Monday, January 17

ഔറംഗസേബ് – മിഥ്യയും യാഥാര്‍ത്ഥ്യവും; അദീബ് ഹൈദര്‍ എഴുതുന്നു

ചരിത്രത്തെ സംഘപരിവാർ എക്കാലവും വളച്ചൊടിച്ച് തങ്ങളുടെ ഇഷ്ടാനുസരണമാക്കി മാറ്റുക എന്നത് കഴിഞ്ഞ കുറെ കാലങ്ങളായി നാം കാണുന്നതാണ്. മഹാനായ ഭരണാധികാരി ഔറംഗസേബിനെ ഉൾപ്പടെയുള്ളവരെയാണ് സംഘപരിവാർ മുസ്ലീങ്ങൾക്കെതിരെയുള്ള ആക്രമണത്തിന് മുന്നിൽ നിർത്തി പ്രതിരോധിക്കുന്നത്. എന്താണ് ഔറംഗസേബിനെ ചുറ്റിപ്പറ്റിയുള്ള മിത്തും യാഥാർഥ്യവും? അദീബ് ഹൈദര്‍ എഴുതുന്നു.

അദീബ് ഹൈദര്‍

ഔറംഗസേബ് ആലംഗീര്‍ എന്ന മുഗള്‍ ഭരണാധികാരിയുടെ 400-ാം ജന്മവാര്‍ഷികമാണ് നവം.3, 2018. ഇന്ത്യ കണ്ടതില്‍ വച്ച് കരുത്തനായ ഭരണാധികാരിയാണ് ഔറംഗസേബ്. മുഗള്‍ സാമ്രാജ്യത്തിലെ 6-ാമത്തെ ചക്രവര്‍ത്തിയായ ഇദ്ദേഹം, താജ്മഹല്‍ പണി കഴിപ്പിച്ച ഷാജഹാന്‍ ചക്രവര്‍ത്തിയുടെ 3-ാമത്തെ മകനായിരുന്നു. മുഗള്‍ സാമ്രാജ്യത്തെ ദക്ഷിണേന്ത്യയിലേക്ക് വ്യാപിപ്പിച്ചത് ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. പക്ഷേ ഔറംഗസേബിന്റെ വിയോഗാനന്തരം മുഗള്‍ സാമ്രാജ്യം സാവധാനം ശക്തി ക്ഷയിക്കുന്ന കാഴ്ചക്കാണ് ചരിത്രം സാക്ഷ്യം വഹിച്ചത്.

ഇന്ന് ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്ന, പഴിചാരലുകള്‍ക്ക് വിധേയമാക്കപ്പെടുന്ന ഒരാള്‍ കൂടിയാണ് ഔറംഗസേബ്. മതഭ്രാന്തനും വര്‍ഗ്ഗീയവാദിയുമായാണ് ഏറെ പേരും ഇദ്ദേഹത്തെ ഓര്‍ക്കുന്നത്. കാരണം, പാഠപുസ്തകങ്ങളില്‍ അങ്ങനെയാണ് അവതരിപ്പിക്കപ്പെടുന്നത്. ജിസ്യ നികുതി ഏര്‍പ്പെടുത്തി, നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തി, ക്ഷേത്രങ്ങള്‍ ആക്രമിച്ചു, സിഖ് ഗുരു തേജ് ബഹദൂറിനെ വകവരുത്തി, പിതാവ് ഷാജഹാനെ തുറുങ്കിലടച്ചു, സഹോദരങ്ങളെ വകവരുത്തിക്കൊണ്ട് അധികാരം ഉറപ്പുവരുത്തി, ഇങ്ങനെത്തുടരുന്നു ഔറംഗസേബിനെതിരെ പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍. എന്നാല്‍ ചരിത്രത്തെ വളച്ചൊടിച്ചും, നിജസ്ഥിതി മറച്ച് വച്ചും, കാര്യകാരണങ്ങളെ കുഴിച്ച് മൂടിയും ആണ് ഇവയെല്ലാം പ്രചരിപ്പിച്ച്‌ക്കൊണ്ടിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. ഈ സംഭവങ്ങളുടെയെല്ലാം സത്യാവസ്ഥ എന്തെന്ന് വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമുണ്ട്. അമേരിക്കയിലെ ടെഗേര്‍സ് യൂണിവേഴ്‌സിറ്റിയിലെ ചരിത്ര അധ്യാപികയായ ആഡ്രി ട്രസ്‌ക്കിയുടെ ഗവേഷണ ഗ്രന്ഥമായ ‘ഔറംഗസേബ് ദി മാന്‍ ആന്റ് മിത്ത്’ സംഘപരിവാരം അഴിച്ച് വിടുന്ന നുണക്കഥകളുടെ വസ്തുത വെളിച്ചത്ത് കൊണ്ടുവരികയാണ് അവരുടെ പഠനത്തില്‍.

