Thursday, January 20

അദാനിക്ക് വേണ്ടി പത്തനംതിട്ടയിലെ പരിസ്ഥിതി ലോലമായ ഇഞ്ചപ്പാറമലനിരകൾ ഖനനം ചെയ്യുന്നു.

വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിന് വേണ്ടി അതീവ പരിസ്ഥിതി ലോല പ്രദേശമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിൽ പരാമർശിച്ച ഒരു നാടിനെ പൂർണ്ണമായും ഇല്ലാതാക്കാൻ സകല ഒത്താശകളും ചെയ്യുകയാണ് ഭരണകൂടവും രാഷ്ട്രീയ പാർട്ടികളും. കേരളം ദുരന്തത്തിൽനിന്ന് കരകയറുന്നതിനു മുൻപ് തന്നെ റെഡ് സോൺ മേഖലകളിൽ ഉൾപ്പെട്ടിരുന്ന പ്രദേശങ്ങളിൽ സിപിഐഎം ഭരിക്കുന്ന പഞ്ചായത്ത് പാറ ഖനനത്തിന് അനുമതി നൽകിയിരിക്കുകയാണ് . ഏതെങ്കിലും തരത്തില്‍ പ്രദേശവാസികളായ ജനങ്ങള്‍ക്ക് പാരിസ്ഥിതികമായ ആഘാതമുണ്ടാക്കുന്നുന്ടെങ്കില്‍      പഞ്ചായത്തിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് ഹൈക്കോടതി വിധിയിലുണ്ടാ യിരുന്നു. ഇത്രയൊക്കെയായിട്ടും  ബഹുജനപ്രക്ഷോഭത്തിനൊടുവിൽ പഞ്ചായത്ത് താൽക്കാലികമായി സ്റ്റോപ്പ് മെമ്മോ കൊടുക്കുക മാത്രമാണ് ചെയ്തത്.

“സിപിഐഎം ഭരിക്കുന്ന പഞ്ചായത്താണ് ഇത്. സിപിഐഎം ജില്ലാ കമ്മറ്റി അനുമതി നൽകരുതെന്ന് പറഞ്ഞിട്ടും പഞ്ചായത്ത് അതിനെ മറികടന്ന് അനുമതി നൽകുകയായിരുന്നു. ജില്ലാ സെക്രട്ടറി ഉദയഭാനു പാർട്ടിക്ക് ശക്തമായ താക്കീത് കൊടുത്തത്തിനൊടുവിൽ ആണ് താൽക്കാലികമായി ഇപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരിക്കുന്നത്. ഹൈക്കോടതിയിൽ ഞങ്ങൾ ഹരീഷ് വാസുദേവൻ മുഖേനയാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്. ഈ പഞ്ചായത്തിൽ തന്നെ കൂടൽ വില്ലേജിൽ രണ്ട് എം സാന്റ് യൂണിറ്റും മൂന്ന് ക്രഷറുകളും ഉണ്ട്. ഇതിൽ മുൻ എംപിയായ കെ. എൻ ബാലഗോപാലിന്റെ  സഹോദരൻ നടത്തുന്ന ക്രഷറും, മണൽ പ്ലാന്റും, എം സാന്റ് യൂണിറ്റും ഉണ്ട്. നിലവിൽ നാല് ക്രഷർ യൂണിറ്റുകൾ ഉള്ള സ്ഥലത്താണ് വീണ്ടും ക്രഷർ തുടങ്ങാൻ പഞ്ചായത്ത് അനുമതി നൽകിയിരിക്കുന്നത്. ലൈസൻസ് കൊടുത്തിരിക്കുന്നത് എം സാന്റിനാണ് എന്നാൽ ഇവർ ക്രഷർ ആണ് അവിടെ ആരംഭിക്കുന്നത്. ഉദ്യോഗസ്ഥ തലത്തിൽ തന്നെ അഴിമതി നടത്തിയാണ് ഇവർ അനുമതി നേടിയിരിക്കുന്നത്. ആർഡിഓ ഉൾപ്പടെ ക്രഷറിന് എതിരാണ്. 123 ക്വാറികൾ ആണ് ഈ പഞ്ചായത്തിൽ നടന്നു കൊണ്ടിരുന്നത്. അതിനെതിരെ ഞങ്ങൾ സമരം നടത്തി ഇപ്പോൾ 9 വൻകിട ക്വാറികൾ മാത്രമാണ് ഇപ്പോൾ ഉള്ളത്. ഇതിനു പുറമെയാണ് 4 ക്വാറികൾക്ക് കൂടെ സർക്കാർ അനുമതി നൽകിയിരിക്കുന്നത്.” സമരസമിതി നേതാവ് തങ്കച്ചൻ പ്രതിപക്ഷം ഡോട്ട് ഇന്നിനോട് പറഞ്ഞു.

