Wednesday, June 23

2020 ഇന്ത്യൻ ജനാധിപത്യം പൗരൻമാരെ നോക്കിയ വിധം രഘുനന്ദൻ എഴുതുന്നു.

ഇന്ത്യ അതിന്റെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെ കടന്നു പോയ വര്ഷം എന്ന് വിളിക്കാം 2020 നെ.
രാഷ്ട്രീയപരമായ നിരുത്തരവാദിത്വം ഭരണാധികാരികളിൽ നിന്നും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് ഒരു വശത്തെങ്കിൽ മറ്റേതൊരു ലോകരാജ്യത്തെയും പോലെ ഇന്ത്യയും കോവിഡിന്റെ പിടിയിൽ അമർന്നു കഴിയുന്ന ദയനീയ അവസ്ഥയായിരുന്നു മറുവശത്ത്.
2020 പിറക്കുമ്പോൾ തന്നെ ഇന്ത്യൻ ജനാധിപത്യം അതിന്റെ ഏറ്റവും മുർദ്ധന്യമായ അവസ്ഥയിൽ ഭരണാധികാരികളാൽ പരിക്കേൽക്കുകയായിരുന്നു. പൗരത്വ ബില്ലിനെതിരെ ക്യാംപസുകളും പൊതു ജീവിതവും ശക്തമായ സമരപരിപാടികളായിലായിരുന്നു അന്ന്. നിരവധി വിദ്യാർഥികൾ ഉൾപ്പടെയുള്ളവർ ജയിലിലടയ്ക്കപ്പെട്ടു തെരുവുകളിൽ പരിക്കേറ്റു വീണു. അതി ഹൈന്ദവ വികാരം പോലീസ് വേഷങ്ങളിൽ പോലും പ്രതിഷേധിക്കുന്നവരോട് ഏറ്റുമുട്ടി. ഡൽഹിയിൽ നിന്നും അപ്പോഴും പ്രതികരണം നിശബ്ദമായിരുന്നു. ഏതാണ്ട് ജനുവരി അവസാനം കോവിഡ് ആദ്യ കേസ് റിപ്പോർട്ട് ചെയ്യുമ്പോഴും എങ്ങനെ നേരിടാമെന്ന ചിന്തപോലും ഭരണാധികളിൽ ഉണ്ടായിരുന്നില്ല. കേന്ദ്ര ആഭ്യന്ത്ര മന്ത്രിയും പ്രധാനമന്ത്രിയും അപ്പോഴും പൗരത്വ പ്രതിഷേധത്തിന് അന്ത്യം കണ്ടെത്താൻ നിരവധി ശ്രമങ്ങൾ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു.
ഇന്ത്യൻ ദാരിദ്ര്യത്തിന്റെ എഴുപതാണ്ടുകളുടെ ചിത്രം മറച്ചുവയ്ക്കാൻ ഒടുവിൽ ഗുജറാത്തിൽ വന്മതിൽ പണിതുയർത്തുക എന്ന എളുപ്പമാർഗ്ഗത്തെ പറ്റി ചിന്തിക്കുകയായിരുന്നു മോദിയെന്ന ഇന്ത്യൻ പ്രധാനമന്ത്രി. ഉറ്റ സുഹൃത്തെന്നു ഇടയ്ക്കിടെ വാഴ്ത്തുന്ന അമേരിക്കൻ പ്രസിഡന്റായിരുന്ന ട്രംപിനെ അങ്ങനെ വരമേറ്റു- നമസ്തേ ട്രംപ്. ഫെബ്രുവരിമാസത്തെ നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട പൊളിറ്റിക്കൽ ഡിസ്കഷൻ നമസ്തേ ട്രംപ് ആയിരുന്നല്ലോ. അപ്പോഴും ഷഹീൻബാഗിൽ സ്ത്രീകളുടെ നേതൃത്വത്തിൽ പോരാട്ടം നടക്കുന്നുണ്ടായിരുന്നു.നല്ല അതിഥിയുടെ പേരുപോലും വിനീത ആതിഥേയൻ തെറ്റായി ഉച്ചരിച്ചതിൽ നമുക്ക് പൊറുക്കാം.
കോവിഡ് അതിന്റെ പിടിമുറുക്കിയ മാർച്ച് മാസത്തിൽ ഏറ്റവും യുക്തമായ തീരുമാനവുമായി നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധനചെയ്തു നമ്മളെ ഞെട്ടിച്ചുവെന്ന് വേണമെങ്കിൽ പറയാം. ജനത കർഫ്യു എന്ന പേരിട്ടു വിളിക്കാം അതിനെ. യാതൊരു മുന്നൊരുക്കവുമില്ലാതെ ഇന്ത്യപോലൊരു രാജ്യത്തെ എങ്ങനെ ജനങ്ങളെ ഒറ്റരാത്രികൊണ്ട് നിശ്ചലരാക്കാം എന്ന് നന്നായി അറിയാവുന്ന പ്രധാനമന്ത്രിയുടെ ‘രണ്ടാം കുറുവടി പ്രയോഗ’മായിരുന്നു ജനത കർഫ്യു. തെരുവുകളിൽ ജനം പട്ടിണികൊണ്ടു മരിച്ചുവീണതും കിലോമീറ്ററുകളോളം വീടുകളിലേക്ക് യാത്രചെയ്തു രോഗബാധിതരായി മരണപ്പെട്ടതും അന്നത്തെ കോവിഡ് മരണനിരക്കിനും അപ്പുറമായിരുന്നു വെന്നുള്ളസത്യം വായിക്കപ്പെട്ടത് ഇന്ത്യ പാക്ക് വിഭജനത്തിനു ശേഷമുണ്ടായ ഏറ്റവും വലിയ പലായനമായായിരുന്നു. ഡൽഹിയിലെ നിശ്ശബ്ദതയോ നിസംഗതയോ അപ്പോഴും നമ്മെ ഭയപ്പെടുത്തികൊണ്ടിരുന്നു. ഷാഹീൻബാഗിലെ പ്രതിഷേധക്കാരെ തുരത്തനുള്ള എളുപ്പവഴിയായി കോവിഡ് കാലം ആഘോഷിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്തര വകുപ്പ്.
നീണ്ടുനിന്ന ലോക ഡൗണിന്റെ മദ്ധ്യേ ജൂൺ അഞ്ചിന് കേന്ദ്ര മന്ത്രിസഭാ ഓർഡിനനസിലുടെ കാർഷിക ബിൽ കൊണ്ടുവരുന്നു ഇന്ത്യൻ തെരുവുകളിൽ ഗ്രാമങ്ങളിൽ ജീവിക്കുന്ന മനുഷ്യരുടെ മേൽ വീണ്ടും പ്രഹരമേല്പിക്കാൻ സർക്കാർ സംവിധാനം ഒരുങ്ങുന്നു എന്ന തിരിച്ചറിവ്.

