Thursday, January 20

യാര്‍ നീ?

‘പൃഥ്വിയിലന്ന് മനുഷ്യര്‍ നടന്ന

പഥങ്ങളിലിപ്പോഴധോമുഖ വാമനര്‍’

– വൈലോപ്പിള്ളി

അതേ, പണ്ട് പണ്ട്, മോട്ടോര്‍ കാറുകള്‍ക്കും ബൈക്കുകള്‍ക്കും സൈക്കിളികള്‍ക്കും ആന കുതിര തേരുകള്‍ക്കും മുമ്പ് എല്ലായിടവും എല്ലാവര്‍ക്കും വഴികളായിരുന്നു. പില്‍ക്കാലത്താണ് പൊതുവായ വഴികള്‍ രൂപം കൊണ്ടത്. അപ്പോഴും അത് എല്ലാവര്‍ക്കുമുള്ളതായിരുന്നു. കാലക്രമേണ അധീശത്വങ്ങള്‍ മനുഷ്യസ്വഭാവത്തെ രൂപപ്പെടുത്തിയപ്പോള്‍ പൊതുവഴികളില്‍ നിന്നും പലരും അരികുകളിലേക്ക് മാറ്റം ചെയ്യപ്പെട്ടു. അത്തരക്കാരോട് അധീശശക്തികള്‍ വിളിച്ചുപറഞ്ഞു: ‘ഓരം പോ’.

കാലം മാറി; കാല വന്നു. പക്ഷെ, തമിഴ് ജനതയെ അധീശപ്പെടുത്താനുള്ള രാഷ്ട്രീയ ശ്രമം ആരംഭിച്ച സ്റ്റൈല്‍ മന്നനോട് ചിന്ന പയല്‍ ചോദിച്ചു: ‘യാര്‍ നീ’.

അധീശത്വം ചോദ്യം ചെയ്യപ്പെടുകയോ, ഭീഷണികള്‍ നേരിടേണ്ടി വരികയോ, ഇല്ലായ്മ ചെയ്യപ്പെടുകയോ സംഭവിക്കുന്നത് ചരിത്രസന്ധികളില്‍ പല തരത്തില്‍ നാം കണ്ടുകഴിഞ്ഞതാണ്. അതിന്റെ തമിഴ് പ്രത്യക്ഷ ചിത്രമാണ് രജനീകാന്തിനോടുള്ള ചോദ്യം.

സന്ദര്‍ഭത്തെ കൂടി നമുക്കൊന്നു കൂട്ടിച്ചേര്‍ത്തു നോക്കാം. തൂത്തുക്കുടിയില്‍ കോര്‍പ്പറേറ്റ് സഹായത്തിനായി ഭരണകൂടം സാധാരണ ജനതയ്ക്ക് നേരെ നിറയൊഴിച്ചപ്പോള്‍ പിടഞ്ഞുവീണത് ഔദ്ധ്യോഗിക കണക്കുകളില്‍ ഇരുപതില്‍ താഴെ മനുഷ്യരാവുമ്പോഴും അനൗദ്ധ്യോഗികമായി നൂറിലേറെയാണ്. സംഭവത്തില്‍ പരിക്കേറ്റവരെ കാണാന്‍ ചെന്നപ്പോഴാണ് തമിഴ് രാഷ്ട്രീയത്തില്‍ നേതൃത്വത്തിലേക്കെത്താന്‍ കുതിക്കുന്ന രജനികാന്തിനോട് ഒരു ചെറുപ്പക്കാരന്‍ ‘യാര്‍ നീ’ എന്ന് ചോദിച്ചത്.

രാഷ്ട്രീയ പ്രഖ്യാപനം നടത്തുമ്പോഴും ദ്രാവിഡ സ്വത്വം വിട്ടുള്ള രജനിയുടെ ഹിന്ദുത്വ അനുകൂല നിലപാടുകള്‍ തീര്‍ച്ചയായും ഇതിന്റെ അന്തര്‍ധാരയാണ്. താരപദവികൊണ്ട് മുഖ്യമന്ത്രി പദത്തിലെത്താനുള്ള രജനിയുടെ എംജിആര്‍ തന്ത്രത്തിനാണ് മുഖമടച്ച് അടിയേറ്റത്.

ഭരണവിരുദ്ധ വികാരം എല്ലാ കാലത്തും കേരള ജനതയുടെ അടിസ്ഥാന സ്വഭാവമാണ്. ഭരണത്തിലെത്തിയാല്‍ നേതാക്കള്‍ക്കും കക്ഷി രാഷ്ട്രീയക്കാര്‍ക്കും വന്നു ഭവിക്കുന്ന പ്രത്യയശാസ്ത്രപരമായ മൂല്യശോഷണമാണ് കേരള ജനതയില്‍ ഭരണവിരുദ്ധ വികാരം ഉല്‍പാദിപ്പിക്കുന്നത്. ഗാന്ധിമാര്‍ഗ്ഗത്തിന്റെയും കമ്മ്യൂണിസത്തിന്റെയും അടിസ്ഥാന ആദര്‍ശങ്ങള്‍ നന്നായി മനസിലാക്കിയവരാണ് കേരള ജനത. എവിടെയെങ്കിലും അതിന് വ്യതിയാനം വന്നാല്‍ അത് പ്രത്യക്ഷത്തില്‍ പ്രകടമാവുകയും ചെയ്യും. ഭരണാധികാരികളെ കൊല ചെയ്യുക എന്നത് ഉന്മൂലന സിദ്ധാന്തത്തിന്റെ ഒരുതരം മഹനീയ കര്‍മ്മമാണ്. അത്തരം ഒരു വധഭീഷണി കേരള മുഖ്യമന്ത്രി പിണറായി വിജയനും അടുത്തകാലത്ത് നേരിടേണ്ടി വന്നു. അങ്ങ് അറേബ്യയിലിരുന്ന് ഒരു മലയാളി

