Saturday, January 29

മഴക്കെടുതി തുടരുന്നു ഇടുക്കി ഡാം ജലനിരപ്പ് 2399 അടിയിലേക്ക് ഡാം തുറക്കുന്നു

കേരളത്തില്‍ കാലവര്‍ഷം മുമ്പൊന്നുമില്ലാത്ത വിധം കെടുതികളുമായി തുടരുകയാണ്. ഇടുക്കി ഡാം ജലനിരപ്പ് 2399 അടിയിലേക്ക് ഉയരുകയാണ്. ഇടുക്കി ഡാമിന്‍റെ ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചതായി വൈദ്യുതിമന്ത്രി എം.എം. മണി അറിയിച്ചു. ഇനി കാത്തിരിക്കേണ്ടെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിലാണ് ധാരണയുണ്ടായത്.

പന്ത്രണ്ട് മണിക്ക് ട്രയല്‍ റണ്‍ തുടങ്ങും. അതിനു വേണ്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി കെ.എസ്.ഇ.ബി. അറിയിച്ചു. അഞ്ച് ഷട്ടറുകളില്‍ നടുവിലത്തേത് ആയിരിക്കും തുറക്കുക. 50 സെന്‍റിമീറ്ററാവും ഉയര്‍ത്തുക. സെക്കന്‍റില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്കൊഴുകും.

കേരളത്തില്‍ നിര്‍ത്താതെ തുടരുന്ന കനത്ത മഴയില്‍ പലയിടത്തും ഉരുള്‍ പൊട്ടി. മഴക്കെടുതിയില്‍ ഇതുവരെ 17 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഇടുക്കിയില്‍ 11 പേര്‍ മരിച്ചു. അടിമാലിയില്‍ മണ്ണിടിച്ചിലില്‍ 5 പേരും പെരിയാര്‍വാലിയില്‍ ദമ്പതികളും മരിച്ചു. നിലമ്പൂരില്‍ മലവെള്ളപ്പാച്ചിലില്‍ 5 പേര്‍ ഒലിച്ചു പോയി. മഴ ശമിക്കാതെ തുടരുകയാണ്. വയനാട്ടിലേക്കുള്ള ചുരങ്ങള്‍ ഇടിഞ്ഞതിനാല്‍ വയനാട് ഏകദേശം ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാല്‍ചുരം വഴി മാത്രമാണ് ഇപ്പോള്‍ വയനാട്ടിലേക്ക് കടക്കാനാവുക. വെള്ളപ്പൊക്കത്തില്‍ വയനാട് ഏറെ ദുരിതമനുഭവിക്കുകയാണ്. വയനാട്ടിലേക്ക് രക്ഷാസേനയെ അയയ്ക്കാന്‍ തീരുമാനമായിട്ടുണ്ട്. മഴക്കെടുതി അനുഭവിക്കുന്ന ഒറ്റപ്പെട്ട മേഖലകളില്‍ ഹെലികോപ്റ്ററില്‍ രക്ഷ ഏര്‍പ്പെടുത്തും.

Spread the love