Wednesday, January 19

കാലമേറെയായ്, മെര്‍ക്കുറി കഴിക്കുകയാണ് നാം

ഇത്ര കാലവും നാം തിന്നത്

മീനില്‍ നാഫ്തലീന്‍ മാത്രമായിരുന്നില്ല,

മെര്‍ക്കുറി കൂടിയായിരുന്നു.

പുഴയും കിണറും വറ്റുന്നതിനെപ്പറ്റി തന്നെ…

പ്രളയത്തിനുശേഷം കേരളത്തിലെ നദികളും കിണറുകളുമൊക്കെ വറ്റി വരളുകയാണ്. കൊടിയ ഒരു വരള്‍ച്ചയിലേക്കാണോ നാം പോകുന്നതെന്ന ഭീതി നമ്മെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. അത് നമ്മെ ദുരിതാശ്വാസക്യാമ്പുകളിലേക്കായിരിക്കില്ല, വെള്ളം അന്വേഷിച്ചുള്ള പലായനങ്ങളിലേക്കായിരിക്കും എത്തിക്കുക എന്ന ഭീതിദമായ അവസ്ഥ സംജാതമാവുകയാണ്.

ഏക ആശ്വാസം തോന്നുന്നത് നമ്മുടെ വരണ്ട കലാലോകത്തെ ഈ വരള്‍ച്ച കൂടുതല്‍ ഉത്തേജിപ്പിച്ചേക്കാം എന്നാണ്. കാരണം കാലമേറെയായി നമ്മുടെ കവിതയും കലയുമൊക്കെ പുഴയുടെ കാല്പനികതയില്‍ അഭിരമിക്കുകയായിരുന്നല്ലോ. നിളയുടെ തേങ്ങലും വിലാപവുമൊക്കെയായി കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു പോയ്, കാലവും കടന്നു പോയ്… എന്ന പാട്ടില്‍ വരെ നാം കവിതയിലും പാട്ടിലുമൊക്കെ കാല്പനികവിലാപവും പ്രേമവും പാടിയുറപ്പിക്കുകയായിരുന്നല്ലോ. ഒന്നുകില്‍ പുഴ, അല്ലെങ്കില്‍ ഇത് ബാഗ്ദാദ് എന്നായിരുന്നല്ലോ കുറെക്കാലമായി നമ്മുടെ കാവ്യലോകം. ദാഹത്തിന്‍റെ സ്മാരകത്തിന് നാരകച്ചെടി നട്ട പെങ്ങളൊക്കെ തെരുവില്‍ വെള്ളം കിട്ടാതെ മരിച്ചു പോവുകയും ചെയ്തല്ലോ.

കുറ്റിപ്പുറം പാലം നമ്മുടെ വികസനസങ്കല്പങ്ങളെ മാത്രമല്ല, അതിന്‍റെ സാധൂകരണത്തെയും ചില്ലറയൊന്നുമല്ല യാഥാര്‍ത്ഥ്യവല്കരിച്ചത്. മലബാറിന്‍റെയും കൊച്ചിയുടെയും അതിര്‍ത്തികള്‍ ഇല്ലാതായി, ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടുമായി എന്ന മട്ടില്‍ യാത്രയുടെ തുടര്‍ച്ച അറ്റു പോകാത്തതിനാല്‍ അതറിയാവുന്നവരാണ് എല്ലാവരും.  പിന്നെ കടത്തു കടക്കുന്നതിനെക്കാളും പാലത്തിന് മുകളിലൂടെ പായുന്ന നിളയുടെ ഒരു മുകള്‍കാഴ്ച ആരെയാണ് ആനന്ദിപ്പിക്കാത്തത്? അങ്ങനെയുള്ള ആകാശ്കകാഴ്ചകളുടെ അര്‍മ്മാദമാണല്ലോ കല്യാണവീഡിയോയ്ക്കു വേണ്ടി ഹെലിക്യാം ഉപയോഗത്തിലും നാം ആനന്ദിക്കുന്നത്. നമുക്കിപ്പോള്‍ നേരേ കണ്ടാല്‍ പോരാ, മുകളില്‍ നിന്ന് കാണണമെന്നായിട്ടുണ്ട്. രാഷ്ട്രനായകന്‍ എന്നും വിമാനത്തില്‍ കേറിപ്പോകുന്ന ചിത്രം ദിവസേന ദിനപ്പത്രത്തില്‍ കണ്ട് നമ്മുടെ മനസ്സ് അങ്ങനെ രൂപപ്പെട്ടതാകാം.

