കാവേരി ജല മാനേജ്മെന്റ് ബോര്‍ഡ് രൂപീകരിക്കാനുള്ള സുപ്രീം കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് രജനികാന്ത് കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ച പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ ‘കാല’ കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നത് അനിശ്ചിതത്വത്തിലായി. കാല കര്‍ണാടകത്തില്‍ പ്രദര്‍ശിപ്പിച്ച് കാണാന്‍ സംസ്ഥാന ജനത ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രജനികാന്ത് കന്നട വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തുന്ന പശ്ചാത്തലത്തില്‍ ചിത്രം സംസ്ഥാനത്ത് റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ചില കന്നട സംഘടനകളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് ചിത്രം റിലീസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ രജനികാന്ത് ഫാന്‍സ് അസോസിയേഷന് അംഗങ്ങള്‍ക്ക് വധഭീഷണിയുണ്ടാവുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്ക് ഭീഷണി നേരിടുന്നതായി കാണിച്ചുകൊണ്ട് സംഘടന ഭാരവാഹികള്‍ ബംഗളൂരു പോലീസ് കമ്മീഷണര്‍ക്ക് പരാതി സമര്‍പ്പിച്ചിട്ടുണ്ട്. ജൂണ്‍ ഏഴിന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ കര്‍ണാടകത്തിലെ റിലീസ് സമാധനപരമാക്കുന്നതിന് തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ തലവന്‍ വിശാലും പ്രമുഖ നടന് പ്രകാശ് രാജും രംഗത്തെത്തിയിട്ടുണ്ട്. കര്‍ണാടക ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സ് ഭാരവാഹികളുമായി പ്രകാശ് രാജ് അടുത്തിട ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ കാല സംസ്ഥാനത്ത് നിരോധിക്കണമെന്നാണ് ഫിലിം ചേംബര്‍ പ്രസിഡന്റ് സാ രാ ഗോവിന്ദ ആവശ്യപ്പെടുന്നത്.
എന്നാല്‍ സ്നേഹനിധിയായ ഭര്‍ത്താവിന്റെയും ചടുലനായ അധോലോക നായകന്റെയും ചിത്രമാണ് കാലയെന്ന് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയ്ലറുകള് സൂചിപ്പിക്കുന്നു. 1999ല്‍ പുറത്തിറങ്ങിയ പടയപ്പ മാതൃകയിലുള്ള ചിത്രമാവും കാലയെന്നാണ് അനുമാനിക്കപ്പെടുന്നത്.