Wednesday, January 19

സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യതയായി പിജിയും ബിഎഡും നിര്‍ബന്ധമാക്കുന്നു

കേരളത്തില്‍ സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യതയായി പിജിയും ബിഎഡും നിര്‍ബന്ധമാക്കുന്നു. സ്‌കൂള്‍ വിദ്യാഭ്യാസ രീതിയില്‍ സമൂല പരിവര്‍ത്തനം വേണമെന്ന വിദഗ്ധ സമിതിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് പുതിയ തീരുമാനം. ബിഎഡും സെറ്റുമാണ് നിലവില്‍ സ്‌കൂള്‍ അധ്യാപകരുടെ അടിസ്ഥാന യോഗ്യത. നിലവിലുളള എല്‍പി, യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വിഎച്ച്സി എന്നിങ്ങനെയുളള ഘടന അഴിച്ചുപണിയണമെന്നും സമിതി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഒന്ന് മുതല്‍ ഏഴ് വരെ ഒരു സ്ട്രീമും എട്ടുമുതല്‍ പ്ലസ് ടു വരെ രണ്ടാം സ്ട്രീമും ആക്കണമെന്നും, കൂടാതെ ഒന്ന് മുതല്‍ പ്ലസ് ടുവരെ ഒരു ഡയറക്ടറേറ്റിന് കീഴിലാക്കണമെന്നും നിര്‍ദേശമുണ്ട്. ഒന്ന് മുതല്‍ ഏഴുവരെ പഠിപ്പിക്കാന്‍ ബിരുദവും ബിഎഡും, എട്ടുമുതല്‍ പ്ലസ് ടു വരെ പിജിയും ബിഎഡും അധ്യാപകര്‍ക്ക് ഉണ്ടായിരിക്കണമെന്നും സമിതിയുടെ ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു.

പ്രൈമറിസ്‌കൂള്‍ തലം മുതല്‍ പ്ലസ്ടു തലം വരെയുളള വിദ്യാഭ്യാസത്തിന്റെ ചുമതല ഇതുവരെ ഡിപിഐ, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ്, ടെക്നിക്കല്‍ ഡയറക്ടറേറ്റ് എന്നിങ്ങനെ വിഭജിച്ചിരിക്കുകയായിരുന്നുവെങ്കില്‍ പുതിയ പരിഷ്‌കരണത്തില്‍ ഇതെല്ലാം ഒരൊറ്റ ഡയറക്ടറുടെ കീഴിലാകുകയും ജില്ലാ തലത്തില്‍ ജോയിന്റ് ഡയറക്ടര്‍മാര്‍ മാത്രം ഉണ്ടാകുകയും ചെയ്യും. ഇത് കൂടാതെ പഞ്ചായത്ത് തലത്തില്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉദ്യോഗസ്ഥരുണ്ടാകും. അതത് പഞ്ചായത്തിലെ സ്‌കൂളുകളുടെ ചുമതല അവര്‍ക്കായിരിക്കും.

ഇപ്പോള്‍ സ്‌കൂളുകളില്‍ നിലവിലുള്ള ഹെഡ്മാസ്റ്റര്‍, പ്രിന്‍സിപ്പല്‍ എന്നീ തസ്തികകള്‍ മാറുകയും ഒന്ന് മുതല്‍ എട്ടുവരെ പ്രിന്‍സിപ്പില്‍ എന്ന തസ്തികയ്ക്ക്‌ കീഴിലാകും. സ്‌കൂളുകള്‍ക്ക് ഒരു ഡയറക്ടറേറ്റ് ആക്കുന്ന കാര്യം പരിഗണിക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എം.എ ഖാദര്‍ അധ്യക്ഷനായ കമ്മിറ്റി സര്‍ക്കാരിന് ഈ വിഷയത്തെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

Spread the love
Read Also  പുതിയ പൊതുവിദ്യാഭ്യാസ മന്ത്രിയുടെ കടമ്പകൾ

Leave a Reply