Friday, May 27

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: സംഘപരിവാറിന്റെ രഹസ്യ അജണ്ടകള്‍

ഷുജാദ് എസ്എ: 

കേരളത്തില്‍ സമീപകാലത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്കെതിരായ ലൈംഗീക അതിക്രമങ്ങളുടെ വാര്‍ത്തകളാണ് കൂടുതലായും പുറത്തുവരുന്നത്. ഇത്തരം പീഡനവാര്‍ത്തകള്‍ക്ക് പത്രങ്ങള്‍സ്ഥിരം പേജുകള്‍ മാറ്റിവെയ്ക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളെക്കാള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയായിരിക്കും അധികം എന്ന് കണക്കാക്കുമ്പോള്‍ അതിക്രമങ്ങളുടെ തോത് പുറത്തുവരുന്നതില്‍ നിന്നും എത്രയോ അധികമായിരിക്കും എന്ന് പല സാമൂഹ്യനിരീക്ഷകരും ചൂണ്ടിക്കാട്ടുന്നുണ്ട്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പല കേസുകളിലെ പോലീസ് നടപടികള്‍ സംശയാസ്പദമാണെന്ന് മാത്രമല്ല നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് കൂടിയാണ് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഒരു പക്ഷെ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമാണ് പോലീസിന്റെ തികച്ചും ഉത്തരവാദിത്വരഹിതമായ നടപടികള്‍ എന്നതും ശ്രദ്ധേയമാണ്. സമകാലികമായി വാര്‍ത്തകളിലിടം പിടിക്കുന്ന പ്രണയ വിവാഹത്തര്‍ക്കങ്ങളില്‍ പ്രത്യേകിച്ചും പോലീസ് വേട്ടക്കാരോടൊപ്പം നില്‍ക്കുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നു വരുന്നുണ്ട്. കേരള ചരിത്രത്തില്‍ ഇന്നേവരെ കാണാത്ത ഒരു പ്രവണതയാണിതെന്നും ശ്രദ്ധേയമാണ്. ഇത്തരത്തിലുള്ള കേസുമായി പോലീസ് സ്റ്റേഷനിലെത്തുന്ന പരാതിക്കാര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ കേസിന്റെ ഗതിയെന്തായിരിക്കും എന്ന കാര്യത്തില്‍ ഒരുറപ്പും ലഭിക്കാറില്ല. കൈക്കുലി, സ്വജനപക്ഷപാതം തുടങ്ങിയ നടപ്പുരീതികള്‍ മാത്രമല്ല ഇതിന് കാരണം എന്നും തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു.
കൊട്ടിഘോഷിക്കപ്പെട്ട കേരള നവോത്ഥാനത്തിന്റെ പൊള്ളത്തരങ്ങളാണ് ഇത്തരം കേസുകളിലൂടെ പലപ്പോഴും വെളിപ്പെടുന്നത്. പുറത്ത് കാണിക്കുന്ന പുരോഗമന നാട്യത്തിനുപ്പുറം ഇരുളിന്റെ അറകള്‍ ഉള്ളില്‍ പേറുന്നവരാണ് ശരാശരി മലയാളികള്‍ എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നതാണ് സമീപകാലത്ത് നടന്നുവരുന്ന സംഭവങ്ങള്‍. പെട്ടെന്നൊരു ദിവസം പൊട്ടിപ്പുറപ്പെട്ടതല്ല ഈ ദുര്‍ഭൂതം എന്നും കാണേണ്ടിയിരിക്കുന്നു. കാരണം, കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി സദാചാര പോലീസിന്റെ വിളയാട്ടത്തിന്റെ തിക്ത ഫലങ്ങള്‍ പലര്‍ക്കും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ പേരില്‍ കരുനാഗപ്പള്ളിയില്‍ 2017 ഫെബ്രുവരിയില്‍ അക്രമത്തിന് ഇരയായ പാലക്കാട്ടുകാരനായ അനീഷ് എന്ന യുവാവ് പിന്നീട് വീട്ടുമുറ്റത്ത് തൂങ്ങിമരിച്ചത് അക്കാലത്ത് വാര്‍ത്തയായെങ്കിലും പിന്നീട് മറവിയിലേക്ക് മായുകയായിരുന്നു. സമാനമായ സദാചാര ഗുണ്ടായിസം കേരളത്തിന്റെ പല ഭാഗങ്ങളിലും അരങ്ങേറിയിരുന്നു. എന്നാല്‍ ഉത്തരവാദിത്വപ്പെട്ട, ഇന്ത്യന്‍ ഭരണഘടനയും ശിക്ഷാ നിയമങ്ങളും പാലിക്കാന്‍ ബാധ്യസ്ഥരായ ഉദ്യോഗസ്ഥര്‍ ഇത്തരത്തില്‍ നിയമവിരുദ്ധമായി പെരുമാറുന്നതിന് സമാനമായ ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനില്ല. ഇതര സംസ്ഥാനങ്ങളില്‍ സാധാരണമായിരുന്ന ദുരഭിമാനക്കൊലകള്‍ കേരളത്തിലേക്കും എന്നുമ്പോള്‍ അതില്‍ ആഹ്ലാദചിത്തരാകുന്ന ഒരേയൊരു വിഭാഗം സംഘപരിവാര്‍ ആയിരിക്കും. കാരണം, കേരളത്തിലെ അവരുടെ മുന്നേറ്റത്തെ ഏറ്റവും കൂടുതല്‍ ചെറുക്കുന്ന സിപിഎമ്മും എല്‍ഡിഎഫുമാണ് സംസ്ഥാനം ഭരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സ്ത്രീകളും ദളിതരും ന്യൂനപക്ഷങ്ങളും ആക്രമിക്കപ്പെടുന്നത് മുഖ്യധാര മാധ്യമങ്ങളില്‍ അപൂര്‍വമായി മാത്രമേ വാര്‍ത്തകളാവാറുള്ളു. ഉദ്യോഗസ്ഥ വൃന്ദങ്ങളിലും മാധ്യമ രംഗത്തും നിലനില്‍ക്കുന്ന ഹൈന്ദവ സവര്‍ണ മേല്‍ക്കോയ്മയാണ് ഇതിന് കാരണം എന്ന് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിലനില്‍ക്കുന്ന സാമൂഹ്യബോധം നിമിത്തം ഇത്തരം സംഭവങ്ങള്‍ വാര്‍ത്തയാവുകയും അത് ഇടതുപക്ഷ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുകയും ചെയ്യുന്നത് തീര്‍ച്ചയായും സംഘപരിവാറിന് സന്തോഷം നല്‍കുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ മറ്റ് സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതില്‍ ഒരുളുപ്പും കാണിക്കാത്ത അവര്‍ കേരളത്തിലെ സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധങ്ങളുമായി രംഗത്തെത്തുകയും ചെയ്യുന്നു. മാത്രമല്ല സംഘപരിവാറിന്റെ പ്രത്യശാസ്ത്ര നിര്‍വചനങ്ങള്‍ക്ക് യോജിക്കുന്നതാണ് ഇത്തരത്തിലുള്ള സദാചാര പോലീസും ദുരഭിമാനക്കൊലകളും. ഒരു ഭാഗത്ത് അത്തരം സംഭവങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുകയും മറുഭാഗത്ത് അതേ പ്രത്യയശാസ്ത്രം അണികളില്‍ ഊട്ടിയുറപ്പിക്കുകയും ചെയ്യുക എന്ന പതിവ് സംഘപരിവാര്‍ ഇരട്ടത്താപ്പാണ് അവര്‍ ഇവിടെയും കൈക്കൊള്ളുന്നത്.
എന്നാല്‍ അത്തരത്തിലുള്ള ഒരു വാദമുഖം കൊണ്ടുമാത്രം കേരളത്തില്‍ നടക്കുന്ന സംഭവങ്ങളെ ന്യായീകരിക്കാനാവുന്നില്ല. ആലുവയിലെ മുഴുവന്‍ ജനങ്ങളെയും തീവ്രവാദികള്‍ എന്ന് മുദ്രകുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കാണിച്ച ആവേശം ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന പോലീസുകാര്‍ക്കെതിരായ നടപടികളില്‍ തെളിഞ്ഞുവരുന്നില്ല. പോലീസിന് വീഴ്ച പറ്റി, നടപടി സ്വീകരിക്കും എന്ന ഒഴുക്കന്‍ മട്ടിലുള്ള മറുപടികള്‍ക്കപ്പുറം കൃത്യവും ശക്തവുമായ നടപടികള്‍ തുടക്കം മുതലേ സ്വീകരിച്ചിരുന്നെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടില്ലായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ജിഷ്ണു കൊലക്കേസ് അട്ടിമറിക്കാന്‍ പോലീസ് ശ്രമിച്ചു എന്ന ആരോപണത്തില്‍ കാര്യക്ഷമവും നിഷ്പക്ഷവുമായ അന്വേഷണവും ശക്തമായ നടപടികളും ഉണ്ടായിരുന്നെങ്കില്‍ പിന്നീട് നടന്ന അനിഷ്ട സംഭവങ്ങളില്‍ പലതും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു. ഇതുപറയാന്‍ കാരണം, എല്‍ഡിഎഫ് ഭരണത്തിലേറിയ നാള്‍മുതല്ക്കുതന്നെഇവിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പൊതുവെ പോലീസ് സ്വീകരിക്കുന്ന സമീപനങ്ങളില്‍ സംശയങ്ങളുയരുന്നുണ്ട്. ഭരണത്തിന്റെ തുടക്കത്തില്‍ തന്നെ പോലീസ് സേന സംഘപരിവാറിന്റെ പിടിയിലാണോയെന്ന സംശയം സി പി എം നേതാക്കളില്‍ ചിലര്‍ തന്നെപരസ്യമായി ഉയര്‍ത്തിയിരുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് ജാഗ്രത പാലിക്കാന്‍ നേതാക്കള്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ വിഷയത്തില്‍ ശ്രദ്ധ വേണമെന്ന് പോലീസ് മേധാവിയോട്മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതും നാം മറന്നിട്ടില്ല.