ചൈന അധിനിവേശം ശക്തമാക്കുന്നതിന്റെ മുന്നറിയിപ്പുമായി മുന്പോട്ടുവന്ന കേന്ദ്ര മന്ത്രിസഭാ ഫലപ്രദമായ പ്രതിരോധമെന്ന നിലയിൽ അൻപത്തിയൊന്പതു ചൈനീസ് ആപ്പുകൾ നിരോധിച്ചു ശക്തമായി പ്രതികരിച്ചു. ജനം അക്ഷരാർത്ഥത്തിൽ ഇതിൽ സന്തോഷഭരിതരായി എന്ന് വ്യഖ്യാനം. ജൂലൈ മാസത്തിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയവും നടപ്പാക്കാനുള്ള തീരുമാനം ഉണ്ടായി. ഇതിനിടെ ഇന്ത്യൻ ജി ഡി പി അതിന്റെ ഏറ്റവും ദയനീയമായ അവസ്ഥയിലേക്ക് കടക്കുകയും ചെയ്തു. തൊഴിൽ നഷ്ടമായവർ നിരവധി, ആത്മഹത്യ ചെയ്തവർ ധാരാളം. അതിനിടെ കോവിഡ് മരണ സംഖ്യ അതിന്റെ വളർച്ചാനിരക്ക് കുത്തനെ ഉയർത്തുകയും ചെയ്തു .
കാർഷികബിൽ പ്രാബല്യത്തിൽ വരുത്താനുള്ള തീരുമാനം കോവിഡ് കാലത്ത് വളരെ എളുപ്പത്തിൽ നടത്താൻ ശ്രമിക്കുകയും  രാജ്യത്തെ ഹിന്ദുവിന്റെ ആത്മാഭിമാനമായി അയോധ്യയിലെ രാമക്ഷേത്രത്തിന്റെ തറക്കല്ലിടാൻ പ്രധാനമത്രി ഓടിയെത്തിയതും ഒരേ കാലത്താായിരുന്നു. അതെ ഹിന്ദുവിന്റെ പ്രത്യയശാസ്ത്രപരമായ ഉയർത്തെഴുന്നേല്പാണ് അയോധ്യയിലുണ്ടായതെന്നു വാദിക്കാനും പ്രചരിപ്പിക്കാനും നമ്മുടെ ജനാധിപത്യ സർക്കാർ മടികാണിച്ചില്ല.
ഒടുവിൽ ഡിസംബറിന്റെ ശൈത്യത്തിലും കോവിഡിന്റെ പുതിയ ഭാവമാറ്റത്തിലും ഇന്ത്യൻ ജനത സർക്കാരിനെതിരെ പ്രതിരോധത്തിൽ തന്നെയാണ്. കർഷക ബില്ലിനെതിരെ പ്രതിഷേധിക്കുന്ന പഞ്ചാബിലെ കർഷക സാമൂഹത്തിനു വേണ്ട ഐക്യ ദാർഢ്യം രാജ്യമെമൊട്ടും ഉയർന്നു കഴിഞ്ഞു.

