Thursday, January 20

എ അയ്യപ്പനും ദിനേശ് ബാബുവും ഇന്ത്യൻ ബാങ്കും; സി ടി തങ്കച്ചൻ


എ.എൻ.ദിനേശ് ബാബു എന്ന ഞങ്ങളുടെ ദിനേശൻ 36 വർഷം ജോലി ചെയ്ത ഇന്ത്യൻ ബാങ്കിൽനിന്നും കഴിഞ്ഞ വർഷംഅടുത്തൂൺ പറ്റി.
ഏറ്റവും അടുത്ത സുഹൃത്തുക്കൾക്കായി ഒരു കുറിപ്പ് എഴുതി അയച്ചാണ് ഈ അടുത്തൂൺ വിവരം ദിനേശ് തെര്യപ്പെടുത്തിയത്.
അതിങ്ങനെ

” ആവർത്തനങ്ങളും തനിയാവർത്തനങ്ങളുമായി
36 വർഷം, കൃത്യമായി പറഞ്ഞാൽ 441 മാസം
ആയതിനാൽ അൽപ്പം അടുത്തൂൺ വിചാരങ്ങൾ
2017 സെപ്തംബർ 30 ശനി
അദൃശ്യ ഭാണ്ഡങ്ങൾ പേറി
ഉത്തരമറിയാത്ത സമസ്യകൾക്ക് ഉത്തരം തേടി
ആരോടും പരിഭവമില്ലാതെ
നഷ്ടബോധത്തിന്റെ കഷ്ടതകൾ തീരെയില്ലാതെ സൗഹൃദത്തിന്റെയും വിദ്വേഷത്തിന്റെയും ബാക്കിപത്രം
ബാക്കിയാക്കിത്തന്നെ നിലനിർത്തിക്കൊണ്ട്
ഞാനീ പടിയിറങ്ങട്ടെ………………………..”

അതെ ദിനേശ് അങ്ങനെ ഔദ്യോഗീകജീവിതത്തിന്റെ പടിയിറങ്ങി.
എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് ഈ മനുഷ്യൻ.
കലാപീഠത്തിൽ വെച്ചാണ് ഞാൻ ദിനേശനെ ആദ്യം കാണുന്നത്. അക്കാലത്ത് കലാപീഠത്തിലെ നിത്യ സന്ദർശകനായിരുന്നു ഞാൻ.
ദിനേശനും കലാപീഠം സുഹൃത്തുക്കളും ചേർന്ന് എറണാകുളത്ത് കൊച്ചിൻ ഫിലിം സൊസൈറ്റിക്ക് രൂപം നൽകുന്ന കാലം.
കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ പ്രഥമ സെക്രട്ടറിയായിരുന്ന ദിനേശന് ഞാനൊരു കത്തയച്ചു. എതാണ്ടിങ്ങനെയായിരുന്നു ആ കത്ത്.
ഫിലിം സൊസൈറ്റി പ്രദർശിപ്പിക്കുന്ന സിനിമകൾ കാണാൻ ആഗ്രഹമുണ്ട് മെമ്പർഷിപ്പ് എടുക്കാനുള്ള കാശില്ല എനിക്ക് സിനിമ കാണാൻ അവസരം ഉണ്ടാക്കണം.
അക്കാലത്ത് തൊഴിലൊന്നുമില്ലാതെ തെണ്ടി നടക്കുകയായിരുന്നു ഞാൻ.
എനിക്ക് ദിനേശന്റെ മറുപടി വന്നു.
കൊച്ചിൻ ഫിലിം സൊസൈറ്റി രൂപവൽക്കരിച്ചതിനുശേഷം ആദ്യമായി കത്തെഴുതിയത് ഞാനായിരുന്നുവെന്ന് ദിനേശൻ എഴുതി. ‘താൻ പോര് സിനിമ കാണാം.’

