Wednesday, January 19

മതസമൂഹത്തിന്റെ പ്രതിച്ഛായ നിഴലിക്കുന്ന കോടതിവിധികളും ന്യായാധിപന്മാരും

മുസ്ലിം സമൂഹത്തിലെ ഒരെഴുത്തുകാരൻ എന്ന നിലയിൽ എന്റെ നിലപാടുകൾ എന്താണെന്നും സെന്സിറ്റിവായ വിഷയങ്ങളിൽ ക്രിയാത്മകമായ നിലപാടുകൾ സ്വീകരിക്കേണ്ടതിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നതുകൊണ്ടുമാണ് ഇങ്ങനെയൊരു കുറിപ്പ്. ഇതെഴുതുന്നയാൾ പൂർണമായും മതാനുയായി ആണോ വിശ്വാസിയാണോ എന്ന ചോദ്യം ഇവിടെ പ്രസക്തമല്ല. എന്റെ രാഷ്ട്രീയനിലപാട് ഞാൻ പുനഃപരിശോധിക്കുന്നതിന്റെ അടിസ്ഥാനത്തിനു പിന്നിൽ ഒരുപക്ഷെ എന്റെ സ്വാര്തഥതയുമുണ്ടാകാം. അതിൽ പ്രധാനമാണ് ഇന്ത്യൻ പൗരനായ എനിക്കും എന്റെ കുടുംബത്തിനുമുള്ള സഞ്ചാര-പാർപ്പിടസ്വാതന്ത്ര്യം. എന്‍റെ മകനോ മകൾക്കോ നാളെ ഉത്തർപ്രദേശിലോ ഗുജറാത്തിലോ ഉള്ള ഏതെങ്കിലുമൊരു ഹിന്ദുഭൂരിപക്ഷദേശത്ത് ധൈര്യപൂർവ്വം ഒരു ജോലിക്കു ചേരാൻ കഴിയുമോ എന്നുള്ളതാണ്.  പക്ഷെ എന്റെ നിലപാടുകൾ പ്രഖ്യാപിക്കാതെ മറയ്ക്കുള്ളിലിരുന്നാൽ ഇരട്ടത്താപ്പ് നിലപാടുകളുള്ള അവസരവാദി എന്ന ഒരു പുരസ്കാരം നാളെ ചരിത്രം എനിക്ക് ചാർത്തിയേക്കാം. ഇത്തരം സങ്കീർണമായ സാഹചര്യങ്ങളിൽ ഒരു ഒളിച്ചോട്ടത്തിനു തയ്യാറല്ലാത്തതുകൊണ്ടു ഇന്നലെയും ഇന്നും ഉണ്ടായ സുപ്രധാനമായ കോടതിവിധികളിലെ ചില ജഡ്ജിമാരുടെ നിലപാടുകൾ പരിശോധിക്കുകയാണിവിടെ. വിധികൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങളുടെ റിപ്പോർട്ടിങ് രീതി പരിശോധിച്ചാൽ എൻ എസ് മാധവന്റെ തിരുത്ത് എന്ന രാഷ്ട്രീയകഥ ഓർമ്മവരും.

ഇന്ന് സ്ത്രീകൾക്ക് ശബരിമല പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ചരിത്രവിധിയോടനുബന്ധിച്ചു വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് ജസ്റ്റിസ്. ഇന്ദു മൽഹോത്രയുടെ വിധിയും ഇന്നലെ അയോദ്ധ്യ അനുബന്ധക്കേസിൽ മുസ്ലിംകൾക്ക് നമസ്കരിക്കാൻ പള്ളി ആവശ്യമില്ലെന്ന വിധിയുടെ സാംഗത്യവും പരിശോധിക്കാം. ഇന്ന് വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെ വിധിയിലെ നിര്ണായകപരാമര്ശങ്ങള് ആദ്യം നിരീക്ഷിക്കാം,

‘രാജ്യത്ത് വിവിധ മതാചാരങ്ങൾ പുലർത്തുന്ന വിഭാഗങ്ങളുണ്ട്. ആർക്കും അവർ വിശ്വസിക്കുന്ന മതങ്ങളിൽ ഉറച്ചുനിൽക്കാനും ആചാരങ്ങൾ പിന്തുടരാനും ഭരണഘടന അനുവാദം നൽകുന്നുണ്ട്. മതാചാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ല. യുക്തി മാനദണ്ഡമാക്കി മതകാര്യങ്ങൾ പരിശോധനയ്ക്കു വിധേയമാക്കരുത്. മൗലികാവകാശത്തിൽ സമത്വഅവകാശം മതാചാരങ്ങൾ അനുഷ്ടിക്കാനുള്ള അവകാശവും തമ്മിൽ പൊരുത്തക്കേടുണ്ട്’ ജസ്റ്റിസ് ഇന്ദു മൽഹോത്ര പറഞ്ഞു.

വിധിയിലൂടെ ജസ്റ്റിസ്. ഇന്ദു മൽഹോത്ര ഇത്രയും പ്രസ്താവിച്ചതിൽനിന്ന് അവർ ഒരു വിശ്വാസി തന്നെയാണെന്ന് വ്യക്തമായ സൂചനകളുണ്ട്. പൊതുസമൂഹത്തിൽ ഭൂരിപക്ഷം സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കുന്നതിനോട് വിയോജിപ്പാണുള്ളതെന്നു പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നുണ്ട്. അത് പിതൃദായകസമൂഹികക്രമത്തിലെ നടപ്പുശീലങ്ങളിൽ വഴങ്ങി ജീവിക്കുന്നതുകൊണ്ടുതന്നെയാണ്. എല്ലാ മതങ്ങളിലും ഇതേ പ്രശ്നം നിലനിൽക്കുന്നുണ്ട്. ആൺകൂട്ടങ്ങൾ തന്ത്രപൂർവ്വം ഈ സൗകര്യം ചൂഷണം ചെയ്യുന്നുണ്ട് എന്നത് മറ്റൊരു യാഥാർഥ്യം. അതിനു സെമിറ്റിക് മതങ്ങളെ മാത്രമല്ല എല്ലാ മതങ്ങളിലും ഇതുതന്നെയാണ് അവസ്ഥ. പൊരുത്തപ്പെടാൻ കഴിയാത്ത അനേകം അനാചാരങ്ങൾ ബാക്കിനിൽക്കുന്ന സമൂഹത്തിന്റെ കൂട്ടായ്മ തന്നെയാണ് എല്ലാ മതങ്ങളും. ഇതെല്ലാം സാംസ്കാരികമായ ഉണർവ്വ് സൃഷ്ടിക്കുന്നതിലൂടെ മാത്രമേ പുതുക്കിയെടുക്കാനാവുകയുള്ളൂ.

ജസ്റ്റിസ് ഇന്ദു മൽഹൊത്രയും എസ് അബ്ദുൾ നസീറും

ഇന്നലെ വന്ന ബാബറിമസ്ജിദ് -രാമജന്മഭൂമി തർക്കത്തോടനുബന്ധിച്ചുള്ള കേസിലെ വിധിയിലും ചേരിതിരിഞ്ഞുള്ള നിലപാടുകളാണ് ഉണ്ടായത്. സുപ്രീംകോടതിവിധിയിൽ വിയോജിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് അബ്ദുൽ നസീറിന്റെ വിധിന്യായവും ഇതിനോട് ചേർത്ത് വായിക്കണം. ഒരു ഭാഗത്ത് മതാചാരങ്ങളിൽ കോടതി ഇടപെടാൻ പാടില്ലെന്ന് പറയുമ്പോൾ എന്തുകൊണ്ടാണ് സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ്. അശോക് ഭൂഷണും അലഹബാദ് വിധിയെ ഇസ്‌ലാം പ്രമാണങ്ങൾക്കനുസരിച്ചു വ്യാഖ്യാനിച്ചു ന്യായീകരിച്ചത്. അതൊരു വലിയ ചോദ്യമാണ്. വിധിയെ സംഘപരിവാർ സംഘടനകൾ കരഘോഷത്തോടെ ആനയിച്ചപ്പോൾ മറുപക്ഷം നിരാശരായി പിൻവലിഞ്ഞു.

