Saturday, January 29

നേരം പോയ നേരത്തും കൊല്ലാക്കൊല ചെയ്യണിയോ… കര്‍ഷകരുടെ കഴുത്തില്‍ കയര്‍ മുറുക്കാതെ മുറുക്കി കൃഷിമന്ത്രി

പ്രളയത്തിലും ഉരുള്‍പൊട്ടലിലും കൃഷി നശിച്ച കര്‍ഷകര്‍ക്ക് കഴുത്തില്‍ കയര്‍ മുറുക്കാതെ മുറുക്കി കൃഷിമന്ത്രി. ആശ്വാസമാകാന്‍ വഴിയൊരുക്കുന്നു എന്ന വ്യാജേനയാണ് കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍. കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളുമെന്നല്ല, ബാങ്ക് വായ്പാ തിരിച്ചടവിന് ഒരു വര്‍ഷത്തേക്ക് മൊറട്ടോറിയം എര്‍പ്പെടുത്തിയാണ് താല്കാലികാശ്വാസം നല്കുന്നത്. കൃഷി വകുപ്പ് മന്ത്രി വിളിച്ചു ചേര്‍ത്ത ബാങ്കേഴ്സ് സമിതി യോഗത്തിലാണ് തീരുമാനമായത്. വായ്പ തിരിച്ചടവിന്‍റെ കാലാവധി അഞ്ചു വര്‍ഷത്തേക്ക് ക്രമീകരിക്കും. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ സര്‍ഫാസി നിയമപ്രകാരം നടപടി എടുക്കില്ല എന്നുമാണ് യോഗത്തിലെ ആശ്വാസതീരുമാനങ്ങള്‍. നേരം പോയ നേരത്തും കൊല്ലാക്കൊല ചെയ്യണിയോ… എന്ന പഴയ കൃഷിപ്പാട്ടിന്‍റെ അവസ്ഥയാണ് ഇപ്പോള്‍ ശരിക്കും കര്‍ഷകരുടെ അവസ്ഥ.

മഹാപ്രളയത്തെയും ഉരുള്‍പൊട്ടലിനെയും തുടര്‍ന്ന് 46,000 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് സംസ്ഥാനത്ത് നശിച്ചത്. ഏഴ് ലക്ഷത്തോളം വരുന്ന കര്‍ഷകര്‍ക്ക് 1600ഓളം കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രളയത്തില്‍ മുങ്ങിപ്പോയ കര്‍ഷകരുടെ കഴുത്തില്‍ കയര്‍ മുറുക്കാതെ മുറുക്കുന്നതാണ് കൃഷിമന്ത്രിയുടെ ആശ്വാസപ്രഖ്യാപനം. പ്രളയത്തെത്തുടര്‍ന്ന് കിടപ്പാടം പോലും നഷ്ടമായ കര്‍ഷകര്‍ ഇനിയൊരു ജീവിതമൊരുക്കാന്‍ തന്നെ പാടു പെടുന്ന സാഹചര്യത്തില്‍ കാര്‍ഷികകടം എങ്ങനെ വീട്ടാനാകുമെന്ന് സര്‍ക്കാര്‍ ചിന്തിക്കുമെന്ന് പ്രത്യാശിക്കാം. അതുവഴി സംസ്ഥാനത്തെ മുഴുവന്‍ കാര്‍ഷികകടങ്ങള്‍ എഴുതിത്തള്ളാന്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ചിന്തയുണ്ടാവും എന്ന് ആഗ്രഹിക്കുന്നു.

Spread the love