Thursday, January 20

എന്തിനീ ഡിസ്റ്റിലറികള്‍ എന്തിനീ ബ്രൂ വെറികള്‍ എന്‍ പ്രിയ നാടനെന്നരികിലുണ്ടേല്‍…

മദ്യം എന്‍റെ ആവശ്യമാണ്, മാര്‍ക്സിസം എന്‍റെ ദര്‍ശനവും എന്ന് അമ്മ അറിയാന്‍ എന്ന സിനിമയില്‍ ജോണ്‍ എബ്രഹാം മദ്യശാലയില്‍ വെച്ച് കഥാപാത്രത്തെക്കൊണ്ട് പറയിക്കുന്നുണ്ട്. മദ്യത്തെയും രാഷ്ട്രീയത്തെയും കുറിച്ചുള്ള കലാകാരന്‍റെ കാഴ്ചപ്പാടാണ് അത്.

കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മദ്യം നികുതിയിനത്തില്‍ സര്‍ക്കാരിനുണ്ടാക്കിയ വരുമാന നേട്ടത്തെക്കാള്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുണ്ടാക്കിയിട്ടുള്ള നേട്ടം ചില്ലറയൊന്നുമല്ല. കഴിഞ്ഞ യു ഡി എഫ് ഭരണത്തെ തൂത്തെറിഞ്ഞ് കേരളഭരണം നേടാന്‍ മാര്‍ക്സിസ്റ്റ് പാര്‍ട്ടി നയിക്കുന്ന എല്‍ ഡി എഫിന് മദ്യമായിരുന്നു രക്ഷയ്‌ക്കെ
ത്തിയതെന്ന് കേരളത്തിലെ മഹാഭൂരിപക്ഷം കുടിയന്മാര്‍ക്കും അറിവുള്ളതുമാണ്.

അന്ന് ബാര്‍ കോഴക്കേസില്‍ ആരോപണവിധേയരില്‍ മുഖ്യനായിരുന്ന കെ എം മാണിയെ പിന്നീട് രാഷ്ട്രീയമായി വലയില്‍ വീഴ്ത്താന്‍ ശ്രമിച്ചതും, മാണിക്കേസ് വിജിലന്‍സ് മന്ദതയില്‍ ഇഴയുന്നതും, മറ്റൊരു പ്രധാന അഴിമതിയാരോപിതനായ അന്നത്തെ എക്സൈസ് മന്ത്രി കെ. ബാബുവിന്‍റെ കേസ് എന്തായി എന്നുപോലും അന്വേഷിച്ചാലല്ലാതെ അറിവില്ലെന്നും മദ്യശാലകളില്‍ ചിലരെങ്കിലും അടക്കം പറയാറുണ്ട്. ഇവിടെ രാഷ്ട്രീയം പാടില്ല എന്ന ബോര്‍ഡ് ഇല്ലെങ്കിലും അതൊരു വഴക്കമായി മാറി കഴിഞ്ഞിട്ടുള്ളതിനാല്‍ ആരും ഉറക്കെ പറയാറില്ലെന്ന് മാത്രം.

ജോണ്‍ എബ്രഹാമിന്‍റെ ചിന്തയോടടുക്കുന്ന കാഴ്ചപ്പാട് തന്നെയാണ് ബന്ധുജനസ്നേഹിയും, എല്‍ ഡി എഫ് ഭരണത്തില്‍ മന്ത്രിയായല്ലാതെ ഇരിക്കാന്‍ കഴിയാത്ത മുഖ്യമന്ത്രിയുടെ വിശ്വസ്തനും ആശ്രിതനുമായ രണ്ടാം ടേം വ്യവസായ വകുപ്പ് മന്ത്രിയും, സര്‍വ്വോപരി പാര്‍ട്ടി സമകാലസൈദ്ധാന്തികനുമായ ഇ.പി.ജയരാജനും പറഞ്ഞത്. മദ്യം നമ്മുടെ ആഹാരത്തിന്‍റെ ഭാഗമാക്കണമെന്ന്. അതെ അങ്ങനായാലേ ആവശ്യമാകൂ എന്ന് മറ്റാരെക്കാളും ജയരാജന് നന്നായറിയാം. അതവിടെ നില്കട്ടെ. കാരണം എല്ലാവരും അത് അങ്ങനെ ആക്കിയില്ലെങ്കിലും അങ്ങനെ പാലിക്കുന്ന താനുള്‍പ്പെടെയുള്ള നല്ലൊരു സമൂഹത്തെ ചിന്നപ്പയലിന് നേരിട്ടറിയാം.