Read Also  ലോയ കേസിൽ ഇനി അന്വേഷണം ആവശ്യമില്ലെന്ന് സുപ്രീം കോടതി

ശരിയാണ് മുസ്ലിം വിഭാഗത്തിന് പ്രാര്തഥനയ്ക്കായി ഒരു പ്രത്യേകസ്ഥലം ആവശ്യമില്ല. പക്ഷെ മുസ്ലിങ്ങൾക്ക് വെള്ളിയാഴ്ചകളിൽ നടത്തുന്ന ജുമാ നമസ്കാരത്തിന് പൊതുവായ ഒരു വേദി ആവശ്യമാണ്. പള്ളികളില്ലാത്ത ഇടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ചില സ്ഥലങ്ങൾ അവർ ആഴ്ചയിലൊരു ദിവസം ഒരു മണിക്കൂർ നീളുന്ന പ്രാര്തഥനയ്ക്കായി തെരഞ്ഞെടുക്കുന്നു. പെരുനാൾ നമസ്കാരത്തിന് ചില വിഭാഗങ്ങൾ കേരളത്തിലും ഈ രീതി പിന്തുടരുന്നുണ്ട്.

ഇനി ഒരു ദേശീയ മാധ്യമം കുറച്ചുനാൾ മുമ്പ് റിപ്പോർട്ട് ചെയ്ത ഈ വാർത്ത നോക്കാം.

ഉത്തർപ്രദേശിലെ മൊറാദാബാദിൽനിന്നുള്ള കുടിയേറ്റക്കാരനായിരുന്നു ഷാറൂഖ് ഖാൻ. അവസാനവർഷ പോളിടെക്നിക് വിദ്യാർത്ഥിയായ ഖാൻ ഹരിയാനയിലെ ചക്രപൂർപുരിലുള്ള ഇരുമ്പു വെൽഡിംഗ് ഷോപ്പിൽ മുതിർന്ന സഹോദരനെ സഹായിക്കുന്നു. ഉത്തർപ്രദേശിലെ മൊറാദാബാദിൽനിന്നുള്ള കുടിയേറ്റക്കാരനായിരുന്നു ഖാൻ. 

ഹരിയാനയിലെ ഗുഡ്ഗാവിലെ ഓരോ വെള്ളിയാഴ്ചയിലും താൻ പങ്കെടുക്കുന്ന ജുമാ നമസ്കാരം ഇത്തവണ നടക്കുമെന്ന് ഷാറൂഖ് ഖാനു ഉറപ്പില്ലായിരുന്നു. മെഹ്റൗളി-ഗുർഗാവ് റോഡിലെ സഹാറ മാലിനുസമീപം ഒഴിഞ്ഞുകിടക്കുന്ന ഒരു മൈതാനത്തിലാണ് കഴിഞ്ഞ മൂന്ന് വർഷമായി ജുമാ നമസ്കാരം സംഘടിപ്പിക്കപ്പെട്ടത്. മെയ് നാലിന് ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹം അവിടെ എത്തിച്ചേർന്നു. 300 ഓളം മുസ്ലീം പുരുഷന്മാരുണ്ടായിരുന്നു. “പോലീസ് ഉദ്യോഗസ്ഥരുടെ ഒരു വലിയ സംഘംതന്നെ ആ തുറസ്സായ സ്ഥലത്ത് വിന്യസിക്കപ്പെട്ടിരുന്നു” ഖാൻ പറഞ്ഞു.

വെള്ളിയാഴ്ചയിലെ ജുമാപ്രാർഥനയ്ക്കായി മൈതാനത്ത് എത്തിയവർ മുന്പിൽ പ്ലാസ്റ്റിക് പായകൾ  വിരിച്ചു. അന്നേരം മൂന്നു കാറുകൾ നിറയെ കുത്തി ഞെരുങ്ങി വലിയൊരു സംഘം അവിടെ എത്തിച്ചേർന്നു. ഹിന്ദുത്വവാദികളായ ഇവർ നമസ്കരിക്കാനെത്തിയവരെ ആക്രമിക്കാൻ തുനിഞ്ഞെങ്കിലും പോലീസ് തടഞ്ഞതിനാൽ അനിഷ്ടസംഭവങ്ങളുണ്ടായില്ല. 