പക്ഷെ വലിയ വാര്‍ത്താപ്രാധാന്യം നേടുന്ന ഓരോ സംഭവങ്ങളിലും ഇത്തരത്തിലുള്ള സംശയങ്ങള്‍ക്ക് സാധൂകരണം നല്കുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. പോലീസ് നയത്തില്‍ പോലും ‘കൈകടത്താനു’ള്ള നെറ്റ് വര്‍ക്ക് സംഘപരിവാറിനുണ്ടെന്ന കാര്യം നാം നിഷേധിച്ചുകൂട. വ്യാജ വാര്‍ത്തകളുണ്ടാക്കുന്നതിലും വ്യാജ ഏറ്റുമുട്ടലുകളുണ്ടാക്കുന്നതും ഉള്‍പ്പെടെ വ്യാജമോ നിഗൂഡമോ ആയ ഏതു പദ്ധതിയും ആസൂത്രണം ചെയ്തു നടപ്പിലാക്കാനുള്ള നെറ്റ് വര്‍ക്ക് നിഷ്പ്രയാസം ഉണ്ടാക്കിയെടുക്കുന്നതില്‍ വിദഗ്ധരാണ് സംഘപരിവാര്‍ ശൃംഖലകള്‍. അതുപോലെതന്നെ സ്ത്രീവിരുദ്ധമായസമീപനത്തിലൂന്നിയസംഘപരിവാറിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനൂകൂലമായ സാഹചര്യമൊരുക്കുന്നതില്‍ അവര്‍ ശ്രദ്ധപതിപ്പിക്കുന്നുണ്ട്. അതില്‍ മുഖ്യഘടകമായ ജാതിവിവേചനം നിലനിര്‍ത്തുന്നതില്‍ അവര്‍ എന്നും മുന്നിലാണ്.
‘സംഘപരിവാറിന്റെ അജണ്ടയൊന്നും കേരളത്തില്‍ നടക്കില്ല.ഇവിടം സുരക്ഷിതമാണ്’ എന്ന പൊതുപ്രസ്താവനയെ അസ്ഥാനത്താക്കിക്കൊണ്ടാണ് കേരളത്തില്‍ ഓരോ ദിവസവും ജനിക്കുന്നവാര്‍ത്തകളും നാം വായിക്കുന്നത്. ഏറ്റവുമൊടുവില്‍ കെവിന്‍ വധവുമായി ബന്ധിപ്പിച്ചു വായിക്കുകയാണെങ്കില്‍, അത് ജാത്യാഭിമാനത്തിന്റെയും സാമ്പത്തിക അസമത്വത്തിന്റെയും പേരില്‍ നടന്ന കൊലയായതിനാല്‍ തന്നെ ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളായ ഇതരസംസ്ഥാനങ്ങളില്‍ നടക്കുന്നതിനു സമാനമായതാണ് ഇവിടെയും സംഭവിച്ചിരിക്കുന്നത്. ബി ജെ പി ലക്ഷ്യം വെയ്ക്കുന്ന സവര്‍ണമനോഭാവത്തിനു വളം വെയ്ക്കുന്ന തന്നെയാണ് കെവിന്‍ വധവും അരീക്കോട്ട് സ്വന്തം പിതാവിനാല്‍ കൊല്ലപ്പെട്ടആതിരയുടെ ദുരന്തവും സൂചിപ്പിക്കുന്നത്. ഇതിനെയൊക്കെത്തന്നെ ഉള്ളൂകൊണ്ട് സാധൂകരിക്കാനായിരിക്കും സംഘപരിവാര്‍ തലകള്‍ എപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാവുക. ആര്‍ഷഭാരതത്തിലെ സ്ത്രീ സങ്കല്പങ്ങള്‍ സഹസ്രാബ്ദങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതാണ്’, ഇതൊരിക്കലും പടിഞ്ഞാറേയ്ക്ക് നോക്കി പകര്‍ത്തിയെടുക്കേണ്ടതല്ലെന്ന ബോധ്യവും എപ്പോഴും ഭാരതസ്ത്രീക്ക് വേണ്ടതാണെന്ന സന്ദേശവും ഓരോ നടപടികളിലൂടെയും അവര്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. മനുസ്മൃതിയില്‍ അധിഷ്ടിതമായ ജീവിതചര്യയെ പുറന്തള്ളുന്നതൊന്നും തന്നെ അവര്‍ പ്രോത്സാഹിപ്പിക്കാറില്ലെന്ന് മാത്രമല്ല സംഘപരിവാര്‍ നേതൃത്വം ശക്തിയുക്തം അതിനെ എതിര്‍ ക്കുകയും ചെയ്യും.