കാശു കൊടുത്ത് ജോലി വാങ്ങി സ്ത്രീധനം കാറായി വാങ്ങി ദിവസേന കുറ്റിപ്പുറം പാലത്തിലൂടെ ഓടിച്ചു പോയിട്ടുള്ള പ്രൊഫസര്‍ ക്ലാസ് റൂമില്‍ ഇടശ്ശേരിയുടെ കുറ്റിപ്പുറം പാലം എന്ന കവിതയെ എന്തായിട്ടാവും പഠിപ്പിച്ചിട്ടുണ്ടാവുുക. മറിച്ചാണേല്‍ കേരളത്തിലെ പ്രൊഫസര്‍മാര്‍ വിചാരിച്ചാല്‍ തന്നെ എല്ലാവരെയുമല്ലെങ്കിലും വര്‍ഷത്തില്‍ ഒന്നു രണ്ട് വിദ്യാര്‍ത്ഥികളെയെങ്കിലും രാഷ്ട്രീയസ്തുതിപാഠകര്‍ അല്ലാത്ത സ്വതന്ത്ര ചിന്തകരാക്കാവുന്നതേയുള്ളൂ. അവരില്‍ നിന്നൊക്കെയല്ലേ നവവിദ്യാര്‍ത്ഥിരാഷ്ട്രീയചിന്ത വരേണ്ടതും. മറിച്ചാലോചിക്കുമ്പോഴും തോന്നുന്നത് തോമസ് ഐസക്കിനെപ്പോലെ ഒരു ധനകാര്യവിദഗ്ധനെ ഇപ്പോള്‍ എന്തുകൊണ്ട് സി.ഡി.എസിലൂടെ പാര്‍ട്ടിയില്‍ എത്തിക്കാന്‍ കഴിയുന്നില്ല (അപ്പുറത്തെ ധനകാര്യകിഴവന്‍ മാണിയെ കൂട്ടാന്‍ കാണിച്ച വ്യഗ്രത ആലോചിക്കുമ്പോള്‍) എന്നതാണ്. അതോ ഐസക്കിനെ പോലെ വിദഗ്ധരായ പഠിതാക്കളുടെ അഭാവമോ?

അതെന്തേലുമാവട്ടെ കലയും രാഷ്ട്രീയവുമൊക്കെ ചിന്നപ്പയല്‍ അതാതിന്‍റെ വഴിക്കു വിടുന്നു.  അല്ലെങ്കില്‍ നിളയെപ്പറ്റി കവിത എഴുതിയവര്‍ നിളമണല്‍കൊണ്ട് വീടു വെച്ചതും, എം എ ബേബി വിദ്യാഭ്യാസമന്ത്രിയായപ്പോള്‍ എസ് എഫ് ഐ മുദ്രാവാക്യങ്ങള്‍ അറബിക്കടലിലായതും നാമേവരും കണ്ടതാണല്ലോ. പ്രളയം കൊണ്ടെങ്കിലും അത്തരത്തിലുള്ള കറകള്‍ കഴുകിക്കളയാനുള്ള അവബോധം നമുക്ക് ഉണ്ടാവേണ്ടതാണ്. അങ്ങനൊക്കെയല്ലേ നമുക്ക് നവകേരളം ഉണ്ടാവേണ്ടത്?

പ്രളയത്തില്‍ ഒലിച്ചു പോയവയെ പഴയപടി പുനഃസ്ഥാപിക്കലാണെങ്കില്‍ അത് എങ്ങനെ നവമാകും? അത് പുനര്‍നിര്‍മ്മിതിയല്ലെ? അവിടെയാണ് നാം നമ്മുടെ പഴയ ദുഷിപ്പുകളെയും അതിന്‍റെ വാഹകരെയും കഴുകിക്കളയേണ്ടത്. ബ്യൂറോക്രാറ്റിക് സ്വേച്ഛാധിപത്യം എന്നൊക്കെ കുറ്റപ്പെടുത്തപ്പെടുമ്പോഴും കേന്ദ്രഭരണപ്രദേശത്തിനകത്തുനിന്ന് കെജരിവാള്‍ കാട്ടുന്ന ഭരണപരമായ ഇച്ഛാശക്തിയുടെ ജനാധിപത്യമൂല്യങ്ങളെങ്കിലും ഉയര്‍ത്തിപ്പിടിക്കാന്‍ നമുക്കാവണ്ടെ. കേരളപ്പിറവിക്കൊപ്പം തന്നെ കമ്മ്യൂണിസ്റ്റ് ഭരിച്ച കേരളത്തിന് സ്ഥിതിസമത്വം കൈവരിച്ചെങ്കില്‍ സ്വതന്ത്രകേരളവാദം നമുക്ക് മുന്നോട്ടു വെക്കാമായിരുന്നു.

