ബഷീർ ഇഹലോകവാസം വെടിഞ്ഞിട്ട് ഈ ജൂലൈ അഞ്ചാം തീയതി കാൽനൂറ്റാണ്ടു തികയും. മലയാള കഥയിലെ കോവിലകങ്ങളും ഇല്ലങ്ങളും നാലുകെട്ടുകളും പൊളിച്ചു കളഞ്ഞയാളാണ് ബഷീർ. തലയോലപ്പറമ്പു ചന്തയിലും പ്രാന്തപ്രദേശങ്ങളിലും വിലസിയിരുന്ന ആനവാരി രാമൻ നായരും പൊൻകുരിശു തോമായും എട്ടുകാലി മമ്മൂഞ്ഞും അടക്കം സകല നാട്ടു പൗരൻമാരെയും ബഷീർ പുതുതായി പണിത കഥാ വീട്ടിൽ താമസിപ്പിച്ചു. സ്വയം നായകനായി അർമ്മാദിച്ച ബഷീർ തന്റെ വീട്ടിലെ സകലമാന രക്ത ബന്ധുക്കളെയും കഥാപാത്രങ്ങളാക്കി .പഴകിയ സാഹിത്യ ഭാവുകത്വവുമായി ബഷീറിനെ അളക്കാൻ ചെന്ന നിരൂപക നായൻമാർ ആനയേത് കുഴിയാനയേത് എന്നറിയാതെ ഭ്രമിച്ചു. എം.പി.പോൾ തൊട്ട് എം.എൻ.വിജയൻ വരെയുള്ള വിമർശകർക്കു ബഷീറിന്റെ രചനകൾ ആസ്വദിക്കാനായി. അനുകൂലമായും പ്രതികൂലമായും ഇത്രമാത്രം ആഘോഷിക്കപ്പെട്ട ഒരു കഥാകൃത്ത് ബഷീറിനെപ്പോലെ വേറെയാരുണ്ട് മലയാളത്തിൽ .

പാത്തുമ്മയുടെ ആടാണ് ഞാൻ ഏറെ വായിച്ചിട്ടുള്ളത്. ഒടുക്കമൊടുക്കം ആടിലെ കുട്ടികളുടെ പ്രസാദാത്മക ലോകം മാത്രമായി മനസ്സിൽ. എല്ലാ പഞ്ഞവും പടുതികളും കുട്ടികളുടെ നിഷ്കളങ്കതയിൽ മാഞ്ഞു പോകുന്നത് പാത്തുമ്മയുടെ ആടിൽ കാണാം. ചാമ്പങ്ങാ നോക്കി കൊതിയൂറി പോകുന്ന പെൺകിടാങ്ങളും തൊഴിലാളിയുടെ മകളായ സുഹാസിനിയും ഒക്കെ ഈ നിഷ്കളങ്കത പല ഭാവങ്ങളിൽ പ്രകടിപ്പിക്കുന്നവരാണ്. ബഷീറിന്റെ സഹോദരങ്ങളുടെ കുട്ടികളുടെ കഥ മാത്രമല്ല ആടിൽ. ബഷീറിന്റെ കുട്ടിക്കാലവും ഉണ്ട്. ബഷീറും അബ്ദുൾ ഖാദറും പുതുശ്ശേരി നാരായണപിള്ള സാറിന്റെ പള്ളിക്കൂടത്തിൽ പടിക്കുന്നതും നെയ് മോഷണവുമൊക്കെയുണ്ട്. പ്രായമായവരിലും കുട്ടികളുടെ സ്വഭാവം നിഴലിക്കുന്നതു പോലെ തോന്നും. ബഷീറിന്റെ ഉമ്മയും ബാപ്പയും രണ്ടു കൊച്ചു കുട്ടികളെ പോലെ ചിരിക്കുന്നതുപോലെ.

ബഷീറിന്റെ ഈ കുട്ടിക്കാലം തന്നെയാണ് ആനപ്പൂടയുടെയും കഥാപശ്ചാത്തലം. കൂടെ പഠിക്കുന്ന രാധാമണിയുടെ ആഗ്രഹം നിറവേറ്റാൻ ആന വാലു മോഷ്ടിക്കാൻ ശ്രമിക്കുന്ന കൊച്ചു ബഷീർ. സാഹിത്യ ജാംബവൻമാർക്കു വായിക്കാൻ വേണ്ടിയുള്ള തല്ല ബഷീറിന്റെ എഴുത്ത്. അതിന്റെ വക്കിൽ കുട്ടികളുടെ കുസൃതികൾ പൂത്തുമ്പികളെപ്പോലെ പാറിക്കളിക്കുന്നു.
കേരളത്തിലെ നാട്ടിൻ പുറത്തിന്റെ പഴയ കാല ചിത്രം ബഷീർ പകർത്തിയതുപോലെ ആർക്കു പകർത്താൻ കഴിഞ്ഞിട്ടുണ്ട്. ആനകളും ആളുകളും കുളിക്കുന്ന ആ ആറ്റുകടവിന്റെ ചിത്രം എത്ര ഹൃദ്യം. ‘സർവ്വമാനപേരും ആനകളും കുളിക്കുന്നതു കടത്തു കടവിലാണ്. വലിയ നദി. കണ്ണുനീരു പോലുള്ള വെള്ളം .വേനൽക്കാലത്ത് ആളുകൾ നീന്തിപ്പോകും. ചെളി തീരെ ഇല്ല. നല്ല മുഴുപ്പുള്ള വെള്ളമണലാണ്. അക്കരെ പുരാതനീയമായ ഒരു കള്ളുഷാപ്പുണ്ട്. നീന്തലുകാരെല്ലാം കള്ളുഷാപ്പിൽ പോകുന്നവരാണ്. ഒരു കുളിയും പാസ്സാക്കി കള്ളുകുടിക്കാം. നദിയിൽ കരയോടു ചേർന്ന് വെള്ളത്തിൽ മൂന്ന് ആനകൾ കിടക്കുന്നു.’

