Wednesday, December 1

കർഷകസമരം ; വിദഗ്ധ സമിതിയെന്ന തട്ടിപ്പും തീവ്രവാദവും തുടർക്കഥ

സുപ്രീം കോടതിയുടെ ഇടപെടലോടെ കർഷക പ്രക്ഷോഭത്തിൽ പുതിയ വഴിത്തിരിവുണ്ടാകുമെന്ന്  കരുതിയെങ്കിലും കാര്യമായ പുരോഗതിയൊന്നും ഉണ്ടാകാനിടയില്ല. കർഷകപ്രശ്നം പഠിക്കാനായി വിദഗ്ധസമിതിയെ സുപ്രീം കോടതി ചുമതലപ്പെടുത്തിയതോടെ പ്രക്ഷോഭത്തിന്‌ അറുതിവരുമെന്നു കരുതുന്നില്ല. കാരണം വിദഗ്ധസമിതി അംഗങ്ങൾ കേന്ദ്രസർക്കാരിനെയും കാർഷികനിയമങ്ങളെയും അനുകൂലിക്കുന്നവരാണ്. ഇത് സംബന്ധിച്ച് സമരസമിതി വിയോജിപ്പ് പ്രകടിപ്പിച്ചുകഴിഞ്ഞു.

പ്രമുഖ കാർഷികസാമ്പത്തികവിദഗ്ധരായ ഡോ. പി കെ ജോഷി, അശോക് ഗുലാത്തി, ഭാരതീയ കിസാൻ യൂണിയൻ പ്രസിഡന്റ് ഭൂപീന്ദർ സിങ് മൻ, മഹാരാഷ്ട്രയിലെ അനിൽ ധൻവാദ് എന്നിവരാണ് സമിതി അംഗങ്ങൾ. ഇതിൽ പി കെ ജോഷി അന്താരാഷ്ട്ര നയരൂപീകരണ വിദഗ്ധൻ കൂടിയാണ്. ഇദ്ദേഹം അന്താരാഷ്‌ട്രഭക്ഷ്യഗവേഷണനയ സ്ഥാപനത്തിന്റെ ദക്ഷിണേഷ്യൻ മേധാവിയാണ്.

സുപ്രീംകോടതി നിയോഗിച്ച സമിതിയെ അംഗീകരിക്കില്ലെന്ന് കര്ഷകസമരസമിതി തീരുമാനിച്ചിട്ടുണ്ട്. സമിതിക്ക് മുമ്പാകെ ഹാജരാകേണ്ടെന്നാണ് തീരുമാനം. സമരം ശക്തമായി തുടരുമെന്നും കർഷകർ അറിയിച്ചു. സമിതി രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം നൽകിയതിന് പിന്നാലെയാണ് കർഷരുടെ തീരുമാനം. സമിതിയെ അംഗീകരിക്കുകയോ അവരുമായി ചർച്ച നടത്തുകയോ ചെയ്യില്ല. കാർഷിക നിയമത്തെ അനുകൂലിക്കുന്നവരാണ് സമതിയിലുള്ളതെന്ന് സമരക്കാർ വ്യക്തമാക്കി. നാലുപേരും നിയമത്തെ അനുകൂലിക്കുന്നവരാണ് എന്നാണു കർഷർ ആരോപിക്കുന്നത്. അതുകൊണ്ടു തന്നെ വിദഗ്ധസമിതി തട്ടിപ്പാണ് എന്നാണു കർഷസമരസമിതി പറയുന്നത്

ഇതിനിടെ കർഷക പ്രക്ഷോഭത്തിൽ ഖലിസ്ഥാനികൾ നുഴഞ്ഞുകയറിയെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ പറഞ്ഞിരുന്നു . ആറ്റോണി ജനറൽ കെ.കെ വേണുഗോപാലാണ് സുപ്രീം കോടതിയിൽ ഇങ്ങനെ പറഞ്ഞത്. ജനകീയസമരങ്ങൾ ശക്തി പ്രാപിക്കുമ്പോൾ കേന്ദ്രസർക്കാർ പതിവായി

ഏതെങ്കിലും നിരോധിത സംഘടനകൾ കർഷകർക്ക് പിന്തുണ നൽകുന്നുണ്ടോയെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെയുടെ ചോദ്യത്തിന് മറുപടിയായാണ് അറ്റോണി ജനറൽ കെ.കെ വേണുഗോപാൽ ഖലിസ്ഥാനികൾ പ്രക്ഷോഭത്തിൽ നുഴഞ്ഞുകയറിയെന്ന് പറഞ്ഞത്.

കാർഷിക നിയമഭേദഗതിയിൽ സുപ്രീം കോടതിയിൽ വാദം തുടരുന്നതിനിടെയാണ് അറ്റോണി ജനറൽ കോടതിയിൽ ഇത്തരമൊരു വാദം ഉന്നയിച്ചത്. നേരത്തെയും പ്രക്ഷോഭത്തിന് ഖലിസ്ഥാനികൾ പിന്തുണ നൽകുന്നുവെന്ന ആരോപണം പല കോണിൽ നിന്ന് ഉയർന്നിരുന്നു. എന്നാൽ സമാധാനപരമായി പ്രതിഷേധിക്കുന്ന കർഷകരെ ഖലിസ്ഥാനികളെന്ന് വിളിച്ചത് വിവാദമാകുകയായിരുന്നു.

നേരത്തെ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ് വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കർഷകരെ ഖലിസ്ഥാനികളെന്ന് തങ്ങൾ ഒരിക്കലും വിളിക്കില്ലെന്നും പറഞ്ഞിരുന്നു. പക്ഷേ മറുവാദം തന്നെ കോടതിയിൽ കേന്ദ്രം ഉന്നയിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്ന് സുപ്രീം കോടതിയിൽ വ്യക്തമാക്കിയിരുന്നു. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കർഷകർ ആഗ്രഹിക്കുന്നതെങ്കിൽ അത് ചെയ്യാമെന്ന് ഇതിനോട് കോടതി പ്രതികരിച്ചു.

തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട് എന്ന് കര്ഷകസമരക്കാർ അറിയിച്ചു . നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദേശിക്കാൻ അധികാരം ഉണ്ടെന്നും സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ഇതോടെ സുപ്രീം കോടതിയുടെ ഇടപെടൽ കൊണ്ട് കർഷകരുടെ പ്രശ്‌നപരിഹാരത്തിന് സാഹചര്യമൊരുങ്ങുന്നില്ലെന്ന് വ്യക്തമായിരിക്കുകയാണ്

Spread the love
Read Also  ഖുർആനിലെ സൂക്തങ്ങൾ നീക്കണമെന്ന ഹർജി, 50000 രൂപ പിഴയോടെ സുപ്രീംകോടതി തള്ളി