Monday, July 6

അടിമജീവിതത്തിന്റെ ദൈവവിധി എഴുത്തിലൂടെ മറികടന്നവര്‍: ആദ്യകാല ആഫ്രോ അമേരിക്കന്‍ എഴുത്തുകാരിലൂടെ….

സംശയങ്ങളായിരുന്നു, എല്ലാവര്‍ക്കും. പ്രത്യേകിച്ചും, ആഫ്രിക്കന്‍ വന്‍കരയില്‍നിന്നും വേട്ടയാടി പിടിച്ചുകൊണ്ട് വന്ന ഈ ‘വന്യജീവികള്‍ക്ക്’ ഭാവനയുടെ സര്‍ഗ്ഗാത്മക സാന്നിധ്യം എങ്ങനെയുണ്ടാകും എന്ന സംശയം. മൃഗതുല്യമായ ജീവിതം നയിക്കാന്‍ വിധിക്കപ്പെട്ട, നരകജീവിതം എന്തെന്നു അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇവര്‍ക്ക് എന്ത് കവിത? എന്ത് സാഹിത്യം? എന്ത് സംഗീതം?, എന്നെല്ലാമുള്ള സംശയങ്ങള്‍.

പതിനാലാം നുറ്റാണ്ടുമുതല്‍ 1591ലെ മൂറിഷ് കടന്നാക്രമണം വരെയുള്ള കാലങ്ങളില്‍ ആഫ്രിക്കയിലെ റ്റിംബാക്തു നഗരത്തില്‍ സ്ഥിതി ചെയ്തിരുന്ന സന്‍കോലര്‍ മദ്രസയുടെ സാന്നിദ്ധ്യം ഒരു സര്‍വകലശാലയുടേതിനു തുല്യമായിരുന്നു. അതുമാത്രം മതിയാകും ആഫ്രിക്കന്‍ ജനതയുടെ സാംസ്‌കാരിക പാരമ്പര്യം രേഖപ്പെടുത്തുവാന്‍. ഫെലിക്‌സ് ഡുബോയ്‌സ് ‘ദുരൂഹതയുടെ റ്റിംബാക്തു’ (Timbuktu the Mysterious) എന്ന പഠനത്തില്‍ വളരെ വ്യക്തമായ സൂചന ഇതേപ്പറ്റി നല്‍കുന്നുണ്ട്. അഹമ്മദ് ബാബാ എന്ന പുരോഹിതന്റെ നാല്‍പ്പതിലധികം വ്യത്യസ്തത പുലർത്തുന്ന കൃതികളാണ് ഇതിനു തെളിവായി അദ്ദേഹം നൽകുന്നത്. ഈ സാംസ്‌കാരിക പാരമ്പര്യംവച്ച് നോക്കുമ്പോള്‍ ഉറപ്പിച്ചുപറയുവാന്‍ സാധിക്കും, കഠിനമായ പേശികള്‍ മാത്രമല്ല അടിമകള്‍ക്ക് ഉണ്ടായിരുന്നതെന്നും അതിനുള്ളില്‍ വളരെ ശക്തമായ ഒരു പാരമ്പര്യത്തിന്റെ ജിവാവക്ഷിപ്തം (gene) കൂടിയുണ്ടായിരുന്നുവെന്നും.