ഇതരമതവിഭാഗത്തിലുള്ളയാളെ പ്രണയിച്ച് ഹാദിയ ആയി മാറിയ യുവതിയെ പരസ്യമായി നേരിട്ടത് മതേതര ഇന്ത്യ കണ്ടറിഞ്ഞതാണ്. ഏറ്റവുമൊടുവില്‍ മുസ്ലിം യുവാവിനെ പ്രണയിച്ചതിനുമാനസികരോഗിയായി
മുദ്രകുത്തി ആര്‍ എസ് എസ് തടവിലായ തൃശൂര്‍ സ്വദേശി അഞ്ജലിയുടെ അനുഭവം നിരീക്ഷിച്ചാലും ഇതേ കാരണങ്ങളിലെക്കുതന്നെ നാം പോകാന്‍ നിര്‍ബന്ധിതമാകുമെന്നതില്‍ രണ്ടാമതൊന്നാലോചിക്കേണ്ടതില്ല. ആതിരയുടെ അച്ഛന്‍ രാജന്റെയും നീനുവിന്റെ പിതാവ് ചാക്കോയുടെയൂം അഞ്ജലിയുടെ അമ്മാവന്മാരുടെയും സ്ത്രീവിരുദ്ധചിന്തകളുടെ, ജാതിവിവേചനത്തിന്റെ, ഇതരമതബോധത്തിന്റെ വികലമായമാനസികഘടന സംഘപരിവാറിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് ബോധ്യമാകും. സ്ത്രീകള്‍ക്കെതിരെ പ്രമാദമായ ഓരോ കേസൂം പരിശോധിക്കുകയാണെങ്കില്‍ ഒന്നൊഴിയാതെ എല്ലാം തന്നെജനരോഷം ഉയര്‍ന്നവയായിരുന്നുവെന്നു മനസ്സിലാക്കാനാവും.ഇത്തരംകേസുകളിലെല്ലാംതന്നെപോലീസ് സേനയ്ക്കുള്ളില്‍ രഹസ്യമായി ഇടപെടാനുള്ള പരിശീലനങ്ങള്‍ ഗൂഡമായി നടക്കുന്നുണ്ടോയെന്ന് സംശയമുന്നയിച്ചാല്‍ അവരെ കുറ്റപ്പെടുത്താനവില്ല. പോസ്റ്റ് കൊളോണിയല്‍ കാലത്തെ സ്ത്രീപക്ഷ ചിന്തകളെ നിര്‍വ്വചിക്കുന്ന കാര്യത്തില്‍ തന്ത്രപരമായ നിലപാടുകള്‍ തുടരുന്ന പൊതുസമൂഹത്തിന്റെ പുരുഷകേന്ദ്രീകൃതമനോഭാവത്തെ പ്രോത്സാഹിപ്പിക്കുന്ന പിന്തിരിപ്പന്‍ സമീപനങ്ങള്‍തന്നെയാണ് സംഘപരിവാര്‍ ഇപ്പോഴും തുടരുന്നത്. അതുതന്നെയാണ’ അവര്‍ ആഗ്രഹിക്കുന്നതും.അവരുടെ അജണ്ടയും അതുതന്നെയാണു. ഇതിനുവേണ്ടി ഏതുഭരണകൂടമായാലും ഗൂഡമായി അവരെ സ്വാധീനിക്കാനുള്ള നെറ്റ് വര്‍ക്ക് രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇവര്‍ വിജയിച്ചുകൊണ്ടിരിക്കുകയാണെന്ന് സമീപകാലസംഭവവികാസങ്ങളിലൂടെ തെളിഞ്ഞുകൊണ്ടിരിക്കുകയാണ’.

Spread the love
Read Also  മുൻ കോൺഗ്രസ് എംഎൽഎ അല്‍പേഷ് താക്കൂറും ദവല്‍സിന്‍ സാലയും ബിജെപിയിൽ ചേർന്നു

Leave a Reply