ഒടുവിൽ നമസ്കാരം നടന്നിരുന്നില്ല, കാരണം അനിഷ്ടസംഭവങ്ങളുണ്ടാകുമെന്നു ഭയന്ന്  ജമാഅത്ത് കൂടാനുള്ള വിശ്വാസികൾ അവിടെയെത്തിയില്ല . ആ ദിവസം, തുറസ്സായ സ്ഥലങ്ങളിൽ പ്രാർഥനകൾ നടത്തുന്നതിൽനിന്ന് മുസ്ലിങ്ങളെ ഗുഡ്ഗാവിലെ ഹിന്ദുത്വഗ്രൂപ്പുകൾ തടഞ്ഞു. ഗുഡ്ഗാവ് സെക്ടർ 53 ലെ രണ്ടു ഗ്രാമങ്ങളിലെ ഹിന്ദുഗ്രാമവാസികൾക്ക് ഏപ്രിൽ 20 ന് ഗവൺമെന്റിന്റെ ഉടമസ്ഥതയിലുള്ള പൊതുമൈതാനങ്ങളിലെ നമസ്കാരം തടയാൻ അവരുടെ ഗൂഡാലോചനയിലൂടെ കഴിഞ്ഞു. ഓരോ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് ഏതാണ്ട് 700 പേർ പങ്കെടുക്കുന്ന  പ്രാർത്ഥന സ്ഥിരമായി നടന്നുവന്നതാണ്. സർക്കാർ ഭൂമി മുസ്ലീങ്ങൾ നമസ്കാരത്തിനായി കയ്യടക്കിയെന്നാണ് ഹിന്ദുഭൂരിപക്ഷമുള്ള ഗ്രാമവാസികൾ ആരോപിച്ചത്. നിരവധി ഹിന്ദുത്വഗ്രൂപ്പുകളുടെ പ്രാദേശികയൂണിറ്റുകളുടെ പിന്തുണ ഉടൻ ഗ്രാമീണർക്ക് ലഭിക്കുകയും മുസ്ലിംകൾക്കെതിരെയുള്ള പ്രതിഷേധങ്ങൾ പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു.

അടുത്ത ദിവസം ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാർ ഹിന്ദുത്വഗ്രൂപ്പുകൾക്ക് പിന്തുണ നൽകണമെന്ന് ആവശ്യപ്പെട്ടു. ” മുസ്ലിങ്ങൾ അവരുടെ നമസ്കാരം മസ്ജിദുകളിലും ഈദ്ഗാഹിലും മറ്റ് നിയമാനുസൃതപ്രദേശങ്ങളിലും നടത്തണം” ഭാരതീയ ജനതാപാർട്ടികാരനായ മുഖ്യമന്ത്രി ഖത്തർ ഇങ്ങനെ പറഞ്ഞു

ഇത്രയും മൂന്നു മാസങ്ങൾക്കുമുമ്പ് സ്ക്രോൾ. ഇൻ എന്ന ഓൺ ലൈൻ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തതാണ്.

Read Also  രാഷ്ട്രീയപ്രതികാരം ; ലക്ഷദ്വീപിൽ ബി ജെ പിയുടെ ഹിന്ദുത്വഅജണ്ട വിവാദമാകുന്നു

മനോഹർ ലാൽ ഖട്ടാർ 

ഈ വാർത്തയും സുപ്രീം കോടതി ഗവേഷണം നടത്തി കണ്ടെടുത്ത പരാമർശങ്ങളും തമ്മിൽ ഇണക്കിനിർത്തി പരിശോധിക്കുകയാണെങ്കിൽ കോടതിവിധികളുണ്ടാകുമ്പോൾ വിധികർത്താക്കളുടെ മതപരമായ വിശ്വാസങ്ങൾ അതിനെ സ്വാധീനിക്കുമോ എന്നതാണ് പ്രധാനപ്പെട്ട ചോദ്യം. ജസ്റ്റിസ് അബ്ദുൽ നസീറിന്റെയും ജസ്റ്റിസ് ഇന്ദു മൽഹോത്രയുടെയും വിധികളിൽ അവരുടെ വിശ്വാസങ്ങൾ നിഴലിക്കുന്നുണ്ട്. മറുവശത്ത് രണ്ടുദിവസം മുമ്പുള്ള  അയോദ്ധ്യ വിധിപ്രഖ്യാപനത്തിലെ ഭൂരിപക്ഷ ജഡ്ജിമാരുടെ അഭിപ്രായത്തിനു മതവിശ്വാസത്തിന്റെയും മാധ്യമങ്ങളുടെയും സ്വാധീനവും വ്യക്തമായി നിഴലിക്കുന്നുണ്ട് എന്ന വസ്തുത ആരോപിച്ചാൽ നിഷേധിക്കാനാവില്ല. എന്നിട്ടും ജുഡീഷ്യറിക്ക് മതകാര്യങ്ങളിൽ ഇടപെടാൻ കഴിയില്ലെന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു. ഒരു കാര്യം പറയാം. ഇന്ന് വരുന്ന മതപരമായ വ്യവഹാരങ്ങൾ പരാമർശിക്കുന്ന കോടതിവിധികളിൽ മിക്കതും ഭൂരിപക്ഷവിഭാഗത്തിന്റെ അഭിപ്രായങ്ങൾ മുഖവിലയ്‌ക്കെടുത്ത് കൊണ്ടുള്ളതുതന്നെയാണ്

