Sunday, January 16

ഒരിക്കലും പാടിത്തീരാത്ത ഒരു കവിതപോലെ ചിലയിടങ്ങളിൽ അത് നിങ്ങളുടെ കണ്ണ് നനയിപ്പിച്ചേക്കാം

ഒരിക്കലും പാടിത്തീരാത്ത ഒരു കവിതപോലെ ഒഴുകുന്ന പ്രണയമാണ് വിജയ് സേതുപതിയുടെയും തൃഷ കൃഷ്ണന്റെയും 96. ഒഴുകുംതോറും മനസ്സിന്റെ ഓരങ്ങളെ തണുത്ത കുഞ്ഞിതിരകളാൽ നനയിപ്പിക്കുകയും ആദ്യപ്രണയത്തിന്റെ, പ്രണയനഷ്ടത്തിന്റെ നനുത്ത ഓർമകളെ മടക്കിക്കൊണ്ടുവരികയും ചെയ്യുന്ന മധുരതരമായ പ്രണയസിംഫണി..

ചിലയിടങ്ങളിൽ അത് നിങ്ങളുടെ കണ്ണ് നനയിപ്പിച്ചേക്കാം, ഒരിക്കലും സ്വന്തമാകില്ലെങ്കിലും ഓർമപുസ്തകത്തിൽ നിന്ന് പുറത്തെടുത്തു ആരെയും കാണിക്കാതെ നിങ്ങൾക്കുമാത്രം ആസ്വദിക്കാനാവുന്ന വേദനകളുടെയും നെഞ്ചിടിപ്പിന്റെയും നിശ്വാസങ്ങളുടെയും സ്നേഹത്തിന്റെയും ഓർമ്മകൾ ഉണർത്തിയേക്കാം, അതുമല്ലെങ്കിൽ സിനിമയിൽ രാമചന്ദ്രൻ പറയുന്നതുപോലെ സമയത്തിനെ തന്നെ അത് മരവിപ്പിച്ചേക്കാം.

സിനിമ തുടങ്ങുമ്പോൾ സ്വതന്ത്രമായി ഒഴുകുന്ന ഒരിളം കാറ്റുപോലെ മനോഹരമായ ഫ്രയിമുകളിൽ ട്രാവൽ ഫോട്ടോഗ്രാഫറായ വിജയ് സേതുപതിയുടെ രാമചന്ദ്രനെയാണ് നാം കാണുന്നത്.അലസമായ മുടിയും വേഷവും താൻ ഫോട്ടോഗ്രഫി പഠിപ്പിക്കുന്ന കുട്ടികളോടുള്ള അയാളുടെ ചെറിയ ചെറിയ കാർക്കശ്യങ്ങളും. എപ്പോഴും ഓര്മകള്ക്കുള്ളിലാണ് അയാൾ ജീവിക്കുന്നതെന്ന് നമുക്ക് തോന്നിയേക്കാം.96 കാലഘട്ടത്തിൽ പഠിച്ച രാമചന്ദ്രന്റെ കൂട്ടുകാരുമായുള്ള കൂടിച്ചേരലിൽ അവന്റെ ആദ്യപ്രണയമായ ജാനകി ദേവിയെ വീണ്ടും കാണുമ്പോഴാണ് സിനിമ അതിന്റെ കവിതപോലെ സുന്ദരമായ ഒഴുക്ക് കൈവരിക്കുന്നത്.
ആദ്യപ്രണയത്തിൽ അവര് കൈമാറുന്ന നോട്ടങ്ങൾ, അവന്റെ നെഞ്ചിന്റെ താളം മുറുക്കുന്ന അവളുടെ സ്പര്ശനങ്ങൾ, അവനായി മാത്രമെന്നോണം അവൾ പാടിത്തീർക്കുന്ന എസ് ജാനകിയുടെ പാട്ടുകൾ.ഇങ്ങനെ രാമചന്ദ്രന്റെയും ജാനകിയുടെയും പ്രണയകാലത്തിന്റെ ഗൃഹാതുരമായ ഓർമ്മകൾ. ഇരുപത്തിരണ്ടു വർഷത്തിന് ശേഷമുള്ള അവരുടെ കൂടിക്കാഴ്ചയിൽ പിന്നോട്ടോടുന്നത് കാലങ്ങളാണ് ഓർമകളാണ്.സ്വന്തമല്ലാത്ത,അങ്ങോട്ടുമിങ്ങോട്ടും ഒന്നും അവകാശപ്പെടാനില്ലാത്ത ഓർമകളിൽ ജീവിക്കുന്ന രണ്ടു ജീവിതങ്ങൾ വീണുകിട്ടിയ ചില നിമിഷങ്ങളെ നെഞ്ചോടു ചേർക്കുകയാണ്.

