Friday, May 27

മറ്റൊരു ഗദാമ: ഒമാനില്‍ ക്രൂരപീഢനത്തിന് ഇരയായ ഷീജയുടെ കഥ

ഗള്‍ഫ് നാടുകളില്‍ മലയാളി ഗാര്‍ഹീക തൊഴിലാളികള്‍ അനുഭവിക്കുന്ന നരകയാതനകള്‍ക്ക് മറ്റൊരു ഉദാഹരണമായി ചിറയന്‍കീഴില്‍ നിന്നുള്ള ഷീജ ദാസ്. മസ്‌കറ്റില്‍ തൊഴിലുടമയുടെയും കുടുംബത്തിന്റെയും ക്രൂരപിഢനങ്ങള്‍ക്ക് ഇരയായി വീടിന്റെ രണ്ടാം നിലയില്‍ നിന്നും ചാടേണ്ടി വന്ന ഷീജ ഇപ്പോള്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീട്ടില്‍ വിശ്രമിക്കുകയാണ്. എന്നാല്‍ ഗുരുതരമായി പരിക്കേറ്റിട്ടും നഷ്ടപരിഹാരം ഒന്നും നല്‍കാന്‍ പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ തൊഴിലുടമ തയ്യാറായില്ലെന്ന് സ്‌ക്രോള്‍.ഇന്നില്‍ ടിഎ അമീറുദ്ദീന്‍ എഴുതുന്നു.
ഒമാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ നടന്ന രണ്ട് ശസ്ത്രക്രിയകള്‍ക്ക് ശേഷവും ഷീജയുടെ ആരോഗ്യനിലയില്‍ പുരോഗതി കാണാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ മേയ് 26ന് അവരെ നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ഇതേ തൊഴിലുടമയുടെ വീട്ടില്‍ ഇലക്ട്രീഷ്യനായി ജോലി നോക്കിയിരുന്ന ഭര്‍ത്താവ് ബിജുമോനാണ് കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കാന്‍ സാധിക്കാത്ത ഷീജയെ ശിശ്രൂഷിക്കുന്നത്. ബിജു 2013ല്‍ മുതല്‍ ഇതേ തൊഴിലുടമയുടെ കീഴിലാണ് ജോലി ചെയ്യുന്നത്. ഈ ധൈര്യത്തിലാണ് 2016 സെപ്തംബറില്‍ ഇതേ തൊഴിലുടമയുടെ വീട്ടില്‍ ജോലിക്കായി ഷീജ പോകുന്നത്.
എന്നാല്‍ ഷീജ ക്രൂരമായ പീഢനങ്ങള്‍ക്കാണ് ഇരയായത്. മാസം 50 ഒമാനി റിയാലാണ് (ഏകദേശം 8,750 രൂപ) ഷീജയ്ക്ക് വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം. എന്നാല്‍ എല്ലാ മാസവും ആദ്യം ഈ തുക തൊഴിലുടമ ഷീജയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുകയും അന്ന് തന്നെ പിന്‍വലിക്കുകയും ചെയ്യുമായിരുന്നു. തൊഴിലാളികള്‍ക്ക് ശമ്പളം അവരുടെ ബാങ്ക് അക്കൗണ്ടുകളിലൂടെ നല്‍കണമെന്ന ഒമാനി തൊഴില്‍ നിയമം അനുസരിക്കുന്നതിനായിരുന്ന അയാള്‍ ഇങ്ങനെ ചെയ്തിരുന്നത്. ഒരു വര്‍ഷത്തിന് ശേഷം ഷീജയുടെ മുഴുവന്‍ ശമ്പളവും ഒന്നിച്ച് നല്‍കാം എന്ന് തൊഴിലുടമ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും നാളിതുവരെ അത് പാലിക്കപ്പെട്ടില്ലെന്ന് ബിജുമോന്‍ പറയുന്നു.
വീട്ടിലെ സ്ത്രീകള്‍ ഷീജയെ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നു എന്നും ബിജുമോന്‍ പറയുന്നു. കഴിഞ്ഞ മേയ് നാലിന് അവര്‍ ഷീജയെ ഓടിച്ചിട്ട് തല്ലി. അവരില്‍ നിന്നും രക്ഷപ്പെടാന്‍ രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ഷീജയെ അവര്‍ പിന്തുടര്‍ന്നു. മറ്റ് മാര്‍ഗ്ഗങ്ങള്‍ ഇല്ലാതെ ഷീജ രണ്ടാം നിലയില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുമ്പോഴും