Sunday, January 16

ഹരികൃഷ്ണന്‍ അനുസ്മരണ സമ്മേളനം നാളെ കൊല്ലത്ത്. രണ്ടാമത് ഹരിയോര്‍മ്മ പുരസ്കാരം കവി വിഷ്ണുപ്രസാദിന്

ഹരികൃഷ്ണന്‍

 

ചിത്രകാരനും കവിയും വിമര്‍ശകനും പരസ്യചിത്രസംവിധായകനും ആദ്യകാലത്തെ പ്രശസ്ത ബ്ലോഗറുമായിരുന്ന ഹരികൃഷ്ണന്‍ അകാലത്തില്‍ അന്തരിച്ചിട്ട് നാളെ രണ്ടു വര്‍ഷമാകുന്നു.

ഹരികൃഷ്ണന്‍റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രണ്ടാമത് ഹരിയോര്‍മ്മ പുരസ്കാരം കവി വിഷ്ണുപ്രസാദിനാണ്. കഴിഞ്ഞ വര്‍ഷം ആദ്യ പുരസ്കാരം കവി സച്ചിദാനന്ദനായിരുന്നു നല്കിയത്.

കവി വിഷ്ണുപ്രസാദ്

രണ്ടാമത് ഹരിയോര്‍മ്മ സൗഹൃദസമ്മേളനവും പുരസ്കാരസമര്‍പ്പണവും നാളെ (ജൂലായ് 28 ശനിയാഴ്ച) വൈകിട്ട് ആറ് മണിക്ക് കൊല്ലം ആശ്രാമത്തുള്ള 8 പോയിന്‍റ് ആര്‍ട്ട് കഫേയില്‍ നടക്കും. കവി കുരീപ്പുഴ ശ്രീകുമാറാണ് അവാര്‍ഡ് ദാനം നിര്‍വ്വഹിക്കുന്നത്. കൊല്ലം കോര്‍പ്പറേഷന്‍ മേയര്‍ വി.രാജേന്ദ്രബാബു അധ്യക്ഷനാകുന്ന ചടങ്ങില്‍ എഴുത്തുകാരനും രാഷ്ട്രീയചിന്തകനുമായ കെ.പി.നന്ദകുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തും. ചടങ്ങിനെ തുടര്‍ന്ന് ഹരിക്ക് ഏറ ഇഷ്ടമുണ്ടായിരുന്ന പാട്ടുകള്‍ സുഹൃത്തുക്കള്‍ ആലപിക്കും.

സര്‍ഗ്ഗാത്മകപ്രതിഭയുടെയും ഉന്നതമായ ചിന്തയുടെയും ഊഷ്മളസൗഹൃദത്തിന്‍റെയും മേഖലയില്‍ പുറംലോകത്തും ഓണ്‍ലൈനിലും സജീവമായിരുന്ന ഹരികൃഷ്ണന്‍ 2016 ജൂലൈ 28നാണ് അര്‍ബുദത്താല്‍ അകാലത്തില്‍ മരണമടഞ്ഞത്. പരാജിതന്‍ എന്ന ഹരികൃഷ്ണന്‍റെ ബ്ലോഗ് എഴുത്തിന്‍റെ കനത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളതാണ്. ഹരികൃഷ്ണന്‍റെ അടുത്ത സുഹൃത്താണ് പുരസ്താരത്തിനര്‍ഹനായ കവി വിഷ്ണുപ്രസാദ് എന്നുള്ളതും ഇരുവരെയും അറിയാവുന്ന ചങ്ങാതികളെ സന്തോഷിപ്പിക്കുന്നു.

Spread the love