ഔറംഗസേബ് നികുതി പിരിച്ചത് വര്‍ഗ്ഗീയ വത്ക്കരിച്ചു കൊണ്ടാണെന്ന് ചരിത്ര ആഖ്യാതാക്കള്‍ പറയുന്നു. എന്നാല്‍ നികുതി എന്ന ആശയം തന്നെ നിര്‍ബന്ധിത പിരിവ് എന്നതാണ് വിവക്ഷ. ഭരണം നടത്തിക്കൊണ്ട് പോവുന്നതിന് ഗവണ്‍മെന്റ് ജനങ്ങളില്‍ നിന്ന് പണമോ സമ്പത്തോ പിരിക്കുന്നതിനെയാണ് നികുതി എന്ന് പറയുന്നത്. ഇത് ഔറംഗസേബ് ചെയ്തപ്പോള്‍ വര്‍ഗ്ഗീയതയായി! ഇതാണ് ഇവിടെ പ്രചരിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.

ഔറംഗസേബ് ആലംഗീര്‍

വിമര്‍ശകര്‍ പലപ്പോഴും ഔറംഗസേബിന്റെ ചരിത്രത്തില്‍ നിന്ന് തന്നിഷ്ടപ്രകാരമുള്ള തിരഞ്ഞെടുപ്പാണ് നടത്താറുള്ളത്. രാഷ്ട്രീയമായ കാരണങ്ങള്‍ക്കൊണ്ട് ചിലപ്പോള്‍ ക്ഷേത്രങ്ങള്‍ തകര്‍ന്നപ്പോള്‍, തന്റെ സാമ്രാജ്യത്തിനകത്തെ ക്ഷേത്രങ്ങള്‍ക്ക് പൂര്‍ണ്ണസംരക്ഷണം ഉറപ്പ് വരുത്താന്‍ ഉത്തരവിട്ടത് ചരിത്രകാരന്മാര്‍ മറച്ച് വച്ചു. ബ്രാഹ്മണര്‍ക്ക് ഭൂമിയും ആനുകൂല്യങ്ങള്‍ നല്‍കിയതും, മുഗള്‍ രാജാക്കന്മാരില്‍ ഭരണകൂടത്തില്‍ ഏറ്റവും കൂടുതല്‍ ഹിന്ദു പ്രാതിനിധ്യം ഉണ്ടായിരുന്നത് ഔറംഗസേബ് ഭരണത്തിലായിരുന്നു എന്നതും വിസ്മരിച്ചു. ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയര്‍ന്നതും ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു എന്നതും സൗകര്യപൂര്‍വ്വം മറച്ച് വച്ചു.

Read Also  ബുദ്ധിസത്തിൻ്റെ അവശേഷിപ്പുകളും ഹിന്ദുമതം കടത്തുന്നു; അജയകുമാർ എഴുതുന്നു

