Friday, May 27

സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ്: വധഭീഷണിയെന്ന് മുഖ്യസാക്ഷി

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷാ മുഖ്യ പ്രതിയായ സൊറാബുദ്ദീന്‍ ഷേഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ കോടതിയില്‍ ഹാജരായി സാക്ഷി പറയുന്നതില്‍ നിന്നും മാറി നില്‍ക്കുന്നതിന് വിവിധ ഭാഗങ്ങളില്‍ നിന്നും സമ്മര്‍ദം ഉണ്ടെന്നും തന്റെ ജീവന് തന്നെ ഭീഷണി നേരിടുകയാണെന്നും ഭാര്യയിലൂടെ കോടതിയില്‍ എത്തിച്ച കത്തില്‍ കേസിലെ മുഖ്യ സാക്ഷി. വ്യാജ ഏറ്റുമുട്ടല്‍ എന്ന് ആരോപിക്കപ്പെടുന്ന പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട സൊറാബുദ്ദീന്‍, തുളസിറാം പ്രജാപതി എന്നിവരോടൊപ്പം ഹമിദ് ലാല വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ആളാണ് നാല്‍പതുകാരനായ ഈ പ്രോസിക്യൂഷന്‍ സാക്ഷി. ഇയാളോടൊപ്പം ഉദയ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെയാണ് 2006 ഡിസംബറില്‍ നടന്ന വിവാദസംഭവത്തിലൂടെ പ്രജാപതി കൊല്ലപ്പെടുന്നത്.
തിങ്കളാഴ്ച നടന്ന വിചാരണയില്‍ ഇയാളുടെ 36കാരിയായ ഭാര്യ പ്രോസിക്യൂഷന്‍ സാക്ഷി എന്ന നുിലയില്‍ മൊഴി നല്‍കാന്‍ കോടതിയില്‍ എത്തിയിരുന്നു. വിചാരണയ്ക്ക് ശേഷം ഭര്‍ത്താവിന്റെ ഹിന്ദിയിലെഴുതിയ ഒരു പേജ് വരുന്ന കത്ത് അവര്‍ കോടതിക്ക് കൈമാറി. കോടതിയില്‍ സാക്ഷി പറയുന്നതിന് എതിനെ തന്റെ ഭര്‍ത്താവിന് മേല്‍ സമ്മര്‍ദമുണ്ടെന്ന് ഭാര്യ കോടതിയെ അറിയിച്ചു. സമ്മര്‍ദം വര്‍ദ്ധിപ്പിക്കുന്നതിനായി രാജസ്ഥാന്‍ പോലീസ് ഇയാള്‍ക്കെതിരെ അഞ്ച് കള്ളകേസുകള്‍ ചുമത്തിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. കോടതിയില്‍ തന്റെ ഭര്‍ത്താവ് മൊഴി രേഖപ്പെടുത്താന്‍ എത്തില്ല എന്ന് ഉറപ്പാക്കുന്നതിന് വേണ്ടിയാണ് സമീപകാലത്ത് ഈ അഞ്ച് കേസുകളും രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും അവര്‍ ആരോപിച്ചു. സാക്ഷി പറയാന്‍ തന്റെ ഭര്‍ത്താവ് സന്നദ്ധനാണെന്നും എന്നാല്‍ അദ്ദേഹത്തിന് ജീവന് സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ കോടതിയോട് അഭ്യര്‍ത്ഥിച്ചു. രാജസ്ഥാനില്‍ പോലീസ് അന്വേഷിക്കുന്ന കുറ്റവാളിയായതിനാല്‍ ഇയാളെ കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നാണ് സിബിഐ നേരത്തെ കോടതിയില്‍ മൊഴി നല്‍കിയത്. കോടതി നടപടി ക്രമങ്ങള്‍ പ്രകാരം ഇയാള്‍ ഈ ആഴ്ച മൊഴി നല്‍കേണ്ടതാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ച സത്യാവസ്ഥ തനിക്കറിയാമെന്നും സാക്ഷിയായി കോടതിയില്‍ ഹാജരാവാന്‍ തയ്യാറാണെന്നും നേരത്തെ കോടതിക്കും പ്രോസിക്യൂഷനും എഴുതിയ കത്തില്‍ ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ കോടതിയില്‍ ഹാജരായാല്‍ മറ്റൊരു വ്യാജ ഏറ്റുമുട്ടലില്‍ താനും കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന ഭീതിയും ഇയാള്‍ പ്രകടിപ്പിച്ചിരുന്നു. അല്ലെങ്കില്‍ തന്നെ ഏതെങ്കിലും വ്യാജ കേസുകളില്‍ കുടുക്കും. ഇക്കാരണങ്ങളാലാണ് കോടതിയില്‍ ഹാജരാവാന്‍ സാധിക്കാതിരിക്കുന്നതെന്നും തനിക്ക് സുരക്ഷിതമായ ഒരു സമയത്ത് കോടതയില്‍ ഹാജരാവാന്‍ അനുവദിക്കണമെന്നും ഇയാള്‍ കത്തില്‍ അപേക്ഷിച്ചിരുന്നു. തനിക്ക് വധഭീഷണിയുണ്ടെന്ന് കേസില്‍ പ്രജാപതിക്ക് വേണ്ടി ഹാജരാകുന്ന രാജസ്ഥാനില്‍ നിന്നുള്ള അഭിഭാഷകന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് മുംബെയിലെ കോടതിയിലെത്തി മൊഴിരേഖപ്പെടുത്തുന്നതിന് അഭിഭാഷകന് സംരക്ഷണം നല്‍കണമെന്ന് രാജസ്ഥാന്‍ പോലീസിന് കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു. കേസില്‍ നേരത്തെ വാദം കേട്ടിരുന്ന സിബിഐ പ്രത്യേക കോടതി ജഡ്ജി ജസ്റ്റിസ് ബിഎച്ച് ലോയയുടെ അപ്രതീക്ഷിത മരണം വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.

Spread the love
Read Also  'ബി ജെ പി വിട്ടാൽ പിന്നെ സമാധാനത്തോടെ ജീവിക്കില്ല' ഭീഷണിയുമായി സുശീൽ കുമാർ മോദി

Leave a Reply