ലെങ്കില്‍ ഒട്ടകത്തിന്റെ തോലില്‍ നിന്നും ഉണ്ടാക്കുന്ന കടലാസായ വെല്ലത്തിലാണ് രചിച്ചിരിക്കുന്നത്.
അബ്രോളും രണ്ട് സഹോദരന്മാരും ചേര്‍ന്ന് തങ്ങളുടെ വീട് ഒരു മ്യൂസിയം ആക്കിയിരിക്കുകയാണ്. ശേഖരം സംരക്ഷിക്കുന്നതിന് സംസ്ഥാന സാംസ്‌കാരിക വകുപ്പിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നു. സംരക്ഷണത്തിന്റെ ചിലവുകള്‍ കുടംബമാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഈ ശേഖരം കുടുംബത്തിന്റെ പുറത്ത് പ്രദര്‍ശിപ്പിക്കുന്നത്.

Spread the love
Read Also  താന്ത്രിക്, ബാത്തിക്ക് ഗ്രാഫിക് ; ജയപാലപ്പണിക്കരെ തങ്കച്ചൻ അനുസ്മരിക്കുന്നു

Leave a Reply