അതേ, നാമെന്തിന് ഒന്നല്ല, രണ്ടല്ല മൂന്നല്ല, നാലല്ല… അറുപത്തിനാലു തമ്പ്രാക്കരുടെ റാന്‍ ചൊല്ലലുകാരാകണം. അതായത് പലതരം നികുതിദായകരാവണം. അങ്ങനെ വേണമെങ്കില്‍ തന്നെ രാഷ്ട്രീയാതീതമായ, പക്ഷപാതരഹിതമായ സ്വതന്ത്ര നിലനില്പിന് നാം പര്യാപ്തമാകേണ്ടിയിരിക്കുന്നു. അതിന് പരിസ്ഥിതിയെ നശിപ്പിക്കുന്ന വികസനത്തിനപ്പുറം പാരിസ്ഥിതിക ജീവിത തുലനാവസ്ഥയാണ് നാം പാലിക്കേണ്ടത്. കാലങ്ങളായി നാം മാറി മാറി പരീക്ഷിച്ച ഇരുപക്ഷവും ജൈവികാവസ്ഥകളില്‍ നിന്നും നമ്മെ എത്രത്തോളം നാശത്തിലേക്ക് നയിച്ചുവെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. പാടം നികത്തി ഫ്ലാറ്റുകള്‍ കെട്ടിയുയര്‍ത്തിയപ്പോള്‍ ഭക്ഷ്യസുരക്ഷയെക്കാള്‍ ജീവിതസുരക്ഷയ്ക്കും അയല്‍ക്കാരന്‍റെ അസൂയയ്ക്കുമായിരുന്നു നാം പ്രാധാന്യം കല്പിച്ചതെന്ന് ചിന്തിക്കേണ്ടി വരുന്നു. ആ സുരക്ഷയും അസൂയകളും വ്യക്തിപരമായ അഹന്തകളുടെ തലയെടുപ്പുകളുമായിരുന്നല്ലോ പ്രളയത്തില്‍ ഒലിച്ചു പോയതും.

നവകേരളം സാധ്യമാകണമെങ്കില്‍ നിലനില്കുന്ന സ്ഥാപനങ്ങളും അതിന്‍റെ വാഹകരുമെല്ലാം ഒഴുകിപ്പോകേണ്ടി വരും. അല്ലെങ്കില്‍ നമുക്ക് ഒഴുക്കി കളയേണ്ടി വരും. അങ്ങനെ ഒരവസ്ഥയല്ല നാമിപ്പോള്‍ കാണുന്നത്. മറിച്ച്, നാട്ടുമ്പുറ ക്ലബ്ബുകളുടെ കാലത്ത് പരിപാടികള്‍ സംഘടിപ്പിക്കുന്ന സംഘാടകര്‍ പിരിവിനെത്തുമ്പോള്‍ അല്പജ്ഞരായ ചില നാട്ടുപ്രമാണിമാര്‍ ചോദിക്കുംപോലെ, പിരിച്ച് പുട്ടും കടലേം അടിക്കാനല്ലേ എന്ന ചോദ്യം പോലെ പ്രളയദുരിതാശ്വാസം പുട്ടും കടലേമായിരിക്കുകയുമാണ്. മുഖ്യന് സുഖമില്ലാത്തതിനാല്‍ ചികിത്സയങ്ങ് അമേരിക്കയിലാക്കി (ജീവനില്‍ പേടിയില്ലാത്തത് ആര്‍ക്കാണ്, വെള്ളായണി അര്‍ജ്ജുനനെ ആര്‍ക്കാണ് പേടിയില്ലാത്തത് എന്നത് ഒരു നാട്ടു ചൊല്ലുമായിട്ടുണ്ടല്ലോ). ചിറ്റപ്പനിവിടെ മഴക്കാലം കിട്ടിയ തവളയെപ്പോലെ മാധ്യമക്കാരെത്തുമ്പോള്‍ ഇരുന്ന് ഏയ് ഇപ്പോ ഞാനൊരു കിണ്ണോം കട്ടിട്ടില്ല എല്ലാം ശരി(ശി)യായിട്ടാ എന്ന മട്ടില്‍ പോക്രോം വിളീം നടത്തുന്നു. മൊത്തത്തില്‍ പൈത്തിയം പുടിച്ചാച്ച്… എന്നത് വിട്ട് മൊത്തത്തില്‍ പെണ്ണിനേം പുടിച്ചാച്ച് എന്നായതിനാല്‍ ദുരിതവും ആശ്വാസവുമൊക്കെ എവിടെ ആയോ എന്തോ?