കൊളോണിയല്‍ സാഹിത്യരൂപങ്ങളുടെ പൊതുസ്വഭാവം, അത് എഴുത്തുകാര്‍ അനുഭവിക്കുന്ന യാതനകളെപ്പറ്റിയോ അല്ലെങ്കില്‍ അടിച്ചമര്‍ത്തലുകളെപ്പറ്റിയോ ഉള്ളതായിരുന്നുവെന്നതാണ്. ഇത്തരം അവസ്ഥകള്‍ വെളിവാക്കുന്നതിനുവേണ്ടി അടിമകാലത്തെ എഴുത്തുകാര്‍ ദൈവികമായ ചില പ്രാര്‍ത്ഥനാഗീതികളിലും ദൈവവിധിയിലും അവരുടെ ജീവിതത്തെ ആരോപിച്ചുകൊണ്ട് പുറംലോകത്തെ അഭിസംബോധന ചെയുകയായിരുന്നു പതിവ്. ലൂസി ടെറി, ജുപ്പിറ്റര്‍ ഹമ്മണ്‍, ഫിലിസ് വിറ്റ്‌ലെ ഇവരെല്ലാം ഈ ധാരയില്‍ ഉൾപ്പെടുന്നവരാണ്. അടിച്ചമര്‍ത്തലിന്റെ പുതിയ ലോകത്തില്‍ പോലും അതിശയം തോന്നിക്കുന്ന തരത്തിലുള്ള സ്ത്രീ സാന്നിദ്ധ്യമാണ് ലൂസി ടെറിയുടെയും ഫിലിസ് വിറ്റ്‌ലെയുടെയും എന്ന് ചിന്തിക്കുമ്പോള്‍ നമുക്ക് കിട്ടുന്ന ഒരേ ഒരു ഉത്തരം ഇവര്‍ എഴുതിയതിനെല്ലാം ദൈവികമായ ചില വെളിപാടുകളുടെ പിന്‍ബലം ഉണ്ടായിരുന്നുവെന്നതാണ്. അതാകട്ടെ അന്നത്തെ ഉടമ മനസിനെ കൃത്യമായി സ്വാധീനിക്കുവാന്‍ പര്യാപ്തവുമായിരുന്നു.

ജീവചരിത്രപരമായ വായനയില്‍ ആദ്യകാല ആഫ്രോ വംശജരായ എഴുത്തുകാർക്കെല്ലാം സമാനമായ പാരമ്പര്യമായിരുന്നു. ഏതെങ്കിലും ഉടമയുടെ അല്പമെങ്കിലും കാരുണ്യം അക്ഷരങ്ങളുടെയോ അറിവിന്റെയോ രൂപത്തില്‍ അവര്‍ക്ക് ലഭിച്ചിരുന്നു. ഇബനെസര്‍ വെല്‍സ് എന്ന ഭൂവുടമയുടെ ആശ്രിതയായി വളരെ ചെറുപ്പത്തില്‍ തന്നെ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ എത്തിയതായിരുന്നു ലൂസി ടെറി. ആദ്യ നവോത്ഥാനം നടക്കുന്നതിനു മുമ്പെത്തിയ ടെറിയുടെ സാഹിത്യഭ്രമത അവളുടെ ജന്മികുടുംബം അനുതാപത്തോടെ കണ്ടുവെന്നുവേണം മനസിലാക്കേണ്ടത്. ടെറിയെ ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിലേക്ക് ചേര്‍ക്കപ്പെടുന്നത് അവര്‍ പാടിനടന്ന ബാര്‍ ഫൈറ്റ് (Bar Fight)എന്ന ഗീതകത്തിലൂടെയാണ്. ഇത് 1746ല്‍ ഡീര്‍ഫീനല്‍ഡു എന്ന സ്ഥലത്ത് സംഭവിച്ച രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള സ്പര്ദ്ധയുടെ കാവ്യാത്മക വിവരണമാണ് (ചതുപ്പിന്റെ കൊളോണിയല്‍ നാമമാണ് ബാര്‍). എന്തായാലും ടെറിയുടെ കാവ്യത്തില്‍ അന്നു ജീവിച്ചിരുന്നവര്‍ക്ക് വളരെ താല്‍പര്യമുണ്ടായിരുന്നു. വായ്‌മൊഴിയായി നിലനിന്നിരുന്ന ഈ കവിത 1785ല്‍ അച്ചടിമഷി പുരളുകയും ചെയ്തു.

