ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് 5:2 ഫോർമുല നടപ്പിലാക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇത് പ്രകാരം ആഴ്ചയിൽ അഞ്ച് ദിവസം ശബരിമല ദർശനത്തിനായി ആണുങ്ങൾക്ക് നീക്കി വെക്കുമ്പോൾ രണ്ട് ദിവസം സ്ത്രീകൾക്കായി നീക്കി വെക്കാമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയെത്തിയ യുവതികളുടെ ഹർജിയിൽ സർക്കാരിന്റെ നിലപാട് ചോദിച്ചപ്പോഴാണ് സ്റ്റേറ്റ് അറ്റോർണി ഈ നിലപാട് അറിയിച്ചത്.
സ്ത്രീകൾക്ക് ശബരിമലയിൽ പോകാനുള്ള ഭരണഘടനാ അവകാശം പോലെ തന്നെ സുരക്ഷയും പരിഗണന അർഹിക്കുന്ന വിഷയം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. യുവതികൾക്ക് പ്രവേശനത്തിന് എന്ത് സൗകര്യം ഒരുക്കാൻ കഴിയുമെന്ന് അറിയിക്കാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. പത്ത് ദിവസം സമയം ചോദിച്ചെങ്കിലും ഒരാഴ്ചക്കകം മറുപടി നൽകാൻ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.
ശബരിമലയിൽ പോകാൻ സംരക്ഷണം തേടിയാണ് യുവതികൾ കോടതിയെ സമീപിച്ചത്. സംരക്ഷണം നൽകാൻ സർക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നാലുപേരാണ് ഹർജി നൽകിയത്. നേരത്തെ ശബരിമലയിൽ പോകാൻ ശ്രമിച്ച യുവതികളെയെല്ലാം സംഘടിതമായി തടയുന്ന സ്ഥിതി ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ പോലീസ് സംരക്ഷണം കൂടാതെ പോകാനാകില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി.