Wednesday, January 19

രോഹിങ്ക്യന്‍ അവസ്ഥ: ഐ.സി.സിയും ആംനസ്റ്റി ഇന്‍റര്‍നാഷണലും ഇടപെടുന്നു.

സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയും, പുരുഷന്മാരെ ഒന്നടങ്കം വലിയ കുഴികളിലേക്ക് തള്ളിയിട്ട് പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്യുന്ന പട്ടാളക്കാര്‍. അങ്ങ് മ്യാന്‍മറില്‍ അഭയാര്‍ത്ഥി അവസ്ഥയാണ്.

അന്താരാഷ്ട്ര കുറ്റകൃത്യകോടതി (ഇന്‍റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ട് ICC) മ്യാന്‍മര്‍ അധികാരികള്‍ക്ക് കുറ്റപത്രം നല്കിയിരിക്കുകയാണ്. അടുത്ത കാലത്ത് ദശലക്ഷക്കണക്കിന് രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ മ്യാന്‍മറില്‍ നിന്നും ബംഗ്ലാദേശിലേക്ക് നാടു കടത്തുന്നതിന്‍റെ തെളിവുകള്‍ സഹിതം ബംഗ്ലാദേശ് സന്നദ്ധസംഘടനകളുടെ കൂട്ടായ്മയാണ് ഐ.സി.സിയെ സമീപിച്ചത്.

വെള്ളിയാഴ്ച ഗാര്‍ഡിയന്‍ പത്രം പ്രസിദ്ധീകരിച്ച തെളിവുകള്‍ നല്കുന്ന വിവരങ്ങള്‍ അതിക്രൂരമാണ്. ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് അനുസരിച്ച് കുടുംബാംഗങ്ങളെ വെടിവെച്ച് കൊന്ന ശേഷം മാര്‍വ്വ എന്ന പത്തുവയസ്സുകാരിയെ മറ്റ് പെണ്‍കുട്ടികള്‍ക്കൊപ്പം സമീപത്തുള്ള സ്കൂള്‍ കെട്ടിടത്തില്‍ കൊണ്ടുപോയി തുടര്‍ച്ചയായി കൂട്ടബലാത്സംഗം ചെയ്തു.

കുര്‍ഷിദ എന്ന ഇരുപതുകാരിയെ മരത്തില്‍ കെട്ടിയിട്ട് ദിവസങ്ങളോളം ബലാത്സംഗം ചെയ്യുകയും ബോധം പോയപ്പോള്‍ മരിച്ചെന്നു കരുതി ക്യാമ്പിന് പുറത്ത് കൊണ്ട് കളയുകയും ചെയ്തു.

സകില എന്ന ഇരുപത്തഞ്ചുകാരിയെ ബന്ധുക്കളെയെല്ലാം വീട്ടില്‍ പൂട്ടിയിട്ട് തീവെച്ച് കൊന്ന ശേഷമാണ് ബലാത്സംഗം ചെയ്തത്. നൂര്‍ ജഹാന്‍ എന്ന 31കാരിയെ ഏഴു വയസ്സുള്ള മകളുടെ മുന്നില്‍ വെച്ച് നിരവധി തവണ ക്രൂരമായി ബലാത്സംഗം ചെയ്തു.

സ്ത്രീകള്‍ക്കെതിരായ കടന്നുകയറ്റങ്ങളുടെയും ബലാത്സംഗങ്ങളുടെയും പശ്ചാത്തലത്തിലാണ് സംഘടനകള്‍ ഐ.സി.സിയില്‍ പരാതിപ്പെട്ടത്. അതിന്‍ പ്രകാരം ഐ.സി.സി. ജൂലായ് 27 വരെയാണ് വിചാരണനോട്ടീസിന് മറുപടി നല്കാന്‍ മ്യാന്‍മര്‍ അധികാരികള്‍ക്ക് സമയം അനുവദിച്ചിട്ടുള്ളത്.

കുടുപലോങ് അഭയാര്‍ത്ഥിക്യാമ്പ്

മഴക്കാലം, ഇങ്ങ് കേരളത്തില്‍ നാം മഴയെ സന്തോഷമായും ആനന്ദമായും ഉല്ലാസമായും കര കവിയുന്ന സങ്കടമായുമൊക്കെ ആഘോഷിക്കുകയാണ്. എന്നാല്‍ അങ്ങകലെ ബംഗ്ലാദേശില്‍ രോഹിങ്ക്യന്‍ ജീവിതം മഴയില്‍ തകര്‍ന്നടിയുകയാണ്.

2017 അവസാനം ലോകത്തിലെ ഏറ്റവും വലിയ അഭയാര്‍ത്ഥിക്യാമ്പായി കണക്കാക്കപ്പെട്ട ബംഗ്ലാദേശിലെ കുടുപലോങ് അഭയാര്‍ത്ഥിക്യാമ്പില്‍ ദശലക്ഷക്കണക്കിന് അഭയാര്‍ത്ഥികളാണ് മഴയില്‍ ദുരിതം അനുഭവിക്കുന്നത്.

പ്രകൃതിക്ഷോഭങ്ങള്‍, സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍, അനധികൃത മനുഷ്യക്കടത്ത് മുതലായ ദുരിതങ്ങളില്‍ നിന്നും രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ രക്ഷിക്കാന്‍ ആംനസ്റ്റി ഇന്‍റര്‍നാഷണല്‍ ലോകവ്യാപകമായി സഹായം ആവശ്യപ്പെട്ടിരിക്കുകയാണ്.

Spread the love
Read Also  ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; പന്ത്, യുവരാജ് ഉൾപ്പടെയുള്ള പ്രമുഖർ പുറത്ത്

Leave a Reply