അഞ്ചാമത്തെ വയസില്‍ ലൂസിയെ വിലകൊടുത്തു വാങ്ങിയ വെയില്‍സ്വ എന്ന യജമാനന്‍ അവളിലെ മുസ്ലിം മതബോധത്തെ മാമോദിസയിലൂടെ തിരുത്തിയെഴുതുകയും അവളെ ഒരു യഥാസ്ഥിതിക ക്രിസ്ത്യന്‍ പാരമ്പര്യത്തിന്റെ ഭാഗമാക്കുകയും ചെയ്തു. കൌമാരകാലത്ത് വീണ്ടും അവര്‍ മറ്റൊരു കുടുംബത്തിലെ അടിമസംഘത്തിന്റെ ഭാഗമാകുകയും 1756 ല്‍ വിമോചിതനായ മറ്റൊരു അടിമയായിരുന്ന അഭിജാ പ്രിന്‍സിനെ വിവാഹം കഴിക്കുകയും ചെയ്തു. ലൂസിയുടെ ജീവിതം ശരിക്കും ഒരു പൊതു ചരിത്രമാണ്. ഓരോ അടിമയും ആണ്‍-പെണ്‍ വ്യത്യസമില്ലാതെ കടന്നുപോയ ഒരു ജീവിതം, സ്വന്തം സ്വത്ത്വബോധം എന്തെന്നറിയാതെ കടന്നു പോകുന്ന അടിമജീവിതം.

Read Also  സ്വവർഗ്ഗരതി ഒരു മർദ്ദനോപാധിയാകുമ്പോൾ ; ആഫ്രോ അമേരിക്കൻ ചരിത്രത്തിലൂടെ : വി കെ അജിത് കുമാർ
ലൂസി ടെറി

നല്ലൊന്നാന്തരം കഥപറച്ചില്‍കാരിയെന്ന ഒരു സമൂഹിക പദവി നേടിയെടുക്കാന്‍ ലൂസിയ്ക്കായി. അതായിരുന്നു അവര്‍ നേടിയെടുത്ത ഏറ്റവും വലിയ അംഗികാരം. ഒരു അടിമയുടെ ഏതുതരത്തിലുള്ള ജീവിതവും, അത് യാതാനപരമായാലും, സർഗ്ഗാത്മകമായാലും അവന്റെ അല്ലെങ്കില്‍ അവളുടെ ഉടമകളെ ആശ്രയിച്ചിരിക്കും എന്നുള്ളതും സത്യം. അവിടെ ചുരുക്കം ചിലര്‍ക്ക് ലഭിച്ച ആത്മപ്രകാശനത്തിനുള്ള അവസരം അവര്‍ വളരെ ക്രിയാത്മകമായി അവതരിപ്പികയും ചെയ്തു.
ഏതാണ്ടിതേ സമയത്ത് തന്നെ എത്തപ്പെട്ട ജൂപ്പിറ്റര്‍ ഹമ്മോണ്‍, ഫിലിസ് വിറ്റ്‌ലെ എന്നിവരും ചരിത്രപരമായ സ്ഥാനം സാഹിത്യ രംഗത്ത് അടയാളപ്പെടുത്തിയവരാണ്. വിറ്റ്‌ലെ ഉള്‍പ്പെടെയുള്ള എല്ലാവരും വംശീയമായ അസ്തിത്വം മുതല്‍ പേരിലെ അസ്ഥിരതവരെ അനുഭവിച്ചവരാണ്. അത് അവരില്‍ സൃഷ്ടിച്ചത് അമര്‍ഷത്തിലുപരി സങ്കടമായിരുന്നുവെന്നു സൂചിപ്പിക്കുന്നതാണ് നല്ലത്. ദുരവസ്ഥയക്ക് കാരണം ദൈവവിധിയാണെന്ന്  ഇവരില്‍ പലരും അവരുടെ ഗീതകങ്ങളിലൂടെ തുടര്‍ച്ചയായി വെളിവാക്കിക്കൊണ്ടിരുന്നു.