പ്രളയാനന്തരം പല ചങ്ങായികള്‍ ഫേസൂക്കിലും മറ്റും പോസ്റ്റിയ കുതിര്‍ന്ന പുസ്തകങ്ങളുടെയും അതൊക്കെ ഉണക്കി പഴയപോലെ ഷെല്‍ഫില്‍ വെക്കാനുള്ള വ്യഗ്രതയുടെയും ചിത്രങ്ങള്‍ കണ്ടപ്പോള്‍ തോന്നിയ സന്തോഷം ചെറുതൊന്നുമല്ല. നമ്മുടെ ഗ്രന്ഥപ്പുരകള്‍ക്ക് തീയിടാന്‍ ഏലിയാസ് കാനേറ്റി നമ്മോട് പറഞ്ഞപ്പോഴും പുസ്തകമാണ് അറിവ് എന്ന് അഹങ്കരിച്ച് നാം അനുസരിച്ചിരുന്നില്ല. അങ്ങനെയായിരുന്നു പുസ്തകം വായിക്കുന്നവരാണ് അറിവുള്ളവര്‍ എന്ന മിഥ്യാധാരണ നാമുണ്ടാക്കിയതും. അറിവ് എന്ന വാക്കിനെ അപനിര്‍മ്മിച്ചതിന്‍റെ ഫലമായിരുന്നു, അല്ലെങ്കില്‍ അപനിര്‍മ്മാതാക്കള്‍ ജ്ഞാനോല്പാദകര്‍ ആയതുമാവാം. എങ്കിലും ഒഴുകിയതും അഴുകിയതുമായ പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഏറെ ഉണ്ടായിരിക്കാന്‍ സാധ്യത കര്‍ക്കിടകത്തില്‍ പല പ്രസിദ്ധീകരണക്കാരില്‍ നിന്നായി സംഗ്രഹവും സമ്പൂര്‍ണ്ണവും പലേ വ്യാഖ്യാനങ്ങളുമൊക്കെയായി പലതരം എഡിഷനുകളില്‍ വീടുകളിലെത്തിയ രാമായണമായിരുന്നുവെന്നത് സങ്കടപ്പെടേണ്ടതാണോ എന്നറിയില്ല.

സന്തോഷത്തിന്‍റെ മുല്ലപ്പെരിയാര്‍ തുറന്നു വിട്ടത് മറ്റൊരു കാര്യത്തിലാണ്. ദൈവവിശ്വാസങ്ങളുടെ ഒഴുകിപ്പോകലായിരുന്നു അത്. അതോടൊപ്പം തന്നെ ജാതിമതസ്പര്‍ദ്ധകളുടെ കൈകള്‍ പരസ്പരം കൈപിടിച്ച് കയറ്റിയതും. വീട്ടിലിരുന്ന് ദൈവത്തെ മുട്ടിപ്പായി പ്രാര്‍ത്ഥിക്ക മാത്രമല്ല, അഭയത്തിന് ആറന്മുളയിലുള്‍പ്പെടെ അമ്പലങ്ങളിലും പള്ളികളിലും ഓടിക്കേറിയവരും ഒടുവില്‍ ഹെലികോപ്റ്ററിന് കോണകമുരിഞ്ഞ് വീശുന്നതും കാണേണ്ടി വന്നു. ദൈവമല്ല സഹജീവികളാണ് ആപത്തിലുണ്ടാവുക എന്ന് വിശ്വാസികള്‍ക്ക് ദൈവം വന്ന് പറഞ്ഞു കൊടുത്തപോലെ. മത്സ്യകുലത്തെ വലയെറിഞ്ഞ് കുടുക്കുന്നവരാണെങ്കിലും പ്രളയം വരുമ്പോള്‍ തങ്ങളെ രക്ഷിക്കാന്‍ മത്സ്യത്തൊഴിലാളികളും, പ്രളയത്തില്‍ നിന്ന് രക്ഷ നേടാന്‍ അവരുടെ ബോട്ടുപെട്ടകങ്ങളും അവയിലേക്കുള്ള പടികള്‍ സഹജീവിസ്നേഹികളായ, അദ്ധ്വാനശീലരായ തൊഴിലാളികളുടെ മുതുകുമാണെന്ന് എല്ലാ മതസ്ഥരും ഏകദേശം കുറി കുരിശു തഴമ്പുകള്‍ അടിയറ വെച്ചത് പ്രകൃതി, മനുഷ്യന്‍, ജന്തുജാലം എന്നൊക്കെ ഇനിയെങ്കിലും ചിന്തിക്കാന്‍ വക നല്കിയതിന് സങ്കടത്തോടെയാണെങ്കിലും ചെറിയ പ്രകൃതിക്ഷോഭത്തിന് നന്ദി പറയുന്നു.

