Friday, May 27

ലിംഗനിര്‍ണയ വൈദ്യപരിശോധന എന്ന ക്രൂരത അവസാനിപ്പിക്കണം: അരുന്ധതി

ലിംഗനിര്‍ണയാത്തിനായി വൈദ്യപരിശോധനയ്ക്ക് കോടതികള്‍ ഉത്തരവിടുന്നത് അവസാനിപ്പിക്കണമെന്ന് ട്രാന്‍സ്ജന്‍ഡറായ അരുന്ധതി. ലിംഗനിര്‍ണയത്തിനായി വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും അരുന്ധതി ചൂണ്ടിക്കാട്ടുന്നു. അരുന്ധതിയുടെ അമ്മ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ വാദം കേട്ട കേരള ഹൈക്കോടതിയാണ് അരുന്ധതിയുടെ ലിംഗനിര്‍ണയത്തിനായി മെഡിക്കല്‍ പരിശോധന നടത്താന്‍ ഉത്തരവിട്ടത്. തന്റെ മകനെ ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരിക്കുന്നു എന്നായിരുന്നു അമ്മയുടെ പരാതി. കോടതി ഉത്തരവനുസരിച്ച് കഴിഞ്ഞ ദിവസം ലിംഗപരിശോധനയ്ക്ക് വിധേയമായെങ്കിലും അരുന്ധതിക്ക് അനുകൂലമായാണ് പരിശോധന ഫലം വന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ അരുന്ധതിക്ക് തന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാമെന്ന് കോടതി ഉത്തരവായിരുന്നു.
തന്റെ മകന് മാനസിക അസ്വാസ്ഥ്യം ഉണ്ടെന്ന അമ്മയുടെ പരാതിയെ തുടര്‍ന്ന് അരുന്ധതിയെ മാനസിക പരിശോധനയ്ക്ക് വിധേയയാക്കാനും കോടതി ഉത്തരവിട്ടിരുന്നു. ലിംഗനിര്‍ണയത്തിനായി വൈദ്യപരിശോധന നടത്തുമ്പോള്‍ അപമാനിക്കപ്പെടതായി തോന്നിയെന്ന് അരുന്ധതി പറയുന്നു. തന്റെ ലിംഗം ഏതാണെന്ന് നേരത്തെ തന്നെ താന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാന്‍ ആരും തയ്യാറായില്ല. അവഗണിക്കപ്പെട്ടു എന്ന് തോന്നിയ താന്‍ പരിശോധന നടന്ന ദിവസം മുഴുവന്‍ കരയുകയായിരുന്നുവെന്നും അരുന്ധതി കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ ലിംഗം നിര്‍ണയിക്കാനുള്ള വ്യക്തികളുടെ അധികാരത്തിന് അനുകൂലമായി സുപ്രീം കോടതി നാല് വര്‍ഷം മുമ്പ് പുറപ്പെടുവിച്ച വിധിയുടെ ലംഘനമാണ് ഹൈക്കോടതി നടപടിയിലൂടെ ഉണ്ടായതെന്നും അരുന്ധതി പറഞ്ഞു. ഒരു വ്യക്തി താന്‍ പുരുഷനോ സ്ത്രീയോ ട്രാന്‍സ്‌ജെന്‍ഡറോ അല്ലെങ്കില്‍ തിരിച്ചറിയപ്പെടുന്ന മറ്റൊരു വിഭാഗമോ ആണെന്ന് സ്വയം തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ടാണ് ലിംഗസ്വത്വം നിലനില്‍ക്കുന്നതെന്ന് അന്ന് സുപ്രീം കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.
അരുന്ധതി ഇതാദ്യമായല്ല മനഃശാസ്ത്ര ചികിത്സയ്ക്ക് വിധേയയാകുന്നത്. കഴിഞ്ഞ വര്‍ഷം അവരുടെ മാതാപിതാക്കള്‍ അവരെ എറണാകുളം സ്റ്റെല്ല മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ തന്നെ രണ്ട് മാസം പൂട്ടിയിടുകയും ഡോക്ടര്‍മാര്‍ ബലം പ്രയോഗിച്ച് മുടി മുറിക്കുകയും നിരവധി മരുന്നുകള്‍ കുത്തിവെക്കുകയും ചെയ്തതായി അരുന്ധതി ആരോപിക്കുന്നു. കോടതി ഉത്തരവ് പ്രകാരം കുസുമഗിരി ആശുപത്രിയില്‍ നടന്ന പരിശോധനയില്‍ അരുന്ധതിക്ക് മാനസിക പ്രശ്‌നങ്ങള്‍ ഇല്ലെന്ന് വ്യക്തമായിരുന്നു. അതിനാല്‍ തന്നെ അശാസ്ത്രീയ പരിശോധനയ്ക്കും ചികിത്സയ്ക്ക് തന്നെ വിധേയയാക്കിയ സ്‌റ്റെല്ല മേരീസ് ആശുപത്രിക്കെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് അരുന്ധതി. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളെ മാനസിക രോഗികളായി മുദ്രകുത്താനുള്ള പൊതുപ്രവണത നിലനില്‍ക്കുന്നതായി അരുന്ധതിയുടെ അഭിഭാഷക മായ കൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
നല്ലൊരു ഗായികയും ഭരതനാട്യം നര്‍ത്തകിയുമായ അരുന്ധതി ഒരു പുതുജീവിതം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണ്. 12 വര്‍ഷം പാട്ടും അഞ്ച് വര്‍ഷം ഭരതനാട്യവും അവര്‍ അഭ്യസിച്ചിട്ടുണ്ട്. 2014 മുതല്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അവര്‍ പരിപാടികള്‍ അവതരിപ്പിക്കുന്നു. സ്റ്റേജ് ഷോകളില്‍ മാത്രമായി തന്റെ പ്രകടനം പരിമിതപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് അരുന്ധതി പറഞ്ഞു. ഒരു പിന്നണി ഗായികയാവുകയാണ് അവരുടെ ആത്യന്തിക ലക്ഷ്യം. കുടുംബത്തിന്റെ പിന്തുണ നഷ്ടമായെങ്കിലും ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹം തന്നോടൊപ്പം നിന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അവര്‍ പറഞ്ഞു.

Spread the love
Read Also  മലയാളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡറിൻ്റെ കവിത പാഠ്യപദ്ധതിയിൽ

Leave a Reply