Saturday, January 29

ക്വാറി മാഫിയയ്‌ക്കെതിരെ പട്ടിണി സമരവുമായി സേതു സെക്രട്ടേറിയേറ്റ് പടിക്കൽ

ക്വാറി മാഫിയയ്‌ക്കെതിരെ കഴിഞ്ഞ 547 ദിവസങ്ങളായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുൻപിൽ സമരം നടത്തിവരുന്ന സേതു സമരത്തിന്റെ അടുത്ത ഘട്ടം എന്ന നിലയില്‍ ഇന്ന് മുതൽ പട്ടിണി സമരത്തിലേക്ക്. 547 ദിവസങ്ങളായി സമരം നടത്തിവന്നിട്ടും യാതൊരു നടപടികളും അനധികൃതമായി പ്രവർത്തിക്കുന്ന ക്വാറി മാഫിയക്കെതിരെ ഉണ്ടാകാത്തതിനാലാണ് പട്ടിണി സമരവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത് എന്ന് സേതു പറഞ്ഞു.

“547 ദിവസങ്ങളായി ഞാൻ സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നു. പരാതിപ്പെടാവുന്ന സ്ഥലങ്ങളിൽ എല്ലാം പരാതികൾ നൽകി. പക്ഷേ ഇത്രയും നാൾ കഴിഞ്ഞിട്ടും ഇത് വരെ എനിക്ക് നീതി ലഭിച്ചട്ടില്ല. പട്ടികജാതി കമ്മീഷനിലും, മനുഷ്യാവകാശ കമ്മീഷനിലും മുഖ്യമന്ത്രിയ്ക്കും എല്ലാവര്ക്കും പരാതി നൽകിയതാണ്. അന്വേഷണങ്ങൾ മാത്രമായാണ് നടക്കുന്നത്. ഇത്ര നാളായിട്ടും എന്റെ പരാതിയിൽ യാതൊരു നടപടികളും അധികാരികൾ സ്വീകരിച്ചിട്ടില്ല” സേതു പ്രതിപക്ഷം ന്യൂസിനോട് പറഞ്ഞു.

ഇത്രവലിയ പ്രകൃതി ദുരന്തം കേരളത്തിൽ ഉണ്ടായിട്ടും, ഈ ദുരന്തങ്ങൾക്ക് ക്വാറികൾ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്ന് ശാസ്ത്രജ്ഞന്മാർ ഉൾപ്പടെ പറഞ്ഞിട്ടും ഇപ്പോഴും ക്വാറികളുടെ പ്രവർത്തനം പഴയതിലും കൂടതൽ ആയാണ് നടക്കുന്നതെന്നും സേതു പറഞ്ഞു. “പണ്ട് പൊട്ടിച്ചിരുന്നതിൽ കൂടതൽ പാറയാണ് ഇപ്പോൾ ക്വാറിയിൽ നിന്നും പൊട്ടിക്കുന്നത്. ഇത്രാനാളും ഞാൻ സമരം ചെയ്തിട്ട് അപ്പോൾ എന്ത് പ്രയോജനമാണ് ഉണ്ടായത്?, നീതികിട്ടുംവരെ ഇനി നിരാഹാര സമരം അനുഷ്ടിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്” സേതു പറഞ്ഞു.

സേതുവിന്റെ വീടിനടുത്ത് നിന്ന് വെറും 130 മീറ്റര്‍ ദൂരത്തിൽ പ്രവർത്തിക്കുന്ന ഭീമൻ എ.കെ.ആര്‍. എന്ന ക്വാറിക്കെതിരെയാണ് സേതു ഒറ്റയാൾ സമരം നടത്തി വരുന്നത്. 2017 മാർച്ച് മാസം 31ന് സേതുവിൻറെ വീട്ടിലേക്ക് ക്വാറിയിൽ നിന്നുള്ള പാറ കഷണങ്ങൾ തെറിച്ച് വീണിരുന്നു. വീടിനു മുകളിൽ കളിച്ചു കൊണ്ടിരുന്ന സേതുവിൻറെ കുട്ടികൾ അന്ന് അത്ഭുതകരമായാണ് രക്ഷപെട്ടത്. പാറ വീണ ആഘാതത്തിൽ വീടിനും അന്ന് കേടുപാടുകൾ സംഭവിച്ചിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകിയെങ്കിലും ക്വാറിക്ക് അനുകൂലമായ നടപടികളിലാണ് പൊലീസ് സ്വീകരിച്ചത്. പിന്നീട് റവന്യൂ അധികാരികൾ, പട്ടികജാതി കമ്മീഷൻ, മനുഷ്യാവകാശ കമ്മീഷൻ, മുഖ്യമന്ത്രി തുടങ്ങി വിവിധ ഭരണഘടനാ സ്ഥാപനങ്ങൾക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടികളും ഉണ്ടായിരുന്നില്ല. സെക്രട്ടറിയേറ്റിൽ സമരം നടക്കുമ്പോൾ സേതു ആത്മഹത്യാ ശ്രമം നടത്തിയിരുന്നു. തുടർന്ന് മാനസിക രോഗിയാണെന്ന് പറഞ്ഞു സേതുവിനെ മാനസിക രോഗ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും മാനസിക വൈകല്യത്തിനുള്ള കുത്തിവയ്പുകൾ എടുപ്പിക്കുകയും ചെയ്തു. ഇതിനെതിരെ സേതു വിവിധ വകുപ്പുകളിൽ പരാതി നൽകിയെങ്കിലും അനുകൂലമായ നടപടികൾ ഒന്നും തന്നെ വേണ്ടപ്പെട്ടവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് പട്ടിണി സമരവുമായി മുന്നോട്ട് പോകാൻ സേതു തീരുമാനിച്ചത്.

Spread the love
Read Also  സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധം; ആത്മഹത്യാ ശ്രമം