Friday, May 27

ഷുജാത്ത് ബുഖാരിയുടെ കൊലപാതകവും വെല്ലുവിളിക്കപ്പെടുന്ന മാധ്യമ സ്വാതന്ത്ര്യവും

റൈസിംഗ് കാശ്മീര്‍ പത്രാധിപര്‍ ഷുജാത്ത് ബുഖാരിയുടെ കൊലപാതം ജമ്മുകാശ്മീരിലെ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തെ കുറിച്ച് കര്‍ക്കശമായ ചോദ്യങ്ങളാണ് ഉയര്‍ത്തുന്നത്. ജൂണ്‍ 14 വൈകിട്ട് ഏഴ് മണിയോടെ നടന്ന സംഭവത്തില്‍ തുമ്പുണ്ടാക്കാന്‍ ക്രമസമാധാനപാലകര്‍ക്ക് ഇനിയും സാധിച്ചിട്ടില്ല. ലക്ഷ്‌കര്‍-ഇ-തോയ്ബ, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തുടങ്ങിയ തീവ്രവാദ സംഘങ്ങള്‍ ബുഖാരിയുടെ കൊലപാതകത്തില്‍ പ്രതിഷേധം രേഖപ്പെടുത്തുകയും സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്ന് പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം ‘ഭീകരാക്രമണമാണ്’ എന്നാണ് ജമ്മുകാശ്മീര്‍ പോലീസ് പറയുന്നത്.
എന്നാല്‍ ബുഖാരി വധിക്കപ്പെടുന്നതിന് രണ്ടാഴ്ച മുമ്പ് മുതല്‍ തന്നെ അദ്ദേഹത്തിനെതിരെ ബോധപൂര്‍വമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ടായിരുന്നു എന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ഒരു വ്യക്തി സ്‌ക്രോള്‍.ഇന്നിനോട് പറഞ്ഞു. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ചില പത്രങ്ങളാണ് ഇത്തരം പ്രചാരണം നടത്തിയതെന്നും ബുഖാരി ഇന്ത്യയുടെ ചാരനാണ് എന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചതെന്നും പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ മാധ്യമ പ്രവര്‍ത്തകന്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ദുബായില്‍ പാകിസ്ഥാനുമായി നടന്ന സംവാദങ്ങളില്‍ ബുഖാരി പങ്കെടുത്തിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ഗുണം ചെയ്യില്ലെന്ന് അന്നുതന്നെ തീവ്രവാദ സംഘങ്ങള്‍ പറഞ്ഞതും സുഷാത്ത് ബുഖാരിയുടെ മരണവുമായി കൂട്ടിവായിക്കേണ്ടതുണ്ട്.
എന്തൊക്കെ ന്യായീകരണങ്ങള്‍ ഉയര്‍ത്തിയാലും ജമ്മുകാശ്മീരിലെ പത്രസ്വാതന്ത്ര്യത്തിന് നേരെയുള്ള വലിയ വെല്ലുവിളിയായി വേണം ബുഖാരിയുടെ മരണത്തെ വിലയിരുത്താന്‍. പ്രസ് കോളനി എന്ന് അറിയപ്പെടുന്ന പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ ഇപ്പോള്‍ നിശബ്ദമാണ്. പകല്‍വെളിച്ചത്തില്‍ ഷുജാത്ത് ബുഖാരിയെ പോലെയുള്ള ഒരു പ്രമുഖന് ഇത്തരത്തിലുള്ള ഒരു വിധി നേരിടേണ്ടി വരുന്നെങ്കില്‍ അത് മറ്റ് മാധ്യമപ്രവര്‍ത്തകരുടെ ആത്മവിശ്വാസത്തെ കെടുത്തുമെന്ന് ദ കാശ്മീര്‍ മോണിറ്റര്‍ പത്രത്തിലെ നിസാര്‍ ധര്‍മ പറയുന്നു. സ്വന്തം സുരക്ഷയെ കുറിച്ച് എല്ലാവരും ആശങ്കയിലാണെന്നും നിസാര്‍ പറയുന്നു.
മാധ്യമപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കാന്‍ കുടുംബങ്ങള്‍ നിര്‍ബന്ധിക്കുകയാണെന്നാണ് പ്രസ് എന്‍ക്ലേവിലെ നിത്യ സന്ദര്‍ശകനും റിപ്പോര്‍ട്ടറുമായ വസീം അഹമ്മദ് പറയുന്നത്. ശ്രീനഗറില്‍ സുരക്ഷാസേന ഏറ്റവും വലിയ സുരക്ഷ ഉറപ്പാക്കുന്ന പ്രദേശമാണ് പ്രസ് എന്‍ക്ലേവ്. പ്രസ് എന്‍ക്ലേവിലേക്കുള്ള വഴികളിലൊക്കെ പോലീസ് പിക്കറ്റ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സിആര്‍പിഎഫിന്റെ രണ്ട് സേനകള്‍ എപ്പോഴും തമ്പടിക്കുന്ന സ്ഥലം കൂടിയാണ് പ്രസ് എന്‍ക്ലേവ്. അവിടെ റമദാന്‍ മാസത്തിലെ സന്ധ്യയില്‍ നടന്ന കൊലപാതകം സ്വതന്ത്ര അഭിപ്രായ പ്രകടനത്തിന് നേരെ ഉയരുന്ന വലിയ വെല്ലുവിളിയാണ്. ഇന്ത്യയില്‍ പൊതുവിലും ജമ്മുകാശ്മീരില്‍ പ്രത്യേകിച്ചും നടക്കുന്ന പൗരാവകാശ ലംഘനങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി ഷുജാത്ത് ബുഖാരി മാറുന്നു.

Spread the love
Read Also  കാശ്മീരിൽ തടഞ്ഞു ; മാധ്യമപ്രവർത്തകരെ മർദ്ദിച്ചതായി രാഹുൽ ഗാന്ധി

Leave a Reply