ഫിലിസ് വിറ്റ്‌ലെ

ഫിലിസിനെ വിലകൊടുത്തു വാങ്ങിയ യജമാനന്‍ അവളില്‍ ചൊരിഞ്ഞ സഹതാപം അവള്‍ പഠനത്തിനായി ഉപയോഗപ്പെടുത്തുകയായിരുന്നു. .ബൈബിളിലെ കഠിനമായ അദ്ധ്യായങ്ങള്‍ വ്യാഖ്യാനിക്കുവാനും ഗ്രീക്ക് ലാറ്റിന്‍ ഭാഷകള്‍ വായിക്കുവാനും അവള്‍ ശീലിച്ചു അലക്‌സാണ്ടര്‍ പോപ്പ്, ജോണ്‍ മില്‍ട്ടണ്‍, ഹോമര്‍, വെര്‍ജിചല്‍ ഇവരെയെല്ലാം മനസിലാക്കികൊണ്ട് കവിതയുടെ ലോകത്തേക്ക് അറിയാതെ കടക്കുകയായിരുന്നു ഫിലിസ്. എന്നാല്‍ അവരുടെ അവസാന കാലം കൂടുതല്‍ ദുരിതപൂരിതമായിരുന്നു. വിവാഹം ചെയ്ത ജോണ്‍ പീറ്റെഴ്‌സ് എന്ന കറുത്ത മനുഷ്യന്‍ വലിയ കടബാധ്യതയ്ക്കടിപ്പെടുകയും, ഒടുവില്‍ ജയിലില്‍ അടയ്കപ്പെടുകയും ചെയ്തു. പിന്നീടുള്ള ജീവിതം പലരുടെ ഭവനങ്ങളില്‍ താല്‍കാലിക ജോലി ചെയ്തു കഴിച്ചുകൂട്ടേണ്ട ഗതികേടില്‍ അവരെ എത്തിക്കുയും ചെയ്തത് ഫിലിസിന്റെ ചരിത്രത്തെ വീണ്ടും സങ്കടകരമാക്കി.

ഫിലിസിന്റെു കവിതകളെപ്പറ്റി രണ്ടുതരം വ്യഖ്യാനമുണ്ട് . അവര്‍ അടിമത്തത്തിനെതിരെ കൂടുതല്‍ ശബ്ദിച്ചില്ലെന്ന ആരോപണം നിലനില്‍ക്കുന്നുന്നു. എന്നിരുന്നാലും അവരുടെ കവിതയില്‍ തെളിഞ്ഞു വരുന്ന ദൈവീകമായ ബിംബങ്ങള്‍, വിധിയെ പഴിച്ചുകൊണ്ടുള്ള തേങ്ങലുകള്‍ ഇവയെല്ലാം ചിലതരത്തിലുള്ള അത്മപ്രകാശനങ്ങള്‍ തന്നെയായിരുന്നു. തന്റെ ജീവിതപാഠങ്ങള്‍ കൊണ്ട് ഒരടിമയ്ക്ക് മാത്രം പ്രകടിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള വിവരണങ്ങള്‍.

നീഗ്രോ ചര്‍ച്ച്, സൗത്ത് കരോലിന

ഫിലിസ് വിറ്റ്‌ലെ ഉള്‍പ്പെടുന്ന ആദ്യകാല ആഫ്രോ അമേരിക്കന്‍ എഴുത്തുകാരില്‍ എഴുത്തിന്റെയോ ചിന്തയുടെയോ രേതസില്ലെന്ന് വാദിക്കാന്‍ രംഗത്തു വന്നവര്‍ പലരും അന്നുണ്ടായിരുന്നു.’വെര്‍ജിന പ്രവിശ്യയെ പറ്റിയുള്ള കുറിപ്പുകള്‍’തയ്യാറാക്കിയ തോമസ് ജഫെഴേസണ്‍, ഫിലിസ് വിറ്റ്‌ലേയുടെ കവിതകള്‍ അവരുടേതല്ലെന്ന് വാദിക്കുന്നതില്‍ ഒരു പ്രത്യേകതരം ഊർജ്ജം കണ്ടെത്തിയിരുന്നു. അനുഭവിച്ച ദുരിതങ്ങള്‍, ദുരന്തങ്ങള്‍ കാവ്യങ്ങളായി അവതരിപ്പിക്കുന്നതിലും കഠിമായിരുന്നു അതിന്റെ കര്‍തൃത്വം സ്ഥാപിച്ചെടുക്കുന്നതിനായി അവര്‍ നടത്തിയ സമരങ്ങള്‍. ദയാരഹിതമായ ആക്രമണമായിരുന്നു ജഫെഴ്‌സന്‍, വിറ്റ്‌ലേയ്ക് നേരെ നടത്തിയത്. ‘മതം ഫിലിസ് വിറ്റ്‌ലെയെ രൂപപ്പെടുത്തിയിരിക്കാം എന്നാല്‍ അതൊരു കവിയെ രൂപപ്പെടുത്തില്ല.’എന്നുപോലും ജഫെഴ്‌സണ്‍ വിളിച്ചുപറഞ്ഞു.

