Saturday, May 30

കൃഷി തിരിച്ചുപിടിക്കാനാകുമോ? വീട്ടിലടയ്ക്കപ്പെട്ട കാലത്തെ കൃഷി, സാഹിത്യ ചിന്തകൾ കെ. രാജേഷ് കുമാർ പങ്കു വയ്ക്കുന്നു.

 കവണി

കൃഷി തിരിച്ചുപിടിക്കാനാകുമോ?
മഹാമാരിയെക്കുറിച്ച്, പകർച്ചവ്യാധിയെക്കുറിച്ച് കേട്ടുകേൾവിയും പുസ്തകം വായിച്ച അറിവുമേ കേരളീയർ ബഹു ഭൂരിപക്ഷത്തിനും ഉള്ളൂ. ആൽബേർ കാമുവിൻ്റെ പ്ലേഗും കാക്കനാടൻ്റെ വസൂരിയും ഒക്കെ വായിച്ചനുഭവിച്ചവർ. വസൂരിയെക്കുറിച്ച് ഇന്നത്തെ മലയാളിക്ക് വിദൂരമായ കേട്ടുകേൾവിയാണുള്ളത്. പഴയ തലമുറയിലെ കുടിയേറ്റ കർഷകരും ഹൈറേഞ്ചുകാരും മലമ്പനിയുടെ രൂക്ഷത അറിഞ്ഞിട്ടുണ്ട്. കോവിഡ് 19 എല്ലാ വ്യാധിസ്മരണകളെയും അനുഭവങ്ങളെയും നിസ്സാരമാക്കുന്നു. തിരക്കുപിടിച്ച ജീവിതപ്പാച്ചിലിനിടയിൽ ഇങ്ങനെ ഒരു വീട്ടു തടങ്ങലിനെക്കുറിച്ച് ആരുടെയെങ്കിലും സ്വപ്നത്തിലെങ്കിലുമുണ്ടായിരുന്നോ? അത്ര ചെറുതല്ലാത്ത ഈ ലോക്ഡൗൺ കാലയളവ് ലോക ജീവിതക്രമത്തെ എങ്ങനെയൊക്കെ മാറ്റിമറിക്കും. അറിയാനിരിക്കുന്നതേയുള്ളു അത്തരം കാര്യങ്ങൾ.

മലയാളിയും നിനച്ചിരിക്കാതെ വീടാം കൂട്ടിലകപ്പെട്ടു പോയി. കക്ഷിരാഷ്ട്രീയം അസ്ഥിക്കു പിടിച്ച ഒരു സമൂഹമായതുകൊണ്ട് തർക്കിക്കാൻ ആവോളം സമയം കിട്ടുന്നുണ്ട്. സോഷ്യൽ മീഡിയകൾ അതിന് പറ്റിയ കളവുമാണ്. എങ്കിലും ഈ കോവിഡ് കാലം ഒരു ജനതയെന്ന നിലയിൽ അഭിമാനിക്കാവുന്ന പലതും മലയാളിക്ക് നൽകുന്നുണ്ട്. നമ്മുടെ പൊതു ആരോഗ്യമേഖലയുടെ ശക്തിയും ആരോഗ്യവും ലോകത്തിനാകെ മനസ്സിലായ സന്ദർഭമാണിത്.

ഡോക്ടർമാരും നേഴ്സുമാരും ആരോഗ്യമേഖലയിലെ ഇതര ജോലിക്കാരും സ്വന്തം ജീവൻ മറന്ന് ജോലി ചെയ്യുന്നു. മുകളിൽ തൊട്ട് താഴെ വരെയുള്ള ഭരണസംവിധാനങ്ങൾ കൈമെയ് മറന്ന് നേതൃത്വം നൽകുന്നു. പൊതുജനം ഒറ്റക്കെട്ടായി എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നു. ഇതെഴുതുന്ന നിമിഷം വരെ കോവിഡിനെ നാം വിളയാടാൻ അനുവദിച്ചിട്ടില്ല. അമേരിക്കയുൾപ്പടെയുള്ള വികസിത രാജ്യങ്ങൾക്ക് കഴിയാതിരുന്നത് മലയാളിക്ക് സാധിക്കുന്നു.