പ്രളയാനന്തരം ദിനേന പലേടങ്ങളിലായി ദുരിതം നേരിട്ടനുഭവിക്കാന്‍ ജനസമ്പര്‍ക്കപരിപാടി നടത്തുന്ന ഉമ്മന്‍ ചാണ്ടിയല്ലല്ലോ നമ്മുടെ ഇപ്പോഴത്തെ മുഖ്യമന്ത്രി. എല്ലാം മുന്‍കൂട്ടി തീരുമാനിച്ച പോലെ, കമ്മ്യൂണിസ്റ്റ് ജനപ്രതിനിധിയായി മന്ത്രിയായിട്ട് നിയമനങ്ങള്‍ ബന്ധുക്കള്‍ക്കായി വീതിച്ചതില്‍ പുറത്താക്കപ്പെട്ട അനിയനെ മന്ത്രിയാക്കിയതിന് ശേഷമാണ് പ്രളയം മൂലം തീയതി തെറ്റിയെങ്കിലും നമ്മുടെ മുഖ്യന്‍ ജീവരക്ഷയ്ക്കായി അമേരിക്കയ്ക്ക് വിട്ടത്. ജീവന്‍റെ കാര്യമായതിനാല്‍ ആരെങ്കിലും ചോദ്യം ചെയ്താല്‍ തന്നെ പ്രതിരോധിക്കാന്‍ അപ്പോള്‍ ദുരിതാശ്വാസം കൈവിട്ട് അണികളെത്തിക്കോളുമെന്ന് അദ്ദേഹം കാര്യങ്ങളെ രൂപപ്പെടുത്തിയിട്ടുമുണ്ടല്ലോ. അനേകരുടെ ജീവനെക്കാള്‍ നേതാവിന്‍റെ ജിവനും ചിന്തയും നായകത്വവുമാണ് പ്രളയാനന്തര നവകേരളനിര്‍മ്മിതിയ്ക്ക് നമുക്കാവശ്യമെന്ന് വികസനപക്ഷക്കാരായ അണികള്‍ നിരന്നോളുമല്ലോ.

എനിക്ക് നല്ല സുഖമില്ല, മലബാറില്‍ ആകെയുള്ളത് ഇപ്പോഴത്തെ നമ്മുടെ എം.എല്‍.എ. യുടെ അച്ഛനും നമ്മുടെ പഴയ ആചാര്യനും പില്‍ക്കാലശത്രുവും ആയവനുണ്ടാക്കിയതും അതിനെതിരെ നമ്മുടെ ചെറുപ്പക്കാരുടെ ജീവന്‍ ബലി കൊടുത്തതുമായ സഹകരണ മെഡിക്കല്‍ കോളേജും പിന്നെ ഞാന്‍ പ്രതിക്കൂട്ടിലായ മലബാര്‍ കാന്‍സര്‍ സെന്‍ററുമേ ഉള്ളൂ. അവിടെ എവിടെപ്പോയാലും കേരളത്തിലെ പീറ മാധ്യമസിന്‍ഡിക്കേറ്റ് എനിക്ക് ആശുപത്രിയില്‍പ്പോലും  കിടക്കപ്പൊറുതി തരില്ല. അതിനാല്‍ അനിയാ സുഖമായി തിരിച്ചു വരാന്‍ ഞാന്‍ ചികിത്സയങ്ങ് അമേരിക്കയിലാക്കുകയാണ്. അവിടാവുമ്പോള്‍ മക്കളും കൊച്ചുമക്കളും ബന്ധുക്കളും ബിസിനസ് പാര്‍ട്നര്‍മാരുമൊക്കെയായി എനിക്ക് വേണ്ടപ്പെട്ടവര്‍ക്കൊക്കെ വരാനും സൗകര്യമാണ്.