വിജയ് സേതുപതിയുടെയും തൃഷയുടെയും കരിയറിലെ തന്നെ മികച്ച പ്രകടനമാണ് 96. മിതത്വത്തിന്റെ ഭംഗിയും ലാളിത്യവുമാണത്. ജാനകിയുടെയും രാമചന്ദ്രന്റെയും ചെറുപ്പകാലം അഭിനയിച്ച കുട്ടികളുടെ പ്രകടനം അവിസ്മരണീയമാണ്.
സേതുപതിയുടെ തന്നെ നടുവിലെ കൊഞ്ചം പാക്കാതെ കാണോം എന്ന സിനിമയുടെ ഛായാഗ്രാഹകനായ സി പ്രേംകുമാറാണ് 96 ന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. എത്രയോവട്ടം പറഞ്ഞു പഴകിയ പ്രണയം എന്ന വികാരത്തെ ഇത്രമേൽ കയ്യടക്കത്തോടുകൂടി എഴുതിയ അദ്ദേഹം അതിനുമപ്പുറം ഒഴുക്കോടെയാണ് സിനിമ സംവിധാനവും ചെയ്തിരിക്കുന്നത്. ഷണ്മുഖ സുന്ദരം ക്യാമറായാൽ തീർത്ത മികച്ച ഫ്രയിമുകൾ സിനിമയെ സാങ്കേതിമായും കലാപരമായും മികച്ചതാക്കുന്നു. പ്രണയം വിഷയമാകുന്ന സിനിമകളിൽ സംഗീതം ഒരു കഥാപാത്രം പോലെയാണ്. ഗോവിന്ദ് മേനോന്റെ സംഗീതം മഞ്ഞുപൊഴിയുന്നത് പോലെ സാന്ദ്രമാണ്. ചിലപ്പോഴൊക്കെ നുള്ളി നോവിക്കുന്ന വേദനയാണ്.

ആണിന്റെ പ്രണയം മാത്രം പറഞ്ഞു പോയ പ്രേമം പോലെയുള്ള സിനിമകളിൽ നിന്ന് 96നെ മനോഹരമാക്കുന്നത് രാമചന്ദ്രന്റെ പ്രണയം പോലെ തന്നെ സുന്ദരമായി ജാനകിയുടെ കണ്ണിലൂടെ അവളുടെ പ്രണയവും കാണിക്കുമ്പോഴാണ്. സമയത്തെ നിശ്ചലമാക്കുന്ന നെഞ്ചിടിപ്പിന്റെ താളങ്ങളെ ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്ന കേട്ടാലും കേട്ടാലും മതിവരാത്ത ആദ്യപ്രണയത്തിന്റെ ഓര്മക്കാലങ്ങളിലേക്കുള്ള തിരിച്ചു പോക്ക്  അതാണ് 96. ഇത് ചടുലമല്ല,പതിഞ്ഞ താളത്തിലാണ് സിനിമ ഒഴുകിപ്പരക്കുന്നത്. ഒരുപക്ഷെ പ്രണയനഷ്ടം ഒരിക്കലെങ്കിലും അറിഞ്ഞവർക്ക് മാത്രം അനുഭവിക്കാനാകുന്നത്ര പതിഞ്ഞ താളത്തിൽ.

Spread the love
Read Also  തീവ്രവാദം പരത്തുന്ന `സർക്കാർ` വിജയ്കും മുരുഗദോസിനുമെതിരേ തമിഴ് നാട് സർക്കാർ

Leave a Reply