മദ്യത്തിലേക്ക് നേരിട്ട് കടന്നല്ലെങ്കിലും അതിന്‍റെ ഉപയോഗത്തിലേക്ക് വിരല്‍ ചൂണ്ടാവുന്ന ഒരഭിപ്രായം അടുത്ത കാലത്ത് മുന്‍ കെ ടി ഡി സി ചെയര്‍മാന്‍ ചെറിയാന്‍ ഫിലിപ്പും പറയുകയുണ്ടായി. രാത്രികാല ടൂറിസത്തിന്‍റെ ആവശ്യകതയെപ്പറ്റി ചെറിയാന്‍ ഫിലിപ്പ് സൂചിപ്പിക്കുമ്പോള്‍ മദ്യശാലകള്‍ രാത്രിയിലും തുറക്കേണ്ടതിന്‍റെ ആവശ്യകത ചിന്തിക്കേണ്ടി വരും.

അതേ അടുത്ത കാലത്ത് കേരളത്തിലെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഭരണകൂടം ഏറ്റവുമധികം മദ്യത്തില്‍ മദിക്കുകയുണ്ടായി.  അനധികൃതമായി ബ്രൂവെറിയും ഡിസ്റ്റിലറികളും തുടങ്ങാനുള്ള അനുമതി ഇടതുസര്‍ക്കാരിന്‍റെ മദ്യനയത്തിലെ അഴിമതി പുറത്ത് കൊണ്ടു വന്നു.

അതൊക്കെ അവിടെ നില്ക്കട്ടെ. കേരളത്തിലെ മദ്യപാനികളുടെ കഷ്ടതകളെ പരിഗണിക്കാം. എ കെ ആന്‍റണി ചാരായഷാപ്പുകള്‍ നിര്‍ത്തലാക്കിയിടത്തു നിന്നാണ് കേരളത്തില്‍ മദ്യപാനികള്‍ കഷ്ടകാലത്തിലായത്. അതിന്‍റെ ഫലം തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ എ കെ ആന്‍റണി അനുഭവിക്കുകയും ചെയ്തു. അതില്‍ നിന്നറിയാം കേരളത്തിലെ മദ്യപാനികളുടെ നിര്‍ണ്ണയാവകാശം.

പിന്നീട് കാലാകാലം കേരളത്തിലെ സര്‍ക്കാരിനെ നിര്‍ണ്ണയിക്കുന്നതില്‍ മദ്യപാനികള്‍ പ്രധാന പങ്കാണ് വഹിച്ചിട്ടുള്ളത്. അടിക്കടി എന്നല്ല ദിനേന എന്നു പറയാവുന്ന തരത്തിലാണ് കേരളത്തില്‍ മദ്യത്തിന്‍റെ വില കുതിച്ചു കയറാറുള്ളത്. സര്‍ക്കാരിന് മുതല്‍ക്കുട്ടുന്നു എന്ന നിലയിലാണ് മദ്യപാനികള്‍ വിലക്കയറ്റത്തെ കരുതാറുള്ളത്. പ്രളയാനന്തരം ഓരോ കുപ്പിയിലും ഇരുപത് രൂപ മുതല്‍ വില കൂട്ടുകയുണ്ടായി.

