Thursday, January 20

മിസ്റ്റര്‍ പ്രധാനമന്ത്രീ, മിന്നുന്നതെല്ലാം പൊന്നല്ല

ഇന്ന് സര്‍ ചന്ദ്രശേഖര്‍ വെങ്കിട്ട രാമന്‍ എന്ന സര്‍ സി വി രാമന്‍റെ 48ാം ചരമദിനമായിരുന്നു. ചരമദിനത്തിന്‍റെ ഓര്‍മ്മയില്‍ സി വി രാമന്‍ എന്ന തമാശക്കാരനെയും നിഷേധിയെയും സ്മരിക്കുന്നു.

നോബല്‍ സമ്മാനം നേടിയ ആദ്യ ഏഷ്യക്കാരനാണ് സര്‍ സി വി രാമന്‍. വിദ്യാര്‍ത്ഥിയായ കെ എസ് കൃഷ്ണനൊപ്പം കണ്ടുപിടിച്ച രാമന്‍ ഇഫക്ട് ഊര്‍ജ്ജതന്ത്രത്തിന്‍റെ മേഖലയില്‍ ഇന്ത്യ കൈവരിച്ച മഹത്തായ നേട്ടമാണ്.

വാണിജ്യ, സാമ്പത്തികമേഖലകളായിരുന്നു ആദ്യം അദ്ദേഹത്തിന്‍റെ തൊഴില്‍രംഗം. 1917ല്‍ കല്കട്ട സര്‍വ്വകലാശാലയില്‍ പാലിത് പ്രൊഫസറായി നിയമിതനായതോടെയാണ് അദ്ദേഹം ശാസ്ത്രജ്ഞനെന്ന നിലയിലേക്ക് ഉയര്‍ത്തപ്പെട്ടത്. 1930ലാണ് നോബേല്‍ സമ്മാനം നല്കി സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ആദരിച്ചത്.

രാഷ്ട്രീയക്കാരോടും ഗവണ്മെന്‍റുകളോടും സര്‍ സി വി രാമന് അങ്ങേയറ്റം പുച്ഛമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍റെ ജീവചരിത്രം നല്കുന്ന സൂചന. അതിനാല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും നിരവധി വെല്ലുവിളികള്‍ അദ്ദേഹത്തിന് ഏറ്റിരുന്നു. നോബേല്‍ സമ്മാനം ലഭിച്ച ശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറായി അദ്ദേഹം നിയമിതനായി. എന്നാല്‍ ആഭ്യന്തമായ ശത്രുതകള്‍ ഏറിയതിനാല്‍ ഏറെക്കാലത്തിനകം അദ്ദേഹത്തിന് ആ സ്ഥാനം ഒഴിയേണ്ടി വന്നു.

ജീവചരിത്രപ്രകാരം അദ്ദേഹം വലിയ തമാശക്കാരനായിരുന്നുവെന്ന് കാണാം. തമാശകൊണ്ട് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിനെ അദ്ദേഹം വിഡ്ഢിയാക്കി പരിഹസിച്ചിട്ടുണ്ട്. സംഭവം ഇങ്ങനെയാണ്. 1948ല്‍ ബാംഗ്ലൂരിലെ രാമന്‍ ഗവേഷണകേന്ദ്രം സന്ദര്‍ശിക്കാനെത്തിയ ജവഹര്‍ലാല്‍ നെഹ്രുവിനെ സി വി രാമന്‍ ആദരിച്ച് സ്വീകരിച്ചു. എന്നിട്ട് അള്‍ട്രാ വയലറ്റ് രശ്മികളുള്ള തന്‍റെ പരീക്ഷണശാലയിലേക്ക് കൊണ്ടുപോയി. ചെമ്പിന്‍റെയും സ്വര്‍ണ്ണത്തിന്‍റെയും ഓരോ കഷണം എടുത്ത് നെഹ്രുവിന് മുന്നില്‍ വെച്ചു. ഏതാണ് സ്വര്‍ണ്ണമെന്ന് പറയാന്‍ ആവശ്യപ്പെട്ടു. അള്‍ട്രാ വയലറ്റ് രശ്മികളേറ്റ് ചെമ്പ് കൂടുതല്‍ തിളങ്ങുന്നുണ്ടായിരുന്നു. അതിനാല്‍ നെഹ്രു ചെമ്പിനെ സ്വര്‍ണ്ണമായി തിരഞ്ഞെടുത്തു. നിരവധി തവണ ഇതേ തിരഞ്ഞെടുപ്പ് ആവര്‍ത്തിച്ചപ്പോള്‍, മിസ്റ്റര്‍ പ്രധാനമന്ത്രീ, മിന്നുന്നതെല്ലാം പൊന്നല്ല എന്നാണ് പൊട്ടിച്ചിരിച്ച് സി വി രാമന്‍ കളിയാക്കിയത്.

ഉമാ പരമേശ്വരന്‍ എഴുതിയ സി വി രാമന്‍: ജീവചരിത്രം എന്ന പുസ്തകത്തിലാണ് ഈ വിവരണം ഉള്ളത്. നെഹ്രു ചെമ്പ് കഷണം വീണ്ടും വീണ്ടും തെരഞ്ഞെടുത്തു. അത് നെഹ്രുവിന്‍റെ ബുദ്ധിയുടെ വെളിച്ചമില്ലായ്മയായതിനാല്‍ സി വി രാമന് നെഹ്രുവിനെ ഇഷ്ടമല്ലായിരുന്നു എന്നാണ് ജീവചരിത്രം വിവരിക്കുന്നത്.

തമാശയ്ക്കപ്പുറം സര്‍ സി വി രാമന്‍ അങ്ങേയറ്റം നിഷേധിയുമായിരുന്നുവത്രെ. തന്‍റെ കോട്ടില്‍ ഒരിക്കലും അദ്ദേഹം ദേശീയതയുടെ ചിഹ്നങ്ങള്‍ അണിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ദേശീയ ആസൂത്രണ കമ്മിറ്റിയില്‍ നിന്നും അദ്ദേഹം ഒഴിഞ്ഞു നിന്നു. നെഹ്രുവിന്‍റെ ശാസ്ത്ര കാഴ്ചപ്പാടുകളുടെയും നയങ്ങളുടെയും കടുത്ത വിമര്‍ശകനായിരുന്നു സി വി രാമന്‍. സി എസ് ഐ ആര്‍ പോലുള്ള സ്ഥാപനങ്ങളും പരീക്ഷണശാലകളും സ്ഥാപിക്കുന്നതിന് സി വി രാമന്‍ എതിരായിരുന്നു. ശാസ്ത്രജ്ഞന്മാരിലും ശാസ്ത്രമേഖലയിലും സര്‍ക്കാര്‍ നിയന്ത്രണത്തെ മരണം വരെയും അദ്ദേഹം എതിര്‍ത്തു.

ശാസ്ത്രത്തിന് കെട്ടുപാടുകളില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ നിലപാട്. തന്‍റെ സ്ഥാപനത്തിന് ലഭിക്കാവുന്ന എല്ലാ സര്‍ക്കാര്‍ ധനസഹായവും സ്വാതന്ത്ര്യത്തിന്‍റെ പേരില്‍ അദ്ദേഹം നിരസിച്ചിരുന്നുവെന്നതും അദ്ദേഹത്തിലെ നിഷേധത്തിന് അങ്ങേയറ്റം തെളിവാണ്.

 

Read Also  ബി ടെക് സ്പോട്ട് അഡ്മിഷൻ മാറ്റി

 

 

Spread the love

Leave a Reply