Saturday, July 31

‘പോലീസിന് ഒന്നുമറിയില്ല’ ; ചോദ്യം ചെയ്യലിനുശേഷം കെ സുരേന്ദ്രൻ

കൊടകര കുഴൽപ്പണക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രനെ ചോദ്യം ചെയ്‌തു. രാവിലെ 10. 30നാണ്‌ തൃശൂർ പൊലീസ്‌ ക്ലബ്ബിൽ കെ സുരേന്ദ്രൻ ഹാജരായത്‌. പ്രത്യേക അന്വേഷകസംഘമാണ്‌ ചോദ്യം ചെയ്തത്‌. കേസിൽ ജൂലൈ രണ്ടിന്‌ ഹാജരാകാൻ നോട്ടീസയച്ചെങ്കിലും സുരേന്ദ്രൻ ഒഴിഞ്ഞുമാറുകയായിരുന്നു. പിന്നീട്‌ വീണ്ടും നോട്ടീസ്‌ അയക്കുകയായിരുന്നു.

ഡി ഐ ജി എ അക്‌ബറിൻ്റെയും എസ്.പി. സോജന്റെയും നേതൃത്വത്തിലുള്ള സംഘമാണ് സുരേന്ദ്രനെ ചോദ്യം ചെയ്തത്.

കവർച്ചാ ദിവസം അർധരാത്രി ധർമരാജൻ വിളിച്ച ഏഴ്‌ ഫോൺകോളുകളിൽ കെ സുരേന്ദ്രന്റെ മകൻ ഹരികൃഷ്‌ണന്റെ നമ്പറുമുണ്ട്‌. കോൾ ലിസ്‌റ്റ്‌ പ്രകാരം ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേശൻ, ഓഫീസ്‌ സെക്രട്ടറി ജി ഗിരീഷ്‌, സുരേന്ദ്രന്റെ സെക്രട്ടറി ദിപിൻ, ഡ്രൈവർ ലിബീഷ്‌, ആലപ്പുഴ ജില്ലാ ട്രഷറർ കെ ജി കർത്ത എന്നിവരെ ചോദ്യംചെയ്‌തു. സെക്രട്ടറിയുടെയും ഡ്രൈവറുടെയും ഫോണുകളിൽനിന്ന്‌ ധർമരാജനെ നിരവധി തവണ വിളിച്ചിട്ടുണ്ട്. സുരേന്ദ്രന്റെ അറിവോടെയാണിതെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്‌.

കുഴൽപ്പണക്കേസിൽ അതിവിചിത്രമായ അന്വേഷണമാണ് നടക്കുന്നതെന്ന് കെ.സുരേന്ദ്രൻ ആരോപിച്ചു ചോദ്യം ചെയ്യലിനു ഹാജരായതിനുശേഷം മാധ്യമങ്ങളോേട് സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ.

കുറേ കാര്യങ്ങൾ ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു. അന്വേഷണം പ്രധാനമായും പരാതിക്കാരന്റെ കോൾ ലിസ്റ്റിൽ ആരൊക്കെ വിളിച്ചു എന്നത് സംബന്ധിച്ചുമാണ്. അവരെയൊക്കെ അറിയാമോ എന്ന് ചോദിച്ചു. എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു.

അന്വേഷണത്തെക്കുറിച്ച് പോലീസിന് തന്നെ വ്യക്തതയില്ല, വിചിത്രമായ അന്വേഷണമാണ് നടക്കുന്നത്. ഈ കേസിൽ ഒരു തരത്തിലും പാർട്ടിയെ ബന്ധിപ്പിക്കാനാവില്ലെന്ന് ഉറപ്പാണ്. ഒരു രാഷ്ട്രീയ നാടകമാണ് നടക്കുന്നത്. പോലീസ് ഉദ്യോഗസ്ഥരെ കൊണ്ട് രാഷ്ട്രീയ യജമാൻമാർ ചെയ്യിക്കുന്നതാണെന്നും സുരേന്ദ്രൻ ആരോപിച്ചു. പോലീസ് എന്തൊക്കെയോ ചോദിച്ചുവെന്നും പരിഹാസ രൂപേണ അദ്ദേഹം പറഞ്ഞു.

പലതരത്തിൽ പ്രതിക്കൂട്ടിലായ സ്വർണക്കടത്തിലും ഡോളർക്കടത്തിലും സ്ത്രീപീഡനത്തിലും പ്രതിക്കൂട്ടിലായ ഒരു സർക്കാർ ബിജെപിയെ അപമാനിക്കാൻ വേണ്ടി ചോദ്യം ചെയ്യൽ നാടകങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലും ബിജെപി അധ്യക്ഷൻ എന്ന നിലയിലുമാണ് ഈ അന്വേഷണവുമായി സഹകരിക്കുന്നത്. കേസുമായി ഒരു ബന്ധവുമില്ലാത്ത ആളുകളെയാണ് വിളിച്ച് വരുത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

Spread the love
Read Also  കെ സുരേന്ദ്രന് ഉപാധികളോടെ ജാമ്യം 72 പേര്‍ക്കും ജാമ്യം