കാര്യങ്ങള്‍ അങ്ങനെയാണെങ്കിലും മദ്യപാനികള്‍ക്ക് യാതൊരു ഉപഭോക്തൃസംരക്ഷണവും ഏര്‍പ്പെടുത്താന്‍ ഒരു സര്‍ക്കാരും ഇതുവരെ നടപടി എടുത്തിട്ടില്ല. കേരളത്തിലെ മദ്യശാലകളിലെ ലോക്കല്‍ കൗണ്ടറുകളാണ് ചൂഷണത്തിന്‍റെ ഏറ്റവും വലിയ പൊതുവിടം. കൂലിപ്പണിക്കാരും പാവങ്ങളുമായവരുടെ ലഹരികേന്ദ്രത്തില്‍ ഉപഭോക്തൃ ആവശ്യത്തിന് യാതൊരു പരിഗണനയുമില്ലെന്ന് മാത്രമല്ല ഒരു മാതിരി വേണേല്‍ മൂ..ക്കറ്റം കുടിച്ചു പോടാ എന്ന മനോഭാവവുമാണ്. ബാര്‍ ലൈസന്‍സിനാവശ്യമായ അത്യാവശ്യം ലൊട്ടുലൊടുക്കുകള്‍ കൊണ്ട് മുതലാളിമാര്‍ ചില്ലറയൊന്നുമല്ല സാധാരണക്കാരെ പറ്റിക്കുന്നത്. വൈകുന്നേരം ചന്തകളാകുന്ന ലോക്കല്‍ കൗണ്ടറുകളില്‍ പലതിനും വേണ്ടത്ര സ്ഥലസൗകര്യമോ ഇരിപ്പിടങ്ങളോ ഉണ്ടാകാറില്ല.

കേരളത്തില്‍ വില്കുന്ന മദ്യത്തിന് ഉപഭോക്തൃനിയമവുമായി വല്ല ബന്ധവുമുണ്ടോ. അങ്ങനെയാണെങ്കില്‍ വെറുതെയെങ്കിലും ബാറിന്റെ ലോക്കല്‍ കൗണ്ടറില്‍ നിന്നും കിട്ടുന്ന പെഗ്ഗിനെ ഒന്ന് പരിശോധിച്ചാല്‍ കൊള്ളാമെന്ന് ചിന്നപ്പയലിന് പലപ്പോഴും തോന്നിയിട്ടുള്ളതാണ്. അത്തരം കൗണ്ടറുകളില്‍ എന്താണ് വിതരണം ചെയ്യുന്നതെന്ന് സര്‍ക്കാര്‍ തലത്തില്‍ ഗുണനിലവാര പരിശോധന ഇല്ലാത്തതിനാലാണ് അങ്ങനെ തോന്നുന്നത്. അതല്ല മദ്യം വിഷമാണെന്ന് മുന്നറിയിപ്പുള്ളതിനാല്‍ അവിടെ വിഷം വിളമ്പാമോ എന്നാണെന്നും അറിയില്ല. തീര്‍ച്ചയായും അത്തരം കൗണ്ടറുകളില്‍ മദ്യശാലക്കാരുണ്ടാക്കുന്ന വിഷം തന്നെയാണ് വിളമ്പുന്നത് എന്ന് കുടിച്ചുള്ള അനുഭവത്തില്‍ ചിന്നപ്പയലിന് വെളിവ് കെട്ടിട്ടുള്ളതിനെക്കാള്‍ വെളിവാണ്. അപ്പോള്‍ മദ്യപാനിയെ സാമൂഹ്യവിരുദ്ധനായി കണക്കാക്കി വിഷം കൊടുത്ത് കൊല്ലാനുള്ള അബ്കാരി തീരുമാനം സര്‍ക്കാരിന്‍റേതാണോ എന്നും സംശയമില്ലാതില്ല. ഏതോരു മദ്യപാനിക്കും ഗുണനിലവാരത്തില്‍ സംശയം തോന്നിയാല്‍ അത് പരിഹരിക്കേണ്ട ബാധ്യത സര്‍ക്കാര്‍ വിഷമദ്യദുരന്തം വന്നാലേ ചെയ്യൂ എന്നുണ്ടോ എന്നും അറിയില്ല. അതുക്കും മേലേ ചിന്നപ്പയല്‍ ആലോചിച്ച് ചിരിക്കാറുള്ള സങ്കല്പം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം എന്ന വിരോധാഭാസമാണ്.

