Saturday, January 29

‘മഹത്തായ ചോദ്യം, ഓരോ ഇന്ത്യക്കാരനും ചോദിക്കുന്നത്.’ ‘ജോലി എവിടെ?’ എന്ന കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരിയുടെ ചോദ്യത്തിന് രാഹുല്‍ ഗാന്ധി വക ആക്ഷേപം

രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറയുന്നുവെന്ന സൂചനയോടെ കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി നടത്തിയ പ്രസ്താവനയെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ കളിയാക്കി. നിതിന്‍ ഗാഡ്കരിയുടെ പ്രസ്താവന രാജ്യത്ത് തൊഴിലവസരങ്ങള്‍ കുറഞ്ഞുവെന്ന കേന്ദ്രഗവണ്മെന്‍റിന്‍റെ അംഗീകരിക്കലാണെന്ന് രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

‘ജോലി എവിടെ?’ എന്ന കേന്ദ്രമന്ത്രിയുടെ ചോദ്യത്തെ രാഹുല്‍ നിശിതമായി പരിഹസിക്കുന്നു. ‘മഹത്തായ ചോദ്യം ഗാഡ്കരിജി. ഓരോ ഇന്ത്യക്കാരനും ഇതേ ചോദ്യമാണുള്ളത്’ എന്നാണ് രാഹുലിന്‍റെ പരിഹാസം.

സംവരണത്തിനായി മഹാരാഷ്ട്രയില്‍ മറാത്ത സമുദായക്കാര്‍ നടത്തുന്ന സമരത്തിന്‍റെ പശ്ചാത്തലത്തില്‍ ശനിയാഴ്ചയാണ്, റോഡ് ഗതാഗതവും ഹൈവേയും, നദീവികസനവും ഗംഗാശുചീകരണവും ചുമതലകളുള്ള കേന്ദ്രമന്ത്രി നിതിന്‍ ഗാഡ്കരി പ്രസ്താവന നടത്തിയത്. തൊഴിലവസരങ്ങള്‍ കുറയുന്നതിനാല്‍ സംവരണം ജോലിയ്ക്കുള്ള ഉറപ്പല്ലെന്നും, ഇനി സംവരണം നല്കിയെന്നിരിക്കട്ടെ, അതിന് ജോലിയില്ല എന്നുമായിരുന്നു ഗാഡ്കരിയുടെ പ്രസ്താവന. വിവരസാങ്കേതികതമൂലം ബാങ്കുകളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞെന്നതാണ് ഗഡ്കരി ഉയര്‍ത്തിക്കാട്ടിയ ന്യായം. ഗവണ്മെന്‍റ് നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. ജോലി എവിടെയാണുള്ളത്. എന്നായിരുന്നു ഗഡ്കരിയുടെ ചോദ്യം.

മഹാരാഷ്ട്രയില്‍ മറാത്ത സമുദായക്കാരും സമാനമായി പലരും സംവരണം ആവശ്യപ്പെടുന്നതിനെ പറ്റിയുള്ള ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു ഗാഡ്കരി.

പിന്നോക്കാവസ്ഥ രാഷ്ടീയവല്ക്കരിക്കപ്പെടുന്നതാണ് സംവരണാവശ്യത്തിന്‍റെ പ്രശ്നം. എല്ലാവരും പറയുന്നു തങ്ങള്‍ പിന്നോക്കമാണെന്ന്. ബീഹാറിലും ഉത്തര്‍ പ്രദേശിലും ബ്രാഹ്മണര്‍ ശക്തരാണ്. അവരും രാഷ്ട്രീയമുയര്‍ത്തുന്നു. അവര്‍ പറയുന്നത് അവര്‍ പിന്നോക്കക്കാരാണെന്നാണ്. മുതിര്‍ന്ന ബി.ജെ.പി. നേതാവായ ഗാഡ്കരിയുടെ വാക്കുകള്‍ സംവരണത്തിന്‍റെ പിന്നിലെ രാഷ്ട്രീയത്തെ കുറിക്കുന്നതായിരുന്നു.

രണ്ടു തരം രാഷ്ട്രീയചിന്താപദ്ധതികളെ തന്‍െ സംസാരത്തില്‍ ഗഡ്കരി ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒന്ന് പാവങ്ങള്‍ പാവങ്ങളാണെന്നതാണ്. അവര്‍ക്ക് ജാതിയോ മതമോ ഭാഷയോ ഇല്ല. മുസ്ലീമോ, ഹിന്ദുവോ ഏതു മതവുമാകട്ടെ, അല്ലെങ്കില്‍ മറാത്ത പോലുള്ള സമുദായങ്ങളാകട്ടെ, എല്ലാത്തിലും ഒരു വിഭാഗത്തിന് ധരിക്കാന്‍ വസ്ത്രങ്ങളോ കഴിക്കാന്‍ ഭക്ഷണമോ ഇല്ല.

നാം എല്ലാ സമുദായത്തിലെയും പാവങ്ങളില്‍ പാവങ്ങളെ പരിഗണിക്കമെന്നാണ് മറ്റൊരു ചിന്താരീതി. ഇത് സാമൂഹിക – സാമ്പത്തികചിന്തയാണ്. അത് രാഷ്ട്രീയവല്കരിക്കരുത് എന്നായിരുന്നു ഗാഡ്കരിയുടെ വാദം. അതിനാല്‍ ഉത്തരവാദപ്പെട്ട രാഷ്ട്രീയപ്പാര്‍ട്ടികള്‍ സംവരണപ്രശ്നത്തെ ആളിക്കത്തിക്കരുതെന്നും ഗാഡ്കരി അഭിപ്രായപ്പെട്ടിരുന്നു.

Spread the love