Wednesday, January 19

ആധാര്‍ ഏജന്‍സിയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെത്താനെ സേവ് ആകുന്നു

ഇന്ത്യയിലെ ആധാര്‍ വിവരങ്ങളുടെ സുരക്ഷയെ കുറിച്ച് കൂടുതല്‍ ചോദ്യങ്ങളും സംശയങ്ങളും ഉയരുന്നു. യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) പുതുക്കിയ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ തങ്ങളുടെ സ്മാര്‍ട്ട് ഫോണുകളില്‍ തന്നെത്താനെ സേവായത് കണ്ടുകൊണ്ടാണ് ഇന്ത്യയിലെ പല സ്മാര്‍ട്ട് ഫോണ്‍ ഉപയുക്താക്കളും ഇന്ന് രാവിലെ ഉറക്കമുണര്‍ന്നത്. പഴയ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1800-300-1947ന് പകരം 1947 ആണ് പുതിയ യുഐഡിഎഐ നമ്പര്‍.

ഏതായാലും വിഷയം സാമൂഹ്യ മാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. തങ്ങള്‍ സേവ് ചെയ്യാത്ത നമ്പര്‍ എങ്ങനെ ഫോണിലെത്തി എന്ന ആശങ്കയിലാണ് പലരും. ആധാര്‍ ഉള്ളവരും ഇല്ലാത്തവരുമായവരും വിവിധ സേവന ദാതാക്കളുടെ സിം ഉപയോഗിക്കുന്നവരും എംആധാര്‍ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തിട്ടുള്ളവരും അല്ലാത്തവരുമായ എല്ലാവരുടെയും ഫോണുകളില്‍ പുതിയ ഹെല്‍പ് ലൈന്‍ നമ്പര്‍ സേവായിട്ടുണ്ടെന്നും ഇതിന് വിശദീകരണം നല്‍കാന്‍ സാധിക്കുമോ എന്നും ആധാറിന്റെ വിമര്‍ശകനായ ഫ്രഞ്ച് സൈബര്‍ സുരക്ഷ വിദഗ്ധന്‍ എലിയറ്റ് ആന്‍ഡേഴ്‌സണ്‍ യുഐഡിഎഐയോട് ചോദിച്ചു.
നേരത്തെ ട്രായ് അദ്ധ്യക്ഷന്‍ ആര്‍എസ് ശര്‍മ്മ ആധാര്‍ നമ്പര്‍ വെളിപ്പെടുത്തി പുലിവാല്‍ പിടിച്ചിരുന്നു. നമ്പര്‍ വെളിപ്പെടുത്തി ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ നൈതീക ഹാക്കര്‍മാര്‍ ശര്‍മ്മയുടെ മൊബൈല്‍ നമ്പര്‍, വിലാസം, ജനനത്തീയതി, പാന്‍ നമ്പര്‍, വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ പരസ്യപ്പെടുത്തിയിരുന്നു.

Spread the love
Read Also  ആധാർ നിർബന്ധമല്ലെന്ന് ഉത്തരവുണ്ടെങ്കിലും കേരളത്തിൽ നിർബന്ധമെന്ന് എൽഡിഎഫ് സർക്കാർ