വികെ അജിത് കുമാര്‍:
കഴിഞ്ഞ മാസം ആദ്യം വൃന്ദാവനില്‍ നടന്ന രണ്ടു ദിസത്തെ ചിന്തന്‍ ബൈട്ട്ക്കിനു ശേഷം യോഗി ആദിത്യനാഥിന്റെ യുപിയില്‍ ആര്‍എസ്എസ് നല്കിയ കര്ശനനിര്ദേശങ്ങളില് ഒന്നായിരുന്നു സാമാജിക് സമരസ്ത ഏവം സദ്ഭവയാത്ര (social equality and harmony yatra). വളരെ ലഘുവായി പറഞ്ഞാല്‍ ബിജെപിയുടെ എല്ലാ ജനപ്രതിനിധികളും ദളിത്ഭവനങ്ങളും കോളനികളും സന്ദര്‍ശിക്കണം എന്ന ഉദ്ദേശത്തിലാണ് യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്. കുറച്ചുകൂടി ആഴത്തിലുള്ള നിര്‍ദ്ദേശം അവര്‍ക്കു കൊടുത്തിട്ടുണ്ട്. ദളിത് ബിംബമായ അംബേദ്ക്കര്‍, ബുദ്ധന് മുതലായവരുടെ പ്രതിമകളെ ആദരിച്ചു കൊണ്ടോവണം ഓരോ പ്രതിനിധിയും യാത്ര നടത്തുവാന്‍ .ഇന്ത്യ ഉടനീളം കഴിഞ്ഞനാലു വര്‍ഷങ്ങള്‍ കൊണ്ട് ദളിതര്‍ക്കെതിരെ അക്രമാസക്തമായി അഴിഞ്ഞാടിക്കൊണ്ടിരിക്കുന്ന സംഘപരിവാര്‍ തീവ്രതയുണ്ടാക്കാവുന്ന ആഘാതം നേതൃത്വസ്ഥാനത്തുള്ളവര്‍ മനസിലാക്കി തുടങ്ങിയെന്ന തെളിവായും, അതിനുപരി അടുത്തവര്‍ഷം നടക്കുന്ന ലോകസഭാ തെരെഞ്ഞെടുപ്പില്‍ ദളിത് വോട്ടുബാങ്കുകള്‍ ഉറപ്പിക്കുക എന്ന വ്യക്തമായ ഉദ്ദേശവും ഇതില്‍ കാണാം. പതിനായിരത്തോളമാളുകള്‍ അപ്രത്യക്ഷമാകുകയോ ഇല്ലാതെയാകുകയോ ചെയ്ത മുസാഫിര്‍നഗര്‍ പൊതുവെ മുസ്ലിം അധീശ്വതമുള്ള ബറേലി, അലിഗഡ്, മൊറാദാബാദ് എന്നിവിടങ്ങളില്‍നിന്നുള്ള സന്യാസികളാണ് തിരുമാനത്തില്‍ പങ്കെടുത്തത്. അവര്‍ ഒരു നിര്‍ദ്ദേശം കൂടികൊടുത്തു. അത് പന്തിഭോജനമായിരുന്നു. ഇപ്പോഴും ചില നാവുകള്‍ക്കു വിപ്ലവാത്മകം എന്ന് സുചിപ്പിക്കാന്‍ മടിയില്ലാത്ത ഒരു സമരമാര്‍ഗ്ഗമാണ് പന്തിഭോജനം. സ്വതന്ത്ര ഇന്ത്യയില്‍ ജാതിയെന്നത് ഒരിക്കലും മായ്ക്കാന്‍ കഴിയാത്ത ചില പ്രത്യേകതകള്‍ കൊണ്ട് എഴുതപ്പെട്ടതുതന്നെയാണെന്ന് മനസിലാക്കി തരുന്ന ഒന്നാണത്.