ഒടുവില്‍ ആന്തരിക തൃഷ്ണയിലൂടെ രൂപപ്പെട്ട കാവ്യങ്ങള്‍ സ്വന്തമാണെന്ന് തെളിയിക്കാന്‍ വിറ്റ്‌ലേ 1761ല്‍ ബോസ്റ്റണ്‍ കോടതിയിലേക്ക് നടന്നുകയറി. എന്നാല്‍ കോടതി അവര്‍ക്ക് നേരെ ഒരിടപെടല്‍ നടത്തിയത് സംശയത്തിന്റെ് രൂപത്തിലയിരുന്നു. അതുകൊണ്ടുതന്നെ അമേരിക്കയില്‍ അവരുടെ കവിതകള്‍ പ്രസിദ്ധീകരിക്കാന്‍ അന്ന് സാധിച്ചില്ല. ലണ്ടനിലാണ് അവരുടെ കവിതകള്‍ ആദ്യമായി പ്രസിദ്ധീകരിച്ചത്. ഈ പ്രക്രിയ തന്നെ ലോകത്തിന്റെ പലഭാഗത്തും കഴിവുതെളിയിക്കപ്പെട്ടിട്ടുള്ള സാമൂഹിക ശ്രേണിയില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് നേരേ നടന്നിട്ടുണ്ട്. ബ്രാഹ്മണ പിതൃത്ത്വം സര്ഗ്ഗത്മകത തെളിയിച്ച കലാകാരന്മാരില്‍ ആരോപിക്കാന്‍ നമ്മുടെ സംസ്‌കാരവും പിന്നിലല്ലായിരുന്നുവെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ഇത് തുടര്‍ന്നു വരുന്നു. ഈ രണ്ടാംതരം മനോഭാവമാണ് എഴുപതുകളില്‍ റാല്‍ഫ്് എല്ലിസന്‍ എന്ന അമേരിക്കന്‍ നീഗ്രോ എഴുത്തുകാരന് സംഭവിച്ചതും. ‘ഇന്‍വിസിബിള്‍ മാന്‍’ എന്ന വിഖ്യാത നോവലിന്റെ കര്‍ത്താവാണ് അദ്ദേഹം. ഒരിക്കലും ഇന്‍വിസിബള്‍ മാ്ന്‍ പോലെ ഒരു നോവല്‍ എഴുതാന്‍  ഒരു ‘നീഗ്രോയ്ക്ക്’ സാധിക്കില്ല എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച മേലാളര്‍ അദ്ദേഹത്തിനെതിരെ വലിയ ആക്രമണമാണ് അഴിച്ചുവിട്ടത്.

Read Also  'ഞങ്ങൾ ഭാഷ നെയ്യുന്നു' ; കറുപ്പിനെ അടയാളപ്പെടുത്തിയ ടോണി മോറിസൺ
ജൂപ്പിറ്റര്‍ ഹമ്മണ്‍

