Wednesday, August 5

‘സുശാന്തിൻ്റെ മരണം’ കാമുകി റിയയുടെ കുരുക്ക് മുറുകുന്നു

 

നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ സംശയാസ്പദമായ മരണത്തിന് പിന്നിലെ വസ്തുതകൾ ഓരോന്നായി പുറത്തു വരുന്നു.

നടൻ്റെ മരണം സംബന്ധിച്ച് മുംബൈ പോലീസും പട്ന പോലീസും സമാന്തര അന്വേഷണങ്ങൾ തുടരുന്നതിനിടെ ഇതുസംബന്ധിച്ച ആരോപണ പ്രത്യാരോപണങ്ങൾ ചർച്ചയാവുകയാണ്.  സുശാന്തിൻ്റെ കാമുകിയായ നടി റിയ ചക്രബർത്തിക്ക് നേരേയാണ് സംശയത്തിൻ്റെ മുന നീളുന്നത്. റിയക്ക് പങ്കാളിത്തമുള്ള സ്ഥാപനങ്ങളിൽ സുശാന്ത് നടത്തിയ പണമിടപാടുകളെപ്പറ്റി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരുകയാണ്.

സംഭവത്തിൽ പണത്തിൻ്റെ തിരിമറി നടന്നതായി സംശയമുയർന്നിട്ടുണ്ട്. സുശാന്തിന്റെ അക്കൗണ്ടിലെ 4.64 കോടി രൂപ 90 ദിവസത്തിനിടെ 1.4 കോടിയായി കുറഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്. സുശാന്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരോപിക്കുന്നത് പോലെതന്നെ റിയ തന്റെ ആവശ്യങ്ങൾക്കായാണ് ഈ തുക പിൻവലിച്ചതെന്ന് സംശയിക്കുന്നു. റിയയുടെ സഹോദരന്റെ അക്കൗണ്ടിലേക്കും പണം ട്രാൻസ്ഫർ ചെയ്തിട്ടുള്ളതായി വിവരം ലഭിച്ചിരുന്നു.

ബിസിനസ്സ് ആവശ്യത്തിനായി റിയ സുശാന്തിൽനിന്നും പണം വാങ്ങിയെന്നാണ് റിപ്പോർട്ട്. റിയയും സഹോദരനും സുശാന്തും ചേർന്ന് തുടങ്ങിയ സ്ഥാപനങ്ങളിലേക്കാണ് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽനിന്ന് 15 കോടി രൂപ മാറ്റിയത്. ഇത് സംബന്ധിച്ച് സുശാന്തിന്റെ പിതാവ്  പരാതി നൽകിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് റിയക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തത്.

സുശാന്തും റിയയും തമ്മിൽ പ്രണയത്തിലായതിനുശേഷം പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്ന് നടന്റെ സുഹൃത്ത് കൃസാൻ ബരേറ്റോ പറയുന്നു.

”റിയ ഞങ്ങളെ പരസ്പരം അകറ്റുകയായിരുന്നു. പിന്നീട് സുശാന്ത് പൂർണമായും റിയയുടെ നിയന്ത്രണത്തിലായി. ഞങ്ങളോട് സംസാരിക്കാൻപോലും അനുവദിച്ചിരുന്നില്ല. പിതാവുമായി സംസാരിക്കുന്നതിൽനിന്നുപോലും സുശാന്തിനെ വിലക്കിയിരുന്നു എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. റിയ നാടകം കളിക്കുകയാണ്. എന്നിരുന്നാലും സത്യം മൂടിവയ്ക്കാൻ അധികകാലം  കഴിയുകയില്ല. ചെയ്തതിനെല്ലാം അവർ അനുഭവിച്ചേ മതിയാവൂ.

സുശാന്തിന്റെ കുടുംബവും സുഹൃത്തും റിയയ്‌ക്കെതിരെ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ സത്യമാണെന്ന് സുശാന്തിൻ്റെ സുരക്ഷാ ജീവനക്കാരനും  പറയുന്നു. ”2019 ഏപ്രിൽ മാസത്തിലാണ് ഞാൻ റിയയെ പരിചയപ്പെടുന്നത്. അദ്ദേഹത്തിന്റെ ഫാം ഹൗസിൽ വച്ച്. അപ്പോഴേക്കും സുശാന്തിന്റെ നിയന്ത്രണം പൂർണമായും റിയ ഏറ്റെടുത്തിരുന്നു.

റിയ വന്നതോടെ എല്ലാം മാറിമറിയുകയായിരുന്നു. വീട്ടിലെ മുഴുവൻ ജോലിക്കാരെയും മാറ്റി.  സുശാന്തിന്റെ അക്കൗണ്ടന്റിനെയും മാറ്റി. വീട്ടിൽ വലിയ പാർട്ടികൾ സംഘടിപ്പിക്കുന്ന സ്വഭാവം സുശാന്തിന് ഇല്ലായിരുന്നു. റിയ വന്നതിന് ശേഷം അവർ പാർട്ടികൾ നടത്താൻ തുടങ്ങി. അതിന്റെ ചെലവ് പൂർണമായും വഹിച്ചത് സുശാന്തായിരുന്നു. കഴിഞ്ഞ ഒരു വർഷമായി റിയ നടത്തുന്ന ധൂർത്ത് അറിയാവുന്നത് സുശാന്തിനു മാത്രമായിരുന്നു. അതുവരെ സുശാന്തിന്  അനാവശ്യമായി പണം ചെലവഴിക്കുന്ന സ്വഭാവമില്ലായിരുന്നു.