സ്വാതന്ത്ര്യസമരകാലത്ത് ഗാന്ധിയന്‍ ആദര്‍ശങ്ങളുടെ പിന്തുണയോടെ അരങ്ങേറിയ ഒരു സമരമാര്‍ഗ്ഗം എന്ന പ്രസക്തി അന്ന് പന്തിഭോജനം പോലുള്ള പരിപാടികള്ക്കുണ്ടായിരുന്നുവെന്ന സത്യം മറച്ചുവയ്ക്കുന്നില്ല. അതിനുശേഷവും അതിനുമുമ്പും സാമുഹികമായ അടിമത്വവും പ്രമാണിത്വവും അങ്ങനെതന്നെ തുടര്‍ന്നുവെന്നതും യാഥാര്‍ത്ഥ്യമാണ്. .ചിലര്‍ക്ക് ചരിത്രത്തിന്റെ ഭാഗമാകാനും വളരെ ഉദാരമനസ്കരാണെന്ന് തെളിയിക്കാനും അവര്‍ വലിയ സോഷ്യലിസ്റ്റുകള്‍ ആണെന്ന് പിന്തലമുറയെ മനസിലാക്കികൊടുക്കാനും ഇത്തരം സംരഭങ്ങള്‍ക്കു കഴിഞ്ഞുവന്നതും പറയാതെ പറയുന്ന ചരിത്രമാണ്. അല്ലെങ്കില്‍ കേളപ്പനു താഴെ ജാതികൊണ്ട് ദളിതനായ എത്രപേരുടെ നാമങ്ങള്‍ ഇത്തരം സമരത്തിന്റെ ഭാഗമായി എഴുതിചേര്ക്കപ്പെട്ടുവെന്നത് നോക്കിയാല്‍ മതിയാകും. ഉന്നതകുലജാതരുടെ ഒപ്പം ഭക്ഷണംകഴിച്ച ദളിത് അസ്തിത്വങ്ങളില്‍ ഒന്നിന്റെ പേരെങ്കിലും ശ്രദ്ധേയമാകാഞ്ഞത് എന്തുകൊണ്ട്? ഇതെല്ലം സൂചിപ്പിക്കുന്നത് ഈ സമരപരിപാടിയുടെ അര്‍ത്ഥശൂന്യതയല്ല, മറിച്ചു ഇപ്പോഴുള്ള ദളിത് സ്വാഭിമാനം അന്ന് അത്രമാത്രം ശക്തമല്ലായിരുന്നുവന്നതാണ്. അയ്യന്‍കാളിയെന്ന നേതാവ് ഇപ്രകാരം സ്വാഭിമാനം ഉയര്‍ത്തിപ്പിടിച്ച ആദ്യകാല വ്യക്തിത്വങ്ങളില്‍ ഒന്നായി സ്മരിക്കപ്പെടുന്നതും ഇതിനാലാണ്. പേരില്ലാത്ത മനുഷ്യര്‍ക്ക് വലിയ പേരുള്ള ചില മനുഷ്യര്‍ കാരുണ്യപൂര്‍വം നല്കിയ സമരമെന്ന് മാത്രം പന്തിഭോജനം പോലുള്ള സമരങ്ങളെ പുതുയതലമുറ വായിച്ചാലും തെറ്റില്ല. അങ്ങനെ ചിന്തിക്കുമ്പോള്‍ യുപിയില്‍ ആര്‍എസ്എസ് ചിന്തന്‍ ബൈട്ടക്ക് എടുത്ത തീരുമാനത്തില്‍ കാലഹരണപ്പെട്ട ഒരു പൊതുവേദി മാത്രമാണ് തുറന്നിടുന്നത്.
കാരണം ഇന്ന് ഭക്ഷണത്തിന്റെ രാഷ്ട്രീയം വേറിട്ട ഒന്നുതന്നെയാണ്. വിശപ്പിന്റെയും വേട്ടയാടലിന്റെയും പാചകത്തിന്റെയും ജീവിതക്രമത്തിന്റെയുമൊക്കെ പേരില്‍ എഴുതിചേര്ക്കപെട്ടതാണത്. ഏതു ദേശത്തും അത് അങ്ങനെതന്നെയാണ്. ഭക്ഷണത്തിന്റെ രാഷ്ട്രീയം ജോലിയുടെയും അദ്ധ്വാനത്തിന്റെയും രീതിശാസ്ത്രവുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ഒരാള്‍ പച്ചിലകള്‍ ഭക്ഷിക്കുന്നതും ഇറച്ചിയോ മത്സ്യമോകഴിക്കുന്നതും ഇപ്രകാരം അയാളുടെ ശരീരം ആവശ്യപ്പെടുന്നത് കൊണ്ടാണ്. ഇതെല്ലാം പലയാവര്‍ത്തി