വീട്ടിലിരിക്കുന്ന ദിവസങ്ങൾ വീണ്ടുവിചാരങ്ങളുടെ ദിവസങ്ങൾ കൂടിയാകണം. ജീവിത ശൈലീ രോഗങ്ങളുടെ ഒരു ഹബ്ബായി കേരളം മാറിയിട്ട് കുറേക്കാലമായി. ഉപഭോഗ സംസ്കാരത്തിൻ്റെ സകല ബലഹീനതകളും മലയാളി സമൂഹത്തെ പിടി കൂടിയിട്ടുണ്ട്. അയൽ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന വിഷം തളിച്ച പച്ചക്കറികൾ ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ മലയാളിയുടെ ആരോഗ്യത്തെ ക്ഷയിപ്പിക്കാൻ തുടങ്ങിയിട്ട് കുറേ വർഷങ്ങളായി.

കാർഷിക സംസ്കാരത്തെ നാം ഉപേക്ഷിച്ചതിന് ഒട്ടേറെ കാര്യങ്ങളുണ്ട്. ഭൂപരിഷ്കരണം മുതൽ കാട്ടുമൃഗങ്ങളുടെ വിള നശിപ്പിക്കൽ വരെ പല പല കാരണങ്ങൾ. അവശേഷിച്ച കർഷകർ നാണ്യവിളകളാണ് കൃഷി ചെയ്യുന്നത്. കൂട്ടുകുടുംബ വ്യവസ്ഥിതിയിൽ നിന്ന് വിടുതൽ നേടിയതോടെ ചെറിയ കുടുംബങ്ങളും നാമമാത്ര വസ്തു ഉടമകളുമായി മലയാളി മാറി. അല്പസ്വല്പം ഭൂസ്വത്തുക്കൾ ഉള്ളവരാകട്ടെ കൃഷി നഷ്ടമായതിനാൽ അത് വേണ്ടാന്നു വെയ്ക്കുകയും ചെയ്തു. കർഷകരും കർഷകത്തൊഴിലാളികളും കേരളത്തിൽ ന്യൂനപക്ഷമായി.

‘കൃഷിഗീത’ കാർഷികവൃത്തികളെ കവിതയിൽ രേഖപ്പെടുത്തിയ ഒരു പഴയ മലയാള കൃതിയാണ്. കൃഷിയെക്കുറിച്ച് പാട്ട് കെട്ടിയിരിക്കുന്നു. പരശുരാമൻ ഉപദേശിച്ചു കൊടുക്കുന്നു, ചേര, ചോള പാണ്ഡ്യരാജാക്കൻമാർ തപസ്സ് ചെയ്ത് ഈശ്വരനെ പ്രത്യക്ഷപ്പെടുത്തി മഴ വീതിച്ചെടുത്തു തുടങ്ങിയ മിത്തുകൾ ഒഴിവാക്കിയാൽ കൃഷിഗീതയിൽ ബാക്കി ഭാഗം മുഴുവൻ വിത്തുകളെയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളെയുമാണ് വിവരിക്കുന്നത്. മലയാളി അരിയാഹാരം കഴിക്കുന്നവരായതുകൊണ്ട് നെൽകൃഷിയ്ക്കാണ് കൂടുതൽ പരിഗണന. അനേകയിനം നെൽവിത്തുകളെക്കുറിച്ചുള്ള പരാമർശങ്ങൾ ജൈവവൈവിധ്യത്തിൻ്റെ ആഴം വ്യക്തമാക്കുന്നു.

Read Also  "യേശുവിന്റെ ചില ദിവസങ്ങളിലെ" പാരിസ്ഥിതിക സമസ്യകള്‍

കർഷകൻ്റെ സ്വഭാവം എങ്ങനെയായിരിക്കണം എന്നതുതൊട്ട് കൃഷി സംബന്ധമായ അനേകം നാട്ടറിവുകൾ ‘കൃഷിഗീത’ യിൽ ശേഖരിച്ചിരിക്കുന്നു. യന്ത്രങ്ങൾ അന്യമായിരുന്ന ആ കാലത്ത് കർഷകൻ്റെ മിത്രമായിരുന്ന എരുതുകളെക്കുറിച്ചും അവയുടെ രോഗവിവരങ്ങളെക്കുറിച്ചും എരുത്തിലിൻ്റെ വാസ്തു ഘടനയും കൃഷി ഗീത ചർച്ച ചെയ്യുന്നു. കാർഷിക സംസ്കാരം തകരുന്നതിനെ റിയലിസ്റ്റിക്കായി ചിത്രീകരിക്കുന്ന മലയാളത്തിലെ ആ പ്രശസ്ത കഥ ,പൊൻകുന്നം വർക്കിയുടെ ‘ശബ്ദിക്കുന്ന കലപ്പ ‘ കർഷകനും കാളയും തമ്മിലുള്ള സ്നേഹ ബന്ധത്തിൻ്റെ ഗീതയാണല്ലോ. മണ്ണും വിളയും മലയാളിക്ക് അന്യമാകുന്നതിൻ്റെ ചിലയാണ് ചുക്കിലി പിടിച്ച കലപ്പയിലിരുന്ന് പല്ലി നടത്തുന്നത്.