മറ്റൊന്നാണ് 9-ാമത് സിഖ് ഗുരു തേജ് ബഹദൂറിനെ വധിച്ച സംഭവം. പഞ്ചാബ് നിന്നും മുഗള്‍ സാമ്രാജ്യത്തിനെതിരേ ആയുധമെടുത്ത് യുദ്ധം ചെയ്തു എന്ന കുറ്റത്താലാണ് ഗുരുവിനെ ശിക്ഷിച്ചത്. അത് കേവല നിയമ/രാഷ്ട്രീയ പരമായ നടപടി മാത്രമായിരുന്നു. ഔറംഗസേബിന്റെ ഭരണനടപടികളില്‍ മതപരമായ യാതൊരു മാനവും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഔറംഗസേബിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം മതത്തെ മുറുകെ പിടിക്കുന്നു. മത ധാര്‍മ്മികത വച്ച് പുലര്‍ത്താനുള്ളത് തന്നെയാണ് രാഷ്ട്രീയം അഥവാ ഭരണം എന്നാണ് അവര്‍ വിശ്വസിച്ചത്. നീതിയും ന്യായവും നടപ്പിലാക്കുക എന്നത് രാഷ്ട്രീയപരിപാടിയായിരുന്നു. അവിടെയാണ് പിതാവ് ഷാജഹാനും ഔറംഗസേബും തെറ്റുന്നത്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ ഭരണം ഔറംഗസേബിന് പൊരുത്തപ്പെടാന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് ഷാജഹാന്‍ കഴിവ് കെട്ടവനും ദൂര്‍ത്തനും ആഢംബര പ്രിയനുമായ മൂത്തമകന്‍ ദാറാ ഷുക്കൂഹിന് അധികാരം കൈമാറുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അതുവരെ ഡക്കാന്‍ മേഖലയില്‍ ഭരണം നടത്തുകയായിരുന്ന ഔറംഗസേബ്, കാലത്തിന്റെ ദൗത്യം എന്നതുപോലെ കേന്ദ്ര അധികാര ആരോഹണത്തിന് തുനിയുന്നത്. ഈ സൈനിക നടപടിയില്‍ തങ്ങളോട് വിശ്വാസവഞ്ചന ചെയ്യാന്‍ മുതിര്‍ന്ന സഹോദരങ്ങളെയാണ് ഔറംഗസേബ് വകവരുത്തിയത്. അതായത്, തന്നെ അത്താഴമാക്കും മുന്നെ താന്‍ അവനെ ഉച്ചഭക്ഷണമാക്കി എന്ന യുദ്ധതന്ത്രമാണ് ഈ നടപടി. അന്യായം പ്രവര്‍ത്തിച്ച പിതാവിനെ തുറുങ്കിലടക്കുകയും ചെയ്തു. ഇതാണ് ചരിത്രത്തില്‍ സംഭവിച്ചത്. എന്നാല്‍ ചരിത്രത്തില്‍ നിന്ന് തങ്ങളുടെ ഇഷ്ടത്തിനുള്ളവ മാത്രം അടര്‍ത്തിയെടുത്ത് മാറ്റുക, ചരിത്രം വളച്ചൊടിക്കുക, ചില ഭാഗങ്ങള്‍ മറച്ച് വക്കുക എന്നിവയൊക്കെയാണ് ഇന്ന് ഔറംഗസേബ് ചരിത്രപാഠങ്ങളില്‍ നടന്ന് കൊണ്ടിരിക്കുന്നത്.

സംഘപരിവാര്‍ രാഷ്ട്രീയത്തിന്റെ ഭാഗമായി ഇവയെല്ലാം സജീവമായി നടന്നുക്കൊണ്ടിരിക്കുകയാണ്. മുഗള്‍ രാജാക്കന്മാരില്‍ വച്ച് സംഘപരിവാരത്തിന് ഏറ്റവും വെറുപ്പ് ഔറംഗസേബിനോടാവാം. കാരണം ഇസ്ലാമിന് നിരക്കാത്തവ മറ്റുള്ളവരില്‍ വച്ച് ഏറ്റവും കുറവ് ഔറംഗസേബിനായിരുന്നു. വളരെ ലളിതമായ ജീവിതം നയിച്ചു. രാജകീയമായ ആഢംബരങ്ങള്‍ ഒഴിവാക്കി. കൊട്ടാരത്തിലെ നൃത്തവിരുന്നുകള്‍ അവസാനിപ്പിച്ചു. സ്വന്തമായി വസ്ത്രം തുന്നി കഴിഞ്ഞു. ഖുര്‍ആന്‍ സ്വന്തം കൈപ്പടയില്‍ എഴുതലായിരുന്നു ഇഷ്ട വിനോദം. സംഘപരിവാരത്തിന്റെ അനിഷ്ടത്തിന് പാത്രമാവാന്‍ ഇതില്‍പ്പരം എന്ത് വേണം?!

ഇന്ന് ഇന്ത്യയില്‍ ചരിത്രസ്മാരകങ്ങളും പട്ടണങ്ങളുടെയമെല്ലാം പേര് മാറ്റിക്കൊണ്ടിരിക്കുകയാണ് സംഘപരിവാര്‍. കള്‍ച്ചറല്‍ കണ്‍വേര്‍ഷനാണ് സംഘപരിവാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. അലഹബാദ് പ്രയാഗ് രാജായി, ബാബറി മസ്ജിദ് രാമജന്മഭൂമിയായി, താജ് മഹല്‍ തേജോ മഹലായി, കുത്തുബ് മിനാര്‍ വിഷ്ണു സ്റ്റമ്പ് ആയി, കമല്‍ മൗലാ മോസ്‌ക് ഭോജ് ശാലയായി പട്ടിക നീളുന്നു. ഇത്തരത്തില്‍ ചരിത്ര സ്മാരകങ്ങളെ വെടക്കാക്കി തനിക്കാക്കലാണ് സംഘപരിവാര്‍ സംഘടിപ്പിച്ചുക്കൊണ്ടിരിക്കുന്നത്.

നിരാകരണം 
ഇവിടെ പറഞ്ഞിരിക്കുന്ന അഭിപ്രായം പ്രതിപക്ഷം .ഇൻ ൻ്റേതാകണമെന്നില്ല

 

Spread the love

Leave a Reply