പണ്ട് നാം കെ. കരുണാകരനെ ഇതൊക്കെ പറഞ്ഞ് ക്രൂശിച്ചെങ്കിലും അന്നും നാം ഒറ്റപ്പെട്ട നാവായ നവാബ് രാജേന്ദ്രനൊപ്പം നിന്നിട്ടില്ലല്ലോ. അതാണ് നമ്മുടെ ബഹുജനമുന്നേറ്റം. മരിക്കുന്നതു വരെയും എനിക്ക് ആ കസേര ഉറപ്പായിരിക്കണം. തക്കം കിട്ടിയാല്‍ ആ കസേരേല്‍ കേറിയിരുന്ന് എല്ലാം ശരിയാക്കാന്‍ വേണ്ടി ഇനിയും ചാവാതെ തിരുത്തല്‍വാദിയായ ഒരു കിളവന്‍ മിണ്ടാതിരുപ്പുണ്ട്. അതിനാല്‍ അനിയാ, നിന്നെ ഞാന്‍ പാടു പെട്ട് ഇവിടെയെത്തിച്ചത് ഞാന്‍ തിരിച്ചു വരും വരേയ്ക്കും കസേര സൂക്ഷിക്കാനാ. മ്മടെ മണിയോ മറ്റോ അവിടെ കേറിയിരുന്ന് മണ്ടത്തരം പറഞ്ഞാലും ആ ഐസക്കൊന്നും അതിന്‍റെ അധികാരത്തില്‍ കേറി അഭിപ്രായം പറയാതിരിക്കാന്‍ പ്രത്യേകം നോക്കിക്കോണം. അതിനാല്‍ അനിയാ, ഞാന്‍ തിരികെ വരും വരെ മാധ്യമസിന്‍ഡിക്കേറ്റുകള്‍ എന്തു ചോദിച്ചാലും ഇവിടെ ഒരു കുഴപ്പവുമില്ല, എല്ലാം ശരിയാ (ശശി എന്നല്ല) എന്നേ പറയാവൂ എന്ന് ഒരു സൗണ്ട് ട്രാക്ക് പ്രോഗ്രാം ചെയ്തു വെച്ചാണ് നമ്മുടെ മുഖ്യന്‍ പോയത്.

ആരോഗ്യപ്രശ്നങ്ങളാലും മറ്റും ഞാന്‍ മന്ത്രിപദം ഉപേക്ഷിക്കുന്നുവെന്ന് പറഞ്ഞ് രാഷ്ട്രീയസന്യാസം വരിക്കാന്‍ വിപ്ളവനേതാക്കള്‍ വി പി സിംഗിനെപ്പോലെ പ്രധാനമന്ത്രിപദത്തിലൊന്നും ഇരുന്ന് മതിയായവരല്ലല്ലൊ. ഇനി ചിലപ്പോള്‍ ഭാവിയില്‍ നരേന്ദ്ര മോദിയ്ക്ക് ചിലപ്പോള്‍ അത് ആയേക്കാമെങ്കിലും. അത്രത്തോളമുണ്ടല്ലോ പ്രളയാനന്തര കേരളീയരില്‍ മരണം വരെ നമുക്ക് മൂടി വെക്കേണ്ട കാര്യങ്ങള്‍ എന്നാണോ എന്നറിയില്ല.