കാർഷികോപകരണങ്ങളുടെ വിവരണവും കൃഷിഗീതയിലുണ്ട്. കൃഷി നഷ്ടമാകുന്നതിൻ്റെ ദയനീയ ദൃശ്യങ്ങൾ തകഴി പല കഥകളിലും ആലേഖനം ചെയ്തിട്ടുണ്ട്. തകഴിയുടെ പോലെ ഒരു തനി കർഷകൻ മലയാള സാഹിത്യ പാടത്ത് നൂറുമേനി വിളയിച്ചത് നമ്മുടെ സാഹിത്യ ചരിത്രത്തിലെ പച്ചപ്പാർന്ന അധ്യായമാണ്. കൃഷിഭൂമി കർഷകർക്ക് എന്ന കുട്ടനാട്ടിൽ മുഴങ്ങിയ മുദ്രാവാക്യത്തിലാണ് ‘രണ്ടിടങ്ങഴി ‘ അവസാനിക്കുന്നത്. കേരളീയ സാമൂഹ്യ പരിണാമ ചരിത്രത്തിൻ്റെയും കേരളീയ കാർഷിക ജീവിത പരിണാമചരിത്രത്തിൻ്റെയും സാഹിത്യ രേഖകളാണ് തകഴിയുടെ കൃതികൾ. ‘കയർ’ ഇതിഹാസമാണ്. ഇതിഹാസം എന്ന നിലയിൽ കയർ വായിക്കപ്പെടേണ്ടതുണ്ട്.

 
കൃഷി അകലേക്കകലേക്കകലുന്നതിൻ്റെ സൂചനകൾ ഇടശ്ശേരിയും വൈലോപ്പിള്ളിയും നൽകുന്നുണ്ട്. യന്ത്രസംസ്കൃതിയുടെ വരവ് ആ മഹാകവികളുടെ ഉള്ളിലെ പക്ഷികൾ അറിഞ്ഞിരുന്നു. ഇടശ്ശേരി ‘ കൂട്ടുകൃഷി ‘ എന്ന നാടകവും എഴുതി.

‘അധികാരം കൊയ്യണ മാദ്യം നാം അതിനു മേലാകട്ടെ പൊന്നാര്യൻ’ എന്ന് ഇടശ്ശേരി മണ്ണിലുറച്ചുനിന്ന് പാടി. അധികാരം കിട്ടി. പൊന്നാര്യൻ വിളയുന്ന പാടങ്ങൾ പക്ഷേ തരിശ്ശിടപ്പെട്ടു.

യഥാർത്ഥ കർഷക തൊഴിലാളികൾ വീടില്ലാതെ, ഒരു തരി ഭൂമിയില്ലാതെ ചെങ്ങറയിലും മറ്റും കുടിൽ കെട്ടി പാർക്കുന്നതു നമ്മൾ കണ്ടു. പാർശ്വവൽക്കരിക്കപ്പെട്ടു പോയ ഭൂസമരങ്ങളുടെ സാഹിത്യം ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. എൻഡോസൾഫാൻ്റെ വിഷബാധയേറ്റു കരിഞ്ഞ മനുഷ്യരെക്കുറിച്ചുള്ള ‘എൻമകജെ ‘ പോലുള്ള കൃതികളെ മറക്കുന്നില്ല.
നഷ്ടപ്പെട്ടു പോയ കൃഷിയെ ഒരു ചെറിയ അളവിലെങ്കിലും മലയാളിക്കു തിരിച്ചുപിടിക്കാനാകുമോ? കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോൾ എത്ര പേർ മണ്ണിലിറങ്ങി. രണ്ടു മൂന്ന് സെൻ്റേയുള്ളു. മതി. അവിടെ ഒരു തൈ എങ്കിലും നട്ടാൽ അത്രയുമായി. ഒരു അരിയെങ്കിലും പാകി മുളപ്പിച്ചാൽ അതൊരു വീണ്ടെടുപ്പാകും. തരിശ് കിടക്കുന്ന അവശിഷ്ടവയലുകളിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പ്.

5 Comments

Leave a Reply

Your email address will not be published.