നാട്ടുചാരായത്തിന്‍റെ

മണവും മഞ്ഞയുമുള്ള നട്ടുച്ചയിലാണ്

അവനുണര്‍ന്നത്.

എന്ന് മലയാളകവിതയില്‍ എഴുതിവെച്ചത് എ. അയ്യപ്പനാണ്. അവിടത്തെ കാവ്യസംസ്കാരത്തിലാണ് ചിന്നപ്പയല്‍ ബദല്‍ സംസ്കാരം ആലോചിക്കുന്നത്. അതേ നാട്ടുചാരായം ഒരു കാലത്ത്, അതായത് ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യങ്ങള്‍ക്കും മുന്നേ നാട്ടില്‍ പ്രചാരമോ ആചാരമോ ആയിരുന്നുവെന്നതാണ്.  ആ നിലയ്ക്ക് എന്തു കൊണ്ട് മദ്യ നിര്‍മ്മാണം പ്രാദേശികമാക്കിക്കൂടാ.

പഞ്ചായത്തീരാജ് നടപ്പാക്കിയ കേരളത്തില്‍ എന്തുകൊണ്ട് പഞ്ചായത്തുകള്‍ക്ക് മദ്യനിര്‍മ്മാണവും പഞ്ചായത്ത് തലത്തിലാക്കാന്‍ ചിന്തിക്കാന്‍ കഴിയുന്നില്ല. ചാരായഷാപ്പുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് ആവശ്യമായ യോഗ്യത ഇല്ലാത്തതിനാല്‍ തൊഴില്‍പരമായ പുനര്‍നിയമനത്തിന് യോഗ്യത ഇല്ലെന്ന് പറയുന്ന ഭരണകൂട പരിഹാസത്തില്‍ നിന്നും തൊഴിലാളികളെ രക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടെങ്കില്‍ അത് ചിന്തിക്കാവുന്നതല്ലേ.

അവിടെയാണ് ചിന്നപ്പയലിന് സര്‍ക്കാരിന് ചില നിര്‍ദ്ദേശങ്ങള്‍ വെക്കാന്‍ തോന്നുന്നത്. വ്യവസ്ഥാപിത ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം ബഹിഷ്കരിക്കാന്‍ അതുവഴി സര്‍ക്കാരിന് കഴിയുകയും ചെയ്യും. അവിടെയാണ് പഞ്ചായത്തുകള്‍ക്ക് സ്വയം നിര്‍ണ്ണയാവകാശം ലഭ്യമാകുന്ന ഭരണം കിട്ടുകയും ചെയ്യുക.

അതിനാല്‍ ചിന്നപ്പയല്‍ നിര്‍ദ്ദേശിക്കുന്നു മദ്യതത്ിന്‍റെ നിര്‍മ്മാണവും വിതരണവും എല്ലാം പഞ്ചായത്തീരാജ് അടിസ്ഥാനത്തില്‍ കൂടുംബശ്രീ യൂണിറ്റുകളെ ഏല്പിക്കുക. സ്വന്തം പുരുഷന്മാര്‍ക്ക് കുടിക്കാനുള്ള പാനീയം എന്ന നിലയില്‍ സ്ത്രീകള്‍ക്ക് അവയുടെ ഗുണനിലവാരം കാത്ത് സഊക്ഷിക്കാനാവും എന്നതില്‍ സംശയിക്കേണ്ടതില്ല.

 അപ്പുറം നികുതിയിനത്തില്‍ സര്‍ക്കാരിന് നഷ്ടം എന്ന് കരുതുകയും വേണ്ട. സര്‍ക്കാര്‍ വക വരുമാനത്തില്‍ വരുന്ന കുറവ് നികത്താന്‍ പഞ്ചായത്തുകള്‍ക്ക് നല്കുന്ന വിഹിതം കുറയ്ക്കുകയേ സര്‍ക്കാര്‍ ചെയ്യേണ്ടതുള്ളൂ. ബാക്കിയെല്ലാം മെച്ചപ്പെട്ട നാട്ടുചാരായത്തിലൂടെ അതാത് പഞ്ചായത്തുകള്‍ക്ക് പരിഹരിക്കാനും കഴിയും.