അതെ, രാഷ്ട്രീയമായ ഓരോ തർക്കങ്ങളിലും നാം പുലർത്തുന്ന അഭിപ്രായങ്ങൾ കാലങ്ങൾകൊണ്ട് മാറിവരുന്നു. അത് നമ്മുടെ വായനയുടെയും ജീവിതാനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ ചിന്താപരമായ  വിശകലനത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു പുനര്നിര്‍മ്മിതിയിലൂടെ  അത്തരമൊരു മാറ്റം പ്രകടമാകാം. അങ്ങനെതന്നെയാണ് അയോദ്ധ്യപ്രശ്നത്തെയും തുടർന്നുള്ള പലരുടെയും കരണംമറിച്ചിലിനെയും കാണേണ്ടത്. നിരന്തരമായ പത്രവായനകളിലൂടെയും പൊതുസമൂഹത്തിന്റെ ചർച്ചകളിൽ ഭാഗഭാക്കാവുന്നതിലൂടെയും നമ്മുടെ നിലപാടുകൾ മാറിമറിയും. നിരന്തരമായി നുണകൾ ആവർത്തിക്കപ്പെടുമ്പോൾ ആടുമായി നടന്ന നമ്പൂതിരിക്ക് കള്ളന്മാരുടെ ‘നായനിർവ്വചന’ത്തിൽപ്പെട്ടു ദൃശ്യഭ്രമം നേരിട്ടതുപോലെ ആർക്കും സംഭവിക്കാം. നാളെ താജ് മഹലും ഫത്തേപ്പൂർ സിക്രിയുമൊക്കെ ഇടിച്ചു നിരത്തപ്പെടാം. അതിനുവേണ്ടി സമൂഹമാധ്യമത്തിലൂടെ അനുകൂല മസ്തിഷ്കഉണര്‍വ്വ്  നിര്‍മ്മിച്ചേടുക്കാനുള്ള നെറ്റുവര്‍ക്ക് അവര്‍ക്ക് സ്വന്തമായുണ്ട്. അതുകൊണ്ട് അടിത്തറയിളകുന്നവര്‍ കോടതിയെയും സംശയത്തോടെതന്നെ വീക്ഷിക്കണം.

ഇത്രയൊക്കെയായിട്ടും എന്നോട് പുരോഗമനവിഭാഗമെന്നവകാശപ്പെടുന്ന പൊതുസമൂഹം പറയുന്നത് മേൽപ്പറഞ്ഞ രീതിയിലുള്ള അഭിപ്രായങ്ങൾ പരസ്യമാക്കരുതെന്നും അത്തരം നിലപാടുകൾ ഭാവിയിൽ നിങ്ങള്ക്ക് ദോഷം ചെയ്യുമെന്നുമാണ്. പക്ഷെ അങ്ങനെ ഒളിഞ്ഞിരിക്കാൻ എനിക്കാവില്ല. രാത്രി വീട്ടിലെത്തുമ്പോൾ ഉള്ള നിലപാട് തന്നെയാവണം പകൽ തെരുവിലിറങ്ങുമ്പോഴും ഉണ്ടായിരിക്കേണ്ടത് എന്നത് എന്നെ സംബന്ധിച്ച് നിർബന്ധമുള്ള കാര്യമാണ്.

Spread the love

20 Comments

Leave a Reply