Thursday, January 20

ഡൽഹിയിൽ പുതിയ രാഷ്ട്രീയ നീക്കങ്ങൾ; കോൺഗ്രസ് വിട്ടുനിൽക്കുന്നു

നിതി ആയോഗിന്റെ ഗവേണിങ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയില്‍ എത്തിയ മുഖ്യമന്ത്രിമാരായ മമതാ ബാനർജി, ചന്ദ്രബാബു നായിഡു, എച്ഡി കുമാരസ്വാമി, പിണറായി വിജയൻ എന്നിവർ ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായി കൂടിക്കാഴ്ച നടത്തി. കെജ്രിവാളിന്റെ വസതിയിലെത്തിയാണ് നാല് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാർ തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചത്. നേരത്തെ കേജ്‌രിവാളിനെ രാജ്‌നിവാസില്‍ സന്ദര്‍ശിക്കാന്‍ അനുമതി തേടി നാലുമുഖ്യമന്ത്രിമാരും ഗവര്‍ണര്‍ അനില്‍ ബൈജാലിന് കത്തു നല്‍കിയിരുന്നു. ഗവർണ്ണർ അനുമതി നിഷേധിച്ചതോടെയാണ് കേജ്‌രിവാളിന്റെ വസതിയില്‍ നാലുമുഖ്യമന്ത്രിമാരും കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

ഫെഡറല്‍ സംവിധാനത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്രത്തിന്റെ ശ്രമം രാജ്യത്തിനു ഭീഷണിയാണെന്നും ജനാധിപത്യ വിശ്വാസികളായ എല്ലാവരും ഡല്‍ഹി മുഖ്യമന്ത്രിക്കൊപ്പമാണെന്നും പിണറായി വിജയൻ ഡൽഹിയിൽ പറഞ്ഞു. നിലവിലെ പ്രശ്നങ്ങൾക്ക് ഉത്തരവാദി കേന്ദ്രസർക്കാർ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

സർക്കാരിനെ സുഗമമായി പ്രവർത്തിക്കാൻ ഗവർണ്ണർ അനുവദിക്കണമെന്നും കെജ്രിവാളിനുള്ള പിന്തുണ അറിയിക്കാനാണ് താനാണ് എത്തിയത് എന്നുമായിരുന്നു ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രതികരണം.

വിഷയത്തിൽ അടിയന്തിരമായി പ്രധാനമന്ത്രി ഇടപെടണമെന്നും തങ്ങളുടെ പിന്തുണ കെജ്‌രിവാളിനെ അറിയിക്കാനാണ് എത്തിയത് എന്നുമായിരുന്നു കർണ്ണാടക മുഖ്യമന്ത്രി എച് ഡി കുമാരസ്വാമിയുടെ പ്രതികരണം.

ഡൽഹിയിലെത്തി ഭരണഘടനാ പ്രതിസന്ധിയാണെന്നായിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. സാധാരണക്കാർക്കും സർക്കാരിനും ബുദ്ധിമുട്ട് അനുഭവിക്കേണ്ടിവരുന്ന ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും അവർ പറഞ്ഞു.

ഐഎഎസ് ഓഫീസർമാർ സംസ്ഥാന സർക്കാരിനോടുള്ള നിസ്സകരണം അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ടാണ് കേജ്‌രിവാള്‍ ഗവര്‍ണറുടെ വസതിയായ രാജ്‌നിവാസില്‍ സമരം ചെയ്യുന്നത്. ആം ആദ്മി പാർട്ടി നേതാക്കളായ മനീഷ് സിസോദിയ, സത്യേന്ദര്‍ ജയിന്‍,ഗോപാല്‍ റായ് എന്നിവരും കെജ്രിവാളിനൊപ്പം സത്യാഗ്രഹം അനുഷ്ഠിക്കുകയാണ്.

അതിനിടെ, ഡൽഹി സർക്കാരിനെ അട്ടിമറിക്കാനായി കേന്ദ്രം അധികാരം ദുർവിനിയോഗം ചെയ്യുകയാണെന്നാരോപിച്ച് ആം ആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ ഇന്നു വൈകിട്ട് നാലുമണിയോട് കൂടി പ്രധാനമന്ത്രിയുടെ ഓഫിസിലേക്കു പ്രതിഷേധ പ്രകടനം നടത്തും.

എന്നാൽ കേന്ദ്ര സർക്കാരിനെതിരെയും ബിജെപിക്കെതിരെയും ആം ആദ്മി പാർട്ടി ഉയർത്തിയ രാഷ്ട്രീയ നീക്കങ്ങളെ ഏകോപിപ്പിക്കാൻ കോൺഗ്രസ്സിന് കഴിഞ്ഞില്ല. ഡൽഹിക്ക് പൂർണ്ണ സംസ്ഥാനപദവി അനുവദിച്ചാൽ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തുണക്കുമെന്ന് നേരത്തെ അരവിന്ദ് കെജ്രിവാൾ വ്യക്തമാക്കിയിരുന്നു. ഈ ഒരു സാഹചര്യത്തിലാണ് കോൺഗ്രസ് ഇത്തരമൊരു രാഷ്ട്രീയ നീക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നത് എന്നറിയുന്നു.

അതേസമയം കോൺഗ്രസ് ഇതര രാഷ്ട്രീയ മുന്നേറ്റമാണ് ഡൽഹിയിൽ അരവിന്ദ് കെജ്രിവാളിനെ സന്ദർശിച്ചതിലൂടെ നടന്നതെന്ന രാഷ്ട്രീയ നിരീക്ഷണങ്ങളും ഉയരുന്നുണ്ട്.

Spread the love
Read Also  യോഗ വ്യാപിപ്പിക്കുമെന്ന് മുഖ്യമന്ത്രി; ആഗോള വെല്ലുവിളികൾക്ക് പരിഹാരമെന്ന് പ്രധാനമന്ത്രി

Leave a Reply