മറ്റൊരാളെക്കൂടി സുചിപ്പിക്കാതെ ഇത് പൂർത്തിയാകില്ല . ആദ്യമായി പ്രസിദ്ധീകരണ ഭാഗ്യം ലഭിച്ച അടിമയെന്ന സ്ഥാനം നേടിയത് ജൂപ്പിറ്റര്‍ ഹമ്മണിനാണ്. ‘An Evening thought: ‘Salvation by christ, with Peritential Cries’ എന്ന കവിത അദ്ദേഹത്തെ സാഹിത്യരംഗത്ത് പ്രശസ്തനാക്കി. 1778-ല്‍, സമകാലികയായിരുന്ന ഫിലിസ് വിറ്റ്‌ലെയ്ക് വേണ്ടി ഒരു മുക്തകവും അദ്ദേഹം രചിച്ചു. എന്നാല്‍ അടിമയെന്ന നിലയില്‍ ആജീവനാന്തം അനുഭവിച്ച ദുരിതജീവിതം അദ്ദേഹം എഴുതിവച്ചത് ‘ന്യൂയോര്‍ക്ക് പ്രവിശ്യയിലെ നീഗ്രോ വംശജരെ അഭിസംബോധന ചെയ്തു കൊണ്ട്’ എന്ന് പേരിട്ട അടിമജീവിതത്തിന്റെ വിവരണത്തിലൂടെയായിരുന്നു. ജീവിതാന്ത്യം വരെ നയിച്ച അടിമജീവിതം, അതിഭാവുകത്വത്തിന്റെ രോമസ്പര്‍ശം പോലുമില്ലാതെ ഈ കവിതയില്‍ കുറിച്ചിട്ടു. അദ്ദേഹത്തിന്റെ പല വീക്ഷണങ്ങളും പിൽക്കാലത്ത് അമേരിക്കന്‍ അബോളിഷ് സംഘങ്ങള്‍ നിരന്തരം ഉപയോഗിച്ചു പോന്നു. ‘നമുക്ക് എന്നെങ്കിലും ഒരു സ്വര്‍ഗ്ഗം ലഭിക്കുമെങ്കില്‍ നമ്മളെ കറുത്തവരെന്നും അടിമകളെന്നും തരംതിരിക്കാത്ത ഒരിടമാകണം’ അതെന്നു വിലപിക്കുമ്പോള്‍ ഒരു ജനതയുടെ നെടുവീര്‍പ്പ് കൂടിയാണ് അവിടെ രേഖപ്പെടുത്തപ്പെടുന്നത്. അടിമത്വം ഒറ്റദിവസം കൊണ്ട് അവസാനിക്കില്ല അത് ക്രമേണ മാത്രമേ അവസനിക്കൂ എന്ന ഉള്‍ക്കാഴ്ചയും ജുപ്പിറ്റര്‍ പങ്കുവയ്കുന്നുണ്ട്.

ആഫ്രോ അമേരിക്കന്‍ സാഹിത്യമെന്ന പ്രത്യേക സരണിയിലേക്ക് കടക്കുമ്പോള്‍ ഫിലിസ് വിറ്റ്‌ലെയും ലൂസി ടെറിയും ജുപ്പിറ്റര്‍ ഹമ്മണും സര്‍ഗ്ഗാത്മകതയുടെ ഭ്രമിപ്പിക്കുന്ന ആലങ്കാരിക ഭാഷയൊന്നും ഉപയോഗിച്ച് കാണുന്നില്ല. ടോണി മോറിസണും മറ്റും ഉള്‍പ്പെടുന്ന പുത്തന്‍ കാലത്തെ എഴുത്തുകാര്‍ നിരത്തുന്ന ജീവിത സങ്കീര്‍ണതയും ബന്ധങ്ങളുടെ വ്യാഖ്യാനങ്ങളും ഒന്നും അവരില്‍ ഉണ്ടായിരുന്നില്ല. അവര്‍ക്ക് പറയുവാന്‍ ഉണ്ടായിരുന്നത് അവരുടെ വര്‍ത്തനമാനകാലത്തെപ്പറ്റി മാത്രമായിരുന്നു. അത് വളരെ സുതാര്യമായ ഭാഷയില്‍.പറയുക മാത്രമായിരുന്നു അവര്‍ ചെയ്തത് അതുകൊണ്ടുതന്നെ ചുറ്റുമുള്ളവരുമായി അതിന് സംഗീതം പോലെ വേഗത്തില്‍ സംവേദനം നടത്തുവാനും സാധിച്ചു.

Reference:

  • Green, Lisa J .African American English ,A linguistic Introduction ,Cambridge.2002
  • Teaching African American Literature –Over view of African American Literature –AnmcyNickellTayler.
  • Discovery of African American Culture through African American Literature (thesis by Magdalena Hajkova.
  • The Norton Anthology of African American Literature.2ndNew York :WW Norton& Company, 2004
  • Lucy Terry Prince Singer of History  The Franklin Herald. Greenfield,
  • An Evening Thought  University of Virginia Library. 1761. Retrieved 24 April 2010.
  • Hammon Jupiter American National Biography Online. Retrieved 18 October 2015.
  • Encyclopedia of African American Women Writers, Volume Memoir and Poems of Phillis Wheatley, a Native African and a Slave. Boston: Published by Geo. W. Light,

*പുനപ്രസിദ്ധീകരണം.Spread the love

17 Comments

Leave a Reply