പുതിയ വ്യതിയാനങ്ങളില്‍ ഏറെ പ്രധാനവിഷയം ശാസ്ത്രീയമാണ്. മെര്‍ക്കുറി ലെവല്‍ ഉയരുന്നതാണത്. ആഗോളതാപനം കടലിലെ മെര്‍ക്കുറി ലവല്‍ ഉയര്‍ത്തുമെന്നും അത് മത്സ്യസമ്പത്തിനെ മാരകമായി ബാധിക്കുമെന്നും മുമ്പുതന്നെ പഠനങ്ങള്‍ വന്നിട്ടുള്ളതാണ്. സ്വീഡിഷ് ഗവേഷകര്‍ ഇത് മുമ്പ് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. 2009ല്‍ യു എന്‍ പരിസ്ഥിതി സമിതി നടത്തിയ മെര്‍ക്കുറിയുടെ ആഗോളലതത്തിലുള്ള നിയന്ത്രണതീരുമാനം ഇത്തരത്തിലെ ആദ്യ ചുവടു വെയ്പായിരുന്നു. 2013 ജനുവരി 19ന് സ്വിറ്റ്സര്‍ലണ്ടിലെ ജനീവയില്‍ ചേര്‍ന്ന ആഗോളസന്ധി, മിനാമാറ്റ കണ്‍വെന്‍ഷന്‍ അതാണ് മുഖ്യ അജണ്ടയാക്കിയതും. പക്ഷെ നമ്മുടെ രാഷ്ട്രീയനിയമിതരായ വകുപ്പുതല ശാസ്ത്രജ്ഞര്‍ക്ക് അതൊന്നും മനസ്സിലാക്കാന്‍ പ്രാപ്തിയില്ല എന്നുള്ളത് നമ്മുടെ നിയമനങ്ങളിലെ കെടുകാര്യസ്ഥതയുമാണ്.

കാര്യങ്ങള്‍ അങ്ങനെയൊക്കെയാണെങ്കിലും ഫേസ് ബുക് പോസ്റ്റ് വഴി മുഖ്യതീരുമാനങ്ങള്‍ ജനങ്ങളിലെത്തിക്കാമെന്ന നവമാധ്യമസാധ്യതകള്‍ നമ്മുടെ മുഖ്യനും ഉപയോഗിച്ചു തുടങ്ങിയതിനാല്‍ നാം വികസിച്ചുവല്ലോ. അതായത് തീരുമാനങ്ങള്‍ നമ്മുടെ മുഖ്യമന്ത്രി ഫേസ് ബുക്ക് വഴി പ്രഖ്യാപിച്ചു. നാളെ ഫേസ് ബുക്ക് വ്യാജമെന്ന് പറഞ്ഞ് രക്ഷ പെടാവുന്ന സാധ്യതകള്‍ അവിടെ നില്ക്കട്ടെ. നമ്മുടെ മുഖ്യന്‍ ഫേസ് ബുക്ക് വഴി വിട്ട തീരുമാനങ്ങള്‍ താഴെ കൊടുക്കുന്നു.

കേരള പുനർനിർമിതിയുമായി ബന്ധപ്പെട്ട് പ്രളയനാന്തര കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ പ്രതിഭാസങ്ങൾ ശാസ്ത്രീയമായി വിലയിരുത്തുവാനും പ്രതിരോധ പ്രതിവിധി മാർഗങ്ങൾ നിർദ്ദേശിക്കുവാനും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിനെ ചുമതലപ്പെടുത്തി.

ജൈവവൈവിധ്യ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുവാൻ ജവഹർലാൽനെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, കേരള വന ഗവേഷണ കേന്ദ്രം, മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്ലാന്‍റ് സയൻസസ് എന്നീ സ്ഥാപനങ്ങളെയും ജലാശയങ്ങളിലും കിണറുകളിലും കാണപ്പെടുന്ന ക്രമാതീതമായ ജലനിരപ്പ് താഴുന്ന പ്രതിഭാസം, ഭൂഗർഭ ജലവിതാനത്തിൽ വന്ന വ്യതിയാനം, ഭൂമി വിണ്ടുകീറുന്ന പ്രതിഭാസം എന്നിവ പഠിക്കുന്നതിന് സെന്റർ ഫോർ വാട്ടർ റിസോഴ്സ് മാനേജ്മെന്റിനെയും, റോഡുകൾ പാലങ്ങൾ എന്നിവയുമായിബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിക്കുന്നതിനു നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിംഗ് ആൻഡ് റിസർച്ച് സെന്ററിനെയും ചുമതലപ്പെടുത്തി.

