Wednesday, January 19

ജെഎൻയുവിൽ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവർത്തകരെന്ന് മുൻ പ്രവർത്തകരുടെ വെളിപ്പെടുത്തൽ

ദേശീയ രാഷ്ട്രീയത്തിൽ ജെഎൻയു വീണ്ടും സജീവ ചർച്ച വിഷയമായിരിക്കുന്ന സാഹചര്യത്തിൽ പുതിയ വെളിപ്പെടുത്തലുകളുമായി മുൻ എബിവിപി പ്രവർത്തകർ രംഗത്ത്. രോഹിത് വെമുലയുടെ ആത്‌മഹത്യയും തുടർന്ന് ക്യാമ്പസുകളിൽ ആളിപ്പടർന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളെയും വഴിതിരിച്ചു വിടാനാണ് എബിവിപിയുടെ ശ്രമം എന്നും 2016 ഫെബ്രുവരിയിൽ എബിവിപിയിൽ നിന്നും രാജിവെച്ച എ.ബി.വി.പി യൂണിറ്റ് വൈസ് പ്രസിഡന്റ് ആയിരുന്ന ജതിന്‍ ഗൊരയ്യ, മുന്‍ ജോയിന്റ് സെക്രട്ടറി പ്രദീപ് നര്‍വാല്‍ എന്നിവർ വെളിപ്പെടുത്തി. ന്യൂസ് ചാനലുകളില്‍ പ്രചരിച്ച വീഡിയോയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിക്കുന്നത് എ.ബി.വി.പി പ്രവര്‍ത്തകരും അനുകൂലികളുമാണെന്ന് ഇവര്‍ പറഞ്ഞു.

‘ഞാനും ജതിനും ദളിതരാണ്. രോഹിത് വെമുലയുടെ മരണത്തില്‍ എ.ബി.വി.പിക്ക് അനുകൂലമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് ഞങ്ങളെ നിരവധി അഭിമുഖങ്ങളില്‍ പങ്കെടുക്കാന്‍ സംഘടന നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ രോഹിത് വെമുലയെ അവര്‍ തീവ്രവാദിയായിട്ടായിരുന്നു ചിത്രീകരിക്കാന്‍ ശ്രമിച്ചതു കൊണ്ട് ഞങ്ങള്‍ അതിനു വിസമ്മതിച്ചു. ഫെബ്രുവരി 9 ന് നടന്ന സംഭവം രോഹിത് വെമുലയുടെ മരണത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള മാര്‍ഗമായി അവര്‍ കാണുകയായിരുന്നു’വെന്ന് പത്രസമ്മേളനത്തില്‍ നര്‍വാള്‍ വെളിപ്പെടുത്തി. ഫെബ്രുവരി 9ന് നടക്കുന്ന പരിപാടിയില്‍ എങ്ങനെ സംഘര്‍ഷം ഉണ്ടാക്കാമെന്ന് ജെ.എന്‍.യു എ.ബി.വി.പി വാട്‌സാപ്പ് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്തിരുന്നുവെന്ന് ഗോരയ്യ പറയുന്നു.

ജെഎൻയു വിദ്യാർത്ഥി നേതാക്കളായിരുന്ന ഉമർ ഖാലിദ്, കനയ്യ കുമാർ, അനിര്‍ബന്‍ ഭട്ടാചാര്യ, ഖാലിദ് ബഷീർ ഭട്ട്, റയീസ് റസൂൽ, മുനീബ് ഹുസൈൻ ഗട്ടൂ, ഉമൈർ ഗുൽ, മുജീബ് ഹുസൈൻ ഗട്ടൂ, അഖീബ് ഹുസൈൻ, ബഷ്‌റത് അലി എന്നിവർക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിൽ ആണ് പുതിയ വെളിപ്പെടുത്തലുകൾ വന്നിരിക്കുന്നത്.

പാര്‍ലമെന്റ് ആക്രമണക്കേസിൽ പ്രതിയായ അഫ്‌സല്‍ ഗുരുവിനെ കേന്ദ്ര സർക്കാർ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് 2016 ഫെബ്രുവരി ഒൻപതിന് നടന്ന അഫ്സൽ ഗുരു അനുസ്മരണ പരിപാടിക്കിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്നാരോപിച്ചാണ് കനയ്യ കുമാർ, ഉമർ ഖാലിദ് അടക്കമുള്ള 10 പേർക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

നേരത്തെ, രാജ്യദ്രോഹ നിയമത്തിനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ രംഗത്തെത്തിയിരുന്നു. കൊളോണിയൽ ഭരണത്തിന്റെ ബാക്കി പത്രമാണ് രാജ്യദ്രോഹ നിയമമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

Spread the love
Read Also  ജെ എൻ യു വിൽ എ ബി വി പി അഴിഞ്ഞാട്ടം, ആക്രമണം ; യൂണിയൻ പ്രസിഡണ്ട് ഐഷി ഘോഷ് അടക്കം അധ്യാപകർക്കും പരിക്ക്

Leave a Reply