ചര്‍ച്ച ചെയ്തിട്ടുള്ളത്തന്നെയാണ്. ബ്രാഹ്മണിക് പിന്തുടര്ച്ച അവകാശപ്പെടുന്ന യുപിയിലെ അല്ലെങ്കില്‍ ഇന്ത്യയിലെ ഏതു നേതാവും അറിയാതെ ഇത്തരം പരിപാടിയില്‍ പങ്കെടുക്കുമ്പോള്‍ ആരുടെ ഭക്ഷണക്രമമാണ് പിന്തുടരുന്നു എന്നതാവണം ആദ്യചര്‍ച്ച. സസ്യാഹാരശീലം ഏതായാലും ദളിതമല്ല. അത് പിന്തുടര്‍ന്നുവരുന്നത് ബ്രാഹ്മണികപാരമ്പര്യമാണ്. അപ്പാള്‍ ആര് ആരുടെ കൂടെ പങ്കെടുക്കുന്നുവെന്ന കാര്യത്തില്‍ ഒരു ചിന്താകുഴപ്പമുണ്ടാകുന്നു. അമ്പലപരിസരങ്ങളില്‍ നടക്കുന്ന പന്തിഭോജനത്തിന് പറയാനുള്ളത് ഇത്തരം വരേണ്യതയുടെ രാഷ്ട്രീയമാണ്. ദളിതനെ അവന്റെ തീറ്റക്രമത്തില്നിന്നും വേര്‍പെടുത്തി മറ്റൊരു ആഹാരം കഴിക്കാനായി ക്ഷണിക്കുന്നു. ഇവിടെ എന്ത് ഡിപ്ലോമസിയാണ് അരങ്ങേറുന്നത്? വീണ്ടും ഒരു വരേണ്യവല്ക്കരണമെന്നോ ഹൈന്ദവവല്ക്കരണമെന്നോ അതിനെ വിളിക്കാം. അധീശത്വം നിലനിറുത്താന്‍ പരസ്യമായി ഉപയോഗിക്കപ്പെടുന്ന ഒരു ഭക്ഷണരീതിയിലേക്കു അടിമത്വം അനുഭവിക്കുന്നവനെ ക്ഷണിക്കുന്നത് പ്രത്യേക തരത്തിലുള്ള ഒരു സാമൂഹികസാംസ്കാരിക രൂപപ്പെടുത്തല്‍ ലക്ഷ്യമിട്ട് തന്നെയാണ്. അവിടെയാണ് എന്തുകൊണ്ട് ഒരു ദളിതന്റെ വീട്ടില്‍ പാചകം ചെയ്യുന്ന തനതുവിഭവങ്ങള്‍ ഭക്ഷിച്ചുകൊണ്ട് ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നില്ല എന്ന ചോദ്യം പ്രസക്തമാവുന്നത്. പ്രത്യേകിച്ചും തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത ഭക്ഷണം കഴിക്കുന്നവരെ കൊന്നുകളയും എന്ന പേശിബലം ഒരു വിഭാഗം പ്രദര്‍ശിപ്പിക്കുന്ന സമകാലീക ഇന്ത്യയില്‍.
പബ്ലിക് സ്പേസും ഹോട്ടലുകളും ഒക്കെ സര്‍വവ്യാപിയായിരിക്കുന്ന ഈ കാലത്താണ് പന്തിഭോജനം പോലുള്ള ഒരു പരിപാടി ആസൂത്രണം ചെയ്യുന്നത് എന്നത് തന്നെ ഇന്ത്യന്‍ ഡമോക്രസിയുടെ അന്തസാരശൂന്യതയെ തുറന്നുകാട്ടുന്നു. ഒരുവിഭാഗം ഇപ്പോഴും കടന്നുപോകുന്നത് അത്രതന്നെ സുഗമമായ വഴികളിലൂടെയല്ലയെന്നു പറയാതെ പറയുന്നു ഇത്തരം പ്രഹസനങ്ങള്‍ നിറഞ്ഞ നമ്മുടെ വോട്ടു ബാങ്ക് രാഷ്ട്രീയം. അടിമബോധത്തെ ചോദ്യം ചെയ്യാനും അവകാശങ്ങള്‍ക്ക് ചോദിച്ച് വാങ്ങാനും പഠിപ്പിച്ച പോസ്റ്റ് അംബേഡ്കര്‍ കാലത്തെങ്കിലും നമ്മുടെ പൊതുരാഷ്ട്രീയക്കാര് തിരിച്ചറിയണം ദളിതന്റെ മുന്പില് ഇത്തരം പ്രകടനപരതയുമായി ഇറങ്ങരുതെന്ന്.