സ്ഥലം എംഎൽഎ ഉൾപ്പടെയുള്ളവരുടെ ബിനാമി ഇടപാടുകളാണ്  ഇതെന്നാണ് ആക്ഷേപം. സമരം ചെയ്യുക എന്നതല്ലാതെ മറ്റ് മാർഗ്ഗങ്ങളില്ലെന്നും ഇവർ പറയുന്നു.

ഗാഡ്ഗിൽ റിപ്പോർട്ടിൽ പറയുന്ന പരിസ്ഥിതി ദുർബല പ്രദേശമാണ് ഇഞ്ചപ്പാറ.            എന്നാൽ ഇതിനെയെല്ലാം പ്രതിരോധിക്കാൻ സ്വാധീനമുള്ള    രാഷ്ട്രീയ സാമ്പത്തിക സ്ഥിതിയുള്ളവരാണ് ഇവിടെയുള്ള ക്വാറി മാഫിയ. തുടർന്ന് വന്ന കസ്തൂരി രംഗൻ റിപ്പോർട്ടിൽ അതീവലോലപ്രദേശമായിരുന്ന കലഞ്ഞൂര്‍ പഞ്ചായത്തിനെ അതില്‍ നിന്നൊഴിവാക്കി. ഏതു ജനദ്രോഹതീരുമാനവുമെടുക്കാവുന്ന രീതിയിലാണ് പഞ്ചായത്ത് ഭരണസമിതി മുന്നോട്ടു പോകുന്നത്.

പാറപ്പൊടിപടലങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഈ പ്രദേശത്തെ  ക്രഷർ യൂണിറ്റിന്റെ സമീപത്തുള്ള ആളുകൾക്ക് ആഹാരം പോലും കഴിക്കാവാത്ത അവസ്ഥയാണ്. 24 പേർക്ക് നിലവിൽ ഇതിനോട് അനുബന്ധിച്ചു  ക്യാൻസർ വന്നുകഴിഞ്ഞു.  സുഗതകുമാരി, ഗാഡ്ഗിൽ, ജോൺ പെരുവന്താനം, സി ആർ നീലകണ്ഠൻ, ഹരീഷ് വാസുദേവൻ   തുടങ്ങിയ പരിസ്ഥിതി പ്രവർത്തകരെല്ലാം ഇവിടെ വന്ന് സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ്. നിങ്ങൾക്ക്  ഇപ്പോൾ ആരോഗ്യപ്രശ്നങ്ങളോടെ        ജീവിച്ചിരിക്കാന്‍ കഴിയുമായിരിക്കാം.   എന്നാൽ പാറ  പൊട്ടിച്ചു കഴിഞ്ഞാൽ നിങ്ങളുടെ കൊച്ചുമക്കൾക്ക് ഒട്ടും  ആയുസ്സുണ്ടാകില്ലെന്നു  അന്ന് ഗാഡ്ഗിൽ പറഞ്ഞതാണ്. സമരപന്തലിൽ നിന്ന് മാറാൻ കഴിയാത്ത സ്ഥിതിയാണ് ഞങ്ങൾക്ക്. മാറിയാൽ അപ്പോൾ തന്നെ ഇവർ വാഹനങ്ങൾ അകത്ത് കയറ്റുമെന്നും ഇവർ പറയുന്നു. നാളുകളായി രാപ്പകൽ സമരം നടത്തുന്ന ഇവർ നാടിനെ നശിപ്പിക്കാൻ കൂട്ട്  നിൽക്കില്ലെന്ന ഉറച്ച പ്രഖ്യാപനത്തിലാണ്. 

Read Also  അദാനിയ്ക്ക് വേണ്ടി ക്വാറി മാഫിയകൾക്ക് ഇളവനുവദിച്ച് പിണറായി സർക്കാർ

പശ്ചിമ മലനിരകളുടെ താഴ്വാരമായ കോന്നിയിലെ കൂടൽ ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ നടക്കുന്ന ക്വാറി ഖനനം വൻ തോതിലുള്ള പാരിസ്ഥിതിക നാശത്തിനായിരിക്കും വഴി വെക്കുക. രാഷ്ട്രീയ ഭരണകൂട സ്വാധീനം ഉപയോഗിച്ച് കോർപ്പറേറ്റുകൾക്ക് വേണ്ടി പ്രകൃതിയെ നശിപ്പിക്കുമ്പോൾ ഗാഡ്ഗിൽ പറഞ്ഞത് പോലെ വരുംതലമുറ ഇവിടെ നിന്ന് അപ്രത്യക്ഷമാകും.

ക്വാറി മാഫിയയുടെ ക്രൂരകൃത്യങ്ങള്‍: അകാലചരമമടയുന്ന പത്തനംതിട്ടയിലെ കുന്നിട കുന്നുകള്‍… 

Spread the love

Leave a Reply