Thursday, January 20

മുസഫര്‍പൂര്‍ അഭയകേന്ദ്രത്തില്‍ 29 അന്തേവാസികള്‍ ബലാല്‍സംഗത്തിന് ഇരയായതായി പോലീസ്

ബിഹാറിലെ മുസഫര്‍പൂരിലുള്ള സര്‍ക്കാര്‍ അഭയകേന്ദ്രത്തില്‍ വച്ച് ബലാല്‍സംഗം ചെയ്യപ്പെട്ട അന്തേവാസികളായ പെണ്‍കുട്ടികളുടെ എണ്ണം 29 ആണെന്ന് പോലീസ്. നേരത്തെ 16 പീഢനത്തിനിരയായെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. അഭയകേന്ദ്രത്തിലുണ്ടായിരുന്ന 44 പേരില്‍ 42 പേരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും അവരില്‍ 29 പേരും ബലാല്‍സംഗത്തിന് ഇരയായതായും സംസ്ഥാന പോലീസ് മേധവി കെ എസ് ദ്വിവേദി പാറ്റ്‌നയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സുഖമില്ലാതിരിക്കുന്ന മറ്റ് രണ്ട് കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ല.

പീഢനത്തിനിരയായി മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം അഭയ കേന്ദ്രത്തിനകത്ത് തന്നെ കുഴിച്ചിട്ടതായാണ് അന്തേവാസികള്‍ പറയുന്നതെന്നും പോലീസ് സ്ഥിതീകരിച്ചു. എന്നാല്‍ കേസ് സിബിഐയ്ക്ക് വിടണമെന്ന ആവശ്യം ദ്വവേദി തള്ളിക്കളഞ്ഞു. നിലവിലുള്ള അന്വേഷണ സംഘം നല്ല രീതിയിലാണ് കേസ് അന്വേഷിക്കുന്നതെന്നും ഇപ്പോള്‍ കേന്ദ്ര ഏജന്‍സിയെ അന്വേഷണം ഏല്‍പ്പിക്കേണ്ട കാര്യമില്ലെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നപക്ഷം കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് ഇന്നലെ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

പതിനൊന്ന് പ്രതികളില്‍ പത്തുപേരെയും അറസ്റ്റ് ചെയ്തതായി ദ്വിവേദി അറിയിച്ചു. ദിലീപ് വര്‍മ്മ എന്നയാള്‍ ഒളിവിലാണ്.എന്നാല്‍ അഭയ കേന്ദ്രത്തില്‍ നിന്നും പെണ്‍കുട്ടികള്‍ കാണാതായെന്ന വാര്‍ത്തകള്‍ ബിഹാര്‍ പോലീസ് മേധാവി നിഷേധിച്ചു. 2013നും 2018നും ഇടയില്‍ കാണാതായ പെണ്‍കുട്ടികളില്‍ മൂന്ന് പേര്‍ മരിച്ചു. നാലാമത്തെ പെണ്‍കുട്ടി വിവാഹിതയായി മുസഫര്‍പൂരില്‍ തന്നെ താമസിക്കുന്നുണ്ടെന്നും ദ്വവേദി പറയുന്നു.

ഇതിനിടെ, അഭയ കേന്ദ്രത്തില്‍ തുടര്‍ച്ചയായി നടക്കുന്ന ലൈംഗീക പീഢനങ്ങളെ കുറിച്ച് മുംബെയിലെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നതായി ബിഹാര്‍ സാമൂഹ്യക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അതുല്‍ പ്രസാദ് വെളിപ്പെടുത്തി. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മേയ് 31ന് സാമൂഹ്യക്ഷേമ വകുപ്പ് എഫ്‌ഐആര്‍ എടുത്തിരുന്നതായും പ്രസാദ് വെളിപ്പെടുത്തി.

Spread the love
Read Also  അസാം പൗരത്വ പട്ടികയും ബിജെപിയുടെ രാഷ്ട്രീയക്കളികളും

Leave a Reply