 

എത്ര തെളിച്ചമുള്ള വർണ്ണന. അക്ഷരം വെളിച്ചമാണ്. ബഷീർ അക്ഷരങ്ങളെ സ്പർശിക്കുമ്പോൾ വെളിച്ചത്തിനെന്തു വെളിച്ചം.
ആനപ്പൂടയിലെ കഥ അതു വരെ വളരെ സാധാരണ രീതിയിലാണ്. കുസൃതിക്കുരുന്നുകളുടെ ലോകത്തെപ്പറ്റിയുള്ള കഥനം. എന്നാൽ അവസാന ഭാഗത്ത് ബഷീറിലെ കഥാ ഭൈരവൻ ഉണർന്നുയരുന്നു. ‘വെള്ളത്തിൽ മൂന്ന് ആനകൾ കിടക്കുന്നു. നടുക്കു കിടക്കുന്നതാണ് കൊമ്പൻ . അവന്റെ വാലാകുന്നു മോഷ്ടിക്കേണ്ടത്. ‘

Read Also  ജനനത്തേയും മരണത്തേയും ആഘോഷിക്കുന്നവരാണ് ദളിതുകൾ.അതുകൊണ്ട് തന്നെ ജീവിതം ഉറപ്പിക്കുന്ന സംസ്കാരം അവരിലുണ്ട് ..

ആ മോഷണം ആന ബഹളത്തിൽ കലാശിക്കുന്നു. മുങ്ങാങ്കുഴിയിട്ട് ആന വാലിൽ കിടക്കുന്ന കൊച്ചു ബഷീർ രക്ഷപ്പെടുന്നു. ആന വിരണ്ടതു കണ്ടു പേടിച്ചു മണ്ടിയ സകലരും രക്ഷപ്പെടുന്നു. രക്ഷപ്പെട്ട ബഷീറിന്റെ മുണ്ടു നഷ്ടപ്പെടുന്നു. ഉമ്മാ പറഞ്ഞ് സകലരുടെയും മുണ്ടുപോയ വിവരം ബഷീർ അറിയുന്നു. ‘ആന വിരണ്ട ബഹളത്തിൽ ആളുകൾ തുണിയും കോണകവുമില്ലാതെ ത ട്ടിയും മുട്ടിയും വീണു. ജീവനും കൊണ്ട് ഓടി. ആ കൂട്ടത്തിൽ പരിപൂർണ്ണ നഗ്നരായി ബാപ്പാ ,മാമാ, പത്മനാഭൻ നായർ, കൃഷ്ണൻ, ശങ്കരൻ കുട്ടി, നത്തു ദാമു , ഔസേപ്പു മാപ്പിള എന്നിവർ നാട്ടുവഴിയേ ഓടി ചില തോടുകളിലൂടെ ഞങ്ങളുടെ പറമ്പിൽ കയറി വീട്ടിലെത്തി. ‘
കിടന്നു മുള്ളുന്നു എന്ന് ആക്ഷേപിച്ച് ബഷീറിനെതിരെ വിധി പ്രഖ്യാപിച്ചവരാണ് തുണി പോയ പ്രമുഖരെല്ലാം. നീതിയും സത്യസന്ധതയും നഷ്ടപ്പെട്ടു പോയി എന്നു ഹാസ്യാത്മകമായി പല പ്രാവശ്യം കഥയിൽ കൊച്ചു ബഷീർ പ്രസ്താവന നടത്തുന്നുണ്ട്. അങ്ങനെ സത്യത്തെ അവഗണിച്ച് തനിക്ക് നീതി നിഷേധിച്ചവരെല്ലാം നടുവഴിയിൽ ഉടുതുണി പോയി നിൽക്കുന്നു.
കഥ മംഗളകരമായി സമാപിക്കുന്നു. ആനയെ കടിച്ച സാഹസികതയെ മാനിച്ച് ബാപ്പ ബഷീറിന് ആനവാല് ആനക്കാരുടെ കൈയിൽ നിന്ന് മേടിച്ചു കൊടുക്കുന്നു. ബഷീർ രാധാമണിക്ക് ആനവാൽ കൊടുത്തു .എന്നിട്ട് വീരശൂരപരാക്രമിയായി കൂട്ടുകാരോടും ലോകത്തിനോടുമായി പറഞ്ഞു.
‘ബ്ളുങ്കോ’

സാഹിത്യത്തിലെ ആഢ്യ ഭാവനകളുടെ സകല ഉടുപുടവകളും വലിച്ചെറിഞ്ഞു കളഞ്ഞ ബഷീർ കഥയുടെ ആന വാലുമായി മലയാളി ബാല്യങ്ങളുടെ മുന്നിൽ നിന്നു പറയുന്നു
‘ബ്ളുങ്കോ ‘

കുട്ടികളുടെയും മുതിർന്നവരുടെയും നിഷ്കളങ്കതയുടെ ഉത്സവമാണ് ബഷീറിന്റെ കഥാലോകത്തിലെ വലിയ ഒരു പ്രദേശത്തു നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here