അങ്ങനെ കൊച്ചിൻ ഫിലിം സൊസൈറ്റിയുടെ ഉദ്ഘാടനദിവസം ഞാൻ ചാവറ കൾച്ചറൽ സെന്ററിലെത്തി
മങ്കട രവിവർമ്മയാണ് ഉദ്ഘാടകൻ.
പ്രശസ്ത റഷ്യൻ സംവിധായകൻ ഐസെൻസ്റ്റൈന്റെ ബാറ്റിൽഷിപ്പ് പൊട്ടേംകിനാണ് ഉദ്ഘാടനചിത്രം. ‘
ചിത്രം പ്രദർശിപ്പിക്കുന്നതിനു മുൻപ് നീലന്റെ പ്രൗഢഗംഭീരമായ പ്രഭാഷണവുമുണ്ടായിരുന്നു
പ്രകൃതി, യന്ത്രം, മനുഷ്യൻ. അങ്ങനെ പറഞ്ഞാണ് നീലൻ ബാറ്റിൽഷിപ്പ് പൊട്ടേംകിനെക്കുറിച്ച് തന്റെ ഒരു മണിക്കൂർ നീണ്ട പ്രഭാഷണം നിർവ്വഹിച്ചത്.
കടൽ, കപ്പൽ നാവികർ, എന്തൊരനുഭവമായിരുന്നു ആ പ്രഭാഷണം.
അങ്ങനെയാണ് ദിനേശനുമായുള്ള തുടക്കം.
അന്ന് ദിനേശൻ ഇന്ത്യൻ ബാങ്കിന്റെ എം.ജി.റോഡ് ശാഖയിലായിരുന്നു.
കലാപീഠത്തിലെ പരിചയം പെട്ടെന്ന് സൗഹൃദമായി വളർന്നു. ഞാൻ ദിനേശന്റെ ബാങ്കിലെ നിത്യസന്ദർശകനായി. ദിനേശൻ എനിക്ക് ഊണു വാങ്ങിത്തന്നു. വൈകുന്നേരം ഞങ്ങളൊരുമിച്ചു ചാരായം കുടിച്ചു. ഞാൻ മാത്രമായിരുന്നില്ല അക്കാലത്ത് ദിനേശന്റെ ആഥിത്യം സ്വീകരിച്ചിരുന്നത്.. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ളവർ ദിനേശന്റെ ബാങ്കിലെത്തുമായിരുന്നു. കവി എ.അയ്യപ്പൻ, എ.നന്ദകുമാർ ( ഊണും ഉറക്കവും ബോണസും) ടി.ആർ, കേരളത്തിലെ നക്സൽ മൂവ്മെന്റിലുണ്ടായിരുന്ന സഖാക്കൾ, ഒഡേസാ പ്രവർത്തകർ. എല്ലാവരേയും ദിനേശൻ സന്തോഷത്തോടെ സ്വീകരിച്ചു. ആവശ്യമുള്ളവർക്ക് വണ്ടിക്കാശും ഭക്ഷണവും കൊടുക്കുന്ന ബാങ്കായി ദിനേശൻ മാറി എപ്പോഴും തുറന്നിരിക്കുന്ന ബാങ്ക്.

Read Also  ടി ആറും ഗുന്തര്‍ഗ്രാസും പിന്നെ ഞാനും: പ്രമുഖ കഥാകൃത്ത് ടി രാമചന്ദ്രനെ കുറിച്ച് സിടി തങ്കച്ചന്‍