ഷീജയെ രഹസ്യമായി നാട്ടിലേക്ക് കയറ്റിവിടാനാണ് തൊഴിലുടമ ശ്രമിച്ചത്. എന്നാല്‍ ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഇടപെട്ടതിനെ തുടര്‍ന്ന് ആ നീക്കം നടന്നില്ലെന്ന് സംഘടനയുടെ പ്രതിനിധി പിഎം ജാബിര്‍ പറഞ്ഞു. എങ്കിലും ഷീജയ്ക്കും കുടുംബത്തിനും ടിക്കറ്റ് നല്‍കാന്‍ തൊഴിലുടമ തയ്യാറായില്ല. തുടര്‍ന്ന ഇന്ത്യന്‍ എംബസിയാണ് കുടുംബത്തിന് ടിക്കറ്റ് എടുത്ത് നല്‍കിയത്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഇടപെടലിനെ തുടര്‍ന്നായിരുന്നു ഇത്. വിദേശകാര്യ മന്ത്രി ഇടപെട്ട് അര്‍ഹമായ നഷ്ടപരിഹാരം വാങ്ങിത്തരും എന്ന പ്രതീക്ഷയിലാണ് നിരാലംബരായ ഈ കുടുംബം.
വിദേശങ്ങളില്‍ ഗാര്‍ഹീക തൊഴിലെടുക്കുന്ന ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് കര്‍ക്കശമായ നിയമങ്ങള്‍ ആവശ്യമാണെന്ന ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇന്ത്യയില്‍ നിന്നും ഗാര്‍ഹീക തൊഴിലാളികളെ ജോലിക്കെടുക്കുന്നതിന് വിദേശത്തുള്ള തൊഴിലുടമകള്‍ക്ക് ചില നിയന്ത്രണങ്ങള്‍ 2011ല്‍ വിദേശകാര്യ മന്ത്രാലയം നിര്‍ദ്ദേശിച്ചിരുന്നു. ഇത് പ്രകാരം തൊഴിലുടമയുടെ മാസ വരുമാനം 2,600 ഡോളറില്‍ കൂടുതലായിരിക്കണമെന്നും 2,850 ഡോളര്‍ സുരക്ഷ ഡിപ്പോസിറ്റായി ഇന്ത്യന്‍ എംബസിയില്‍ കെട്ടിവെക്കണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടിരുന്നു. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാതിരിക്കുകയോ മറ്റ് നിയമബാധ്യതകള്‍ നിറവേറ്റാതിരിക്കുകയോ ചെയ്യുന്ന പക്ഷം ഈ തുകയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കാനായിരുന്നു തീരുമാനം. ഇന്ത്യന്‍ ഗാര്‍ഹീക തൊഴിലാളികള്‍ക്ക് പ്രതിമാസം 280 ഡോളര്‍ (ഏകദേശം 18,800 രൂപ) അടിസ്ഥാന ശമ്പളമായും നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പെടെ 18 രാജ്യങ്ങള്‍ക്ക് ബാങ്ക് ഗാരന്റിയില്‍ ഇളവ് നല്‍കിയിരുന്നു. രാജ്യത്ത് തൊഴിലില്ലായ്മ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ ഇളവ് അനുവദിച്ചത്. ഇതാണ് ഇപ്പോള്‍ വിദേശങ്ങളില്‍ ഇന്ത്യന്‍ ഗാര്‍ഹീക തൊഴിലാളികള്‍ ചൂഷണത്തിന് ഇരയാവുന്നതിന് കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടുതല്‍ കര്‍ക്കശമായ നിയമനിര്‍മ്മാണം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന ആവശ്യവും ശക്തമാണ്. 2015 ഒക്ടോബര്‍ എട്ടിന് തമിഴ്‌നാട്ടുകാരിയായ ഗാര്‍ഹീക തൊഴിലാളി കസ്തൂരി മുനിരത്‌നത്തിന്റെ കൈ സൗദി തൊഴിലുടമ വെട്ടിയെടുത്തത് ഏറെ വിവാദങ്ങള്‍ക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിനും വഴിവെച്ചിരുന്നു.

Spread the love
Read Also  എന്‍.ആര്‍.ഐ ഇന്‍വെസ്റ്റ്മെന്റ് കമ്പനി രൂപീകരിക്കും

Leave a Reply