അതിനാല്‍ സര്‍ക്കാരേ ഒന്നുകില്‍ കുറഞ്ഞ വിലയ്ക്ക് ആരോഗ്യഹാനികരമല്ലാത്ത മെച്ചപ്പെട്ട മദ്യം കുടുംബത്ത് പട്ടിണി ഉണ്ടാക്കാത്ത വിധം ആരോഗ്യകരമായി മദ്യപര്‍ക്ക് നല്കുക. അല്ലെങ്കില്‍ നാട്ടുചാരായത്തിന്‍റെ കുടുംബശ്രീ യൂണിറ്റുകള്‍ രൂപീകരിക്കുക. അതായത് മദ്യപാനികള്‍ കുടിച്ച് മരിക്കേണ്ടവരല്ല, അതൊരു സംസ്കാരമാണെന്ന് മനസ്സിലാക്കുകയും അതിനനുസൃതമായി പ്രവര്‍ത്തിക്കുകയുമാണ് ജനകീയസര്‍ക്കാരുകള്‍ ചെയ്യേണ്ടത്.

ടാക്സ് അടച്ച് കുടുംബം പട്ടിണിയാക്കാന്‍ വിടുകയും വിഷമദ്യം കഴിച്ച് കാലക്രമേണ മരിക്കാന്‍ മദ്യപാനികളെ വിടാതിരിക്കുകയും ചെയ്യേണ്ടത് നാടിന്‍റെ ആവശ്യമാണെന്ന് ഭരണകൂടം മനസ്സിലാക്കാത്തിടത്തോളം മദ്യപാനം സംസ്കാരരഹിതമായി തുടരുക തന്നെ ചെയ്യും. അല്ലെങ്കില്‍ എം എന്‍ വിജയന്‍ പറഞ്ഞതുപോലെ മദ്യപാനികള്‍ അപ്പനപ്പൂപ്പന്മാരെ മറന്ന് സര്‍ക്കാരിനെ ഉള്‍പ്പെടെ തെരുവില്‍ തെറി വിളിക്കുന്നത് തുടരുക തന്നെ ചെയ്യും. അതവരുടെ സംസ്കാര രാഹിത്യമല്ല, സര്‍ക്കാരുകള്‍ ഉല്പാദിപ്പിക്കുന്ന സംസ്കാരമില്ലായ്മ ആണെന്ന് അറിയുന്നതിനാലാണ് സര്‍ക്കാരിനെ തെരുവില്‍ തെറിവിളിക്കുകയും ചെയ്യേണ്ടി വരുന്നത്.

അതിനാല്‍ ആന്‍റണീടെ അമ്മേടെ…. എന്ന പോലെയുള്ള തെറികള്‍ ഇനിയും മദ്യപാനികളില്‍ നിന്നും തെരുവില്‍ മുഴക്കാതിരിക്കുക ജനപ്രിയ സര്‍ക്കാരേ… നമ്മുടെ അമ്മമാര്‍ നമുക്ക് മദ്യം വിളമ്പട്ടെ, കേരളം സമത്വസുന്ദരമാവാന്‍ അതിനപ്പഉറം നമുക്കെന്താണ് ചെയ്യാന്‍ കഴിയുക. അതുക്കും മേലേ പഞ്ചായത്തുകളിലെ വിനോദ സഞ്ചാരം മെച്ചപ്പെട്ട പ്രാദേശിക വരുമാനവുമാകും. മദ്യമൊഴിവാക്കിയ ഗാന്ധിയുടെ രാജ്യം മദ്യത്തിലൂടെ പഞ്ചായത്തീരാജിലുമാകും. ഇനിയും അമാന്തിക്കണോ, അതോ അബ്കാരികള്‍ ഭരണകൂടാവശ്യമാണോ…

 

Spread the love
Read Also  തെരഞ്ഞെടുപ്പ് ഏട്ടന്മാരും പെങ്ങളൂട്ടികളും ; കുഞ്ഞാമ്പു എഴുതുന്നു

Leave a Reply