ഒരു ദിവസം കവി അയ്യപ്പനെ പത്മജംഗ്ഷനിൽ വെച്ച് ഞാൻ കണ്ടു. ദിക്കറിയാതെ കറങ്ങിക്കളിക്കുകയാണ് അയ്യപ്പൻ. എന്നെ കണ്ടതും ഒരു പിടിവള്ളി കിട്ടിയ സന്തോഷത്തിലായി അയ്യപ്പൻ..
അയ്യപ്പൻ എന്റെ തോളിൽ കയ്യിട്ടു. നടക്കാൻ ലേശം ബുദ്ധിമുട്ടുണ്ട്. ഇടതുകാൽ നീരുവന്ന് വീങ്ങിയിട്ടുണ്ട്.
“ടേയ്, തൊണ്ട നനക്കിൻ വല്ല പാങ്ങുമുണ്ടോ “
അയ്യപ്പൻ എന്നോടു ചോദിച്ചു.
“വാ” ഞാൻ അയ്യപ്പനെ തൊട്ടടുത്തുള്ള ചാരായഷാപ്പിലേക്ക് നയിച്ചു.
കൈയ്യിൽ മുപ്പതു രൂപയുണ്ടു.
അന്ന് അരക്കുപ്പി മുപ്പതു രൂപയ്ക്ക് കിട്ടും
ഞങ്ങൾ അതും വിഴുങ്ങി പുറത്തിറങ്ങിയപ്പോൾ അയ്യപ്പൻ ഉഷാറായി. ഇപ്പോൾ കാലിന്റെ വേദന മാറിയെന്ന് അയ്യപ്പൻ പറഞ്ഞു.
“എടാ, നമ്മുടെ ദിനേശന്റെ ബാങ്ക് ഇവിടെ അടുത്തല്ലേ അവനെയൊന്നു കാണാം. എനിക്കൊന്നു തൃശൂരു പോണം. ഇത്തിരി കാശു വേണം”
ഞങ്ങൾ പത്മാജംഗ്ഷനിലുള്ള ഇന്ത്യൻ ബാങ്കിലെത്തി.
“ദിനേശൻ ലീവാണ്”
ബാങ്കിലെ സ്റ്റാഫ് എലിസബത്ത് പറഞ്ഞു.
പുറത്തു നിൽക്കുന്ന അയ്യപ്പനോട് ഞാൻ പറഞ്ഞു.
“.ദിനേശ് ലീവാണ്. “
“അതു സാരമില്ല. ദിനേശന്റെ ബാങ്കല്ലേ .
ഞാൻ സ്ഥിരം വരുന്നതല്ലെ എന്നെയെല്ലാവർക്കും നല്ല പരിചയമാ”
അയ്യപ്പൻ ബാങ്കിലേക്ക് കയറി
ബാങ്കിൽ അത്ര തെരക്കില്ല
അയ്യപ്പൻ ബാങ്കിലെ ജീവനക്കാരോടായി പറഞ്ഞു.
“സുഹൃത്തുക്കളെ ഞാൻ ദിനേശന്റെ ഫ്രണ്ടാ .
കവി എ.അയ്യപ്പൻ എന്നെ അറിയാവുന്നവർക്ക് മുന്നോട്ടു വരാം.”
ബാങ്കിന്റെ കൗണ്ടറിലിരുന്ന ഒരാൾ കാര്യം അന്വേഷിച്ചു.
“ഞാൻ ദിനേശനെ കാണാൻ വന്നതാ എനിക്കത്യാവശ്യമായി നൂറു രൂപ വേണം. നാളെ ദിനേശൻ വരുമ്പോൾ പറഞ്ഞാൽ മതി. അവൻ തിരിച്ചു തരും “
ആരും ഒന്നും മിണ്ടുന്നില്ല
അയ്യപ്പൻ വിടാനുള്ള ഭാവമില്ല.
“ഇനി നൂറു രൂപ ഇല്ലെങ്കിൽ സാരമില്ല. അൻപത് രൂപ കയ്യിലുള്ള സുഹൃത്തുക്കൾക്കും മുന്നോട്ടു വരാം “
ആരും പ്രതികരിച്ചില്ല.
ഇനി പത്തു രൂപ. പത്തു രൂപ തന്നാൽ നാളെ ദിനേശ് തിരിച്ചു തരും “
“ഇല്ലെങ്കിൽ ഒരു മൂന്നു രൂപ താ”
ആരും ഒന്നും മിണ്ടുന്നില്ല.
അയ്യപ്പനു ഭ്രാന്ത് കേറി.
“മൂന്നു രൂപ എടുക്കാൻ ഇല്ലാത്ത ഈ ബാങ്ക് എന്തു ബാങ്കാ? ആർക്കു വേണ്ടിയാ ഇതു തുറന്നു വെച്ചേക്കണെ ഷട്ടറിടടാ.”
അയ്യപ്പൻ രോഷം കൊണ്ടു തിളക്കുകയാണ്.
പെട്ടെന്ന് ഞാൻ ഇടപെട്ടു.
അയ്യപ്പണ്ണാ വാ ഞാൻ പതുക്കെ തോളിൽ കയ്യിട്ടു അയ്യപ്പനെ
പുറത്തേക്കു നയിച്ചു.

പിറ്റേന്ന് ദിനേശ് വന്നപ്പോൾ പരാതിയുമായ് ചില ജീവനക്കാരെത്തി.
ഇന്നലെ ദിനേശന്റെ സുഹൃത്താണെന്ന് പറഞ്ഞ് ഒരാളെത്തി ഒരു കവി എ അയ്യപ്പൻ നൂറു രൂപ വേണമെന്ന് പറഞ്ഞ് എന്തൊരു പെർഫോമൻസായിരുന്നു.
“എന്നിട്ട് നിങ്ങളാരെങ്കിലും അയ്യപ്പന് രൂപ കൊടുത്തോ? ”
ദിനേശന്റെ ചോദ്യത്തിന് ആരും ഉത്തരം പറഞ്ഞില്ല.
“എന്റെ ഒരു സുഹൃത്ത് അത്യാവശ്യത്തിന് എന്നെ കാണാനെത്തി. ഞാനില്ലാത്തതു കൊണ്ടല്ലേ അദ്ദേഹം കാശു ചോദിച്ചത്. ഞാൻ വരുമ്പോൾ തിരിച്ചു തരുമായിരുന്നല്ലോ?
മോശായിപ്പോയി. ”
ദിനേശ് പറഞ്ഞു.

Read Also  ഉമ്പായി, കൊച്ചിയുടെ പാട്ടുകാരന്‍: സി ടി തങ്കച്ചന്‍

അതാണ്‌ എ.എൻ ദിനേശ് ബാബു

Spread the love

Leave a Reply