ഇതു കൂടാതെ ജൈവ വൈവിധ്യ മേഖലകളിൽ പരിസ്ഥിതിക്കുണ്ടായ ഘടനാപരമായ മാറ്റങ്ങളും സസ്യ ജന്തു ജാലങ്ങളുടെ ആവാസവ്യവസ്ഥയിൽ ഉണ്ടായ വ്യത്യാസങ്ങളും അതിന്റെ പ്രതിഫലനങ്ങളും പ്രത്യേക പഠനവിഷയമാക്കാനും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനോട് നിർദേശിച്ചു.

ഇതൊക്കെ ചിന്നപ്പയല്‍ ഫേസ് ബുക്ക് വഴി വായിച്ചതാണ്. അവിടെ നിന്നാണ് ചിന്നപ്പയലിന് സംശയം തുടങ്ങുന്നത്. അതായത് ഈ വകുപ്പുകളെല്ലാം കാലങ്ങളായി പ്രവര്‍ത്തിക്കുന്നതും കാര്യക്ഷമത കാട്ടാത്തതുമല്ലേ. അപ്പോള്‍ സാരമായ കാര്യം അതിന്‍റെയൊക്കെ നായകസാരഥികള്‍ ആരെന്നതാണ്. നമ്മുടെ രാഷ്ട്രീയനേതൃത്വങ്ങള്‍ കാലാകാലങ്ങളായി അവിടെ കയറ്റി വെച്ചിരിക്കുന്ന ബന്ധുക്കളോ കാലുപിടുത്തക്കാരോ ആയ അധികാരികളുടെ യോഗ്യതകള്‍ തേടി വിവരാവകാശം നടത്താനൊന്നും ചിന്നപ്പയലിന് താല്പര്യവും നേരവുമില്ല. പക്ഷെ ഒന്ന് മനസ്സിലായിട്ടുണ്ട്, വിദഗ്ധര്‍ ആരും തന്നെ അത്തരം സ്ഥാനങ്ങളില്‍ ഉണ്ടാവില്ല എന്നതാണത്. അതിനാല്‍ ചിന്നപ്പയലിന് ഒരു സംശയമേയുള്ളൂ. നിലവിലെ മന്ദബുദ്ധികളെയൊക്കെ ബഹുമാന്യ സ്ഥാനങ്ങളില്‍ നിന്നു മാറ്റി അന്താരാഷ്ട്രതലത്തിലുള്ള ശാസ്ത്രജ്ഞരെയും പണ്ഡിതരെയും തല്‍സ്ഥാനങ്ങളില്‍ നിയമിക്കാന്‍ ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന നമ്മുടെ ഭരണകൂടം തയ്യാറാകുമോ എന്നാണത്. അപ്പോഴേ പ്രളയാനന്തരമുള്ള ഒഴുക്കിക്കളയല്‍ പൂര്‍ണ്ണമാവുകയുള്ളൂ. അല്ലെങ്കില്‍ മറ്റെല്ലാ അസംബന്ധ ഫേസ് ബുക്ക് പോസ്റ്റുകളെയും പോലെ മുഖ്യമന്ത്രിയുടെ പോസ്റ്റിലും ഹ ഹ ഹ… എന്നൊരു സ്മൈലി ഇട്ട് നമുക്കെല്ലാം ചിരിച്ചിരിക്കാം. അല്ലെങ്കില്‍ കേരളത്തിന്‍റെ തനത് തെങ്ങിനും മുകളില്‍ കെട്ടിടങ്ങളെ സ്ഥാപിക്കുകയും ഡാമുകളല്ല പ്രളയമുണ്ടാക്കിയതെന്നും കാലാവസ്ഥാപ്രവചനത്തിലെ അപാകതയാണെന്നും നമ്മുടെ രാഷ്ട്രീയനിര്‍മ്മിതികള്‍ ഉണ്ടാക്കിയ വികസനങ്ങളെ ഇനിയും മുന്നോട്ട് കൊണ്ടു പോകണമെന്നും സാധാരണ മനുഷ്യരായി ‘ഹൊ എന്തൊരു സ്ഫീഡ്’ എന്ന പഞ്ചവടിപ്പാലം ഡയലോഗ് പോലെ നമുക്കെല്ലാം വാ പൊളിച്ചിരിക്കാം.

Spread the love
Read Also  കാള പെറ്റെന്ന് കേട്ടപ്പോ… ബ്ലഡ് മണി ഒഴുകി

Leave a Reply