ഇതിനിടെ സുശാന്ത്  റിയക്കൊപ്പം ലണ്ടനിൽ പോയി. മടങ്ങിവന്നതിന് ശേഷം സുശാന്ത് തീരെ അവശനായിരുന്നു. എപ്പോഴും ഉറക്കമായിരുന്നു. ധാരാളം മരുന്നുകളും കഴിക്കുമായിരുന്നു. സുശാന്തിനെ ഡോക്ടർമാരുടെ അടുത്തേക്ക് കൊണ്ടു പോകുന്നത് റിയയായിരുന്നു. ചിലപ്പോൾ വല്ലാതെ അസ്വസ്ഥനായിരിക്കുന്നത് കാണാം.  അതുകൊണ്ടുതന്നെ കുറേക്കാലങ്ങളായി ഞങ്ങൾക്ക് പരസ്പരം ഒന്നും സംസാരിക്കാൻപോലും കഴിഞ്ഞിരുന്നില്ല. ഞാനൊരു ബോഡിഗാർഡ് അല്ലേ, എനിക്ക് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടുന്നതിന് പരിമിതികളുണ്ടായിരുന്നു”

Read Also  'നടന്‍‌ സുശാന്തിൻ്റെത് കൊലപാതകം' ; ഡ്യൂപ്ലിക്കേറ്റ് താക്കോൽ അപ്രത്യക്ഷമായതെങ്ങനെ

റിയക്ക് മഹേഷ് ഭട്ടുമായി അടുത്ത ബന്ധമുണ്ട്. പലപ്പോഴും റിയയെ അയാളുടെ ഓഫീസിൽ വിടുന്നത് ഞാനായിരുന്നു. സുശാന്തിന്റെ മരണത്തിൽ ഇവർക്കെല്ലാവർക്കുമുള്ള പങ്ക് പോലീസ് വ്യക്തമായി അന്വേഷിക്കണം. അദ്ദേഹം ആത്മഹത്യ ചെയ്യില്ലെന്ന് എനിക്കുറപ്പുണ്ട്.

വിഷാദത്തെ തുടർന്നാണ് സുശാന്ത് ആത്മഹത്യ ചെയ്തത് എന്ന നി​ഗമനത്തോട് താൻ ഒരിക്കലും യോജിക്കുകയില്ലെന്ന് സുശാന്തിൻ്റെ ആദ്യകാമുകി അങ്കിത ലൊഖാൻഡെയും പറയുന്നു

ടെലിവിഷൻ പരമ്പരയിൽ അഭിനയിക്കുന്ന സമയത്താണ് സുശാന്തും അങ്കിതയും തമ്മിൽ പ്രണയത്തിലാകുന്നത്. 2016 ൽ ഇവർ വേർപിരിഞ്ഞുവെങ്കിലും പിന്നെയും സൗഹൃദം തുടർന്നിരുന്നു. സുശാന്തിന്റെ കാമുകി റിയ ചക്രബർത്തിക്കെതിരേ അങ്കിത മൊഴി നൽകിയിരുന്നു. റിയക്കെതിരേ സുശാന്തിന്റെ കുടുംബവും പരാതി നൽകിയതോടെ സംശയം ബലപ്പെടുകയും പരസ്യപ്രതികരണവുമായി അങ്കിത രം​ഗത്ത് വരികയുമായിരുന്നു.

സുശാന്തിനെ എത്രയോ വർഷങ്ങളായി എനിക്കറിയാം. അദ്ദേഹത്തിന് ഒരിക്കലും വിഷാദരോഗമുണ്ടായിരുന്നില്ല. സുശാന്ത് ഇതിനേക്കാൾ വലിയ പ്രശ്നങ്ങളിലൂടെ കടന്നുപോയൊരു വ്യക്തിയാണ്. അതെല്ലാം നേരിട്ട് കണ്ടിട്ടുള്ള ആളെന്ന നിലയിൽ എനിക്ക് ഉറപ്പിച്ച് പറയാനാകും, സുശാന്തിന് വിഷാദരോ​ഗമില്ല.

ഞാനും സുശാന്തും ഒരുമിച്ചുണ്ടായിരുന്ന സമയത്ത്  ജീവിതത്തെ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ഒരുപാട് സ്വപ്നം കാണാറുണ്ടായിരുന്നു. സുശാന്തിന് ഒരു ഡയറിയുണ്ടായിരുന്നു. അതിൽ അദ്ദേഹം അഞ്ച് ആ​ഗ്രഹങ്ങൾ കുറിച്ചിട്ടിരുന്നു. അതെല്ലാം കുറഞ്ഞ നാളുകൾക്കുള്ളിൽ തന്നെ നേടിയെടുത്തു. സുശാന്തിന് ഒരിക്കലും ആത്മഹത്യ ചെയ്യാനാകില്ല. എന്തെങ്കിലും തരത്തിലുള്ള വിഷമമോ ഉത്കണഠയോ ഉണ്ടായിരുന്നിരിക്കാം. എന്നാൽ അതിനെ വിഷാദം എന്ന് വിളിക്കുന്നത് കാണുമ്പോൾ ഹൃദയം തകരുന്നു”. അങ്കിത വൈകാരികമായി വിശദീകരിക്കുന്നു

Spread the love