മദ്യലഹരിയാലോ മാനസിക ദൗര്‍ബല്യത്താലോ പ്രഖ്യാപിച്ച ഒന്നായി കരുതുമ്പോഴും അധികാര രാഷ്ട്രീയത്തിനെതിരായ മാനസിക പ്രകോപനങ്ങളെ ബുദ്ധിയുള്ളവര്‍ പലരും അടക്കി വെച്ചിരിക്കുന്നു എന്ന് വേണം കരുതാന്‍.

അതുക്കും മേലെ, ഈ അടുത്തകാലത്ത് നാം കേട്ട ഏറ്റവും വലിയ ഭരണകൂട തമാശയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ മാവോയിസ്റ്റുകള്‍ പദ്ധതി തയ്യാറാക്കിയെന്നത്. ഭരണത്തിലെത്തിയ ശേഷം, ഇസ്ലാമിക വിരുദ്ധത ഇന്ത്യയെ പോലെ ഒരു മതേതര രാജ്യത്തിന് ഉണ്ടാക്കാവുന്ന വിപത്തുകള്‍ ചില്ലറയായിരിക്കില്ല എന്ന് മനസിലാക്കിയ മോദിയും അനുയായികളും ദളിതരെ അരികുകളിലേക്ക് വെട്ടിത്തള്ളുകയായിരുന്നു. പുത്തന്‍ സാമ്പത്തിക നയങ്ങളും അധഃസ്ഥിത വിരോധവും മുഖമുദ്രയാക്കിയ മോദിക്ക് ഇനി രക്ഷ ഒന്നേയുള്ളു. എന്നെ ആരോ കൊല്ലാന്‍ വരുന്നുവെന്ന ഭരണകൂട പേടി സ്വപ്‌നം കൊല ചെയ്യപ്പെടാതിരിക്കാന്‍ നിങ്ങള്‍ എനിക്ക് രക്ഷാവലയം തരണമെന്ന ജനതയോടുള്ള അപേക്ഷയ്ക്ക് കിട്ടാവുന്ന സ്വീകാര്യത പ്രധാനം തന്നെയാണ്.

Read Also  പിന്നാക്കക്കാരനായിരുന്നെങ്കിൽ ആർഎസ്എസ് മോദിയെ പ്രധാനമന്ത്രിയാക്കുമായിരുന്നില്ലെന്ന് മായാവതി

ഇതില്‍ നിന്നെല്ലാം ചിന്തിച്ചെടുക്കാന്‍ കഴിയുന്നത് നമ്മുടേത് ഒരു തോറ്റ ജനതയല്ല എന്ന് തന്നെയാണ്. കാലാകാലങ്ങളായി നമ്മെ തോല്‍പ്പിച്ചുകൊണ്ടിരിക്കുന്ന നൈതീകയറ്റ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇത്തരം ഭീഷണികള്‍ വേണമെന്നില്ല; വാതിലില്‍ ഒരു മുട്ടുകേട്ടാല്‍ പോലും ‘ഗ്രേറ്റ് ഡിക്ടേറ്റര്‍’ എന്ന ചിത്രത്തിലെ ചാര്‍ളി ചാപ്ലിന്റെ ഹിറ്റലറെ പോലെ ഭയക്കേണ്ടി വരും. ജനത ഒന്നാകെ എതിര്‍ത്തില്ലെങ്കിലും ഒറ്റപ്പെട്ട എതിര്‍പ്പുകള്‍ പോലുമില്ലാതെ ജനക്ഷേമകരമായ ഭരണം നിര്‍വഹിക്കാന്‍ കഴിയാത്ത അഹമ്മദിയുടെ ദുര്‍മുഖമുള്ള ഭരണകര്‍ത്താക്കള്‍ എക്കാലവും പേടിക്കുക തന്നെ വേണ്ടിവരും. അല്ലെങ്കില്‍ , ദയവായി വെളിച്ചം മറയ്ക്കാതെ മുന്നില്‍ നിന്നും മാറി നില്‍ക്കൂവെന്ന് ചക്രവര്‍ത്തിയോട് പറഞ്ഞ തെരുവുവാസിയായ ഡയോജനിസിന്റെ ജനതയെ നിങ്ങള്‍ക്കും നേരിടേണ്ടി വരും. അവരാണ് എല്ലാക്കാലത്തും എവിടെയും നന്മകള്‍ തന്‍ സൗവര്‍ണ പ്രതിപക്ഷം.

Spread the love

Leave a Reply