Read Also  അടിത്തറ തകരുന്ന ജുഡീഷ്യറിയെന്ന നെടുംതൂണ് ; ആർ സുരേഷ് കുമാർ എഴുതുന്നു

അതിദയനീയമായ ജീവിതത്തിലൂടെ ഒരു ജനത മൊത്തം കടന്നു പോകുമ്പോഴും കോവിഡ് വാക്സിനെപ്പറ്റിയും ചികിത്സയെപ്പറ്റിയും തെറ്റായ വിവരങ്ങൾ നൽകാനും മറന്നില്ല. ഇതിനിടെ സംഘപരിവാർ ഫേക്ക് ഫാക്ടറികൾ അവരുടെ ചാണക ഗോമൂത്രചികിത്സാവിധികൾ പ്രചരിപ്പിച്ച് ആശ്വാസം കൊണ്ടു. പക്ഷേ, കോവിഡ് ബാധിതനായ അമിത് ഷാ പോലും അതിലേക്ക് തിരിഞ്ഞു നോക്കിയില്ല എന്നതും പരിഹാസ്യമായി മാറുന്നു.

തെൽ തുംബേ   സ്റ്റെൻ സ്വാമി വര വരറാവു ഉൾപ്പടെയുള്ള പ്രമുഖരെ വയോധികരെ ജയിലിടയ്ക്കാനും അർണാബ് ഗോസാമിക്കു വേണ്ടി ശബ്ദമുയർത്താനും തയ്യാറായത് കേന്ദ്ര സർക്കാരിൻ്റെ കൃത്യമായ രാഷ്ട്രിയ വെളിപ്പെടുത്തിത്തന്നു.

ഹത്രാസിലെ പെൺകുട്ടി ഈ കാലത്തെ ഏറ്റവും വലിയ രക്തസാക്ഷിത്വത്തിൻ്റെ സൂചകമായി മാറി. ഇനിയും വിട്ടുമാറാത്ത ജാതി രാഷ്ട്രീയത്തിൻ്റെ പൊരുളുകൾ തേടുമ്പോൾ ഇത്തരം ദുരന്തങ്ങൾ ഇനിയും തുടർന്നുകൊണ്ടിരിക്കും

അതേ മുന്നറിയിപ്പ് നൽകിയിട്ടുണ്ട് 2021 കോവിഡ് വിമുക്തതമാകുകയാണെങ്കിൽ പൗരത്വ രജിസ്റ്റർ പ്രാബല്യത്തിൽ വരും എന്ന്. കാത്തിരിക്കാം ഇനി എപ്പോഴാണ് ശാന്തമായി ജീവിക്കാൻ കഴിയുന്നതെന്ന്.

Spread the love