Friday, May 27

തീവ്രവാദം പരത്തുന്ന `സർക്കാർ` വിജയ്കും മുരുഗദോസിനുമെതിരേ തമിഴ് നാട് സർക്കാർ

വിജയ് ചിത്രം സർക്കരിനെതിരേ തമിഴ് നാട് സർക്കാർ രംഗത്തിറങ്ങിയിരിക്കുകയാണ്. മുൻ ചിത്രം മെർസലിനു സംഭവിച്ചതുപോലെതന്നെ സർക്കാറും വെട്ടിമാറ്റലിനു വിധേയമായിട്ടാണ് തമിഴ് നാട്ടിൽ പ്രദർശിപ്പിക്കുന്നത്. ഭരണകക്ഷിയായ അണ്ണാ ഡി എം കെയെ നിശിതമായി വിമർക്കുന്ന ചിത്രത്തിൻ്റെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി തന്നെ രംഗത്തെത്തിക്കഴിഞ്ഞു. രണ്ടു ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും  നൂറു കോടിയിലധികം  കളക്ഷൻ  നേടിയതായി ചിത്രത്തിൻ്റെ പിന്നണിയിലുള്ളവർ പറയുന്നെങ്കിലും തമിഴ് നാട്ടിൽ  പലേടത്തും ഇളയദളപതിയുടെ സർക്കാർ പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിക്കപ്പെടുന്നു. തീയറ്ററുകളിലേക്ക് പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നു.

രാഷ്ട്രീയ ഗിമ്മിക്കിൻ്റെ ഭാഗമായി ജയലളിത സർക്കാർ വീട്ടമ്മമാർക്കു മിക്സിയുൾപ്പടെ യുള്ള വീട്ടുപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്തിരുന്നു. ചിത്രത്തിൽ ഒരു സീനിൽ ഇത്തരത്തിൽ സൗജന്യമായി കിട്ടിയ വസ്തുക്കൾ  തീയിടുന്ന രംഗവും അതുപോലെ തന്നെ കോമളവല്ലിയെന്ന ( ജയലളിതയ്ക്  അങ്ങനെയും ഒരു പേരുണ്ടായിരുന്നുവെന്നതും ഓർക്കുക) പേരുള്ള മുഖ്യമന്ത്രിയെ  അമിതമായ മരുന്നു നൽകി  കൊല്ലുന്ന രംഗം ഉൾപ്പെടുത്തിയതും   നിലവിൽ ജയലളിതയുടെ മരണകാരണമതെന്നു  സംശയിക്കുന്ന പശ്ചാത്തലത്തിൽ  അണ്ണാ ഡി എം കെ യെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്. ചിത്രം സംസാരിക്കുന്നത് ഭീകരവാദമാണെന്നും ആക്രമണത്തിന് ജനങ്ങളെ പ്രകോപിപ്പിക്കുന്നതാണെന്നും തമിഴ് നാടു നിയമമന്ത്രി സി വി ഷണ്മുഖം പ്രതികരിക്കുന്നു. വിജയും മുരുഗദോസും ഭീകര പ്രവർത്തനത്തിനാണ് ആഹ്വാനം ചെയ്യുന്നതെന്ന് പറഞ്ഞ് കഴിഞ്ഞദിവസം സംവിധായകൻ മുരുഗദോസിൻ്റെ വീടാക്രമിക്കാനും ചിലർ മുതിർന്നു.

സിനിമയുമായി വല്ലാതെ ബന്ധപ്പെട്ടുകിടക്കുന്ന തമിഴ് രാഷ്ട്രീയം ജനങ്ങളിൽ എങ്ങനെയൊക്കെയുള്ള പ്രത്യാഘാതങ്ങളാണുണ്ടാക്കുകയെന്ന് അണ്ണാ ഡി എം കെ ഭയക്കുന്നു. അതും വിജയ് പോലുള്ള ജനകീയനായ ഒരു താരത്തിൻ്റെ ഇടപെടലിൽ. 

എന്നാൽ തമിഴ് സിനിമാലോകം ഒന്നായി ചിത്രത്തിനും അണിയറ പ്രവർത്തകർക്കും പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.

Spread the love
Read Also  കർണ്ണൻ തമിഴ് ദളിത് അതിജീവനം തന്നെയാണ്.

Leave a Reply